ആ ആത്മഹത്യ അസംബന്ധമാണെന്ന് എങ്ങനെ പറയാനാവും?

ദിനു അലക്സ്, മനോജ് കുറൂർ

ഫുട്ബോൾ കളിയിൽ ഇഷ്ടപ്പെട്ട ടീം തോറ്റതിൽ വിഷമിച്ച് ആത്മഹത്യ ചെയ്യുന്നത് അസംബന്ധമാണെന്ന് എങ്ങനെ പറയാനാകുമെന്ന് ചോദിക്കുന്നു എഴുത്തുകാരൻ മനോജ് കുറൂർ. ചെറുപ്പകാലത്തെ കളിയോർമകളും അച്ഛന്റെ കളിയാവേശങ്ങളും ഓർത്തെടുക്കുന്ന എഴുത്തുകാരൻ അർജന്റീന കളി തോറ്റതിന്റെ പേരിൽ കോട്ടയത്ത് ഒരാൾ ആത്മഹത്യ ചെയ്യുമ്പോൾ അതിന്റെ വിഷമം ഞങ്ങൾക്കു മനസ്സിലാകുമെന്നും പറയുന്നു.

മനോജ് കുറൂറിന്റെ കുറിപ്പ് ഇങ്ങനെ–  

ചെറുപ്പത്തിൽ കളിച്ചിരുന്ന കുട്ടിയും കോലും, നാടൻ പന്തുകളി, കിളിത്തട്ടുകളി തുടങ്ങിയ ലോക്കൽ കളികൾക്കപ്പുറം ആദ്യം പരിചയപ്പെടുന്ന വലിയ കളിയാണു ക്രിക്കറ്റ്. ഇപ്പറഞ്ഞ കളികൾ കൂടാതെ അമ്പത്താറ്, റമ്മി തുടങ്ങിയ ചീട്ടുകളികളും ചെസ്സുകളിയും ഒപ്പം കലയും ജീവിതവും എന്ന നിലയിൽ കഥകളിയും ഉൾപ്പെടെ കുറേയേറെ കളികൾ ആവേശത്തോടേ കൊണ്ടു നടക്കുന്ന അച്ഛനാണ് (Kuroor Miduckan) ക്രിക്കറ്റിലും വഴികാട്ടിയോ കളികാട്ടിയോ ആയത്. അച്ഛൻ കോളജിൽ പഠിച്ചിരുന്നപ്പോൾ ഒരു നിവൃത്തിയുണ്ടെങ്കിൽ ക്ലാസ്സിൽ കയറിയിരുന്നില്ലെങ്കിലും കളിക്കളത്തിൽനിന്നിറങ്ങാതെ മിടുക്കനായി ക്രിക്കറ്റ് കളിച്ചിരുന്നു. അതുകൊണ്ട് എന്റെ ചെറുപ്പത്തിൽ ഗാവസ്കർ, ഫറൂഖ് എഞ്ചിനീയർ, ദുലീപ് ദോഷി, ഗുണ്ടപ്പ വിശ്വനാഥ്, ക്ലൈവ് ലോയ്ഡ്, വിവിയൻ റിച്ചാഡ്സ് എന്നിവരൊക്കെ റേഡിയോ കമന്ററിയിലൂടെ എനിക്കും പരിചിതരായി. പിന്നീടു വളരെക്കാലം കഴിഞ്ഞാണ് 1980കളുടെ മധ്യത്തിൽ ക്രിക്കറ്റ് കേരളത്തിൽ എല്ലായിടത്തും പ്രചാരം നേടിയ കളിയായത്. 

ഞങ്ങളുടെ നാട്ടിലെ കുട്ടികൾക്കിടയിൽ ക്രിക്കറ്റ് എത്തിയപ്പോൾ വൈഡ്, നോബോൾ, ലെഗ് ബൈ, എൽബിഡബ്ലിയു തുടങ്ങിയ വാക്കുകൾ കേട്ടുപരിചയമുണ്ടായിരുന്ന ഞാൻ അച്ഛനിൽനിന്നു പഠിച്ച കളിയുടെ ബലത്തിൽ വലിയ മേനി നടിച്ച് പല കൂട്ടുകാർക്കും പരിശീലനം നല്കാൻ തുടങ്ങുകയും കളിനിയമങ്ങൾ പരിചയമില്ലാത്ത അവരുടെ ഏറു നെഞ്ചിൽക്കൊണ്ട് ശ്വാസം കിട്ടാതെ പലപ്പോഴും നിലത്തിരിക്കുകയും ചെയ്തു പോന്നു. അവരൊക്കെ എന്നെക്കാൾ വലിയ കളിക്കാരായി പരിശീലകൻ എന്ന പരിഗണന പോലും തരാതെ ആദ്യബോളിൽത്തന്നെ എന്നെ പുറത്താക്കുന്നതിലാണ് സന്തോഷം കണ്ടെത്തിയത് എന്നത് ബോൾ നെഞ്ചിൽക്കൊണ്ടതിനെക്കാൾ വലിയ വേദനയായി ഇന്നും ഉള്ളിലുണ്ട്. എന്തായാലും കുറേയേറെ ഇൻസ്റ്റാൾമെന്റ് അടച്ചാലും തീരാത്ത കടബാധ്യത വരുത്തിക്കൊണ്ടാണെങ്കിലും ടിവി വാങ്ങി ഒരു ഇന്റർനാഷണൽ കളിക്കളം വീട്ടിൽത്തന്നെ സ്ഥാപിക്കുന്നതിൽ അച്ഛൻ വിജയിച്ചു. 1987 ലോ മറ്റോ നടന്ന ലോകകപ്പിൽ ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനൽ ദിവസം കോളജിലേക്കാണെന്നു പറഞ്ഞു വീട്ടിൽനിന്നിറങ്ങാൻ തുടങ്ങിയ എന്നെ, 'ഇന്നു നീയല്ലാതെ വേറാരെങ്കിലും പഠിക്കാൻ പോകുമോടാ' എന്നു ശകാരിച്ചു വീട്ടിൽ പിടിച്ചിരുത്തിയതും അച്ഛനാണ്. (അച്ഛൻ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ ഏതെങ്കിലും കടയുടെ മുന്നിൽച്ചെന്നു വാപൊളിച്ചു നില്ക്കേണ്ടിവന്നേനെ! ക്ലാസ്സിൽ കയറാൻ എനിക്കും യാതൊരു ഉദ്ദേശ്യവും ഉണ്ടാവാൻ വഴിയില്ലല്ലൊ)

പക്ഷേ ടിവി വാങ്ങിയതോടേ വീട്ടിൽ കളിയൊഴിഞ്ഞ് ഒരുനേരമില്ലെന്നായി. ലോകത്ത് ഏതു മൂലയിലും ആരെങ്കിലും തമ്മിൽ ഫുട്ബോൾ, ഹോക്കി, ടെന്നീസ്, ഗോൾഫ്, ബാഡ്മിന്റൺ, വോളിബോൾ, ബാസ്കറ്റ് ബോൾ എന്നിങ്ങനെ ഏതെങ്കിലും കളിയിൽ ഏർപ്പെട്ടാൽ അച്ഛനു ജോലിഭാരമായി. സമയം, പോയിന്റ് നില, ഗെയിം പ്ലാൻ എന്നിവയൊക്കെ ആരും ആവശ്യപ്പെട്ടില്ലെങ്കിലും അച്ഛൻ നിസ്വാർത്ഥമായി അതെല്ലാം കണക്കാക്കുകയും ചിലതൊക്കെ പ്രവചിക്കുകയും ചെയ്തുപോന്നു. ഒരിക്കൽ ഒരു വൈകുന്നേരം ഏതോ ഒരു കളിയിൽ ആരോ തോറ്റതു ടിവിയിൽ കണ്ട് കഥകളി പ്രോഗ്രാമിനു പോകാതെ ആദ്യം സ്തംഭിച്ചിരിക്കുകയും പിന്നെ കരയുകയും ചെയ്തു വീട്ടിൽത്തന്നെ ഇരുന്ന അച്ഛനെ പ്രോഗ്രാമിനു പറഞ്ഞുവിടാൻ അമ്മയും ഞാനും അനുജനും ഒട്ടൊന്നുമല്ല പണിപ്പെട്ടത്.

ഇപ്പോൾ അച്ഛന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ ഫുട്ബോൾ കളി തത്സമയം വിശകലനമാണ്. അർജന്റീന കളി തോറ്റതിന്റെ പേരിൽ കോട്ടയത്ത് ഒരാൾ ആത്മഹത്യ ചെയ്യുമ്പോൾ അതിന്റെ വിഷമം ഞങ്ങൾക്കു മനസ്സിലാവും. 'എന്റെ മുരളി തകർന്നുപോയി' എന്നോ 'മലയാളി ഒരു തോറ്റ ജനതയാണ്' എന്നോ എഴുതിവച്ച് ആത്മഹത്യ ചെയ്യുന്നതു മഹത്തരവും ഫുട്ബോൾ കളിയിൽ ഇഷ്ടപ്പെട്ട ടീം തോറ്റതിൽ വിഷമിച്ച് അങ്ങനെ ചെയ്യുന്നത് അസംബന്ധവുമാണെന്ന് എങ്ങനെ പറയാനാവും?

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം