മാഞ്ഞത് മണ്ണിന്റെയും മനുഷ്യന്റെയും മനസ്സറിഞ്ഞ എഴുത്തുകാരൻ

ചിരിപ്പിക്കുന്ന പുസ്തകങ്ങളും കരയിപ്പിക്കുന്ന പുസ്തകങ്ങളുമുണ്ട്. ഇതു രണ്ടുമല്ലാതെ ആഴമേറിയ അസ്വാസ്ഥ്യത്തിലേക്കു വായനക്കാരെ നയിക്കുന്നവയാണു മികച്ച പുസ്തകങ്ങളെന്നു പറയാറുണ്ട്. കേരളത്തിലെ ആഫ്രിക്ക അത്തരമൊരു പുസ്തകമായിരുന്നു. ആറു പതിറ്റാണ്ടുമുമ്പ് എഴുതപ്പെട്ട്, ഇന്നും സമാനതകളില്ലാത്ത വിസ്മയമായി നിലകൊള്ളുന്ന പുസ്തകം. കൃതിക്കൊപ്പം കുഞ്ഞിരാമൻ പാനൂർ എന്ന കെ പാനൂരും മലയാളികളിൽ സൃഷ്ടിച്ചത് അത്ഭുതം കലർന്ന ആദരവ്. 

സർക്കാരിലോ സ്വകാര്യമേഖലയിലോ അവികസിത പ്രദേശങ്ങളിലോ ആദിവാസി മേഖലകളിലോ നിയമനം കിട്ടിയാൽ രായ്ക്കുരാമാനം സ്വധീനം ചെലുത്തിയോ കാലുപിടിച്ചോ കൈക്കൂലി കൊടുത്തോ ലഭിച്ച നിയമനം അട്ടിമറിച്ച് വീടിനടുത്തേക്കോ നഗരങ്ങളിലേക്കോ ചേക്കേറുന്നവരായാണു പൊതുവെ പരിചയം. പാനൂർ എന്ന സർക്കാർ ഉദ്യോഗസ്ഥൻ വ്യത്യസ്തനായതിനു കാരണം ഡെപ്യൂട്ടി കലക്ടറായി സേവനമനുഷ്ഠിക്കെ, ഡെപ്യൂട്ടേഷനിൽ ട്രൈബൽ ഓഫിസറായി നിയമനം ചോദിച്ചുവാങ്ങിക്കൊണ്ടാണ്. ഇന്നും ആദിവാസിമേഖലകളിലേക്കു പോകാൻ പോലും മടിക്കുന്നവരുണ്ടെന്നിരിക്കെ ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളിലെ അവസ്ഥ ചിന്തിച്ചുനോക്കാവുന്നതേയുള്ളൂ. പണിയർ, കൊറഗർ, കുറിച്യർ, കാട്ടുനായ്‌ക്കർ എന്നിങ്ങനെ സമൂഹത്തിന്റെ മുഖ്യാധരയിൽനിന്ന് അകറ്റപ്പെട്ടവരും അരികുകളിലേക്ക് ഒതുക്കപ്പെട്ടവരുമായവരുടെ ജീവിതങ്ങളിലേക്കും പ്രശ്നങ്ങളിലേക്കും ഇറങ്ങിച്ചെല്ലുകയായിരുന്നു പാനൂർ. ഉദ്യോഗസ്ഥ സംവിധാനത്തെ ഉപയോഗപ്പെടുത്തി തനിക്കു ചെയ്യാൻ കഴിയാവുന്ന സേവനങ്ങൾ അനുഷ്ഠിച്ചതിനുപുറമെ താൻ നേരിട്ടുകണ്ട അനുഭവങ്ങൾ സത്യത്തിന്റെ വെളിച്ചത്തിൽ ആത്മാർഥതയോടെ ആദ്ദേഹം എഴുതി. ധീരമായ ആ സർഗാത്മക വിപ്ലവത്തിന്റെ ഫലമാണ് കേരളത്തിലെ ആഫ്രിക്ക എന്ന പുസ്തകം. വായനക്കാരന്റെ ഉറക്കത്തെ തടസ്സപ്പെടുത്തുകയും അശാന്തിയും അസ്വാസ്ഥ്യവും നിറയ്ക്കുന്ന പുസ്തകമെന്നു പ്രഫ.എൻ.വി.കൃഷ്ണവാരിയർ വിശേഷിപ്പിച്ച പഠനഗ്രന്ഥം. 

വയനാടിന്റെ യഥാർഥ അധിപതികളായ മണ്ണിന്റെ മക്കൾ എങ്ങനെ മണ്ണിൽ നിന്ന് അകറ്റപ്പെട്ട് ജീവിക്കാൻ പോരാടുന്നുവെന്നാണു പാനൂരിന്റെ പുസ്തകം പറഞ്ഞത്. 

അധികമാരുമറിയാതെ ജീവിക്കുകയും അസൗകര്യങ്ങളുടെ നരകത്തിൽ വീർപ്പുമുട്ടികഴിയുകയും ചെയ്തവരുടെ ജീവിതത്തിലേക്കു കേരളത്തിന്റെ മനസാക്ഷിയെ ഉണർത്തിയ പുസ്തകം. സ്വാഭാവികമായും കേരളത്തിലെ ആഫ്രിക്ക അധികാരികളുടെ കണ്ണിലെ കരടായി. പാനൂരിനെ പിരിച്ചുവിടാനും പുസ്തകം നിരോധിക്കാനും നീക്കമുണ്ടായി. ഇവിടെ എല്ലാം ശരിയാണെന്ന് അവകാശപ്പെടുന്നവർക്ക് അത്രയെളുപ്പം അംഗീകരിക്കാനാവില്ലല്ലോ കേരളത്തിൽ ആഫ്രിക്കയിലേക്കാളും ദുരിത പൂർണമായ പ്രദേശങ്ങളുണ്ടെന്ന യാഥാർഥ്യം. ഭൂമിയുടെ യഥാർഥ അവകാശികളെ പടിക്കുപുറത്തി നിർത്തി, നഗ്നമായി നടക്കുന്ന അടിമത്തത്തിന്റെ കരാളാത തിരിച്ചറിയപ്പെട്ടതോടെ വികസനനായകർക്കു തലയിൽ മുണ്ടിട്ടുനടക്കേണ്ട അവസ്ഥ പോലുമുണ്ടായി. നിഷേധക്കുറിപ്പുകളിറക്കാമെങ്കിലും സത്യത്തെ അത്രപെട്ടെന്നു മൂടിവയ്ക്കാനാവുമോ. 

കേരളത്തിലെ യാഥാസ്ഥിതിക അധികാര വർഗ്ഗം പാനൂരിന്റെ പുസ്തകത്തെ അവഗണിച്ചെങ്കിലും 65–ൽ യുനെസ്കോ പുരസ്കാരം ലഭിച്ചതോടെ എഴുത്തുകാരനു ലഭിച്ചത് രാജ്യാന്തര അംഗീകാരം. 

രണ്ടുപതിറ്റാണ്ടിനുശേഷം കേരളത്തിലെ ആഫ്രിക്കയെ ആധാരമാക്കി ഒരു സിനിമയും സൃഷ്ടിക്കപ്പെട്ടു: ഉയരും ഞാൻ നാടാകെ. കാലമേറക്കഴിഞ്ഞപ്പോൾ പിന്നാക്ക വിഭാഗക്കാരുടെ ജീവിതത്തിനു വലിയ മാറ്റമൊന്നും ഉണ്ടായില്ലെങ്കിലും പാനൂരിന്റെ പുസ്തകം സർവകലാശാലകളിൽ പാഠപുസ്തകമായി. മനുഷ്യാവകാശ പ്രവർത്തകർ തേടിപ്പിടിച്ചു വായിക്കാനും തുടങ്ങി. 

അട്ടപ്പാടി ഊരൂകളിലെ ജീവിതത്തെക്കുറിച്ചും പുസ്തകം രചിച്ച പാനൂരിന് വൈകിയെങ്കിലും അംഗീകാരം ലഭിച്ചതു 2007ൽ. സമഗ്ര സംഭാവനയ്‌ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാര വാർത്ത അദ്ദേഹം അറിയുന്നത് ആശുപത്രിയിൽ ചികിൽസയിലായിരിക്കെ. 

കേരളത്തിലെ ആഫ്രിക്ക, കേരളത്തിലെ അമേരിക്ക എന്നീ പുസ്തകങ്ങൾക്കുശേഷം ‘എന്റെ ഹൃദയത്തിലെ ആദിവാസികൾ’ എന്നൊരു പുസ്തകവും പാനൂർ എഴുതി. തന്നെ എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമാക്കിയ, ജീവിതത്തിനു സാഫല്യം സമ്മാനിച്ച അടിച്ചമർത്തപ്പെട്ടവരോടുള്ള തുറന്ന ഐക്യദാർഡ്യമായിരുന്നു ഹൃദയത്തിന്റെ ഇഷ്ടം തുറന്നുപറഞ്ഞുകൊണ്ടു പാനൂർ നടത്തിയത്. 

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം