ഒ.വി. വിജയൻ ഓർമയും വിചാരവും 

മാർച്ച് 30 – ഒ.വി. വിജയന്റെ ഓർമദിനം

'ആ വിജനതയിൽ നിറയുവോളം അയാൾ വളർന്നു' എന്ന് ഖസാക്കിൽ വിജയൻ വിചാരപ്പെടുന്നുണ്ട്. സന്ദേഹിയാണ് അയാൾ. ഇങ്ങനെയല്ലല്ലോ സംഭവിക്കേണ്ടത്, ഇങ്ങനെയല്ലല്ലോ പരിണമിക്കേണ്ടത് എന്ന ആധി എല്ലായ്പ്പോഴും വിജയന്റെ വിചാരത്തിലും എഴുത്തിലും നിഴൽവീഴ്ത്തുന്നതിന്റെ അടയാളങ്ങൾ വായനക്കാർക്ക് അനുഭവിച്ചറിയാനാകും. എളുപ്പം നടന്നെത്താവുന്ന ശരികളിലായിരുന്നില്ല അദ്ദേഹത്തിന്റെ വിചാരങ്ങൾ ഉത്തരങ്ങൾ തേടിയിരുന്നത്. പ്രചാരത്തിലിരിക്കുന്ന ശരികൾ അദ്ദേഹത്തെ എല്ലായ്പ്പോഴും സന്ദേഹപ്പെടുത്തി വേദനിപ്പിച്ചിരുന്നു. ചരിത്രത്തിന്റെ പ്രയാണത്തിൽ തീർപ്പാക്കപ്പെട്ടുപോയ അർഥങ്ങളുടെ വ്യാജയുക്തികൾ അദ്ദേഹം നിരന്തരം തിരുത്തിക്കൊണ്ടിരുന്നു. 

മാർക്സിസത്തിന്റെ, മതത്തിന്റെ, മതേതരത്വത്തിന്റെ, ജനാധിപത്യത്തിന്റെയെല്ലാം വ്യാജ പകർപ്പുകളെ, നിത്യമായ സംവാദ പരിസരങ്ങളിലേക്ക് നീക്കി നിറുത്തി നിരന്തരമായ തിരുത്തുകൾ, സംശയങ്ങൾ, ചോദ്യങ്ങൾ എന്നിവ ഉണ്ടാക്കി അവയെ പുതുക്കിപ്പണിയുന്നതിൽ 'വിജയൻചിന്ത' കാണിച്ച ജാഗ്രത, ഏതുകാലത്തുമുള്ള അവയുടെ പുനർവായനകൾക്ക് ഇന്ധനം നിറച്ചുകൊണ്ടുള്ളതായിരുന്നു. ഇന്ത്യയിൽ ഭീതിദമായി നിറയുന്ന അതിഹൈന്ദവ–ഫാസിസരാഷ്ട്രീയകാലം വിജയൻ ലേഖനങ്ങളുടെ പുനർവായന ആവശ്യപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ ചിന്തകളുടെ ഓരംപറ്റി നടന്ന്, നമ്മുടെ വിചാരങ്ങളിൽ തെളിമയുള്ള ബോധ്യങ്ങൾ വെളിച്ചം കാണിക്കുമ്പോൾ തെറ്റിയ നടത്തങ്ങളുടെ കാലടിപ്പാടുകൾ നൊന്തു നീറുന്നത് നാം അറിയുന്നു. അദ്ദേഹത്തെ ആവർത്തിച്ചു പഴിചാരി വേദനിപ്പിച്ചതിൽ നിന്ന് ഘനീഭവിച്ച ദുഃഖസാന്ദ്രത ഇനിയുള്ള നടത്തങ്ങളിലെല്ലാം നിഴൽപോലെ നമ്മെ പിന്തുടരും.

'ഖസാക്കിന്റെ ഇതിഹാസം' എന്ന അദ്ദേഹത്തിന്റെ ഏതുകാലത്തേക്കുമായ 'മാസ്റ്റർ പീസ്' കോപ്പിയടിയാണ്, മറ്റൊരു കൃതിയുടെ ശരിപ്പകർപ്പാണെന്ന് അദ്ദേഹത്തിന്റെ സാഹിത്യ പരിശ്രമത്തെ അപഹസിച്ചു ഒറ്റപ്പെടുത്തി. പ്രയോഗ മാർക്സിസത്തിന്റെ വിളുമ്പിൽ അധികാര അശ്ലീലതയും ഫാസിസത്തിന്റെ നവനാമ്പുകളും കിളിർക്കുന്നുണ്ട് എന്ന പ്രവചനത്തെ സിഐഎയുടെ പണംപറ്റി പറയുന്ന ദാസ്യവാക്കുകളായി അടയാളപ്പെടുത്തി. സുതാര്യ ആത്മീയതയുടെ നിറവെളിച്ചത്തിൽ എന്റെ ദൈവത്തിന് കൃഷ്ണന്റെ രൂപമാണ് എന്ന് സത്യസന്ധമായി വിളിച്ചു പറഞ്ഞപ്പോൾ തീവ്രഹൈന്ദവതയുടെ വക്താവാണ് വിജയൻ എന്ന് ഉറപ്പിച്ചെടുത്തു. വിജയന്റെ സ്ഥായിയായ മൃദു സൗമ്യ സ്വരം ഉപേക്ഷിച്ചു സംവാദ പരിസരത്ത്‌ ഉച്ചത്തിൽ അടയാളപ്പെടുംവിധം വാക്കുകളിൽ പ്രവചനാത്മക നിരീക്ഷണം നിറച്ച്, അദ്ദേഹം തുറന്നുതന്നെ തന്റെ നിലപാട് അറിയിച്ചിട്ടും പഴിവാക്കുകളുടെ ധാരാളിത്തം തുടർന്നുകൊണ്ടേയിരുന്നു. ഏതുവിധമായ അധികാരരൂപവും അശ്ലീലതയുടെ പര്യായമായി മാറുന്നത് അനുഭവിച്ചറിഞ്ഞെങ്കിലും, വായനക്കിടയിലെ സാന്ത്വനമായി നമ്മെ വിചാരപ്പെടുത്താതെ അത് അകന്നു നിന്നു.

ഭാഷയിലെ വാക്കിലും, വാക്കിലെ അർഥത്തിലും വിശ്വാസം പോരാഞ്ഞ് പുതിയ വാക്കുകളും വാക്യങ്ങളും പ്രാർത്ഥനാപൂർവം നിർമ്മിച്ചെടുത്ത്, തന്റെ കാഴ്ചകളോടും തീർച്ചകളോടും ഏറ്റവും അടുത്തു നിൽക്കുന്ന വാക്യനിർമിതിയിൽ എഴുതി തീർത്ത ഖസാക്കിലാണ് കോപ്പിയടി എന്ന അശ്ലീലവാക്ക് ചേർത്തുവെച്ചത്. കാലമാണ് ഈ പഴിപറച്ചിലിന് എതിർനിന്ന്, സത്യത്തിലേക്ക് ആ നോവലിനെ കൈപിടിച്ച് നടത്തിയത്. 'എഴുത്തിൽ ധ്യാനം കൊണ്ടുവന്നതാണ് ഖസാക്കിന്റെ മഹത്വം' എന്നാണ് എൻ. എസ്. മാധവൻ നിരീക്ഷിക്കുന്നത്. മലയാള സാഹിത്യ വിചാരത്തിന് ആ നോവലിന് അപ്പുറവും ഇപ്പുറവും നിന്ന് ചരിത്രം തുടരാനെ കഴിഞ്ഞുള്ളു പിന്നീട് !

വൈക്കം മുഹമ്മദ് ബഷീർ ഒ.വി. വിജയനെ 'വിജയൻ മൗലവി' എന്ന് വിളിച്ചിട്ടുണ്ട്. വിജയൻ ആ വിളിയിലെ സ്നേഹസ്പർശം എഴുത്തിൽ സംഭരിച്ചത് ഇങ്ങനെ, 'വിജയൻ മൗലവിയെന്ന്, ഫലിതമായല്ല, നേരായി വിളിക്കപ്പെടുവാൻ ഞാൻ പലപ്പോഴും ആഗ്രഹിച്ചു പോയിട്ടുണ്ട്... മൗലവിയാകാൻ കൊതിച്ചു പോകുന്നത് വിശുദ്ധ ഖുർആനിലൂടെ കടന്നുപോകുമ്പോഴാണ്, മർദ്ദിതന്റെ രോദനത്തിനും ദൈവത്തിനും മധ്യേ മറകളില്ലെന്നു പറഞ്ഞ പ്രവാചകൻ 'നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം' എന്ന് ഇതരമതസ്ഥരോട് പറഞ്ഞ പ്രവാചകൻ, എന്റെയും പ്രവാചകനാണ് നിസംശയം.' ബഷീറിന്റെ ആ വിളിയുടെ കാരുണ്യനിറവിൽ വിജയൻ എഴുതി, 'ബഷീറിക്കായുടെ പ്രസാദവും നർമവും.' 

മറ്റൊരു ലേഖനത്തിൽ (തെളിമയുള്ള അപ്പുറം) വിജയൻ പറയുന്നതിങ്ങനെ. 'ക്രിസ്തുവിൽ നിന്ന് കിട്ടുന്ന അപാരമായ വേദന എന്നെ പ്രാർത്ഥനയിൽ പിടിച്ചു മുക്കുന്നു.' അതേ ലേഖനത്തിന്റെ മറ്റൊരു ഭാഗത്ത്‌ നമുക്ക് ഇങ്ങനെ വായിക്കാം, 'ഒരു കാലത്ത്‌ ഭാരതം നിരസിച്ചുകളഞ്ഞ ഹിന്ദുവർഗീയ രാഷ്ട്രീയവാദികൾ നാം മറന്നുപോയ ഇടുക്കുകളിൽ നിന്ന് പൊരിഞ്ഞുപൊന്തുന്നു; അങ്ങാടിയിൽ തോറ്റാൽ അയോധ്യയിലേക്ക്! ' ഈ വാചകം എഴുത്തിൽ തെളിയുന്ന കാർട്ടൂൺ വളരെ തന്മയത്വത്തോടെ അനുഭവപ്പെടുത്തും. സമകാലീന ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രതിരോധ ചിന്തകളുടെ മുൻനിരയിലേക്ക് ആ വാചകം കടന്നിരിക്കുന്നതു കാണുക. നോട്ട് നിരോധനമാണ് അങ്ങാടിയിൽ തോറ്റത്. എങ്കിൽ വീണ്ടും അയോധ്യയിലേക്ക്! 'ഇന്ത്യയെ കണ്ടെത്തൽ' എന്നൊരു ആക്ഷേപഹാസ്യ രചനയുണ്ട്. ഹാസ്യവും യുക്തിയും രാഷ്ട്രീയവും സമ്മേളിക്കുന്നുണ്ട് അതിലൊരു വാചകത്തിൽ. 'പുണ്യാഹം ശാസ്ത്രീയമാണ്, അബ്‌ക്കാരിപോലെ' എന്ന വാചകം കുറിക്കു കൊള്ളുന്നു.

'വചനസദസ്സുകൾ' എന്ന ലേഖനത്തിൽ അദ്ദേഹം തീർത്തു പറഞ്ഞു, 'ഇന്ദ്രപ്രസ്ഥത്തിൽ കാഷായം ധരിച്ച സന്യാസിമാരെ കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു. എന്നാൽ നമ്മുടെ രാഷ്ട്രീയ കൊടിമരത്തിൽ കാവിക്കൊടി കയറ്റിക്കാണാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. അതു നടക്കുന്ന ഭാരതം എന്റെ ജന്മദേശവുമായിരിക്കില്ല.' രാഷ്ട്രീയ വിജയനെ പുനർവായിക്കുന്ന കേരളീയ ചിന്താ പരിസരം ഇനിയും രൂപപ്പെട്ടിട്ടില്ല എന്നുവേണം കരുതാൻ. സാഹിത്യ വിജയനിൽ നിന്ന് രാഷ്ട്രീയ വിജയനിലേക്കുള്ള ദൂരം അനുഭവിച്ചറിഞ്ഞു നടന്നു തീർത്തിട്ടില്ല മലയാളം. കേവലമായ പുനർവായനയല്ല വിജയന്റെ ലേഖനങ്ങൾ അവകാശപ്പെടുന്നത്. ചരിത്രബാഹ്യമായല്ലാതെ മുൻവിധികളുടെ ശാഠ്യം ഭാരമാകാതെ ദേശീയവും അന്തർദേശീയവുമായ രാഷ്ട്രീയ സംഭവങ്ങളെ സൂക്ഷ്മമായി പിന്തുടരുകയും, നടന്ന വഴികളിലെ തെറ്റിയ ചുവടുകൾ നിരന്തര വേദനയാവുകയും തുടർന്നുള്ള ചുവടുകൾക്ക് ആ വേദനകൾ കാവലായി മാറ്റുകയും ചെയ്യുന്ന ചിന്താ ജാഗ്രത മലയാളത്തിലെ മറ്റൊരു സാഹിത്യകാരനിൽ വിജയനു ശേഷമേ കണ്ടെത്താനാകൂ. വിജയനിലേക്ക് നടന്നെത്താനുള്ള വഴികൾ പലതാണ്. ചെറുകഥയിലൂടെ, നോവലിലൂടെ, പത്രപംക്തിയിലൂടെ, ലേഖനത്തിലൂടെ, കാർട്ടൂണിലൂടെ വിജയന്റെ മൗനത്തിലൂടെപ്പോലും സമാന്തര സഞ്ചാര സാധ്യമായ പാതകളുണ്ട്. പാതയിലുടനീളം ചിന്തകളുടെയും ദർശനങ്ങളുടെയും കുളിർമ നിഴൽ വിരിച്ച സങ്കേതങ്ങളുണ്ട്. 

ഒ.വി. വിജയൻ മലയാളത്തിന്റെ മറവിയിലും ഓർമയിലും വർത്തമാനം തുടർന്നുകൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിന്റെ എഴുത്തിൽ തൊടുമ്പോൾ വായനക്കാർ വിചാരങ്ങളുടെ, ഭാഷയുടെ, ജീവിതങ്ങളുടെ ജൈവികതയിൽ പുതിയ തുടർച്ചകൾ സാധ്യമാക്കുന്നു. സൂഷ്മമായ രാഷ്ട്രീയ വിചാരത്തിന്റെ കലർപ്പില്ലാത്ത നിലപാടുകൾ കൊണ്ട് സമ്പന്നമാണ് അദ്ദേഹത്തിന്റെ ചിന്താ മണ്ഡലം. എഴുത്തിൽ അത് തെളിച്ചമുള്ള സംവാദ ജനാലകൾ തുറന്നിടുന്നു. ആഴമുള്ള വിചാരത്തിന്റെ നൈർമല്യതയിൽ ഘനമാകാവുന്ന ചിന്തകളുടെ ധാരാളിത്തമില്ലാതെ മനസ്സും ഹൃദയവും കൊണ്ട് ഒ.വി വിജയൻ സംസാരിച്ചുകൊണ്ടേയിരിക്കും. നാം അത് കേട്ടുകൊണ്ടേയിരിക്കും. അറപ്പും മടുപ്പും മുഷിവുമില്ലാതെ.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം