ഒരുമുറി തേങ്ങയും ‘പ്രേംനസീറും’

പഠനകാലത്തു കെ.ജി.ജോർജിന്റെ ആദ്യ സിനിമയിലെ നായിക, ജയലളിതയുടെ അവസാന സിനിമയിൽ വേഷമിട്ട താരം, ജോൺ ഏബ്രഹാം സിനിമയിലെ ‘നഷ്ട നായിക’. ജമീല മാലിക്കിന്റെ ജീവിതകഥ തുടരുന്നു...

സ്കൂളിൽനിന്ന് ജില്ലാ യൂത്ത് ഫെസ്റ്റിവലിനുള്ള നാടകസംഘത്തെ തിര‍ഞ്ഞെടുത്തപ്പോൾ ഞാൻ ആദ്യത്തെ പേരുകാരിയായിരുന്നു. ‘ഒരുമുറി തേങ്ങ’ എന്ന നാടകമാണ് ഞങ്ങൾ അവതരിപ്പിക്കുന്നത്. ഒരുമുറി തേങ്ങയ്ക്കായി അടി കൂടുന്ന രണ്ടു സ്ത്രീകളുടെ കഥ. എന്റെ അഭിനയം നന്നായെന്ന കാര്യത്തിൽ ടീച്ചർമാർക്കും കൂട്ടുകാരികൾക്കും തർക്കമില്ല. ആ ഒരൊറ്റ വേഷത്തോടെ സ്കൂളിലെ താരമായി ഞാൻ. ആ നാടകത്തിനായിരുന്നു രണ്ടാം സ്ഥാനം. 

‘ചെമ്മീൻ’ സിനിമയുടെ പ്ലാനിങ് നടക്കുന്ന സമയമാണത്. കറുത്തമ്മയുടെ അനിയത്തിയുടെ റോളിലേക്ക് ഒരു പെൺകുട്ടിയെ വേണം. ഒരുച്ച നേരത്ത് ഒരു വെളുത്ത അംബാസിഡർ കാർ സ്കൂൾമുറ്റത്തു വന്നുനിൽക്കുകയാണ്. ‘പ്രേംനസീറാ’ണ് ഇറങ്ങിവരുന്നത്. കുട്ടികൾ ആർത്തുവിളിക്കുകയാണ്. അദ്ദേഹം ഓഫിസ്റൂമിലെത്തി. ടീച്ചർമാരൊക്കെ അമ്പരന്നുനിൽക്കുകയാണ്. 

‘ഞാൻ പ്രേം നവാസ്, എനിക്കു തങ്കമ്മ മാലിക്കിന്റെ മോൾ ജമീലയെ ഒന്നു കാണണം.’ അദ്ദേഹം പരിചയപ്പെടുത്തിയപ്പോഴാണു വന്നതു പ്രേം നസീറല്ലെന്നു ടീച്ചർമാർ മനസ്സിലാക്കിയത്. പേടിച്ചുവിറച്ചാണ് എന്റെ നിൽപ്. ജീവിതത്തിൽ ആദ്യമായി ഒരു സിനിമാതാരത്തെ കാണുകയാണ്. എന്നോട് എന്തൊക്കെയോ ചോദിച്ചു. ഞാനെന്താണു മറുപടി പറഞ്ഞത്. ഒന്നും ഓർക്കുന്നില്ല. എന്റെ കവിളിൽ തട്ടി നിറഞ്ഞ ചിരിയോടെ അദ്ദേഹം പടികളിറങ്ങി. പൊടിപാറിച്ച് അംബാസിഡർ പോയിമറഞ്ഞു. കുട്ടികൾ പിന്നാലെ ഓടി. ‘ചെമ്മീനി’ലെ അവസരം പക്ഷേ എനിക്കു കിട്ടിയില്ല. ലത പി. നായരുടെ മകളാണ് ആ വേഷത്തിൽ അഭിനയിച്ചത്. 

സിനിമയോടുള്ള ഇഷ്ടം കൂടാൻ വേറെയുമുണ്ടു കാര്യം. അന്നെല്ലാം സിനിമ കാണാൻ ഞങ്ങൾക്കു ടിക്കറ്റെടുക്കേണ്ടിയിരുന്നില്ല. കൗൺസിലറുടെ മക്കളല്ലേ. ഫ്രീയായി സിനിമ കാണാമെന്നൊരു സൗകര്യമുണ്ട്. റിലീസ് ദിവസങ്ങളിൽ അനിയന് ഇരിക്കപ്പൊറുതി 

കാണില്ല. അവനെന്നെയും കൂട്ടി കൊല്ലത്തെ രത്ന തിയറ്ററിലേക്ക് ഒരോട്ടമാണ്. ശിവാജിയുടെ പടങ്ങളാണെങ്കിൽ പിന്നെ പറയുകയേ വേണ്ട. ടിക്കറ്റ് കൗണ്ടറിലെ ചിലർക്കു ഞങ്ങളെ കാണുന്നതേ കലിയാണ്. 

‘റിലീസുദിവസംതന്നെ ഒരു കൊച്ചിനേം പിടിച്ചോണ്ടു വന്നോളും’, അവരുടെ ദേഷ്യമൊന്നും ഞങ്ങൾ വകവച്ചില്ല. ചിലർക്കൊക്കെ വലിയ വാത്സല്യമാണ്. നല്ല സീറ്റുകൾ കണ്ടെത്തിത്തരും, ചായ വാങ്ങിത്തരും. 

ഈ സിനിമയൊക്കെ കണ്ടുവന്നിട്ടു വീട്ടിൽ വെറുതെ ഇരിപ്പല്ല. വീട്ടിലിതൊക്കെ സ്റ്റേജ് ചെയ്യും. അയലത്തെ കുട്ടികളൊക്കെയാണു സഹതാരങ്ങൾ. ഒരു സ്റ്റേജിനോളം വലുപ്പമുള്ളൊരു കട്ടിലുണ്ടു വീട്ടിൽ, മൂത്താപ്പയുടെ സ്വന്തം. പിള്ളേരതു പൊക്കി മുറ്റത്തെത്തിക്കും. അതിലാണു പെർഫോമൻസ്. 

അക്കാലത്ത് ‘സൗദാമിനി’ എന്നൊരു നോവൽ പ്രശസ്തം. അതു വായിച്ചതിന്റെ ആവേശത്തിൽ ഡയലോഗുകൾ എഴുതിത്തയാറാക്കി. അതൊക്കെ കൂട്ടുകാരെ പഠിപ്പിച്ചതു ഞാനാണ്. ഞങ്ങളുടെ കുടുംബസദസ്സിൽ ‘ഹിറ്റായി ഓടിയ’ നാടകമായിരുന്നത്. 

കാമ്പിശേരി പറഞ്ഞു; അഭിനയം പഠിക്ക്

വാരിക നടത്തിപ്പൊക്കെ ഉമ്മയ്ക്കു പ്രയാസമായി. പ്രസാധനം നിലച്ചു. ജോനകപ്പുറത്തെ വീടിനോടും യാത്ര പറഞ്ഞു. തിരുവനന്തപുരത്തു ഹിന്ദി പ്രചാരസഭയിൽ ഉമ്മ പ്രിൻസിപ്പലായി ചേർന്നു. താമസം തിരുവനന്തപുരത്തായി. പിന്നങ്ങോട്ടു വാടകവീടുകളിൽനിന്നു വാടകവീടുകളിലേക്കുള്ള യാത്ര തന്നെ. ആ വീടുമാറ്റങ്ങൾക്കിടെയാണു ഗാന്ധിജിയുടെയും ബഷീറിന്റെയും കത്തുകളൊക്കെ കൈവിട്ടുപോയത്. 

ചില അവസരങ്ങൾ ഒട്ടും നിനയ്ക്കാതെ കയറിവന്നതും പറയാനുണ്ട്. 

തിരുവിതാംകൂർ രാജാവിന്റെ പിറന്നാളിനു കൊട്ടാരത്തിൽ ഒരു നാടകം അരങ്ങേറുന്നുണ്ട് ‘തൃഷ്ണ’എന്ന പേരിൽ. നടൻ മധുവാണ് ആ നാടകത്തിന്റെ സംവിധായകൻ. നായകവേഷത്തിലും അദ്ദേഹം തന്നെ.  

പ്രേംനവാസ്, മധു, തിക്കുറിശ്ശി

‘ചെമ്മീൻ’ സിനിമ തിയറ്ററുകളിൽ നിറഞ്ഞോടുന്ന കാലമാണ്. വെള്ളിത്തിരയിൽ നടൻ മധുവിന്റെ പ്രതാപനാളുകൾ. ഈ നാടകത്തിൽ അഭിനയിക്കാൻ ഒരു കുട്ടിയെ വേണം. ബുദ്ധി വളരാത്ത പതിന്നാലുകാരിയുടെ വേഷമാണ്. ഞാനാണ് ആ വേഷത്തിൽ അഭിനയിച്ചത്.  നാടകം കഴിഞ്ഞതും സദസ്സ് ഒന്നാകെ അഭിനന്ദനങ്ങളുമായി എഴുന്നേറ്റുനിന്നു. മഹാരാജാവ് വേദിയിലെത്തി എല്ലാവരെയും അഭിനന്ദിച്ചു. വേദിയിലെ ഏറ്റവും ജൂനിയറായ എന്നെ ചേർത്തുനിർത്തി. എനിക്കു  കിട്ടുന്ന ആദ്യത്തെ അംഗീകാരമാണത്; കണ്ണുകൾ നിറഞ്ഞു, ശബ്ദം ഇടറി. ചിരിയോ കരച്ചിലോ എന്നറിയാത്തൊരു നോട്ടം സദസ്സിൽ കണ്ടു ഞാൻ; ഉമ്മയായിരുന്നു അത്. 

അക്കാലത്തു ‘സിനിരമ’യിലൊക്കെ മധുവുമൊത്തുള്ള ഫോട്ടോ അച്ചടിച്ചുവന്നു. സ്കൂളിലും നാട്ടിലുമൊക്കെ വലിയ ശ്രദ്ധ കിട്ടി. കാമ്പിശേരി മാമനാണു ‘സിനിരമ’യുടെ പത്രാധിപർ. സിനിമക്കാരുടെ കുടുംബവിശേഷങ്ങൾ എന്നൊരു പംക്തി ഉമ്മ അതിൽ എഴുതിയിരുന്നു.  

കുറച്ചുനാൾ കഴിഞ്ഞപ്പോൾ രസകരമായൊരു അനുഭവമുണ്ടായി. തൃശൂർ പൂരത്തിന് ഇതേ സംഘം നാടകം അവതരിപ്പിക്കാൻ പോവുകയാണ്. പ്രധാന നടിക്കു വരാനായില്ല. തിക്കുറിശ്ശി ഞങ്ങളുടെ കുടുംബസുഹൃത്താണ്. എന്റെ പേര് മധുസാറിനെ ഓർമിപ്പിച്ചത് തിക്കുറിശ്ശി മാമനാണ്. 

തൃശൂരിലേക്കുള്ള യാത്രയ്ക്കിടയിൽ അവരെന്നെ ഡയലോഗുകൾ പഠിപ്പിക്കുകയാണ്. ഒരു പരീക്ഷയ്ക്കുള്ള ഒരുക്കംപോലെ. അങ്ങനെ മധുസാറിന്റെ നായികയായി അഭിനയം തുടങ്ങിയെന്നു പറയാം. ‘ലുബ്ധൻ ലൂക്കോസ്’ എന്ന നാടകമായിരുന്നു അത്. ഒരു ഇംഗ്ലിഷ് നാടകത്തിന്റെ പരിഭാഷയാണത്. (വർഷങ്ങൾക്കു ശേഷം ദൂരദർശൻ ആ നാടകം ‘പിശുക്കന്റെ കല്യാണം’ എന്ന പേരിൽ അവതരിപ്പിച്ചപ്പോൾ അതേ വേഷം എനിക്കു കിട്ടി.) വലിയ ഒരുക്കങ്ങളില്ലാതെ അവതരിപ്പിച്ച ആ നാടകം പൂരവേദിയിൽ ആയിരക്കണക്കിനു കാണികളുടെ കയ്യടി നേടി. 

എന്റെ അഭിനയഭ്രാന്തൊക്കെ ഉമ്മ പറഞ്ഞു കാമ്പിശേരി മാമൻ അറിയുന്നുണ്ട്. ഇവളെ അഭിനയം പഠിപ്പിക്കാൻ വിടണമെന്ന് ഉമ്മയോടു കട്ടായം പറഞ്ഞത് അദ്ദേഹമാണ്. ഇതിനിടെ സിനിമ കണ്ടുനടന്ന് എന്റെ പഠിപ്പൊക്കെ കുളമായി. ഒന്നുരണ്ടു കൊല്ലം തോറ്റു. പക്ഷേ എൻസിസിയിൽ ഞാൻ മിടുക്കു കാട്ടി. മൂന്നാറിലെയും ഡൽഹിയിലെയും ക്യാംപുകളിൽ മികച്ച ക്യാംപ് അംഗമായി. ഒരൽപം ഡാൻസും അഭി

നയവും കൊണ്ടാണ് നോർത്തിന്ത്യൻ പെൺകുട്ടികളെ ഒക്കെ ഞാൻ തോൽപിച്ചത്. 

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള അപേക്ഷ പൂരിപ്പിച്ചതും അയച്ചതുമെല്ലാം ഉമ്മയാണ്. ആദ്യ ടെസ്റ്റിനായി മദ്രാസിലേക്കുള്ള യാത്ര മറക്കാനാവില്ല. തിരുവനന്തപുരത്തുനിന്നു ദൂരേക്ക് ആദ്യയാത്രയാണ്. ഉമ്മ കൂടെയുണ്ട്. ഉമ്മയുടെ കൂട്ടുകാരി ഗായിക ബി. വസന്തയുടെ അഡയാറിലെ വീട്ടിലാണു താമസം. മദ്രാസിലും ഹൈദരാബാദിലുമൊക്കെ നിന്നായൊരു ആൾക്കൂട്ടമുണ്ട് പരീക്ഷ എഴുതാൻ. പരീക്ഷയുടെ ഫലം വന്നപ്പോൾ ഞെട്ടിപ്പോയി. ആദ്യപേരുകളിലൊന്ന് എന്റേത്. ഒഡിഷനാണ് അടുത്ത കടമ്പ. ഒഡിഷനിലൊക്കെ മിടുക്കു കാട്ടാൻ സഹായിച്ചത് വസന്തയാണ്. പട്ടുതുന്നിയപോലുള്ള അവരുടെ പാട്ടുകൾ, പെരുമാറ്റവുമതേ. അതെങ്ങനെ മറക്കും. 

ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു നാടകഭാഗങ്ങൾ അയച്ചുതന്ന് അഭിമുഖത്തിനിടെ അവതരിപ്പിക്കാൻ ആവശ്യപ്പെടുന്ന പതിവുണ്ട്. ‘ലോട്ടറി’ എന്നൊരു ഏകാംഗമാണു ഞാനവതരിപ്പിച്ചത്. ഭീംസിങ്ങും ജഗത് മുരാരിയും പി.ഭാനുമതിയും ചെറുചിരിയോടെ എന്റെ അഭിനയം കണ്ടിരുന്നു. 

( തയാറാക്കിയത്: സുൾഫിക്കർ

തുടരും...)

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം