പുസ്തകമാക്കപ്പെട്ട ചില കത്തുകൾ 

കത്തുകളും മാറിപ്പോയി... പക്ഷേ അയയ്ക്കുന്ന മനസ്സുകൾ മാത്രം ഇപ്പോഴും പഴയ ഓർമ്മകളുടെ കയ്യിൽ തൂങ്ങി നിലയില്ലാതെ നടക്കുന്നു.

ചങ്ങമ്പുഴ ലളിതാംബിക അന്തർജനത്തിനയച്ച കത്തിലെ ചില വരികൾ.- ഇനിയും വിദ്യാത്ഥി ജീവിതത്തിൽ നിന്നും വിമുക്തനായിട്ടില്ലാത്ത ഒരു സാധു ബാലനാണ് ഞാൻ, ഒരു കവി എന്നുള്ള അഭിമാനം അശേഷം എനിക്കില്ല. നിങ്ങളെപ്പോലുള്ള മഹനീയ ഹൃദയങ്ങളുടെ അനുഗ്രഹങ്ങൾ കൊണ്ടുമാത്രം വല്ലപോഴും വല്ല പദ്യശകലങ്ങളും കുത്തിക്കുറിക്കുന്നുവെന്നേയുളളു.അവ തന്നെ ദാരിദ്ര്യത്തിലും വിവിധജീവിത ക്ലേശങ്ങളിലും പെട്ട് അനുനിമിഷം നീറി നീറി കൊണ്ടിരിക്കുന്ന ഒരു തപ്ത ഹൃദയത്തിന്റെ അസ്പഷ്ട ഗദ്ഗദങ്ങൾ മാത്രമാണ്. ഏകാന്തതയിൽ ഞാൻ പൊഴിച്ച കണ്ണീർക്കണങ്ങളാണ് ബാഷ്പാഞ്ചലി. ദാരിദ്യ്രത്തിൽ ജനിച്ച് നിരാശയിൽ ജീവിക്കുന്ന എനിക്ക് അതല്ലാതെ, മറ്റെന്തു ലോകത്തിൽ ജീവിക്കുവാൻ കഴിയും?

6/7/10 - തനൂജ ഭട്ടതിരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ നിന്നും.

വർഷം നോക്കൂ, പണ്ടാണ്, പണ്ടെന്നു പറഞ്ഞാൽ വളരെ പണ്ടാണ്, അതായത് ആശയ വിനിമയത്തിന് ഗന്ധമുണ്ടായിരുന്ന കാലം. നീല മഷി പേന കൊണ്ട് കത്തെഴുതുമ്പോൾ പേപ്പറിൽ നിന്നും പ്രവഹിക്കുന്ന ആ ഗന്ധം ശ്വസന ദ്വാരങ്ങൾ തകർത്തെറിഞ്ഞു ആത്മാവിലേക്ക് കയറി പോകുന്ന അനുഭൂതി ആ എഴുത്തിലൊക്കെ അനുഭവിക്കാൻ കഴിയുമായിരുന്നു. അതുകൊണ്ടു തന്നെയാവില്ലേ ഇന്നും പഴയ ചില എഴുത്തുകൾ നമ്മൾ ആരും കാണാതെ ഡയറിക്കുള്ളിൽ ഒളിപ്പിച്ച് വയ്ക്കുന്നതും!

കാലത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, ഗന്ധങ്ങളേക്കാളുപരി കാഴ്ചകൾക്ക് പ്രസക്തി കൂടിയപ്പോൾ സോഷ്യൽ മീഡിയ മാധ്യമമാവുകയും കത്തെഴുത്തുകൾ കാലത്തിനനുസരിച്ച് രൂപം മാറി ഒഴുകുകയും ചെയ്തു. കത്തുകൾ മാത്രം എഴുതി പുസ്തകമാക്കി ആ പുസ്തകം വൻ ഹിറ്റുകളാക്കിയ എഴുത്തുകാർ നിരവധിയാണ്. കൂടുതലും കത്തെഴുത്തിന്റെ സാഹിത്യ വിക്ഷോഭ സാധ്യതകൾ മനസ്സിലാക്കി പഴയ കത്തുകളെ തിരഞ്ഞു പിടിച്ച് പുസ്തകമാക്കിയത് പുതിയ എഴുത്തുകാർ തന്നെയാണ്.

ലളിതാംബിക അന്തർജനത്തിന്റെ കത്തുകൾ കൂട്ടി വച്ച് കൊച്ചു മകൾ കൂടിയായ തനൂജ ഭട്ടതിരി ഒരു പുസ്തകം പുറത്തിറക്കി.  "അന്തർജ്ജനത്തിന് സ്നേഹപൂർവ്വം ബഷീർ" , "അന്തർജ്ജനത്തിനു സ്നേഹപൂർവ്വം വയലാർ"  എന്നീ പുസ്തകങ്ങൾ എഴുത്തുകാരിയ്ക്ക് ലഭിച്ച കത്തുകളാണ്. എഴുത്തുകാരിൽ സുൽത്താനായ ബഷീറിന്റെയും സ്നേഹഗായകൻ വയലാറിന്റെയും. ഓർക്കണം അന്നത്തെ കാലമാണ്, ഒരു ഇല്ലത്തെ അന്തർജ്ജനത്തിനു അന്യപുരുഷന്മാരുടെ കത്തുകൾ വരുക എന്നാൽ അതത്ര നിസ്സാരമല്ല, പക്ഷേ മാമൂലുകളെ എന്നും അവഗണിച്ചിട്ടേയുള്ളൂ ലളിതാംബിക അന്തർജ്ജനം.

"പുരുഷന്മാരിൽ നിന്നും മറ്റും ജാതി വ്യത്യാസം പോലുമില്ലാതെ വരുന്ന കത്തുകൾ, എന്നാൽ എല്ലാ കത്തിനും മുത്തശ്ശി മറുപടികൾ അയക്കുമായിരുന്നു. അവനവന്റെ വൈകാരികതകളും വേദനകളും ബുദ്ധിമുട്ടുകളും പറഞ്ഞു ആളുകൾ എഴുതുന്ന കത്തുകൾക്ക് അപാര ആശ്വാസമേകുന്ന മറുപടി കത്തുകൾ ആയിരുന്നു അത്. അതിൽ തന്നെ ബഷീറിനും വയലാറിനും അയച്ച കത്തുകൾ സവിശേഷ ശ്രദ്ധ അർഹിക്കുന്നവയാനെന്നു തോന്നി, അങ്ങനെയാണ് അവ പുസ്തകമാക്കുന്നത്",

തനൂജ പറയുന്നു.

കാലത്തിനൊപ്പവും ഒരുപക്ഷേ അതിനു അതീതമായും സഞ്ചരിച്ചവരായിരുന്നു എഴുത്തുകാർ,, അതുകൊണ്ടു തന്നെ അവരുടെ കത്തുകളിൽ മിക്കപ്പോഴും ഉണ്ടായിരുന്നത് അവനവനെ കുറിച്ചുള്ള വിചാരങ്ങളോ സങ്കടങ്ങളോ ഒന്നുമായിരുന്നില്ല. മറ്റുള്ളവരെ കുറിച്ചുള്ള വ്യാകുലതകളും വിഷമങ്ങളും ഒക്കെ തന്നെയായിരുന്നു.

ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന് ഒരു കത്തെഴുതുക, അതിനു മറുപടികൾ ലഭിക്കുക... അത്രയ്ക്കൊന്നും ആശയ വിനിമയം എളുപ്പമല്ലാതിരുന്നൊരു കാലത്ത് പ്രിയപ്പെട്ട ഒരാളുടെ കത്ത് വരുക എന്നാൽ സ്വർഗ്ഗം കിട്ടിയത് പോലെയാണ്. ഇതേ അനുഭവം തന്നെയാണ് എഴുത്തുകാരി കെ എ ബീനക്ക് പങ്കു വയ്ക്കാനുള്ളത്. ഒരു തീസീസിന്‌ വേണ്ടി ബഷീറിനെ സമീപിച്ച ബീനയെ ഞെട്ടിച്ച് കൊണ്ട് ബഷീർ അയച്ച പതിനെട്ടു പേജുകളിൽ നിന്നും തുടങ്ങിയാൽ കത്തുകളുടെ എണ്ണം കൂടും. "ബഷീറിന്റെ കത്തുകൾ" എന്ന പേരിലാണ് ബഷീറിന്റെ കത്തുകൾ പിന്നീട് ബീന പുസ്തകമാക്കിയത്.

ഏറ്റവും സ്വകാര്യതയോടെ അയക്കപ്പെടുന്നവയാണ് കത്തുകൾ എന്ന ആശയത്തെ ചോദ്യം ചെയ്യുന്നതാണ് ഈ കത്തുകളെ പുസ്തകമാക്കൽ എന്ന് പറഞ്ഞാൽ അത് തെറ്റാകും കാരണം, എഴുത്തിൽ നിറയെ തെറ്റുകളിൽ നിന്നും ശരികളിലേക്കുള്ള വഴികളാകും. ഒരു സ്ത്രീയും പുരുഷനും പരസ്പരം കത്തുകളെഴുതുന്നു എന്നതിനപ്പുറം ഒരു എഴുത്തുകാരൻ എഴുത്തുകാരിയാകാൻ ആഗ്രഹിക്കുന്ന മറ്റൊരാൾക്ക് നൽകുന്ന ഉപദേശങ്ങളുടെ വാക്കുകളായി മാത്രമേ അതിനെ കുറിയ്ക്കേണ്ടതുള്ളൂ, അതുകൊണ്ടു തന്നെ കെ എ ബീനയ്ക്ക് കത്ത് ലഭിച്ചപ്പോൾ ഉണ്ടായിരുന്ന മാനസിക അവസ്ഥയിൽ നിൽക്കുന്നവർക്ക് ബഷീറിന്റെ ആ കത്തുകൾ നൽകുന്ന ഊർജ്ജം ചെറുതായിരിക്കില്ല, അതുകൊണ്ടു തന്നെയാണ് ചില കത്തുകൾ കാലം കടന്നും നിലകൊള്ളുന്നത്.

കത്തെഴുത്തുകളെ കുറിച്ചോർക്കുമ്പോൾ ഒരിക്കലും മറക്കാനാകില്ലത്ത കത്തുകൾ എഴുതിയിട്ടുണ്ടാവുക ഒരുപക്ഷേ ഇംഗ്ലീഷ് എഴുത്തുകാർ തന്നെയാകും. കാഫ്കയുടെയും ഷെല്ലിയുടെയും വാന്ഗോഗിന്റെയുമൊക്കെ കത്തുകൾ ഹൃദയം തുറന്നു എത്ര തവണ വായിച്ചാണ് മതിവരുക! പക്ഷേ അവരുടെ കത്തുകളിൽ കൂടുതലും ഉണ്ടായിരുന്നത് ആന്തരിക വിഷാദങ്ങളും ഉള്ളു നിറഞ്ഞൊഴുകുന്ന കരച്ചിലുകളും തന്നെയായിരുന്നു. കാമുകിമാർക്കെഴുതിയ കത്തുകളാണ് അതിലേറ്റവും കൂടുതൽ പ്രശസ്തമായതും. പ്രണയത്തിന്റെ ഏറ്റവും വലിയ പ്രവാചകൻ ഖലീൽ ജിബ്രാനാകട്ടെ തന്റെ പ്രണയിനിയായ മെസിയാദയെ പ്രണയിച്ചത് മുഴുവൻ കത്തുകളിലൂടെയായിരുന്നു. അതൊക്കെയും അദ്ദേഹത്തിന്റേതായി അച്ചടിക്കപ്പെട്ട പല പുസ്തകങ്ങളിലും വായനയ്ക്ക് മുന്നിലെത്തുകയും ചെയ്യും.

പ്രണയത്തെ കുറിച്ച് പറയുമ്പോൾ കേശവൻ നായരുടെയും സാറാമ്മയുടെയും പ്രണയ ലേഖനം കണ്ടില്ലെന്നു നടിക്കാനാകില്ല. ,

"പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൗവ്വനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയസുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?

ഞാനാണെങ്കില്‍ - എന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിക്കുകയാണ്.

സാറാമ്മയോ?

ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയാല്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട്, സാറാമ്മയുടെ കേശവന്‍ നായര്‍.......”,

പ്രേമലേഖനം എന്ന ബഷീറിന്റെ പുസ്തകത്തിൽ സാറാമ്മയുടെയും കേശവൻ നായരുടെയും മതചിന്തയ്ക്കും അതീതമായ കത്തുകൾ വേറെയുമുണ്ട് . ഒരുപക്ഷേ കത്തെഴുത്തിൽ ഏറ്റവുമധികം എഴുത്തുകാരിൽ പ്രശസ്തൻ ബഷീർ തന്നെ ആയിരിക്കണം... "അനുരാഗത്തിന്റെ ദിനങ്ങൾ" ൽ എത്രയധികം കത്തുകളാണ് ബഷീർ കാമുകിയായ ദേവിക്ക് എഴുതിയിരിക്കുന്നത്.

ഇന്ത്യ കണ്ട ഏറ്റവും മികച്ച കത്ത് പുസ്തകം സംശയമൊന്നുമില്ലാതെ പറഞ്ഞാൽ ജവഹർലാൽ നെഹ്‌റു ഇന്ദിരയ്ക്ക് അയച്ച "ഒരു അച്ഛൻ മകൾക്ക് അയച്ച കത്തുകൾ" തന്നെയാണ്. ജയിലിൽ നിന്നാണ് അദ്ദേഹം ഇന്ദിരയ്ക്ക് കത്തുകൾ അയച്ചത്, പത്ത് വയസ്സായിരുന്നു അന്ന് ഇന്ദിരയ്ക്ക്. ഇന്ത്യയെ കുറിച്ചും രാജ്യത്തെ കുറിച്ചറിയേണ്ട കാര്യങ്ങളെ കുറിച്ചുമാണ് നെഹ്‌റു മകൾക്ക് കത്തുകളയച്ചത്. മുപ്പതു കത്തുകൾ ഒന്നിച്ച് ഒടുവിൽ പുസ്തകമാക്കപ്പെട്ടു. നെഹ്‌റു ഇന്ദിരയ്ക്ക് ഇംഗ്ലീഷിൽ ആണ് കത്തുകൾ അയച്ചതെങ്കിലും പിന്നീട് അത് പല ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു.

എന്തുതന്നെ ആയാലും ഇന്നിപ്പോൾ സോഷ്യൽ മീഡിയയുടെ ഗന്ധമില്ലാത്ത സന്ദേശങ്ങൾക്കിടയിലും ഇടയ്ക്ക് ചിലർ കത്തുകളുടെ പെരുമഴയിൽ നനയുന്നുണ്ട്. നിങ്ങൾ അഡ്രെസ്സ് തരൂ, ഞാൻ കത്തയക്കാം എന്ന് ചിലരൊക്കെ പറയുന്നുണ്ട്. പറയുക മാത്രമല്ല കത്തുകൾ വരുകയും ചെയ്യുന്നുണ്ട്. എപ്പോഴും ഗൃഹാതുരതയുടെ ഒരു കാലം ഓർമ്മപ്പെടുത്തലുകൾ ബാക്കി വച്ച് എവിടെയെങ്കിലും നിലനിൽക്കുന്നു എന്ന് തന്നെ അവകാശപ്പെടാം.

ഒരു കത്തിൽ കൈപ്പടയുടെ നീല ഗന്ധത്തോടൊപ്പം വന്നത് ഒരു പിടി കുന്നിക്കുരുവും നാലഞ്ച് ഇലഞ്ഞി പൂക്കളും... പിന്നെയൊന്നിൽ നിറമുള്ള തൂവലുകളുടെ ആകൃതിയില്ലാത്ത സ്നേഹങ്ങൾ... കത്തുകളും മാറിപ്പോയി... പക്ഷെ അയക്കുന്ന മനസ്സുകൾ മാത്രം ഇപ്പോഴും പഴയ ഓർമ്മകളുടെ കയ്യിൽ തൂങ്ങി നിലയില്ലാതെ നടക്കുന്നു. ഇനിയും ചിലപ്പോൾ കത്തുകൾ പുസ്തകങ്ങളാക്കപ്പെടാം... ചിലപ്പോൾ പുസ്തകങ്ങൾ ആക്കപ്പെടുവാൻ വേണ്ടി മാത്രം കത്തുകൾ എഴുതുകയും ആകാം...

Read more on Malayalam Literature News Articles on Malayalam Books