ആനിന്റെ മറഞ്ഞിരുന്ന ഡയറി താളുകളിൽ ലൈംഗികതയോ?

ജര്‍മ്മന്‍ ഫാസിസ്റ്റ് ഭീകരത ലോകത്തിനു മുമ്പിൽ തുറന്നു കാട്ടിയ ആൻഫ്രാങ്കിന്റെ ഡയറിതാളുകളിൽ ഒട്ടിച്ചേർന്നിരുന്ന താളുകൾക്കിടയിൽ മറഞ്ഞിരുന്നത് എന്തായിരുന്നു? ഒരു കൗമാരക്കാരിയുടെ ലൈംഗിക കൗതുകങ്ങളാണ് മറഞ്ഞിരുന്ന ഈ പേജുകളിൽ എന്ന് ഗവേഷകർ പറയുന്നു. ബ്രൗൺ നിറത്തിലുള്ള പേപ്പറുകൾ ഒട്ടിച്ചു മറച്ചിരുന്ന താളുകൾക്കുള്ളിൽ എഴുതിയിരുന്നത് ഡിജിറ്റല്‍ സാങ്കേതിക വിദ്യയുപയോഗിച്ച് വായിച്ചെടുക്കുകയായിരുന്നു ഗവേഷകര്‍. ലൈംഗികതയെ കുറിച്ചുള്ള ആനിന്റെ ചിന്തകളും തമാശകളുമാണ് ഈ പേജുകളിലെ ഉള്ളടക്കം. മറയ്ക്കപ്പെട്ട എല്ലാ പേജുകളും പൂർണമായും വായിച്ചെടുക്കുവാൻ ഗവേഷകർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

നാസിയില്‍ നിന്ന് സംരക്ഷണം നേടാനായി ഒളിവില്‍ കഴിഞ്ഞിരുന്ന ആന്‍ തന്റെ മരണശേഷം പുറത്തിറങ്ങിയ പുസ്തകത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. വായിക്കാന്‍ കഴിയാതിരുന്ന പേജുകള്‍ ബ്രൗണ്‍ പേപ്പറാല്‍ പശ കൊണ്ട് ഒട്ടിച്ച് മറയ്ക്കപ്പെട്ട അവസ്ഥയിലായിരുന്നു. 1942 സെപ്റ്റംബർ 28– നാണ് ആൻ ഈ പേജുകൾ എഴുതുന്നത്. രണ്ട് മാസത്തിനുശേഷം ആൻ തന്നെ ഈ പേജുകൾ മറയ്ക്കുകയായിരുന്നു എന്നാണ് നിഗമനം. ഇപ്പോൾ വായിച്ചെടുക്കാൻ കഴിഞ്ഞ പേജുകളിൽ നാല് ലൈംഗിക ചുവയുള്ള തമാശകളും, 33 വരികളിൽ ലൈംഗിക വിദ്യഭ്യാസത്തെ കുറിച്ചും പരാമർശമുണ്ടെന്ന് ആൻ ഫ്രാങ്ക് ഹൗസ് പറയുന്നു.  

ആന്‍ ഫ്രാങ്ക് ലൈംഗികതയെ കുറിച്ച് തന്റേതായ രീതികളിൽ എഴുതി. എല്ലാ കൗമാരക്കാരെയും പോലും ആനും ഈ വിഷയത്തിൽ കൗതുകം കാണിച്ചു. മറ്റ് മറയ്ക്കപ്പെട്ട പേജുകളിലും ആൻ ലൈംഗികതയെകുറിച്ച് എഴുതിയിട്ടുണ്ടാകാം. പൊതു താൽപര്യവും ആക്കാദമിക താൽപര്യവും മുൻ നിർത്തിയാണ് ഡയറിയുടെ ഈ ഭാഗം കൂടി പുറത്തുവിടാൻ തങ്ങൾ തീരുമാനമെടുത്തതെന്ന് ആന്‍ ഫ്രാങ്ക് ഹൗസിന്റെ എക്സിക്യുട്ടീവ് റൊണാള്‍ഡ് ലിയോപോള്‍ഡ് പറഞ്ഞു. ആൻ ഫ്രാങ്ക് എന്ന പെൺകുട്ടിയെയും എഴുത്തുകാരിയെയും കൂടുതൽ അടുത്തറിയാൻ ഈ പേജുകൾ സഹായിച്ചെന്നും അദ്ദേഹം കൂട്ടിചേർത്തു.

പുതുതായി കണ്ടെത്തിയ പേജുകള്‍ ആന്‍ ഫ്രാങ്ക് ഹൗസ് മ്യൂസിയം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

ലോകത്തെ കരയിപ്പിച്ച ഡയറി

ആന്‍ ഫ്രാങ്കിന്റെ പതിമൂന്നാം ജന്മദിനത്തില്‍ പിതാവ് ഒട്ടോ ഫ്രാങ്ക് മകള്‍ക്ക് ഒരു ഡയറി സമ്മാനിച്ചു. അച്ഛൻ സമ്മാനിച്ച ആ ഡയറിയിൽ അന്നുമുതൽ അവൾ എഴുതി തുടങ്ങി. നെതര്‍ലന്റിലെ ഒരു സാധാരണക്കാരിയായ ആന്‍ഫ്രാങ്ക് ലോക പ്രശസ്തയാകുന്നതും ഈ ഡയറിയിലൂടെയാണ്. കിറ്റി എന്ന് ഓമനപ്പേരിട്ട് അവൾ ഡയറിയെ തന്റെ മനസിന്റെ താക്കോൽ ഏൽപ്പിച്ചു. പിന്നീട് ആനിന്റെ സ്വകാര്യ ഡയറി ലോക ചരിത്രത്തിലെ ഒരേട് ആയി. ആ ഡയറിക്കുറിപ്പുകളില്‍ ഒരു കൗമാരക്കാരിയുടെ സ്വപ്നങ്ങളും ഒളിത്താവളങ്ങളില്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിയുന്ന ഒരു വംശത്തിന്റെ വേദനയും നിറഞ്ഞു നിന്നിരുന്നു.

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review