ആയിരം പൂർണചന്ദ്രന്മാരുടെ നിറവിൽ എംടി

‘‘ആഘോഷിക്കണമെന്നു തോന്നിയിട്ടില്ല. പക്ഷേ, കാലത്തിനോടു നന്ദിയുണ്ട്, ഇത്രയുംകാലം എനിക്ക് അനുവദിച്ചു തന്നതിന്. അത് ദൈവമാവാം എന്തുമാവാം.’’

‘‘ആയിരം മാസം ജീവിക്കുക. ആയിരം പൂർണചന്ദ്രനെ കാണുക. ശരാശരി ഇന്ത്യക്കാരന്റെ വയസ്സ് നോക്കുമ്പോൾ അത് ആഘോഷിക്കേണ്ടതാണ്. ദൈവത്തോട് നന്ദി പറയേണ്ട ബാധ്യതയുണ്ട്.’’ (വാരാണസി– എം.ടി.വാസുദേവൻ നായർ)

1933 ജൂലൈ 15നു കർക്കടകത്തിലെ ഉതൃട്ടാതി നാളിലാണ് എംടി ജനിച്ചത്. ശതാഭിഷേകം ആഘോഷിക്കേണ്ടതല്ലേ എന്നു ചോദിച്ചപ്പോൾ എം.ടി പറഞ്ഞു: ‘‘ആഘോഷിക്കണമെന്നു തോന്നിയിട്ടില്ല. പക്ഷേ, കാലത്തിനോടു നന്ദിയുണ്ട്, ഇത്രയുംകാലം എനിക്ക് അനുവദിച്ചു തന്നതിന്. അത് ദൈവമാവാം എന്തുമാവാം.’’ നന്ദി എന്നു പറയുന്നതു തന്നെ ഒരാഘോഷമല്ലേ എന്നുകൂടി എംടി പറയുമ്പോൾ ആ മറുപടിക്ക് എംടി സാഹിത്യത്തിന്റെ ഭംഗി.

ഇനിയും ആയിരം വർഷം ജീവിക്കുക, പതിനായിരം പൂർണചന്ദ്രനെ കാണുക. അതിനു ഭാഗ്യംസിദ്ധിച്ച മറ്റു ചിലതുകൂടി അദ്ദേഹത്തിന്റേതായുണ്ട്, പുസ്തകങ്ങൾ. എംടിയുടെ പുസ്തകങ്ങൾക്ക് ഇന്നും ചെറുപ്പമാണ്. അതാണ് അവയ്ക്ക് ഇന്നും അതിവേഗം പുറത്തിറങ്ങുന്ന പതിപ്പുകൾ സൂചിപ്പിക്കുന്നത്. പേരക്കുട്ടികൾക്കൊപ്പം ഓടിയെത്താൻ മുത്തച്ഛനു കഴിയുന്നില്ല എങ്കിലും വളർത്തുപ്രാവുകൾക്കൊപ്പം പറന്നെത്താൻ യജമാനന് കഴിയുന്നില്ല എങ്കിലും ആ വളർച്ചയിലാണ് അവരുടെ സന്തോഷം. പ്രതീക്ഷകൾക്കപ്പുറത്തേക്ക് തന്റെ പുസ്തകങ്ങൾ പുതിയ പതിപ്പുകളിലേക്കു കുതിക്കുമ്പോൾ എംടി സന്തുഷ്ടനാവുന്നതും ഇതുപോലെയാണ്. ‘രണ്ടാമൂഴ’ത്തിന്റെ അൻപത്തൊന്നാം പതിപ്പിനു പ്രത്യേകമായി ഒരു ആമുഖം എഴുതാമോ എന്ന് പ്രസാധകർ എംടിയോട് ചോദിച്ചതാണ്. എംടി അതേക്കുറിച്ച് ആലോചിച്ചതുമാണ്. പക്ഷേ, അപ്പോഴേക്കും പ്രസാധകരുടെ വിളിയെത്തി. പുസ്തകം സ്റ്റോക്കില്ല. വിപണിയിൽ വൻ ഡിമാൻഡ്. ആമുഖത്തിനു കാത്തുനിൽക്കാതെ വീണ്ടും ഇറക്കാൻ അനുവാദം തരണം.

‘‘ഒരെഴുത്തുകാരൻ എന്ന നിലയിൽ നമ്മൾ ചെയ്യുന്ന തൊഴിൽ വ്യർഥമല്ല എന്നു തോന്നുന്നതു പുസ്തകങ്ങൾ കൂടുതൽ വായനക്കാരിൽ എത്തുമ്പോഴാണ്’’

‘‘ഒരെഴുത്തുകാരൻ എന്ന നിലയിൽ നമ്മൾ ചെയ്യുന്ന തൊഴിൽ വ്യർഥമല്ല എന്നു തോന്നുന്നതു പുസ്തകങ്ങൾ കൂടുതൽ വായനക്കാരിൽ എത്തുമ്പോഴാണ്’’ – എംടി പറയുന്നു.

‘‘പുസ്തകങ്ങൾ വിറ്റഴിയുന്നു എന്നു പറഞ്ഞാൽപ്പോരാ, അതിനു പുതിയ പതിപ്പുകൾ വരുന്നു എന്നതാണ് എഴുത്തിലെ സംതൃപ്തി.’’

ഇതു പറഞ്ഞിട്ട് എംടി തൊട്ടടുത്ത മുറിയിലേക്കു നോക്കി: ‘‘ഈ മുറിയിൽ നിറയെ എന്റെ പുസ്തകങ്ങളുടെ പുതിയ പതിപ്പുകൾ മാത്രമാണ്.’’ അതിനടുത്തുള്ള മുറിയിലേക്കു ചൂണ്ടി എംടി വീണ്ടും: ‘‘അവിടെ എന്റെ പുസ്തകങ്ങളുടെ ഇംഗ്ലിഷ് പരിഭാഷകൾ മാത്രം. കോഴിക്കോട് തൊണ്ടയാടുള്ള ഫ്ലാറ്റിലും ഒരു മുറി എന്റെ പുസ്തകങ്ങളുടെ പുതിയ പതിപ്പുകൾക്കുള്ളതാണ്. ഇതൊക്കെ പറഞ്ഞതു പണമോ മറ്റ് അംഗീകാരങ്ങളോ അല്ല എന്നിലെ എഴുത്തുകാരനെ സന്തുഷ്ടനാക്കുന്നത് എന്നു വ്യക്തമാക്കാനാണ്.’’

വേദങ്ങളിലെ ഹോമപ്പക്ഷിയെപ്പോലെയാണ് എംടി. ഹോമപ്പക്ഷി മണ്ണ് തൊടില്ല. ആകാശത്ത് ഏറ്റവും ഉയരെ താമസം. മുട്ടയിട്ടാൽ അതു നിലം തൊടും മുൻപു വിരിയും. കുഞ്ഞുങ്ങൾ മുകളിലേക്കുതന്നെ ചിറകുവിരിച്ച് പറന്നുപോവുന്നു. എംടി ഒരു വരി എഴുതിയാൽ അത് നിലത്തുവയ്ക്കും മുൻപേ പ്രസാധകരും വായനക്കാരും എടുത്തുയർത്തും.


വായനയിലേക്കും മറ്റു പുസ്തകങ്ങളെക്കുറിച്ചുമായി എംടിയുടെ സംഭാഷണം. അദ്ദേഹത്തിന്റെ മനസ്സിൽ ചന്തുമേനോന്റെ ‘ഇന്ദുലേഖ’ കൺതുറന്നു. ‘‘ഇന്ദുലേഖയുടെ ആദ്യപതിപ്പ് എന്റെ കയ്യിലുണ്ട്. പഴയ മലയാളലിപിയാണ് അതിൽ. ചന്തുമേനോന്റെ ആമുഖവുമുണ്ട്.’’ ഒരപൂർവ വസ്തുവായി ഇപ്പോഴും സൂക്ഷിക്കുകയാണെന്ന് എംടി. മുൻപ് എംടി പറഞ്ഞത് ഓർത്തു, ‘രണ്ടാമൂഴം’ ഖണ്ഡഃശ പ്രസിദ്ധീകരിച്ചു വന്ന വാരികയുടെ എല്ലാ ലക്കവും ബൈൻഡ് ചെയ്ത് ഇപ്പോഴും സൂക്ഷിക്കുന്നവരുണ്ടെന്ന്. അവരുടെ പക്കൽ ‘രണ്ടാമൂഴം’ പുസ്തകമായത് ഉണ്ടെങ്കിലും നമ്പൂതിരിയുടെ ചിത്രങ്ങൾ സഹിതം അച്ചടിച്ചു വന്ന വാരിക ഒരു നിധിപോലെ സൂക്ഷിക്കുന്നു. അവർക്ക് സൂക്ഷിക്കാൻവേണ്ടി, കാലത്തിനു സൂക്ഷിക്കാൻവേണ്ടി.

പരമ്പരാഗത രീതിയിലുള്ള ആത്മകഥ ബുദ്ധിമുട്ടാണ്. ഫിക്‌ഷൻ എഴുതുന്നവരെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണ്.

കുടജാദ്രിയിൽ എംടി ഒരിക്കൽ മൂന്നുനാലു പേർക്കൊപ്പം പോയി. എത്രസമയം സംസാരിച്ചിരുന്നാലും ഒരു പ്രത്യേക നിശ്ശബ്ദതയിലേക്കു നമ്മെ കൊണ്ടുപോവുന്ന പ്രകൃതിയാണ് അവിടത്തേതെന്ന് എം.ടി പറഞ്ഞിട്ടുണ്ട്. എംടിയുടെ അടുത്തിരുന്നാലും അതുതന്നെ തോന്നും. മെല്ലെ നാം പവിത്രമായ നിശ്ശബ്ദതയിൽ അമരുന്നതുപോലെ. നിശ്ശബ്ദതയോടുള്ള ഈ ഇഷ്ടംകൊണ്ടു കൂടിയാണ് എം.ടി ഇടയ്ക്കിടെ വീട്ടിൽനിന്ന് അടുത്തുള്ള ഫ്ലാറ്റിലേക്കു വരുന്നത്. ഇവിടെയിരുന്നാണ് താൻ ‘രണ്ടാമൂഴ’ത്തിന്റെ തിരക്കഥ കൂടുതലും എഴുതിയതെന്ന് എംടി പറഞ്ഞു. ‘‘ഏഴെട്ടു മാസമെടുത്താണ് അതെഴുതിയത്. കുറ്റിപ്പുറത്തെ വീട്ടിലിരുന്നും കുറച്ചെഴുതി.’’

ഭീമൻ തന്റെ ആത്മകഥ പറയുന്ന രീതിയിൽ ‘രണ്ടാമൂഴം’ എഴുതിയ എംടിയുടെ ആത്മകഥയ്ക്ക് ഇനി എത്രനാൾ കാത്തിരിക്കണം?

‘‘പരമ്പരാഗത രീതിയിലുള്ള ആത്മകഥ ബുദ്ധിമുട്ടാണ്. ഫിക്‌ഷൻ എഴുതുന്നവരെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണ്. കഥാകൃത്തുക്കളാവുമ്പോൾ അവരുടെ ജീവിതകഥയുടെ പല അംശങ്ങളും രചനകളിൽ വന്നിട്ടുണ്ടാവും. കഥാപാത്രങ്ങളിലൂടെ പലപ്പോഴായി അതു കാണാൻ കഴിയും. പിന്നെ അതിൽനിന്നു വിട്ടുപോയ ഭാഗങ്ങൾ ഓർമക്കുറിപ്പുകളായി എഴുതിയിട്ടുണ്ട് എന്നുമാത്രം. അല്ലാതെ സമ്പൂർണ ആത്മകഥയുടെ ആവശ്യം തോന്നിയിട്ടില്ല.’’

തികച്ചും ഒത്തിണങ്ങിയ ദമ്പതികളുടെ മന്ദസ്മിതത്തോടു പനിനീർപ്പൂക്കൾക്കു മൽസരിക്കാനാവില്ല എന്ന് എംടി എഴുതിയിട്ടുണ്ട്. മറ്റൊരു കഥയിൽ ഗർഭം അലസിപ്പിക്കേണ്ടി വന്ന പെൺകുട്ടിയെ ഇടിവെട്ടേറ്റ കമുങ്ങിനോടാണ് എംടി ഉപമിച്ചത്. ഇത്തരം പ്രയോഗങ്ങളിൽ എത്തുമ്പോൾ വായനക്കാർ അറിയാതെ പറഞ്ഞുപോവുന്നു, മഹാകവി എം.ടി.വാസുദേവൻനായർ!

എംടിയെ തൊട്ടിട്ടുണ്ട് എന്നു പറയുന്നവർ, എംടിയുടെ പാദസ്പർശമേറ്റ മണ്ണെടുത്ത് പൊതിഞ്ഞ് വീട്ടിൽ കൊണ്ടുപോവുന്നവർ, എംടി എന്നെഴുതിയ കടലാസിൽ അറിയാതെപോലും ചവിട്ടില്ല എന്നു പറയുന്നവർ...അതെ, എഴുത്തുകാരൻ താരമായത് മലയാളി ആദ്യമായി അറിഞ്ഞത് എംടിയിലൂടെയാണ്. മലയാളികളല്ലാത്ത അൻപതോളം ഡോക്ടർമാർ കുറച്ചുനാൾ മുൻപ് കോഴിക്കോട്ട് ഒരു യോഗത്തിനു വന്നപ്പോൾ സംഘാടകർ അവർക്ക് ഉപഹാരമായി നൽകിയത് രണ്ടാമൂഴത്തിന്റെ ഇംഗ്ലിഷ് പരിഭാഷയുടെ അൻപതോളം കോപ്പികൾ. എല്ലാം സംഘാടകരുടെ അഭ്യർഥന പ്രകാരം എംടി ഒപ്പിട്ടു നൽകിയത്.

എം.ടി ഏതെങ്കിലും എഴുത്തുകാരുടെ കയ്യിൽനിന്ന് പുസ്തകങ്ങൾ ഓട്ടോഗ്രാഫ് ചെയ്ത് വാങ്ങിയിട്ടുണ്ടോ?

‘‘കുട്ടിക്കാലത്തും കോളജിൽ പഠിക്കുമ്പോഴുമൊക്കെ എഴുത്തുകാരെ കാണണമെന്ന് വളരെയേറെ ആഗ്രഹിച്ചിരുന്നു. അല്ലാതെ ആരിൽനിന്നും ഓട്ടോഗ്രാഫ് ഒപ്പിട്ടു വാങ്ങിയിട്ടില്ല. പൊന്നാനി കലാസമിതിയുടെ ഒരു വാർഷികം തിരുനാവായയ്ക്കു സമീപം നടക്കുമ്പോൾ ഞാൻ വിക്ടോറിയ കോളജ് വിദ്യാർഥിയാണ്. മൂന്നുദിവസത്തെ പരിപാടിയാണ്. വളരെയേറെ എഴുത്തുകാർ അതിനുവന്നിരുന്നു. അതൊരു അവധിക്കാലമായതിനാൽ എനിക്ക് ആ പരിപാടിയുടെ സദസ്സിൽ ഒരാളാവാൻ കഴിഞ്ഞു. വി.ടി. ഭട്ടതിരിപ്പാടും ഇടശേരിയുമൊക്കെയായിരുന്നു സംഘാടകർ.

എന്റെ നാടിനടുത്തുള്ളവരായതുകൊണ്ട് അവരെ ഞാൻ നേരത്തേ കണ്ടിട്ടുണ്ട്. പക്ഷേ, സി.ജെ. തോമസിനെയും എം. ഗോവിന്ദനെയും അവിടെവച്ചാണ് ആദ്യമായി കണ്ടത്. അന്ന് അവരെ കാണുക, അവർ പ്രസംഗിക്കുന്നതു കേൾക്കുക ഇതൊക്കെയാണ് ആഗ്രഹം. അല്ലാതെ ഓട്ടോഗ്രാഫുമായി ചെല്ലുകയല്ല. ഞാൻ കോളജിൽ പഠിക്കുമ്പോൾ ആരുടെ കയ്യിലും ഓട്ടോഗ്രാഫ് കണ്ടിട്ടില്ല. അന്നു പലർക്കും സാഹിത്യതാൽപര്യം ഉണ്ടെങ്കിലും ഓട്ടോഗ്രാഫ് ഇല്ല. ഇന്ന് സാഹിത്യത്തിൽ താൽപര്യം ഇല്ലാത്തവർക്കും ഓട്ടോഗ്രാഫ് ഉണ്ട്.’’


എം.ടി ഇതു പറ‍ഞ്ഞിട്ട് പണ്ട് എം.എൻ. കാരശേരിക്ക് ഉണ്ടായ ഒരനുഭവം ഓർത്തു. തുഞ്ചൻപറമ്പിൽ ഒരു ചടങ്ങ് നടക്കുന്നു. ഒരു വിദ്യാർഥി കാരശേരിയിൽനിന്ന് ഓട്ടോഗ്രാഫ് വാങ്ങി. ഓട്ടോഗ്രാഫ് ഒപ്പിട്ട് കൊടുത്തുകഴിഞ്ഞപ്പോൾ കുട്ടിയുടെ ചോദ്യം, ‘അല്ലാ, നിങ്ങടെ പേരെന്താ’ എന്ന്.

കാശിയിലെ ഗംഗാതടങ്ങളിൽ ആളുകൾ ഉറ്റവരുടെ ജ‍‍ഡങ്ങൾ ഒഴുക്കിവിടുന്നു, മോക്ഷപ്രാപ്തിക്ക്. ഗംഗയിൽ ഒഴുകിനടക്കുന്ന ചെരാതുകൾ പോലെ എം.ടിയുടെ ജീവന്റെ പ്രകാശം കൃതികളിലൂടെ നമ്മുടെയുള്ളിൽ പരക്കുന്നു. എംടിയുടെ ജീവനിൽ ഒരംശം കിട്ടിയതുപോലെ ആ കൃതികൾ വായിക്കുന്നവർക്കും തോന്നുന്നു. ആ വായനക്കാരാണ് എംടി അവരുടെ വിളക്കാണെന്നു കരുതുന്നത്.

പൂജാമുറിയിൽ എംടിയുടെ ഫോട്ടോവച്ച് ആരാധിക്കുന്ന വായനക്കാരുണ്ട്. അതൊരുപക്ഷേ അവരുടെ കൺകണ്ട എഴുത്തുദൈവത്തിന്റെ പേര് എം.ടി വാസുദേവൻ നായർ എന്നായതുകൊണ്ടാവാം. എന്നാൽ എംടി ഏതെങ്കിലും എഴുത്തുകാരുടെ ഫോട്ടോ മുറിയിൽ തൂക്കിയിരുന്നോ? സ്കൂളിൽ പഠിക്കുന്ന കാലത്തെ ഓർമകളുടെ ഒതുക്കുകളിറങ്ങി വരികയാണ് എം.ടി: ‘‘അന്ന് ഞാൻ ഹൈസ്കൂളിൽ പഠിക്കുകയാണ്. അക്കാലത്ത് കോട്ടയത്തു നിന്നിറങ്ങുന്ന പ്രസന്നകേരളം എന്ന മാസികയുടെ പഴയൊരു വിശേഷാൽപ്രതി എങ്ങനെയോ എന്റെ കയ്യിലെത്തി. അതിൽ അന്നത്തെ ഒട്ടുമിക്ക എഴുത്തുകാരുടെയും രചനകളും അവരുടെ ഫോട്ടോയും ഉണ്ടായിരുന്നു. ഞാൻ അവരുടെയൊക്കെ ഫോട്ടോ വെട്ടിയെടുത്ത് അടുത്തടുത്തായി ഒട്ടിച്ചശേഷം ഫ്രെയിം ചെയ്ത് വീട്ടിൽ സൂക്ഷിച്ചിരുന്നു. ഉള്ളൂർ, ജി.ശങ്കരക്കുറുപ്പ്, പൊൻകുന്നം വർക്കി, കാരൂർ തുടങ്ങിയവരുടെ ചിത്രങ്ങളായിരുന്നു അതിൽ.’’

വരയില്ലാത്ത ഷർട്ടിടാതെ താൻ എംടിയെ കണ്ടിട്ടില്ല എന്ന് മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട്. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വരയോടു കൂടിയല്ലാതെ എംടിയെ വായനക്കാരും അധികം കണ്ടിട്ടില്ല. നമ്പൂതിരി വര വരച്ച് എംടിയുടെ കഥാപാത്രങ്ങളെ അതിനുള്ളിൽ നിർത്തി. ഒരു വര വരച്ച് എംടി ആളുകളെ അതിനപ്പുറം നിർത്തി.

‘എന്തുകൊണ്ടാണ് അങ്ങനെയൊരു വര, ആരാധകർ പരിചയപ്പെടാൻ വരുന്നത് ഇഷ്ടമാണോ’ എന്നു ചോദിച്ചു തീർന്നില്ല അതിനു മുൻപേ എംടി ചോദ്യത്തിനും ഒരു വര വരച്ചു. ‘ഇഷ്ടമേയല്ല’ എന്നു തീർത്തുപറഞ്ഞതും ആ ഇഷ്ടക്കേട് എംടിയുടെ മുഖത്തെ വന്നു മൂടി. ‘‘തനിച്ചിരിക്കുന്നതാണ് ഇഷ്ടം. അല്ലെങ്കിൽ കുട്ടികളുമായി കളിക്കുക. പിന്നെ തീരെ ഒഴിവാക്കാനാവാത്ത ചിലതുണ്ട്. ഗവേഷണം നടത്തുന്ന കുട്ടികളെയൊക്കെ. അവർക്ക് ഗവേഷണത്തിന്റെ ഭാഗമായി എഴുത്തുകാരനെ ബന്ധപ്പെടേണ്ടത് ആവശ്യമായിവരാം. നമ്മളെ നേരിൽ കണ്ടു എന്ന് സ്ഥാപിക്കാനെങ്കിലും അവർക്ക് എഴുത്തുകാരനോട് സംസാരിക്കേണ്ടി വരും. അപ്പോൾ ഒഴിവാക്കാനാവില്ല. കഴിഞ്ഞദിവസവും അങ്ങനെ ചില കത്തുകൾ വന്നു. അവരുടെ സംശയങ്ങൾ തീർക്കാൻ കത്തെഴുതി. നാളെ മറ്റൊരാൾക്ക് രണ്ടുപേജ് എഴുതി അയയ്ക്കണം. പിന്നെ വഴിയിൽക്കൂടി പോവുന്നതിനിടെ ഇത് ഇന്നയാളുടെ വീടാണെന്നറിയുമ്പോൾ ശരി, ഒന്നു കയറിക്കണ്ടിട്ട് പോയേക്കാം എന്നുകരുതി വരുന്ന ചില കൂട്ടരുണ്ട്. അതു വേണ്ട.’’ എംടി നീരസം മറച്ചുവച്ചില്ല.

എം.ടി എന്താണ് കൂടുതൽ സംസാരിക്കാത്തത് എന്ന് ചോദിക്കുന്നവരുണ്ട്. സംഗീതജ്ഞൻ വീണ വായിച്ചാൽ മതി, ധാരാളം സംസാരിക്കുന്നയാളാണോ എന്നു നോക്കേണ്ട എന്നുമാത്രം അവർ അറി‍യുക.

എം.ടി നമ്മുടെ വളരെ അടുത്തിരിക്കുമ്പോഴും വളരെ അകലെയാണെന്നു തോന്നും. എന്നാൽ ആ പുസ്തകങ്ങൾ വായിച്ചാൽ എംടി നമ്മുടെ ഹൃദയത്തിൽ ഇടംനേടുകയും ചെയ്യും. അപ്പോൾ എംടി ഓർത്തത് അകലെയായിരുന്നെങ്കിലും അടുപ്പമുണ്ടായിരുന്ന അന്യഭാഷാ എഴുത്തുകാരെയാണ്. അവരാരും ഇന്നില്ല എന്നു പറഞ്ഞുകൊണ്ട് എംടി ഒരു പട്ടിക നിരത്തി. ‘‘ബംഗാളിൽ മഹാശ്വേതാദേവി, സുനിൽ ഗംഗോപാധ്യായ, മറാഠി എഴുത്തുകാരനായ ദിലീപ് ചിത്രെ, കന്നടയിലെ യു.ആർ.അനന്തമൂർത്തി, ലങ്കേഷ് ഇവരോടൊക്കെ എനിക്കു വലിയ അടുപ്പമായിരുന്നു.’’

‘‘ബംഗാളിൽ മഹാശ്വേതാദേവി, സുനിൽ ഗംഗോപാധ്യായ, മറാഠി എഴുത്തുകാരനായ ദിലീപ് ചിത്രെ, കന്നടയിലെ യു.ആർ.അനന്തമൂർത്തി, ലങ്കേഷ് ഇവരോടൊക്കെ എനിക്കു വലിയ അടുപ്പമായിരുന്നു.’’


മഹാശ്വേതാദേവിയെ എംടി അമ്മയെപ്പോലെയാണ് കണക്കാക്കിയിരുന്നത്. അവരൊന്നിച്ച് പല വിദേശ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. മഹാശ്വേതാദേവിയുടെ മഹാമനസ്കതയെക്കുറിച്ച് എംടിക്ക് ചിലത് ഓർക്കാനുണ്ട്. വളരെ വർഷങ്ങൾക്കു മുൻപാണ്. എം.ടി അന്ന് കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയുടെ ക്ഷേമപ്രവർത്തനങ്ങളിൽ പങ്കാളി. മനസ്സിന്റെ താളംതെറ്റിയ ഒരു പെൺകുട്ടി എങ്ങനെയോ അവിടെ എത്തിച്ചേർന്നു. ബംഗാളിലെ ഏതോ ഉൾഗ്രാമത്തിൽ ജനിച്ചുവളർന്നവൾ. അഞ്ജലി എന്നു പേര്. ഭർത്താവും കുട്ടികളുമൊക്കെയുണ്ട്. ഗ്രാമത്തിൽ ഒരുൽസവം കാണാൻ പോയതായിരുന്നു അവൾ.

ഉൽസവപ്പറമ്പിൽ രാത്രി ഗുണ്ടകൾ തമ്മിൽ നടന്ന ഒരു വഴക്കിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ജലി അതിനു ദൃക്സാക്ഷിയായി. ഗുണ്ടകൾ അവളെ ഇല്ലാതാക്കുമെന്ന് ഭയന്ന് പ്രാണരക്ഷാർഥം അവൾ ഓടി കണ്ണിൽക്കണ്ട ഒരു തീവണ്ടിയിൽ കയറി എങ്ങനെയൊക്കെയോ കോഴിക്കോട്ടെത്തി. ഭർത്താവിനെയും കുട്ടികളെയും കുറിച്ചോർത്ത് പരിഭ്രാന്തയായ അവളുടെ മനസ്സിന്റെ താളം തെറ്റിയിരുന്നു. എം.ടി അന്ന് കുതിരവട്ടത്തു ചെന്നപ്പോൾ അഞ്ജലിയെ കണ്ടു. അന്ന് ഡോ. ബാലകൃഷ്ണനായിരുന്നു ആശുപത്രി സൂപ്രണ്ട്. ഓരോ രോഗിയെയും പേരുവിളിച്ച് സംസാരിക്കാൻ മാത്രം അടുപ്പമുണ്ട് അദ്ദേഹത്തിന്.

എം.ടി പിന്നെ കാണുമ്പോൾ അഞ്ജലി മനസ്സിന്റെ സമനില വീണ്ടെടുത്ത് സുഖം പ്രാപിച്ചിരുന്നു. അഞ്ജലിയുടെ കുടുംബത്തെ ഈ വിവരങ്ങൾ അറിയിക്കുന്നതു സംബന്ധിച്ച് എം.ടി മഹാശ്വേതാദേവി എന്ന തന്റെ പ്രിയപ്പെട്ട ദീദിക്ക് കത്തെഴുതി. മഹാശ്വേതാദേവി ഇക്കാര്യങ്ങൾ അറിയിച്ചുകൊണ്ട് അന്നത്തെ ബംഗാൾ മുഖ്യമന്ത്രിക്കു കത്തയച്ചു. ആ കത്തിന്റെ പകർപ്പ് ദീദി എംടിക്ക് അയച്ചുകൊടുത്തു. കൂട്ടത്തിൽ ഇക്കാര്യത്തിൽ താൻ വേണ്ടതു ചെയ്യാമെന്നുള്ള വിവരവും അതിലുണ്ടായിരുന്നു. ദീദി ബംഗാൾ മുഖ്യമന്ത്രിക്ക് ഇംഗ്ലിഷിൽ അയച്ച കത്തിലെ ആദ്യ വാചകങ്ങൾ ഇങ്ങനെയായിരുന്നെന്ന് എം.ടി ഓർക്കുന്നു.‘‘I am writing this for Anjali. Don't confuse she is the heroine of Maniratnam film Anjali...’’


ദീദിയുടെ വരികളോർക്കുമ്പോൾ എം.ടിയുടെ മുഖത്ത് മൗനമന്ദഹാസം. കുറച്ചുനാളുകൾക്കകം അഞ്ജലിയെ വീട്ടുകാർ കൂട്ടിക്കൊണ്ടു പോയി. കൊൽക്കത്തയിൽ തീവണ്ടിയിറങ്ങി മഹാശ്വേതാദേവിയെ ചെന്നുകണ്ടിട്ടാണ് അഞ്ജലി വീട്ടിലേക്കു പോയത്. ദീദി ഇങ്ങനെ ഇടപെട്ട ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിരിക്കാമെന്ന് എം.ടി പറഞ്ഞു.

എഴുത്തിൽ താണ്ടിയ ദൂരങ്ങൾ

എംടി ഇന്ത്യയിലെ എഴുത്തുകാരിൽനിന്ന് മറ്റു രാജ്യങ്ങളിലെ എഴുത്തുകാരിലേക്കു കടന്നു. ‘‘പല രാജ്യങ്ങളിലുമുള്ള എഴുത്തുകാർ നാം ചെന്നാലുടനെ കാണാൻ അനുവദിക്കില്ല. അപ്പോഴൊക്കെ മെഷീനിനോടു സംസാരിച്ചിട്ട് പോരേണ്ടി വന്നിട്ടുണ്ട്. അല്ലെങ്കിൽ അവരുടെ സെക്രട്ടറിയോട്. ഗുന്തർഗ്രാസ്, ടോണി മോറിസൺ, ബർണാഡ് മാലെമുഡ് തുടങ്ങിയവരെയൊക്കെ കാണാൻ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. ഒന്നുകിൽ അവരവിടെ ഉണ്ടാവില്ല. ഉണ്ടെങ്കിൽത്തന്നെ ‘ഇപ്പോൾ സംസാരിക്കാൻ കഴിയില്ല. സന്ദേശം വല്ലതുമുണ്ടെങ്കിൽ പറയുക’ എന്നു മെഷീനാവും നമ്മളോടു സംസാരിക്കുക. ന്യൂജഴ്സിയുടെ അടുത്തുള്ള പേൾ എസ്.ബക്കിന്റെ വസതിയും ആ പ്രദേശവും അറിയപ്പെടുന്നതു തന്നെ ‘പേൾ ബക്ക് കൺട്രി’ എന്നാണെന്നതും അവിടം സന്ദർശിച്ച കാര്യവും എം.ടിയുടെ ഓർമയിലെത്തി. എന്നുവച്ചാൽ കൂടല്ലൂരും പരിസരവും ‘എം.ടി.വാസുദേവൻ നായർ കൺട്രി’ എന്ന് അറിയപ്പെട്ടാൽ എന്നപോലെ.

രണ്ടാമൂഴം, കാലം, വിലാപയാത്ര, അസുരവിത്ത്, വാരാണസി ഇതിന്റെയെല്ലാം ഒടുവിലത്തെ വാചകം യാത്രയെക്കുറിച്ചാണ്. ‘യാത്രയാരംഭിച്ച് വർഷങ്ങൾ വളരെ കഴിഞ്ഞുവെന്ന് ഇപ്പോൾ ചില സുഹൃത്തുക്കൾ ഓർമിപ്പിക്കുന്നു’ എന്നാണ് അമ്മയ്ക്ക് എന്ന പുസ്തകത്തിലെ ആദ്യ വാചകം തന്നെ. എന്താണ് ഇങ്ങനെ എന്നുചോദിച്ചപ്പോൾ എം.ടി പറഞ്ഞു, ‘‘ജീവിതംതന്നെ ഒരു യാത്രയല്ലേ? അമ്മയുടെ ഗർഭത്തിൽനിന്ന് പുറത്തുവരുന്ന അജ്ഞാത ലോകത്തിൽനിന്ന് ആ യാത്ര തുടങ്ങുന്നു.‘‘പിന്നെ ഞങ്ങളൊക്കെ പുഴവക്കത്ത് വളർന്നവരാണ്. പുഴ കടന്ന് കുറച്ച് നടന്നുവേണം തീവണ്ടിയാപ്പിസിലേക്കു പോവാൻ.

ഗുന്തർഗ്രാസ്, ടോണി മോറിസൺ, ബർണാഡ് മാലെമുഡ് തുടങ്ങിയവരെയൊക്കെ കാണാൻ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല.

നല്ല വെള്ളമുള്ള സമയത്താണെങ്കിൽ തോണി വേണം. തീവണ്ടി കയറി പിന്നെയും യാത്രയാണ്. അങ്ങനെ യാത്രകളെക്കുറിച്ച് പറയുമ്പോൾ എംടി എഴുത്തിൽ താണ്ടിയ ദൂരങ്ങളും ലോകങ്ങളും മുൻപിൽ വന്നു നിൽക്കുന്നതുപോലെ തോന്നി. ‘‘പുഴയിൽ കുളിക്കുക. പുഴ കടന്ന് അമ്പലത്തിൽ പോവുക. പുഴവെള്ളം വീടിന്റെ പടിക്കൽനിന്ന് ഒഴിയാത്തതിനാൽ മൂന്നു ദിവസംവരെ പുറത്തിറങ്ങാതെ കാത്തിരുന്നിട്ടുണ്ട്.’’ ഇന്നത്തെ പുഴയുടെ രൂപം മാറിയതുപോലെ എംടിയുടെ ഭാവവും ഇതു പറയുമ്പോൾ മാറുന്നു.


