നവംബറില്‍ എത്തും; ഈ മൂന്ന് പുസ്തകങ്ങള്‍

എഴുത്തിന്റെ ലോകത്ത് ഒക്‌ടോബറിനെ സമ്പന്നമാക്കിയത് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനവും മാന്‍ ബുക്കര്‍ പ്രൈസുമെല്ലാം ആയിരുന്നു. ചില സാഹിത്യോല്‍സവങ്ങളും ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. നവംബര്‍ മാസം സാഹിത്യത്തെ സംബന്ധിച്ച് ഏറെ മികവാര്‍ന്നതാകുമെന്ന് തീര്‍ച്ചയാണ്. ദക്ഷിണേഷ്യയുടെ നൊബേല്‍ എന്നറിയപ്പെടുന്ന ഡിഎസ്‌സി പ്രൈസ് പ്രഖ്യാപനം ആദ്യ ആഴ്ചകളില്‍ തന്നെയുണ്ടാകും. പിന്നാലെ ജയ്പൂര്‍ സാഹിത്യോൽസവവും. 

ചില മികച്ച പുസ്തകങ്ങളും നവംബറില്‍ പുറത്തിറങ്ങും. അതില്‍ സമൂഹം ചര്‍ച്ച ചെയ്യാന്‍ ഏറ്റവും സാധ്യതയുള്ള മൂന്ന് പുസ്തകങ്ങള്‍ ഇതാ...

ദി ബുക്ക് ഓഫ് ചോക്ലേറ്റ് സെയ്ന്റ്‌സ്, ജീത് തയ്യില്‍

ഈ വര്‍ഷം ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റാന്‍ പോകുന്ന നോവലാണിത്. ഡിഎസ്‌സി പ്രൈസ് ജേതാവായ ജീത് തയ്യിലിന്റെ ദി ബുക്ക് ഓഫ് ചോക്ലേറ്റ്‌സ് ഇതിനോടകം തന്നെ ചര്‍ച്ചകളിലും വാര്‍ത്താ തലക്കെട്ടുകളിലും ഇടം പിടിച്ചു കഴിഞ്ഞു. അലെഫ് ആണ് പ്രസാധകര്‍. ന്യൂട്ടണ്‍ ഫ്രാന്‍സിസ് സേവ്യര്‍ എന്ന നിഗൂഢമായ സ്വഭാവ സവിശേഷതകളുള്ള മനുഷ്യന്റെ കഥ പറയുന്നതാണ് നോവല്‍. അയാള്‍ കവിയാണ്, സ്ത്രീകളില്‍ താല്‍പ്പര്യമുള്ളവനാണ്, തത്വചിന്തകനാണ്,....പെയ്ന്ററാണ്. ന്യൂയോര്‍ക്കിലെ ജീവിതത്തിന് ശേഷം ജന്മനാട്ടിലേക്ക് 66–ാം വയസില്‍ അയാള്‍ മടങ്ങിവരുകയാണ്... അതിനുശേഷമുള്ള സംഭവവികാസങ്ങളാണ് പുസ്തകത്തില്‍. സാഹിത്യത്തിലെ തയ്യിലിന്റെ മാസ്റ്റര്‍പീസ് ആകുമെന്ന് വരെ വിലയിരുത്തപ്പെടുന്ന പുസ്തകമാണിത്. 

ചൈനാസ് ഇന്ത്യ വാര്‍, ബെര്‍ടില്‍ ലിന്റ്‌നെര്‍

ഇന്ത്യയും ചൈനയും തമ്മില്‍ 1962–ല്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധം എക്കാലത്തും വലിയ ചര്‍ച്ചാ വിഷയമാണ്. ഇന്ത്യ-ചൈന ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ചൈനയുടെ ഇന്ത്യന്‍ യുദ്ധത്തെക്കുറിച്ച് വീണ്ടും ഒരു പുസ്തകം എത്തുന്നത് ചര്‍ച്ചകള്‍ക്ക് വഴിവെക്കും. ഇന്ത്യ തോറ്റുപോയ യുദ്ധത്തില്‍ വിവാദങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല. ഇന്ത്യാസ് ചൈന വാര്‍ എന്ന തലക്കെട്ടില്‍ യുദ്ധത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തി നെവില്ലെ മാക്‌സ്വെല്‍ എഴുതിയ പുസ്തകത്തിന് തക്ക മറുപടിയാണ് 50 വര്‍ഷത്തിന് ശേഷം എത്തുന്നത്. അതാണ് ചൈനാസ് ഇന്ത്യ വാര്‍. 

1959–ന്റെ തുടക്കത്തില്‍ തന്നെ ചൈന യുദ്ധത്തിന് കോപ്പുകൂട്ടിയിരുന്നതായാണ് ബെര്‍ട്ടില്‍ തന്റെ പുസ്തകത്തിലൂടെ പറയുന്നത്. നിഷ്‌കളങ്കരാണ് ചൈനയെന്ന വാദത്തെ പൊളിച്ചടുക്കുന്ന പുസ്തകത്തിന്റെ പ്രസാധകര്‍ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രസ് ആണ്. 

കോണ്‍ഫ്‌ളിക്റ്റ്‌സ് ഓഫ് ഇന്ററെസ്റ്റ്, സുനിത നരെയ്ൻ 

ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയ പരിസ്ഥിതിവാദികളില്‍ സുപ്രധാന സ്ഥാനമുണ്ട് സുനിത നരെയ്‌ന്. തന്റെ വ്യക്തപരമായ അനുഭവങ്ങള്‍ കുറിച്ചിടുകയാണ് ആശയസംഘര്‍ഷങ്ങളുടെ ഈ പുസ്തകത്തില്‍ സുനിത. കാലാവസ്ഥാ വെല്ലുവിളികളും അതിന് വേണ്ടി പോരാടുമ്പോള്‍ സംഭവിച്ച കാര്യങ്ങളും വ്യക്തിപരമായ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സുനിത കുറിച്ചിടുന്നു പുസ്തകത്തില്‍. പെന്‍ഗ്വിന്‍ ആണ് പ്രസാധകര്‍. പരിസ്ഥിതി പ്രവര്‍ത്തനത്തിന് വിലങ്ങുതടിയാകുന്ന സംഘങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങളും അതിന് പിന്നിലുള്ള രാഷ്ട്രീയവും പുസ്തകത്തില്‍ വിഷയങ്ങളാകുന്നുണ്ട്. 


Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം