തുടക്കം സുഗതകുമാരി; ഒടുക്കം ബാലാമണിയമ്മ; പെണ്ണെഴുത്തിന്റെ ചരിത്രമായി സംസ്ഥാന ബജറ്റ്

കഥയും കവിതയും എന്നും ബജറ്റില്‍ സുലഭമായി ഉപയോഗിച്ചിട്ടുള്ള ധനമന്ത്രി തോമസ് െഎസക് ഇത്തവണ ബജറ്റിന്റെ തുടക്കത്തില്‍ ഓഖി ദുരന്തത്തെക്കുറിച്ചു വിശദീകരിക്കുമ്പോള്‍ തന്നെ കവിത കൊണ്ടുവന്നു. കാറ്റും കടലും തീരത്തിന് ഉയിർനല്‍കുന്നവരാണെന്നു പറഞ്ഞുകൊണ്ട് അദ്ദേഹം പാടി:

കടലമ്മ തന്‍ മാറില്‍ കളിച്ചുവളര്‍ന്നവര്‍, കരുത്തര്‍

ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു വീണ്ടും, ഞങ്ങള്‍. 

ഓഖി ദുരന്തത്തില്‍ പുരുഷന്‍മാര്‍ നഷ്ടപ്പെട്ടതോടെ കുടുംബം പുലര്‍ത്താന്‍ വിധിക്കപ്പെട്ട സ്ത്രീകളുടെ വിധിയെക്കുറിച്ചു പറയുമ്പോള്‍ തീരദേശത്തിന്റെ ജീവിതം എഴുതിയ സാറ തോമസിന്റെ വലക്കാര്‍ എന്ന കഥ ഓര്‍മിപ്പിക്കുന്നു മന്ത്രി. വലക്കാരിലെ ഒരു കഥാപാത്രം പറയുന്നു: അച്ചനറിയാമ്മേലേ ഞങ്ങടെ പെണ്ണുങ്ങടെ കാര്യം. ഞങ്ങള്‍ മീന്‍ പിടിച്ചു കരയിലെത്തിക്കുകയേ ഉള്ളൂ. വിറ്റു കിട്ടുന്ന കാശുകൊണ്ടു വീടു നടത്തേണ്ട ഭാരം ആ പാവത്തുങ്ങള്‍ക്ക്. 

സമ്പൂര്‍ണ സാമൂഹിക സുരക്ഷ എന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റമാണ് ഇടതു സര്‍ക്കാരിന്റെ മുഖമുദ്ര. നല്ല ഭക്ഷണത്തെക്കുറിച്ചു പറയുമ്പോള്‍ മന്ത്രി കൂട്ടുപിടിക്കുന്നതു വയനാടിന്റെ കഥാകാരി പി.വത്സലയെ. 

സുഗതകുമാരി

ഒരു നല്ല കുല വെട്ടാനുണ്ടായാല്‍, ഒരു കോഴി മുട്ടയിടുന്നുവെന്നറിഞ്ഞാല്‍, കളത്തിലെ കുട്ടികളോ തമ്പ്രാനോ അന്വഷിച്ചുവരും. ഒരു ചീരത്തൈ നടാനുള്ള ശീലം എന്നോ നഷ്ടപ്പെടുത്തിയ മനുഷ്യര്‍.

വത്സലയുടെ പ്രശസ്തമായ നെല്ല് എന്ന നോവലിലെ സംഭാഷണമാണിത്. അതൊരു കാലം. ആ കാലം മാറി. 

വിശപ്പുരഹിത കേരളം സംസ്ഥാന ബജറ്റിലെ അഭിമാനകരമായ പദ്ധതികളിലൊന്നാണ്. വിശദീകരണത്തിലക്കു കടന്നപ്പോള്‍ മന്ത്രി ലളിതാംബിക അന്തര്‍ജനത്തിന്റെ സാവിത്രി അഥവാ വിധവാവിവാഹം എന്ന നാടകത്തിലെ ഒരു കഥാപാത്രത്തിന്റെ പാട്ട് പാടി:

പാണിയില്‍ തുഴയില്ല, തോണിയില്‍ തുണയില്ല

ക്ഷോണിയിലൊരു ലക്ഷ്യവുമറിയുകില്ല.

ആരോരും തുണയില്ലാത്ത, ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാത്തവര്‍. അങ്ങനെയുള്ളവര്‍ ഇന്നും സംസ്ഥാനത്തുണ്ട്. അവരുടെ വിശപ്പ് അതിജീവിക്കാനാണു സര്‍ക്കാര്‍ ശ്രമം. 

ബാലാമണിയമ്മ

എല്ലാവര്‍ക്കും വീട് എന്ന ലൈഫ് പദ്ധതിയെക്കുറിച്ചു പറയുമ്പോള്‍ മന്ത്രി കടമെടുത്തതു സാറാ ജോസഫിന്റെ മാറ്റാത്തി എന്ന നോവലിലെ സ്വപ്നങ്ങളുടെ കണക്കെഴുതിയ ഡയറിയുമായി ജീവിക്കുന്ന അച്ഛന്റെ സംഭാഷണം: 

അതില്‍ ഒരെണ്ണം 100 ശതമാനം പാര്‍പ്പിടമെന്ന അതിമോഹമാണ്. അതും നോക്കി നെടുവീര്‍പ്പിടുന്നത് ഒന്നും രണ്ടും തവണയല്ല. 

എല്ലാ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജി വിഭാഗങ്ങള്‍ തുടങ്ങുമെന്നു പ്രഖ്യാപിച്ചുകൊണ്ട് ബി.എം.സുഹ്റയുടെ കഥ അനുസ്മരിക്കുന്നു. ഉപ്പയുടെ ചികില്‍സയ്ക്ക് പണ്ടങ്ങളോരോന്നായി പണയം വയ്ക്കുമ്പോഴുള്ള ഉമ്മയുടെ മുഖത്തെ നിസ്സഹായത അലട്ടിയ കുട്ടിക്കാലം വേട്ടയാടുന്നവര്‍. 

ഗള്‍ഫില്‍ പോയിട്ടായാലും കുറച്ചു കാശുണ്ടാക്കി ഉമ്മയുടെ കണ്ണീരു തുടയ്ക്കാന്‍ സാധിച്ചിരുന്നെങ്കിലെന്ന് പ്രകാശത്തിനു മേല്‍ പ്രകാശം എന്ന നോവലിലെ ഖാദര്‍ നെടുവീര്‍പ്പിടുന്നു. 

ഇനി ഇത്തരം കഥാപാത്രങ്ങളുണ്ടാകില്ല എന്നാണു മന്ത്രിയുടെ ഉറപ്പ്. സര്‍ക്കാര്‍ എല്ലാവര്‍ക്കും സമഗ്ര ചികില്‍സ ഉറപ്പാക്കുന്നു. 

സാവിത്രി രാജീവൻ

മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാര്‍ക്കൊപ്പം നവാഗതരെയും മന്ത്രി ബജറ്റ് പ്രസംഗത്തിലക്കു കൊണ്ടുവന്നിട്ടുണ്ട്. ഇന്ദു മേനോന്റെ കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം എന്ന നോവലിലെ ഒരു സ്കൂളിന്റെ ചിത്രം പൊതു വിദ്യാലയങ്ങളെക്കുറിച്ചു പറയുമ്പോള്‍ മന്ത്രി ചൂണ്ടിക്കാണിക്കുന്നു: 

വലിയ പാടത്തിനുനടുവില്‍ ഉണ്ടനക്ഷത്രക്കണ്ണുകളുള്ള  നെല്ലിമരങ്ങളുടെയും അഹങ്കാരി പറങ്കി മരങ്ങളുടെയും ചക്കരക്കുട്ടി നാട്ടുമാവുകളുടെയും ഇടയില്‍ പഴയ ഓടുപാകിയ മേല്‍ക്കൂരയും സിമന്റ് തേക്കാത്ത ചെങ്കല്‍ച്ചുവരുകളുമുള്ള ഗ്രാമീണ സ്കൂള്‍. 

സാമൂഹിക സുരക്ഷാ പെന്‍ഷനെക്കുറിച്ചു പറയുമ്പോള്‍ കടന്നുവരുന്നതു സാവിത്രി രാജീവന്‍. 

ഇരുള്‍ വിളയുന്ന രാത്രിയില്‍, ദുസ്വപ്നങ്ങള്‍ കീറാത്ത പുതപ്പാരു തരും ..? 

കേരളത്തിലെ സ്പെഷല്‍ സ്കൂളുകളുടെ അവസ്ഥ ദയനീയമാണ്. ജയശ്രീ മിശ്രയുടെ ജന്‍മാന്തര വാഗ്ദാനങ്ങള്‍ (എന്‍ഷ്യന്റ് പ്രോമിസസ്) ആണ് മന്ത്രി ചൂണ്ടിക്കാണിക്കുന്നത്. ഒട്ടും സുഖകരമല്ലാത്ത ഇടത്തെക്കുറിച്ചുള്ള വിവരണം. പ്രായം കൊണ്ടും വലുപ്പം കൊണ്ടും വൈകല്യം കൊണ്ടും പല തട്ടില്‍ നില്‍ക്കുന്ന കുട്ടികള്‍ ഒരുമിച്ചു പാര്‍ക്കുന്ന ഇടം. 

സ്ത്രീശാക്തീകരണത്തെക്കുറിച്ചു പറയുമ്പോള്‍ ഓര്‍മയിലെത്തുന്നു വിജയലക്ഷ്മിയുടെ കവിതയിലെ വരികള്‍: ഇടിമിന്നലിന്റെ വേരുതിന്ന് പ്രളയത്തോളം മഴകുടിച്ച് കരുത്തു നേടണം സ്ത്രീകള്‍ എന്ന ആഹ്വാനം.

ഇന്ദു മേനോൻ

കുടുംബശ്രീയുടെ കഴിഞ്ഞ 20 വര്‍ഷങ്ങളെക്കുറിച്ചു പറയുമ്പോള്‍ മാറുന്ന സ്ത്രീജീവിതത്തെക്കുറിച്ചു മന്ത്രി വാചാലനായി. കെ.ആര്‍.മീരയുടെ ആരാച്ചാരിലെ ഒരു വരിയും അദ്ദേഹം വായിച്ചു:  

ഞങ്ങള്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് ഒരു നേട്ടവും കൈവരിക്കാറില്ല. ഞങ്ങളുടെ ജീവിതങ്ങള്‍ ഒരു ചങ്ങല പോലെ പിണഞ്ഞുകിടക്കുന്നു. ഒരാള്‍ എന്നോ തുടങ്ങിവച്ചത് മറ്റൊരാള്‍ മറ്റൊരിക്കല്‍ പൂര്‍ത്തിയാക്കുന്നു. 

നവോത്ഥാനകാലത്തു തുടങ്ങിവച്ചതിന്റെ തുടര്‍ച്ചയായി ഇന്ന് കുടുംബശ്രീ ഉയര്‍ന്നുവന്നിരിക്കുന്നു. മറ്റു സംസ്ഥാനങ്ങള്‍ മാത്രമല്ല വിദശരാജ്യങ്ങളും കുടുംബശ്രീ മാതൃകയിലുള്ള അയല്‍ക്കൂട്ട സംവിധാനങ്ങള്‍ നടപ്പാക്കുന്നതിനു മുന്നോട്ടുവന്നിട്ടുണ്ട്. 1998ല്‍ ആരംഭിച്ച കുടുംബശ്രീ 20 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഇരുപതിന പരിപാടി അവതരിപ്പിക്കുകയാണു മന്ത്രി. 

പട്ടികജാതി ഘടകപദ്ധതിയിലെ അടങ്കല്‍ വര്‍ധിപ്പിച്ചുകൊണ്ട് ബിലു.സി.നാരായണന്റെ കവിതയും മന്ത്രി ഉദ്ധരിക്കുന്നുണ്ട്. 

പുലാപ്പറ്റ സ്കൂളിലെ പത്താം ക്ലാസുകാരിയായ എന്‍.പി. സ്നേഹ ഒരു കലോല്‍സവത്തില്‍ അടുക്കള എന്ന വിഷയം ലഭിച്ചപ്പോള്‍ എഴുതിയ കവിത മുതല്‍ ധന്യ എം.ഡി, കെ.എ.ബീനയുടെ യാത്രാവിവരണത്തിലെ ഒരു ഭാഗം, രാജലക്ഷ്മി, ഖദീജ മുംതാസിന്റെ ബര്‍സയിലെ നായികയുടെ അനുഭവവും  ഓര്‍മിപ്പിക്കുന്ന മന്ത്രി ബജറ്റ് അവസാനിപ്പിക്കുന്നതും കവിതയില്‍. 

ബാലാമണിയമ്മയുടെ നവകേരളത്തിലെ വരികള്‍: 

വന്നുദിക്കുന്നു ഭാവനയിങ്ക-

ലിന്നൊരു നവലോകം

വിസ്ഫുരിക്കുന്നു ഭാവനയിലാ-

വിജ്ഞമാനിത കേരളം. 

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം