ആ അമ്പതു പേജുകൾ എന്റേതായിരുന്നുവെങ്കിൽ.. സൽമാൻ റുഷ്ദിയുടെ വെളിപ്പെടുത്തൽ

സൽമാൻ റുഷ്ദി

കരഞ്ഞിട്ടുണ്ടോ ഏതെങ്കിലും പുസ്തകം വായിച്ച്? 

ചോദ്യം ലോക പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിയോട്. പുസ്തകം വായിച്ചു ചിരിച്ചിട്ടുണ്ടെങ്കിലും ഒരു കൃതിയും തന്നെ കരയിപ്പിച്ചിട്ടില്ലെന്ന് പറയുന്നു റുഷ്ദി. ഇല്ല, പുസ്തകം വായിച്ചു കരയുന്ന സ്വഭാവം എനിക്കില്ല. അദ്ദേഹം ഉറപ്പിച്ചു പറയുന്നു. പക്ഷേ ഒരു പുസ്തകമുണ്ട്, ഞാൻ എഴുതിയിരുന്നെങ്കിൽ എന്നു മോഹിപ്പിച്ചത്. പുസ്തകമെന്നതിനേക്കാൾ കഥ. ഗബ്രിയേൽ ഗാർസിയ മർക്വിസ് ഉൾപ്പെടെയുള്ള എഴുത്തുകാരെ അസ്വസ്ഥതപ്പെടുത്തിയ അതേ കഥ. അതേ കഥയുടെ രൂപാന്തരം (മെറ്റാമോർഫോസിസ്). 

സ്വാധീനിച്ച പുസ്തകത്തെക്കുറിച്ചു ചോദിക്കുമ്പോഴും വ്യത്യസ്തമാണ് റുഷ്ദി എന്ന ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരന്റെ മറുപടി. മറ്റ് എഴുത്തുകാരുടെ പുസ്തകങ്ങൾ എന്നെ സ്വാധീനിക്കാറില്ല. റുഷ്ദി പറയുന്നു. ഞാൻ എഴുതിയ എന്റെ തന്നെ പുസ്തകങ്ങളാണ് എന്നെ സ്വാധീനിക്കാറ്. ഒരു എഴുത്തുകാരനാകണമെന്ന് ഞാൻ ആഗ്രഹിച്ചു. മിഡ്നൈറ്റ് ചിൽഡ്രൻ എന്ന രണ്ടാമത്തെ നോവലിലൂടെ ഞാൻ ഒരു എഴുത്തുകാരനായി അറിയപ്പെട്ടു. അംഗീകരിക്കപ്പെട്ടു. 

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ തുടങ്ങുന്ന ‘അർദ്ധരാത്രിയുടെ മകൾ’ ലോക പ്രശസ്തനാക്കി റുഷ്ദിയെ. ബുക്കർ സമ്മാനവും അദ്ദേഹത്തിനു ലഭിച്ചു. ബുക്കർ നേടിയ പുസ്തകങ്ങളിലെ ഏറ്റവും മികച്ച നോവലായും തിരഞ്ഞെടുക്കപ്പെട്ടു മിഡ്നൈറ്റ് ചിൽഡ്രൻ. പക്ഷേ, എൺപതുകളുടെ അവസാനം പുറത്തുവന്ന ‘സാറ്റാനിക് വേഴ്സസ്’ അദ്ദേഹത്തിന്റെ ജീവിതം പൂർണ്ണമായും മാറ്റി മറിച്ചു. ജീവനു നേരെ ഉയർന്ന ഭീഷണികളെ തുടർന്ന് ബ്രിട്ടീഷ് സർക്കാരിന്റെ സുരക്ഷയിൽ രഹസ്യ ജീവിതവും നയിക്കേണ്ടി വന്നു. 2012 ൽ പുറത്തു വന്ന റുഷ്ദിയുടെ 'ജോസഫ് ആന്റൺ എ മെമൊയർ' എന്ന പുസ്തകം സാറ്റാനിക് വേഴ്സസ് ഉയർത്തിവിട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എഴുത്തുകാരൻ നയിച്ച ഒളിവു ജീവിതത്തെക്കുറിച്ചാണ്. പുതിയ നോവലിന്റെ പണിപ്പുരയിലുമാണ് അദ്ദേഹം. മിഡിൽ മാർച്ച് എഴുതിത്തുടങ്ങിയിട്ടു കുറെ ആയെങ്കിലും നോവൽ പൂർണമാക്കാൻ റുഷ്ദിക്കു കഴിഞ്ഞില്ല. താമസിയാതെ തിരിച്ചു വരുമെന്നും മി‍ഡിൽ മാർച്ച് പൂർത്തിയാക്കും എന്നും ഉറപ്പു പറയുന്നുണ്ട് റുഷ്ദി. 

ഇന്നേ വരെ വായിച്ച പുസ്തകങ്ങളിൽ കാഫ്കയുടെ ‘രൂപാന്തരം’ മറക്കാനേ ആവുന്നില്ല റുഷ്ദിക്ക് ഇപ്പോഴും. ഒരു ദിവസം രാവിലെ സ്വാസ്ഥ്യം കെടുത്തിയ സ്വപ്നങ്ങൾ വിട്ടുണർന്ന ഗ്രിഗർ സാംസ കറുത്തൊരു കീടമായി മാറിയ അതിശയ കഥ. ഇത്രമാത്രം വിസ്മയകരമായ ഒരു കഥ മറ്റെവിടെയും താൻ വായിച്ചിട്ടില്ലെന്നും അദ്ദേഹം ഉറപ്പു പറയുന്നു. ഗ്രിഗറിന്റെ നിസ്സഹായാവസ്ഥ പൊള്ളുന്ന അനുഭവമാണ് ഇപ്പോഴും പതിവു പോലെ ട്രെയിൻ പിടിക്കാൻ അലാറം വച്ചു കിടന്ന യുവാവ്, സെയിൽസ് റെപ്രസെന്റേറ്റീവ് അച്ഛനും അമ്മയും പെങ്ങളുമടങ്ങുന്ന കുടുംബത്തെ പരിപാലിക്കണം. ചെറിയൊരു വീഴ്ചയ്ക്കു പോലും കഠിനമായി ശാസിക്കുന്ന, ജോലി കളയുമെന്നു ഭീഷണിപ്പെടുത്തുന്ന മാനേജരെയും ബോസിനെയും സഹിക്കണം. എല്ലാ യാതനകളും സഹിക്കാൻ അയാൾ തയാറാണ്. പക്ഷേ കിടക്കയിൽ നിന്നു എഴുന്നേൽക്കാനോ എഴുന്നേറ്റാൽ തന്നെ മുറിക്കു പുറത്തിറങ്ങാനോ പോലും കഴിയാത്ത നിസ്സഹായത. ആദ്യത്തെ കാഴ്ചയിൽ തന്നെ നിലവിളിച്ചുകൊണ്ടു താഴെ വീഴുന്ന അമ്മ. വെറുപ്പു കൊണ്ടു വിറങ്ങലിക്കുന്ന അച്ഛൻ. പഴകിയതും അഴുകിയതുമായ ഭക്ഷണപദാർത്ഥങ്ങൾ മാത്രം മുറിയിലേക്കു നീക്കി വച്ചിട്ട് അപ്രത്യക്ഷയാകുന്ന പെങ്ങൾ. 

ഓർമയിൽ ഇന്നും നടുക്കമുണ്ടാക്കുന്നു രൂപാന്തരം. ഒരു മനുഷ്യൻ കീടമായ കഥ 500 പേജിൽ എഴുതിവച്ചിരുന്നെങ്കിൽ വായിക്കാനേ ആകില്ലായിരുന്നെന്നു പറയുന്നു റുഷ്ദി. വെറും അമ്പത് പേജുകൾ. പക്ഷേ നിസ്സാരമായ ആ പേജുകൾ എത്ര വലിയ അത്ഭുതത്തിലേക്കാണു വായനക്കാരനെ നയിക്കുന്നത്. ഗ്രിഗറിന്റെ നിസ്സഹായത, എന്നെങ്കിലും എല്ലാം ശരിയാകുമെന്ന പ്രതീക്ഷ. എല്ലാം എന്നും പിന്തുടരുന്നു റുഷ്ദിയെ.

കാഫ്കയുടെ രൂപാന്തരത്തിന് അപൂർവായ ഒരു പ്രത്യേകതയുണ്ട്. മാർക്കേസ് ഉൾപ്പെടെ എത്രയോ പേരെ എഴുത്തുകാരാക്കിയ കഥ. അതേ കഥ, ആ അമ്പതു പേജുകൾ സൽമാൻ റുഷ്ദിയിലും ഒരു ആഗ്രഹം ജനിപ്പിക്കുന്നു. ആ കഥ ഞാൻ എഴുതിയിരുന്നുവെങ്കിൽ. ആ കഥ എന്റേതായിരുന്നുവെങ്കിൽ.....

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം