വീണ്ടും തളിരിടുന്ന ജീവിതങ്ങൾ... കണ്ണ് നനയ്ക്കും ഈ അനുഭവം

ചിതറിത്തെറിക്കുന്ന ചോര മാത്രമാണ് മൃദുലയ്ക്ക് ഓർമയുള്ളത്. തനിക്കുവേണ്ടി മാത്രം വന്നതുപോലെ...

ബോധം തെളിഞ്ഞ് അൽപം കഴിഞ്ഞാണ് പുതപ്പിനടിയിൽ തന്റെ വലതുകൈയുടെ സ്ഥാനം ശൂന്യമാണെന്ന് മൃദുല അറിയുന്നത്. ഉടലിലൂടെ ഒരു മിന്നൽ കടന്നുപോകുന്നതു പോലെ ആയിരുന്നത്. ലോകമാകെ ഇരുട്ടുമൂടിയിരിക്കുന്നു. സൂര്യൻ കെട്ടുപോയിരിക്കുന്നു. മുന്നിൽ മറ്റൊന്നുമില്ല. ഇരുണ്ട് അഗാധമായ ശൂന്യത. ആ ശൂന്യതയിൽ ഒരലറിക്കരച്ചിലോടെ അവൾ കിടന്നു. 2004 ഡിസംബർ 14ന് ആയിരുന്നു അത്.

അഞ്ചോ ആറോ മാസം ഒന്നെഴുന്നേൽക്കാൻ പോലും തോന്നാതെ ഒരേ കിടപ്പിന്റെ ദിവസങ്ങൾ. ഇനി മുന്നോട്ടൊരു ചുവടുവയ്ക്കാനുണ്ടെന്നേ തോന്നാത്ത ദിനരാത്രങ്ങൾ. പക്ഷേ, അന്നു നേരം പുലർന്നുവരുമ്പോൾ, ആദ്യമായി മണ്ണിലേക്കു വീണ മഴയിലേക്ക് പാതിമയക്കത്തിൽനിന്നു കണ്ണുതുറക്കവേ, മറ്റൊരിടിമിന്നൽ പോലെ തലേന്നു രാത്രിയും മനോമോഹനൻ പറഞ്ഞ വാക്കുകൾ ഉള്ളിലേക്കു വന്നുവീണു. ഇല്ല, ഒന്നും അവസാനിച്ചിട്ടില്ല. ആരോ ആകെ പിടിച്ചുലച്ചിട്ടെന്നപോലെ ഇടതുകൈ കുത്തി പിടഞ്ഞെണീക്കുമ്പോൾ മനസ്സും ഉറപ്പിച്ചിരുന്നു– ഇല്ല, ഒന്നും അവസാനിച്ചിട്ടില്ല. 2005 ജൂണിലെ ഒരു പ്രഭാതമായിരുന്നു അത്.

‘‘സൂര്യൻ അസ്തമിക്കുന്നില്ല എന്നാൽ വെളിച്ചം കെടുന്നില്ല എന്നാണ്. പ്രത്യാശയുടെ വെളിച്ചമാണത്. ആ വെളിച്ചമാണ് ഈ പുസ്തകം തരുന്നത്. അതിന്റെ മൂല്യം അനന്തമാണ്.’’ കോഴിക്കോട് അളകാപുരിയിലെ ഹാളിൽ, ഒരു പുസ്തകവും കയ്യിൽ പിടിച്ച്, നോവലിസ്റ്റ് പി. വത്സല പറഞ്ഞു. മൃദുല മനോമോഹനൻ ഇടതുകൈകൊണ്ടെഴുതിയെടുത്ത നോവലിന്റെ പ്രകാശനച്ചടങ്ങായിരുന്നു അത്, 2017 ഡിസംബർ 18ന്.

ഈ മൂന്നു ദിനങ്ങൾക്കിടയിൽ 13 വർഷങ്ങൾ. അതികഠിനമായ വേദനയുടെ, അതിലേറെ കഠിനമായ പ്രയത്നത്തിന്റെ, അതിജീവനത്തിന്റെ നാളുകൾ. അതുകഴിഞ്ഞ് മൃദുലയിപ്പോൾ ആശ്വാസത്തോടെ ചിരിക്കുന്നു. ഇല്ലാത്ത വലതുകയ്യെ മറന്നിരിക്കുന്നു. ഉള്ള ഇടതുകൈ എല്ലാം ചെയ്യുന്നു. ഇപ്പോൾ തനിക്കെന്തെങ്കിലും കുറവുണ്ടെന്നു തോന്നുന്നേയില്ല. ജീവിതം വീണ്ടും മനോഹരമായിരിക്കുന്നു. അതിനൊക്കെപ്പുറമേയാണ് ഈ പുസ്തകം. ഓരോ വാക്കും വരിയും വേദനിച്ചുകൊണ്ടെഴുതിയെടുത്ത ജീവിതത്തിന്റെ പുസ്തകം.

സ്വന്തം വീടായ നിലമ്പൂരി‍ൽനിന്ന് കോഴിക്കോട്ടേക്കുള്ള ഒരു ബസ് യാത്രയിലാണ് ആ അപകടമുണ്ടാവുന്നത്. അരീക്കോടിനടുത്തുവച്ച് ഒരു വളവു തിരിയുമ്പോൾ അതിവേഗത്തിൽ എതിരെ വന്ന മറ്റൊരു ബസ് നിയന്ത്രണം വിട്ട് പൂർണമായും വളച്ചെടുക്കാനാവാതെ പിൻഭാഗം മൃദുല ഇരുന്ന വശത്തെ സീറ്റിൽ വന്നിടിക്കുകയായിരുന്നു.

ചിതറിത്തെറിക്കുന്ന ചോര മാത്രമാണ് മൃദുലയ്ക്ക് ഓർമയുള്ളത്. തനിക്കുവേണ്ടി മാത്രം വന്നതുപോലെ... ബസിൽ മറ്റൊരാൾക്കും ഒരു പോറൽ പോലുമേറ്റിരുന്നില്ല. കൈകൾ അസ്ഥിയടക്കം അരഞ്ഞു ചിതറിപ്പോയിരുന്നു. മുറിച്ചുമാറ്റുകയല്ലാതെ ആശുപത്രിക്കാർക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

അതികഠിനമായ വേദനയുടെ നാളുകളായിരുന്നു പിന്നീട്. ശരീരത്തിന്റെ വേദന മാത്രമല്ല, വന്നുപോയ നഷ്ടത്തോടു പൊരുത്തപ്പെടാനാവാത്ത മനസ്സിന്റെ വേദന. കൈകൾ നഷ്ടപ്പെട്ടിട്ടും അതവിടെത്തന്നെയുണ്ടെന്ന തോന്നൽ. തലച്ചോറിൽനിന്ന് കൈ അറുത്തുമാറ്റപ്പെടാത്ത അവസ്ഥ. പലപ്പോഴും തോളിൽനിന്നു താഴോട്ട്, ഇല്ലാത്ത കൈ കടന്ന് ഇല്ലാത്ത വിരലുകളുടെ അറ്റംവരെ മിന്നൽ പോലെ വേദന പടരും. പെട്ടെന്നൊക്കെ എന്തിനെയെങ്കിലും പിടിക്കാൻ ഇല്ലാത്ത കൈകൾ ആയും. ‘ഫാന്റം ലിംബ് പെയിൻ’ എന്നു വൈദ്യശാസ്ത്രം വിളിക്കുന്ന ആ വേദനയെ അതിജീവിക്കാനായിരുന്നു ഏറെ പ്രയാസം.

പക്ഷേ അതിജീവിക്കുക തന്നെ ചെയ്തു. ദേശീയ അധ്യാപക അവാർഡ് ജേതാവും കവിയുമായ ഭർത്താവ് മനോമോഹനന്റെ, ഒരു നിമിഷം പോലും വിട്ടുമാറാതെ കൂടെ നിന്നുള്ള പ്രേരണയും തുണയായി. ഇടതുകൈകൊണ്ട് ഒന്നൊന്നായി കാര്യങ്ങൾ ചെയ്തു ശീലിച്ചു. തന്റേതു മാത്രമല്ല, ഭർത്താവിന്റെയും മക്കളുടെയും മറ്റുള്ളവരുടെയും കാര്യങ്ങളൊക്കെ ചെയ്തുതുടങ്ങി. ചുറ്റിപ്പിടിക്കാൻ ഇല്ലാത്ത കയ്യെക്കുറിച്ചു വേവലാതിപ്പെടാതെ വാശിപിടിച്ച് ഭർത്താവിന്റെ ബൈക്കിൽ വീണ്ടും യാത്രകൾ പോയി.

അതിനിടെയാണ് എഴുതുക എന്നൊരു തോന്നൽ ഉള്ളിൽ വന്നുവീഴുന്നത്. ഇടതുകയ്യിൽ പേന പിടിച്ച് ഓരോരോ അക്ഷരങ്ങളായി എഴുതിത്തുടങ്ങി. കൈ വഴങ്ങുന്നുണ്ടായിരുന്നില്ല. കഴിയില്ല, കഴിയില്ല എന്നുതന്നെ മനസ്സു പറഞ്ഞു. പലപ്പോഴും കൈകൾ കഠിനമായി വേദനിച്ചു. ചോര പൊടിയുന്നുണ്ടോ എന്നു പോലും സംശയിച്ചു. എന്നിട്ടും അക്ഷരങ്ങളെ കീഴടക്കുക തന്നെ ചെയ്തു. വീണ്ടും പിച്ചവച്ചു പഠിക്കുന്നപോലെ ആയിരുന്നു അതെന്ന് മൃദുല ഓർക്കുന്നു. വീണും എണീറ്റും കരഞ്ഞും...

വീണ്ടും അക്ഷരങ്ങൾ വഴങ്ങിത്തുടങ്ങി. അതോടെ വീണ്ടും പഠിക്കണമെന്നായി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ബിഎഡിനു ചേർന്നു. ഇടതുകൈകൊണ്ട് നോട്ടുകളെഴുതി. ഒരു കൈകൊണ്ട് കമ്പിയിൽ പിടിച്ച് തിരക്കുള്ള ബസുകളിൽ യാത്രചെയ്തു. പരീക്ഷ എഴുതാറായപ്പോൾ സ്ക്രൈബിന്റെ സഹായം തേടിയില്ല. ഇടതുകൈകൊണ്ട് സ്വയം എഴുതി. ജീവിതത്തിന്റെ വലിയ പരീക്ഷകൾ കടന്നുവരുമ്പോൾ ഈ പരീക്ഷ എത്ര നിസ്സാരമെന്നവൾ ഉള്ളിൽ ചിരിച്ചു.

പരീക്ഷ കഴിഞ്ഞിരിക്കുമ്പോൾ എന്നോ, താൻ കടന്നുപോന്ന ജീവിതത്തെക്കുറിച്ച് ഓർത്തിരിക്കവേയാണ് പൊടുന്നനെ അതെല്ലാം എഴുതിവയ്ക്കാമെന്ന തോന്നലുണ്ടാകുന്നത്. ക്രമമില്ലാതെ, പെറുക്കിപ്പെറുക്കിയെഴുതിയ വാക്കുകൾ പോലെ അതങ്ങനെ വികസിച്ചുവന്നു. ഒടുവിൽ അതു പൂർത്തിയാകുമ്പോൾ പേരും മനസ്സിൽ വന്നു വീണിരുന്നു. ‘സൂര്യൻ അസ്തമിക്കുന്നില്ല’ എന്ന്. ജീവിതത്തിന്റെ ഈ പുസ്തകത്തിന് മറ്റൊരു പേരും സാധ്യമായിരുന്നില്ലതന്നെ.

നിലമ്പൂർ കോവിലകത്തോടു ചേർന്ന് ഒരു കാലത്തെ പ്രതാപത്തിന്റെ‍ കുടിയിരിപ്പു കേന്ദ്രങ്ങളായിരുന്ന നായർ തറവാടുകളിൽ ഒന്നിലായിരുന്നു ജനനം. നടി വൈജയന്തിമാല വിലപറഞ്ഞ രത്നക്കല്ലുണ്ടായിരുന്ന പ്രതാപകാലം പിന്നിട്ട് ഒന്നും അവശേഷിക്കാതെ ക്ഷയിച്ച വീട്ടിലേക്കെത്തുമ്പോൾ കഥകളും കഥാപാത്രങ്ങളും ഏറെയുണ്ടായിരുന്നു. 

മരുമക്കത്തായത്തിന്റെ ഗുണദോഷങ്ങൾ അനുഭവിച്ച ആ അവസാന തലമുറയുടെ കഥയാണ് ഈ നോവലിൽ. ഒപ്പം പ്രണയം പിന്നിട്ട് നഗരത്തിലെത്തിച്ചേരുന്ന ജീവിതത്തിനിടെ കണ്ടുമുട്ടിയ കുറെ മനുഷ്യരും ആ ജീവിതങ്ങളിലെ നന്മകളും. മനുഷ്യന്റെ, പ്രത്യേകിച്ച് സ്ത്രീകളുടെ നിസ്സഹായതകളും വേദനകളുമാണ് ഈ പുസ്തകത്തിന്റെ ഈടുവയ്പ്. സാഹിത്യമൂല്യത്തെ വെല്ലുന്ന ജീവിതമൂല്യമാണത്.

കോഴിക്കോട് ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിലെ സംസ്കൃത അധ്യാപകനായ ഭർത്താവ് മനോമോഹനനും മകൻ ഋത്വിജിനും മകൾ ഋതുവിനുമൊപ്പം കോഴിക്കോട് തിരുവണ്ണൂർ പാലാട്ട് നഗറിലെ ഋതം എന്ന വീട്ടിൽ ഇപ്പോൾ പുതിയ പ്രത്യാശകളോടെ, പുതിയൊരു പുസ്തകത്തിലേക്കു കടക്കുകയാണ് മൃദുല മനോമോഹനൻ. ‘ശില’ എന്നു പേരിട്ടിരിക്കുന്ന നോവൽ.

അറുത്തുമാറ്റപ്പെട്ട കൈകൾക്കുമേൽ മുളച്ച അക്ഷരവൃക്ഷത്തിന്റെ തണൽ ചെറുതല്ലെന്ന തിരിച്ചറിവാണിപ്പോൾ. എന്താണ് ഇവിടെ എത്തിച്ചുചേർത്ത ശക്തി എന്നു ചോദിക്കുമ്പോൾ മൃദുല പറയുന്നു– 

സൂര്യൻ അസ്തമിക്കുന്നില്ല എന്ന ചിന്ത തന്നെ... പ്രത്യാശ തന്നെ...

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം