വയലാർ പുരസ്കാരം ടി.ഡി. രാമകൃഷ്ണന്

ഈ വർഷത്തെ വയലാർ അവാർഡ് നോവലിസ്റ്റും വിവർത്തകനുമായ ടി.ഡി. രാമകൃഷ്ണന്. 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' എന്ന നോവലിനാണ് പുരസ്കാരം. ശ്രീലങ്കയിലെ തമിഴ് വംശജരുടെ പോരാട്ടത്തിന്റെ കഥപറയുന്ന നോവലാണിത്. തമിഴ് മനുഷ്യാവകാശ പ്രവർത്തകയും ഫെമിനിസ്റ്റുമായ രജനി തിരണഗാമയുടെ ജീവിത കഥയാണ് നോവലിന് പ്രചോദനം.

ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. വയലാർ രാമവർമ്മയുടെ സ്മരാണാർത്ഥം സാഹിത്യത്തിലെ സംഭാവനകൾക്ക് 1977 ലാണ് വയലാർ പുരസ്കാരം നൽകി തുടങ്ങുന്നത്.

ദേശ–വംശ സങ്കൽപങ്ങൾ മനുഷ്യജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നു പറഞ്ഞു വയ്ക്കുന്ന നോവലാണ് 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'. ശ്രീലങ്കൻ സർക്കാരും തമിഴ് വംശജരും തമ്മിലുള്ള പോരാട്ടത്തിന്റെ ചരിത്രവും നോവലിന്റെ പ്രതിപാദ്യവിഷയമാണ്.

ഏറെ ചർച്ചചെയ്യപ്പെട്ട 'ഫ്രാൻസിസ് ഇട്ടിക്കോര'യാണ് രാമകൃഷ്ണന്റെ മറ്റൊരു പ്രധാന കൃതി. ശാസ്ത്രവും മനുഷ്യനും തമ്മിലുള്ള ബന്ധവും മനുഷ്യനിലെ മൃഗവാസനകളും ചർച്ചചെയ്യുന്ന ആൽഫയാണ് ഇദ്ദേഹത്തിന്റെ ആദ്യ നോവൽ. 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'ക്ക് മലയാറ്റൂർ പുരസ്കാരം, മാവേലിക്കര വായനാ പുരസ്കാരം, കെ.സുരേന്ദ്രൻ നോവൽ അവാർഡ്, എ.പി. കളയ്ക്കാട് സാഹിത്യപുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

Malayalam Literature AwardsMalayalam Literature News, മലയാളസാഹിത്യം