മരിച്ചവരുടെ ഫെയ്സ്ബുക്കിന് പറയാനുള്ളത് എന്താവും?

ഹരി കൃഷ്ണൻ

മരിച്ചവന്റെ ഫെയ്സ്ബുക്കിന് പറയാനുള്ളത് എന്താവും? പ്രത്യേകിച്ച് ഇല്ലാതായത്, ഒരുപാട് സമൂഹത്തോട് വിളിച്ചുപറയാനുണ്ടായിരുന്ന, കുറെയൊക്കെ സമൂഹത്തോട് വിളിച്ചുപറഞ്ഞിട്ടുള്ള ഒരാൾ ആണെങ്കിൽ?

കഴിഞ്ഞകാല ഓർമ്മകളെ കുറിച്ച് ഗുസ്തി എന്ന പേരിൽ ഹരി കൃഷ്ണൻ തന്റെ ബ്ലോഗിൽ ഇങ്ങനെ കുറിച്ചു.

ഭൂതകാലം
ബധിരനായ ഒരു ഗുസ്തിക്കാരനാണ്‌.
"നിന്നോട്‌ പൊരുതാന്‍ ഞാനില്ല."
എന്ന വാചകം ചെവിക്കൊള്ളാതെ
നമുക്കു ചുറ്റും
അദൃശ്യമായ ഒരു ഗോദ തീര്‍ത്ത്‌
നമ്മളോട്‌ മല്ലടിയ്ക്കും.
"നോക്കൂ, നിന്റെ വിജയം കാണാന്‍ കാണികളില്ല."
എന്നു പറഞ്ഞാലും രക്ഷയില്ല.
പൊരുതുക, അല്ലെങ്കില്‍ കീഴടങ്ങുക
എന്ന രണ്ടു വഴികളേയുള്ളു നമുക്ക്‌,
എപ്പോഴും.

"അടിയറവ്‌!" എന്നുരുവിട്ടാലും, അടുത്ത നിമിഷത്തിലോ, അടുത്ത മണിക്കൂറിലോ, അടുത്ത ദിവസമോ, വീണ്ടും ഗുസ്തിക്ക് വരുന്ന ഭൂതകാല ഓർമ്മകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കവിത അവസാനിക്കുന്നത് ഇങ്ങനെ–

മരിച്ചാലും രക്ഷയില്ല.
നമ്മളെ
മറ്റുള്ളവര്‍ക്കെതിരേ പ്രയോഗിക്കാനുള്ള
അടവുകളായി പുനഃസൃഷ്ടിക്കുന്ന വിദ്യയറിയാം
ഈ നശിച്ച ഗുസ്തിക്കാരന്‌.

2016 ജൂണിൽ ഭൂതകാലമെന്ന ഗുസ്തിക്കാരന്റെ വിദ്യകളിൽ നിന്ന് മരണത്തിലൂടെ കവി വിടവാങ്ങിയെങ്കിലും അദ്ദേഹവുമായി പരിചയപ്പെട്ടവരെല്ലാം ഇന്നും കവിയുടെ ഓർമ്മകളുമായി ഗുസ്തിയിലാണ്. 2016 ജൂണിന് ശേഷവും അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് സുഹൃത്തുക്കളുടെ ഓർമ്മകളാൽ സജീവമാണ്. കാലം ചെല്ലും തോറും കൂടുതൽ പ്രസക്തമായിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ലേഖനങ്ങൾ വീണ്ടും വീണ്ടും വായിക്കപ്പെടുന്നു. മരണശേഷം മാത്രം സുഹൃത്തുക്കളുടെ അനുഭവങ്ങളിലൂടെ, അവരുടെ ഓർമ്മകളിലൂടെ ഹരി കൃഷ്ണനെ പരിചയപ്പെട്ടവർ മുമ്പേ പരിചയപ്പെടാൻ കഴിഞ്ഞില്ലല്ലോ എന്ന് പരിതപിക്കുന്നു. 

അടഞ്ഞവാതിലുകൾ തുറന്നിടുന്ന
പരിധിയില്ലാത്ത സ്വാതന്ത്ര്യത്തിന്റെ
അടിമകളാണ് നാമിനിമേൽ. എന്ന് അദ്ദേഹം തന്നെ എഴുതിയപോലെ ഹരികൃഷ്ണൻ എന്ന കവി, വിവർത്തകൻ, ബ്ലോഗർ, സാമൂഹിക പ്രവർത്തകൻ ഇല്ലാതായിട്ടും പരിധിയില്ലാത്ത സ്വാതന്ത്ര്യം എന്ന സ്വപ്നത്തിലേക്ക് അദ്ദേഹം തുറന്നിട്ടു പോയ വാതിൽ ഇപ്പോഴും സമൂഹം അടിച്ചമർത്താൻ ശ്രമിക്കുന്ന എല്ലാവരുടെയും പ്രതീക്ഷയാണ്.

2008 മെയ് 8 ന് പോസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ വെറുതേയല്ല എന്ന കവിത നോക്കാം

അടിച്ചാലും തൊഴിച്ചാലും
അലറിയാലും
നിങ്ങളുടെ മുന്നില്‍‌
‍വാലാട്ടിക്കൊണ്ടു തന്നെ നില്‍ക്കുന്നതും
കാലു നക്കുന്നതും
നിങ്ങളുടെ വീടിനു ഉറങ്ങാതെ കാവല്‍ നില്‍ക്കുന്നതും
നന്ദിയോ സ്‌നേഹമോ ഉള്ളതു കൊണ്ടല്ല.
തിന്നുന്ന ചോറിനോടുള്ള കൂറുമല്ല.
എന്നാല്‍ വെറുതേയുമല്ല.

"എന്നെ തച്ചുകൊന്നാലും
ഒരു പട്ടിയും ചോദിക്കാന്‍ വരില്ല"
എന്ന തിരിച്ചറിവുള്ളതു കൊണ്ടാണ്‌.

അനീതിക്കെതിരെ ഉയരേണ്ട ചോദ്യങ്ങളെ കുറിച്ച് കൂടുതൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് ഈ കവിത. എത്രയോ കാലങ്ങളായുള്ള പല നിശബ്ദതകളാണ് ഇന്നും നിലനിന്നുപോരുന്ന പലവിധ വിധേയത്വങ്ങൾക്ക് കാരണം. അതിൽ എന്റെ നിശബ്ദതയുടെ അളവെത്രാ? എന്ന് സ്വയം ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് ഈ കവിത. കവിതകൾക്കും മൊഴിമാറ്റ കവിതകൾക്കുമായി പ്രത്യേക ബ്ലോഗുകൾ നിർമ്മിച്ചിട്ടുണ്ടായിരുന്നു ഹരി കൃഷ്ണൻ. അരൂപി എന്ന കവിതാ ബ്ലോഗിലും മൊഴിമാറ്റം എന്ന വിവർത്തന ബ്ലോഗിലും ഹരികൃഷ്ണൻ കവിതകൾ കുറിച്ചു.

ഹരികൃഷ്ണന്റെ ഫെയ്സ്ബുക്കിലൂടെയും ബ്ലോഗിലൂടെയും കടന്നുപോകുമ്പോൾ ഉള്ള ചിന്തകളാണ് കവി സച്ചിദാനന്ദൻ 'മരിച്ചവന്റെ ഫെയ്സ്ബുക്ക്' എന്ന കവിതയിൽ കുറിച്ചത്.

സച്ചിദാനന്ദൻ

മരിച്ചവൻ എപ്പോഴെങ്കിലും
ഇവിടെ തിരിച്ചെത്തി താൻ എന്ത് ചെയ്യുന്നുവെന്നു
എഴുതിയിടുമെന്ന്, സ്വർഗത്തിന്റെയോ
നരകത്തിന്റെയോ ഭൂപടത്തിൽ
സ്വന്തം സ്ഥാനം അടയാളപ്പെടുത്തുമെന്ന്,
മരണാനന്തരയാത്രയെക്കുറിച്ച് ഒരു
സചിത്രവിവരണം നൽകുമെന്ന്
നാം കാത്തിരിക്കുന്നു.

പെട്ടെന്നൊരു ദിവസം അനാഥമാകുന്ന സാമൂഹികമാധ്യമ അക്കൗണ്ടുകൾ... അവിടെ നിത്യ സാന്നിധ്യമായിരുന്നവരുടെ എഴുത്തുകൾ പ്രതീക്ഷിച്ച് അവരെ പിന്തുടരുന്നവർ... ചിലരുടെ അസാന്നിധ്യം, അത് ഒരു പരിചയവും ഇല്ലാത്ത ആൾ ആണെങ്കിൽ പോലും ചിലപ്പോൾ അനുഭവിക്കാൻ കഴിയും. അത്തരമൊരു ഇല്ലാതാകലായിരുന്നു ഹരികൃഷ്ണന്റെയും.

പരാജിതൻ എന്ന ബ്ലോഗറുടെ ജീവിതം പരാജയമായിരുന്നില്ല എന്ന് ഇന്നും സജീവമായ ചർച്ചകൾ തെളിയിക്കുന്നു. അദ്ദേഹത്തിന്റെ ലേഖനങ്ങൾ പങ്കുവയ്ക്കുന്ന രാഷ്ട്രീയം ദിവസം ചെല്ലുന്തോറും കൂടുതൽ പ്രസക്തമാകുന്നു.