ഹാരി പോട്ടറിലെ ചെന്നായ് ചിലന്തിയെ കൂട്ടിലാക്കാമോ.....

നോവലിലും സിനിമയിലുമുള്ള ‘അരഗോഗിന്റെ’ ചെറുപതിപ്പായചിലന്തിയെ കണ്ടെത്തി

ഹാരി പോട്ടർ ആരാധകർക്കു സുപരിചിതനാണ് അരഗോഗ് എന്ന ഭീമൻ ‘ചെന്നായ് ചിലന്തി’. നോവലിന്റെ രണ്ടാം ഭാഗമായ ‘ഹാരി പോട്ടർ ആൻഡ് ദി ചേംബർ ഓഫ് സീക്രട്സ്’ ലാണ് അരഗോഗ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഹാരിയെയും കൂട്ടുകാരൻ റോണിനെയും കാടിനുള്ളിൽ ആക്രമിക്കുന്ന അരഗോഗ്, തടിയനായ ഹാഗ്രിഡിന്റെ ചങ്ങാതിയാണ്. ഇപ്പോഴിതാ പുതിയതായി കണ്ടു പിടിച്ച ഒരു ചിലന്തി വർഗത്തിന് ‘ലൈക്കോസാ അരഗോഗി’ (Lycosa aragogi) എന്നാണു ശാസ്ത്രജ്‍ഞർ പേരു നൽകിയിരിക്കുന്നത്. ഹാരി പോട്ടർ സിനിമയിൽ കണ്ട അതേ രൂപവും ഭാവവും ഈ ചെറു ചിലന്തിക്കും ഉണ്ടായിരുന്നതാണ് പേരു വരാൻ കാരണം. ഒരിഞ്ചു നീളവും രണ്ട് ഇഞ്ച് വീതിയുമേ ഈ കുഞ്ഞന് ഉള്ളു. കഥാപാത്രമായ അരഗോഗിന്റെ നൂറിലൊന്നു വലിപ്പം പോലും ഇല്ലെന്നു സാരം. എങ്കിലും നടപ്പും സ്വഭാവവുമെല്ലാം ഒരേപോലെ. നോവലിലെ കഥാപാത്രം പോലെ തന്നെ കുഞ്ഞൻ അരഗോഗും നല്ലൊരു വേട്ടക്കാരനാണ്. വല നെയ്യുന്ന സ്വഭാവം ഇവയ്ക്ക് ഇല്ല. കീഴടക്കാൻ പറ്റുന്ന എന്തിനെയും കൊന്നു തിന്നും. പ്രധാനമായും ചീവീടുകളും ചെറു പ്രാണികളുമാണു ഭക്ഷണം. വിഷമുണ്ടെങ്കിലും മനുഷ്യനെ കൊല്ലാനുള്ള അത്രയ്ക്ക് ഇല്ലെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. തെക്കുകിഴക്ക് ഇറാനിലെ പർവതനിരകളിൽ ചിത്രശലഭങ്ങളെക്കുറിച്ചു ഗവേഷണം നടത്തുന്ന ടെഹ്രാൻ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് കൗതുകവും ഭീതിയുമുണർത്തുന്നതുമായ ചിലന്തിയെ കണ്ടത്.

ആദ്യമായല്ല ചിലന്തികൾക്കു ഹാരി പോട്ടർ കഥാംശങ്ങളുടെ പേരിടുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ കണ്ടെത്തിയ ചിലന്തിക്ക് എരിയോവിക്സിയ ഗ്രിഫിന്റോറി(Eriovixia gryffindori)എന്നു പേരിട്ടിരുന്നു. മാജിക് സ്കൂളായ ഹോഗ്‌വാർട്സിലെ ഗ്രിഫിന്റർ ഹൗസിലേക്കു കുട്ടികളെ തിരഞ്ഞെടുക്കുന്ന മാന്ത്രികത്തൊപ്പിയുടെ രൂപമായിരുന്നു ആ ചിലന്തിക്ക്.