കൊന്നതാരെന്നു തർക്കം; ഇടിമുഴക്കം പോലെ ഉയരുന്നു ആ വരികൾ

നിന്നെക്കൊന്നവർ കൊന്നു പൂവേ, തന്നുടെ തന്നെ മോക്ഷത്തെ!

ഒരു യുവാവിന്റെ കൊലപാതകമാണിപ്പോൾ നാട്ടിലെ ചർച്ചയ്ക്കു തീ പിടിപ്പിക്കുന്നത്. കൊന്നതാരെന്നു തർക്കം. കൊല്ലിച്ചതാരെന്നു ചോദ്യം. ഒരു കുടുംബത്തിന്റെ കണ്ണുനീരിൽ, നാടിന്റെ ഭീതിയിൽ, പകയുടെയും പ്രതികാരത്തിന്റെയും കനലെരിയുമ്പോൾ ഒരുപക്ഷവും ചേരാത്തവർ തിരിച്ചറിയുന്നു; മങ്ങുന്നതു വെളിച്ചം. വ്യാപിക്കുന്നത് ഇരുട്ട്. ഇടിഞ്ഞുപൊളിയുകയാണു ലോകം. പ്രതീക്ഷകളുടെ ഭാരത്തിൽ കെട്ടിപ്പൊക്കിയ സമത്വസുന്ദര ലോകം; പ്രത്യാശ. മനുഷ്യൻ എത്ര സുന്ദരമായ പദം എന്ന ആശ്ചര്യത്തിന് മാറ്റം വന്നിട്ടില്ലെങ്കിലും മനുഷ്യൻ തന്നെ മനുഷ്യനു ഭീഷണിയാകുമ്പോൾ നിറയുന്നത് ആശങ്ക. ഇടിമുഴക്കം പോലെ ഉയരുന്നു ആ വരികൾ: ക്രാന്തദർശിയായ കവിയുടെ വാക്കുകൾ. 

നിന്നെക്കൊന്നവർ കൊന്നു പൂവേ,

തന്നുടെ തന്നെ മോക്ഷത്തെ! 

ആറു പതിറ്റാണ്ടിനു മുമ്പെഴുതപ്പെട്ട വരികൾ. അക്കാലത്തേക്കാളും പ്രസക്തിയോടെയും തീവ്രതയോടെയും ഉള്ളുരുകിയ ശാപമായി ഇടറിവീഴുന്ന വാക്കുകൾ. സ്വന്തം മോക്ഷം ഇല്ലാതാക്കുന്നവരെക്കുറിച്ചുള്ള സങ്കടം. കൊന്നുതള്ളപ്പെട്ടതു വെറുമൊരു പൂവല്ല. ഒരു പ്രഭാതത്തിൽ അത്ഭുതം പോലെ കാണപ്പെട്ട പൂവിൽ ഒരു തുള്ളിവെള്ളവുമുണ്ടായിരുന്നു. രാവിലെപ്പെഴോ പെയ്ത മഴനീരോ ചെടി തൂകിയ മിഴിനീരോ ആകാം. ആ തുള്ളിയിൽ പ്രതിഫലിച്ചിരുന്നു പ്രപഞ്ചം. ലോകത്തിന്റെ സന്തോഷവും സത്യവും. അതത്രയും നശിപ്പിക്കപ്പെട്ടിരിക്കുന്നു; ഒപ്പം ആ പൂവിനെ കൊന്നുതള്ളിയവരുടെ മോചനപ്രതീക്ഷയും. ‘ഇടിഞ്ഞുപൊളിഞ്ഞ ലോകം’ എന്ന കവിതയിൽ അക്കിത്തം ദീർഘദർശനം ചെയ്തത് ഇന്നത്തെ കാലമായിരുന്നോ. കെട്ടതെന്ന് ആക്ഷേപിക്കപ്പെടുന്ന വർത്തമാനകാലം.

1954 –ലാണ് അക്കിത്തം ഇടിഞ്ഞുപൊളിഞ്ഞ ലോകം എഴുതുന്നത്. രാജ്യത്തിന്റെ ഏഴാം സ്വാതന്ത്ര്യദിനത്തിൽ. വാഗ്ദാനം നൽകി അധികാരത്തിലേറിയവർ അഴിമതിയും വെട്ടിപ്പും നടത്തി അരങ്ങു കൊഴുപ്പിച്ചപ്പോൾ നിരാശയാൽ എഴുതിയ വരികൾ. പ്രതീക്ഷകൾ അസ്ഥാനത്തായതിന്റെ സങ്കടം. മോഹഭംഗത്തിന്റെ വേദന. സഫലമാകാത്ത സ്വപ്നങ്ങളുടെ നീറ്റൽ.

ഇടിഞ്ഞുപൊളിഞ്ഞ ലോകത്തിനും രണ്ടുവർ‌ഷം മുമ്പ് അക്കിത്തം എഴുതിയിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന ഖണ്ഡകാവ്യം. ആ കവിതയിലെ രണ്ടു വരികളാകട്ടെ മലയാള കാവ്യലോകത്ത് ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട, വ്യാഖ്യാനിക്കപ്പെട്ട, വാഴ്ത്തപ്പെട്ട വരികളുമായി. 

വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം! 

ഭാവിയിലെ ഭാരതപൗരനോടാണു കവി ആ ദുഖസത്യം വെളിപ്പെടുത്തിയത്. അരി വയ്ക്കേണ്ട തീയടുപ്പിൽ ഈയാംപാറ്റ പതിച്ചപ്പോൾ പിറ്റേന്ന് ഇടവഴിയിൽ കാണപ്പെട്ടതു മൃതദേഹങ്ങൾ. വിശന്നു കരഞ്ഞു മരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ. അന്നു കരഞ്ഞുകൊണ്ടു കവി പുതുതലമുറയോടു പറഞ്ഞു നാളെകളിൽ നീ ശരീരത്തിന്റെ ശക്തിക്കു പകരം കാഠിന്യമുള്ള മനസ്സിനു വേണ്ടി പ്രാർഥിക്കുക. ചീത്ത വാർത്തകൾ കേൾക്കാൻ കാതുകളെ പാകപ്പെടുത്തുക. ദാരുണദൃശ്യങ്ങൾ കാണുമ്പോൾ ചുളിഞ്ഞുപോകാതിരിക്കാൻ‌ മനസ്സിനെ പാകപ്പെടുത്തുക. വെളിച്ചം അതാണ് ഏറ്റവും വലിയ ദുഖം. ഇരുട്ടിന്റെ അറയിൽ ഒളിച്ചിരുന്നോളൂ. ഒന്നും കാണാതെ, കേൾക്കാതെ, അറിയാതെ....

വെളിച്ചത്തെ ഭയന്നും ഇരുട്ടിനുവേണ്ടി കൊതിച്ചും ഭാവിപൗരനെ ധൈര്യപ്പെടുത്തിയ കവി അന്നൊന്നും ചിന്തിച്ചിരിക്കില്ല ലോകം ഇത്രമേൽ മോശമാകുമെന്നും, അന്നു കണ്ടതിലും വലിയ ദുരന്തങ്ങൾ മനുഷ്യരാശിയെ തേടിവരുമെന്നും. ഇന്നിപ്പോൾ എന്താണ്, എങ്ങനെയാണു കുറിക്കേണ്ടതെന്നറിയാതെ പേന നിശ്ഛലമാകുന്നു. മനസ്സു മരവിക്കുന്നു. ഇരുട്ടിനെ തേടിപ്പോകേണ്ടതുമില്ല. ഇങ്ങടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു. വെളിച്ചം അസ്തമിച്ചിരിക്കുന്നു; ഏതാണ്ടു പൂർണമായിത്തന്നെ. 

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തെ ഇന്നും പ്രസക്തമാക്കുന്നതു രണ്ടു വാക്കുകളാണെന്നു കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു കവിയും നിരൂപകനുമായ കൽപറ്റ നാരായണൻ. ഇരുട്ടും വെളിച്ചവും. രണ്ടു വാക്കുകളും പ്രതീകങ്ങൾ കൂടിയാണ്. പുതിയൊരു ലോകത്തെക്കുറിച്ചുള്ള ബോധമാണു വെളിച്ചം. നല്ല മനുഷ്യരെ എന്നും മുന്നോട്ടുനയിക്കുന്ന പ്രേരണയും പ്രചോദനവും. വെളിച്ചത്തിനും കൂടുതൽ വെളിച്ചത്തിനും വേണ്ടിയുള്ള നിരന്തരശ്രമം. ഇരുട്ടാകട്ടെ പല രൂപത്തിൽ കടന്നുവന്നു വെളിച്ചം കെടുത്തുന്നു. എല്ലാ പ്രതീക്ഷയും ഇല്ലാതാക്കി നിരാശയുടെ ആഴക്കയത്തിലേക്കു കൊണ്ടുപോകുന്നു. മനുഷ്യൻ മനുഷ്യനെ കൊല്ലുമ്പോഴും അസ്തമിക്കുന്നുണ്ടു വെളിച്ചം. വേദനയോടെ ലോകം തിരിച്ചറിയുന്നു; കൊല്ലുന്ന മനുഷ്യൻ പിശാചാണ്. സ്വർഗത്തിൽ നിന്നു നരകത്തിലേക്കു പതിച്ച  ഇരുകാലികൾ. ആരുണ്ടിവിടെ മറ്റൊരാൾക്കുവേണ്ടി ഒരു കണ്ണീർക്കണം പൊഴിക്കാൻ? ഒരു പുഞ്ചിരി ചെലവഴിക്കാൻ ? 

അക്കിത്തം എന്ന കവി ചരിത്രകാരനാകുകയാണ്. പ്രവാചകനാകുകയാണ്. കത്തുന്ന കാലത്തിന്റെ തീ അണയ്ക്കാൻ പേനയിൽ കണ്ണീർ നിറയ്ക്കുന്ന മഹാമനുഷ്യൻ. 

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം