ലോകം കീഴടക്കിയ അത്ഭുതബാലന് 20 വയസ്സ്, റൗളിംഗിന്റെ ഇപ്പോഴത്തെ വരുമാനം?

ജെ.കെ റൗളിംഗ് എന്ന എഴുത്തുകാരിയുടെ ഭാവനയിൽ രൂപം കൊണ്ട ഹാരിപോട്ടർ എന്ന ബാലൻ ലോകം കീഴടക്കിയിട്ട് രണ്ട് പതിറ്റാണ്ട്. വട്ടക്കണ്ണടയും നെറ്റിയിൽ ഒരു മുറിപ്പാടുമായെത്തിയ ആ ആത്ഭുത ബാലനെ ഇരുകൈകളും നീട്ടിയാണ് ലോകം സ്വീകരിച്ചത്. 

സ്കോട്ട്ലന്റിലെ ഒറ്റമുറിക്കുള്ളിലെ ദാരിദ്രത്തിൽ നിന്ന് ജെ.കെ റൗളിംഗ് എഴുതി തുടങ്ങിയതാണ് ഹാരിയുടെ കഥ. കുട്ടികൾക്ക് അനുയോജ്യമല്ലെന്ന് പറഞ്ഞ് എട്ട് പ്രസാധകർ നിരസിച്ച പുസ്തകം ഒടുവിൽ ബ്രിട്ടണിലെ ബ്ലൂംസ്ബറി പ്രസിദ്ധീകരിക്കാൻ തയാറായി. 1997 ൽ ആദ്യ നോവൽ 'ഹാരിപോട്ടർ ആൻഡ് ഫിലോഫേഴ്സ് സ്റ്റോൺ' പുറത്തുവന്നു. 

മാന്ത്രിക സ്കൂളായ ഹോഗ്വാട്സിലേക്ക് ഹാരി പോട്ടർ എത്തിചേരുന്നിടത്ത് തുടങ്ങിയ കഥ ലോകമെങ്ങും കോടികണക്കിന് ആരാധകരെ സ്വന്തമാക്കി. 73 ഭാഷകളിലായി അഞ്ഞൂറ് മില്ല്യൺ കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്. മാതാപിതാക്കളെ വധിച്ച വോൾമോർട്ടിനെ ഹാരിയും സുഹൃത്തുക്കളും വകവരുത്തിയതോടെ പരമ്പര അവസാനിച്ചു. 

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ റൗളിങ്ങിന്റെ ഹാരി പോര്‍ട്ടര്‍ ആന്‍ഡ് ദി കഴ്‌സ്ഡ് ചൈല്‍ഡ് നമ്പര്‍ വണ്‍ ബെസ്റ്റ് സെല്ലര്‍ ആയിരുന്നു. ആഭ്യന്തരതലത്തില്‍ മാത്രം ഇതിന്റെ 4.5 ദശലക്ഷം കോപ്പികള്‍ വിറ്റുപോയി.

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഹാരിയുടെ മകൻ ആൽഫ്സ് പോട്ടറുടെ കഥയുമായി ഹാരിപോട്ടർ ആൻഡ് ദി ഫസ്റ്റ് ചൈൽഡ് തിരക്കഥ രൂപത്തിൽ പുറത്തിറങ്ങി. എട്ട് സിനിമകളായി ഹാരിയുടെ കഥ വെള്ളിത്തിരകളിലും ആരാധകരെ ത്രസിപ്പിച്ചു. 

ഒറ്റ അമ്മമാർക്കുള്ള സർക്കാർ സഹായങ്ങൾ കൈപറ്റി ഹാരി പോട്ടറുടെ കഥപറഞ്ഞു തുടങ്ങിയ റൗളിംഗ് ഇന്ന് സമ്പന്നരുടെ പട്ടികയിൽ മുൻപന്തിയിലാണ്. റൗളിങ്ങിന്റെ വരുമാനം 600 കോടി രൂപയാണെന്നാണ് ഫോബ്‌സിന്റെ പുതിയ കണക്കുകള്‍ പറയുന്നത്. 

ഹാരിപോട്ടറിന്റെ ഇരുപതാം ജന്മദിനത്തിന്റെ സന്തോഷം റൗളിംഗ് സാമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.