എന്നാൽ തന്റെ നിളാനദിയും കൂടല്ലൂരും മാത്രമല്ല നോവലിൽ താൻ ചിത്രീകരിച്ച മറ്റു സ്ഥലങ്ങൾപോലും മാറിപ്പോയെന്ന് എം.ടി. ‘‘നൈനിറ്റാളിൽ ഈയിടെ പോയിവന്നവർ പറഞ്ഞു, ‘മഞ്ഞി’ൽ എഴുതിയിട്ടുള്ള നൈനിറ്റാൾ ആകെ മാറിയിരിക്കുന്നു എന്ന്. നോവലിലുള്ള തിയറ്റർ ഇന്നവിടെയില്ല. അവരതു പൊളിച്ചു. പക്ഷേ, അമ്പലം ഉണ്ട്. അങ്ങനെ പല മാറ്റങ്ങൾ.’’ തുടർന്ന് മ‍ഞ്ഞ് എഴുതിയ കാലം എംടിയുടെ മനസ്സിൽ ഓർമകളുടെ മഞ്ഞിൻപടലങ്ങൾ നീക്കിയെത്തി.‘‘എല്ലാ ഭാഗത്തും ഓരോ കാലത്തും സഞ്ചരിച്ചയാളാണ് ഞാൻ. ഇന്ത്യയിലെ പലഭാഗത്തും പോയ കൂട്ടത്തിൽ നൈനിറ്റാളിലും പോയി. സീസൺ തുടങ്ങാൻ അവിടെയുള്ളവർ കാത്തിരിക്കുന്ന സമയമായിരുന്നു അത്. സഞ്ചാരികൾ ആ സ്ഥലത്തെത്താൻ കാത്തിരിക്കുന്നു, ആ സ്ഥലം സഞ്ചാരികളെ കാത്തിരിക്കുന്നു. ഒരു സ്ത്രീ കാത്തിരിക്കുന്നുണ്ടാവാം. ഒരു പയ്യൻ കാത്തിരിക്കുന്നുണ്ടാവാം.’’ അങ്ങനെയാണ് വിമലയുടെയും ബുദ്ദുവിന്റെയും കാത്തിരിപ്പിന്റെ കഥ പറയുന്ന ‘മഞ്ഞി’ന്റെ പിറവി.

മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട്, എം.ടിയുടെ കഥകൾ തോർത്തുമുണ്ട് വെള്ളത്തിൽ മുക്കിപ്പിഴിയുന്നതു പോലെയാണ് വായനക്കാരെ കരയിപ്പിക്കുന്നതെന്ന്. ആ കഥകൾ വായനക്കാരെ കരയിപ്പിക്കുമെങ്കിൽ അതെഴുതിയ ആളും കരഞ്ഞിട്ടുണ്ടാവില്ലേ? 

‘‘പൊട്ടിക്കരഞ്ഞിട്ടില്ലെങ്കിലും ഉള്ളിൽ കരഞ്ഞിട്ടുണ്ട്. ചിലത് എഴുതിക്കഴിയുമ്പോൾ മനസ്സിനെ ബാധിക്കും. വല്ലാത്ത അസ്വാസ്ഥ്യം അത് നമ്മളിൽ ഉണ്ടാക്കിത്തീർക്കും. ചിലത് എഴുതിക്കഴിഞ്ഞ് വളരെനാൾ കഴിഞ്ഞ് വായിച്ചുനോക്കും. അന്നുതോന്നിയ വേദനയൊക്കെ പിന്നെയും തോന്നും. അങ്ങനെ എന്തെങ്കിലും തോന്നുന്നതുകൊണ്ടാണല്ലോ എഴുതുന്നത്.’’

ജീവിതസായാഹ്നത്തിലെത്തിയിട്ടും വേണ്ടത്ര അംഗീകാരം കിട്ടാത്ത എഴുത്തുകാരോട് എന്താണു പറയാനുള്ളതെന്നു ചോദിച്ചപ്പോൾ എംടി പറഞ്ഞു:

‘‘മഴ പെയ്യുമ്പോൾ ഒരാൾ ചെറിയ പാത്രം വച്ചു. അയാൾക്കു കുറച്ചു വെള്ളമേ കിട്ടിയുള്ളൂ. വലിയ പാത്രം വച്ചയാൾക്ക് കൂടുതൽ വെള്ളം കിട്ടി. അംഗീകാരം കിട്ടുന്നത് അധ്വാനംപോലിരിക്കും. പിന്നെ നേരത്തേ പറഞ്ഞല്ലോ അംഗീകാരം എന്നതു പണമോ മറ്റു കാര്യങ്ങളോ അല്ലെന്നും പുസ്തകങ്ങൾ കൂടുതൽ പേരിൽ എത്തുന്നുണ്ടോ എന്നതാണെന്നും.’’