'അവസാനഗാനം തീരുംമുൻപേ കഠാരയുമായി ഒരാൾ സ്റ്റേജിൽ '

കാശിന് കൊള്ളാത്തവൻ, സിനിമാപ്രാന്തൻ, ലോക ഉഴപ്പൻ എന്നീ സൽപ്പേരുകൾക്കൊപ്പം ബാറിൽ കേറി കുടിക്കുന്ന മുക്കുടിയൻ എന്ന പേരും എനിക്കു പതിഞ്ഞു. ഇതൊക്കെ ഒന്ന് മാറ്റിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കുറേ നാളത്തേക്ക് ഒന്നിനും പോകാതെ ഞാൻ വീട്ടിൽത്തന്നെ കഴിച്ചുകൂട്ടി. അപ്പോഴാണ് കല്ല് രാജുവിന്റെ വിളി വരുന്നത്. ആ ശിവരാത്രിക്ക് ഒരേ ദിവസം രണ്ടു ഗാനമേളകൾ പിടിച്ചിരിക്കുകയാണ്. ഹിന്ദി പാടാൻ വരണം. പാമ്പനാർ എന്ന സ്ഥലത്തുള്ള തേയിലത്തോട്ടത്തിലെ ലയത്തിൽ താമസിക്കുന്ന ഗിറ്റാറിസ്റ്റാണ് രാജു. തമിഴൻ. ചോറ്റിൽ കല്ലുകടിക്കുന്നതുപോലെ പാട്ടിൽ അടിക്കടി ശ്രുതിപ്പിഴ വായിക്കുന്നതുകൊണ്ട് കിട്ടിയ പേരാണ് കല്ല് രാജു. പാമ്പനാർ അമ്പലത്തിലും അവിടെനിന്ന് ഒരു മണിക്കൂർ ദൂരെയുള്ള പശുമല എസ്റ്റേറ്റ് അമ്പലത്തിലുമാണ് പരിപാടികൾ. ആദ്യത്തേത് വൈകുന്നേരം ആറരയ്ക്ക്. അടുത്തത് രാത്രി പത്തരയ്ക്ക്.

ജാസെറ്റ് 

പീരുമേട്ടിലുള്ള സർക്കാർ അതിഥിമന്ദിരത്തിലായിരുന്നു പരിശീലനം. അക്കാലത്തെ ഗാനമേളകളുടെ ഒരു പ്രധാന ആകർഷണം ജാസെറ്റ് എന്ന് വിളിക്കപ്പെട്ട ജാസ് ഡ്രംസ് ആയിരുന്നു. കൊട്ടിയാലും ഇല്ലെങ്കിലും നല്ല വലുപ്പത്തിൽ പല പല ചെണ്ടകൾ ഉള്ള ആ സാധനം വേദിയിൽ കാണണം എന്ന് ജനത്തിന് നിർബന്ധമായിരുന്നു. കോട്ടയത്തെ അറിയപ്പെടുന്ന കൊട്ടുകാരൻ ജേക്കബ് എത്തിയെങ്കിലും കൊട്ടാനുള്ള ഡ്രംസ് എത്തിയില്ല. റോസമ്മ എന്ന പെൺകുട്ടിയാണ് ഗായിക. തുണയ്ക്ക് വന്നിരിക്കുന്ന അവളുടെ അച്ഛനും പാട്ടുകാരനാണത്രേ. തമിഴ് മാത്രമേ പാടൂ! തമിഴ് പാടാൻ കാശുകൊടുക്കാതെ ഒരാളെക്കിട്ടിയ സന്തോഷം രാജുവിന്. പക്ഷേ, അങ്ങേരുടെ പാട്ട് പാരയാകും എന്ന് ആദ്യമേ എനിക്കു തോന്നി. ത്യാഗരാജ ഭാഗവതരുടെ കാലത്തെ പാട്ടുകളാണ് പാടുന്നത്! ‘പുതിയ പാട്ടൊന്നും അറിയാമ്മേലേ ചേട്ടാ?’ എന്ന് ഞാൻ ചോദിച്ചപ്പോൾ പിന്നേ... അറിയാവല്ലൊ.. ‘ഉള്ളത്തിൻ കതവുകൾ കൺകളെടാ.. ഉറവുക്കു കാരണം പെൺകളെടാ..’ ഇരുപത്തഞ്ച് വർഷം മുൻപ് ഇരവും പകലും പടത്തിൽ വന്ന പാട്ട് പടുകിഴവന്റേതുപോലെയുള്ള തന്റെ ശബ്ദത്തിൽ അങ്ങേർ പാടിക്കാണിക്കുന്നു! തമിഴന്മാർ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് രണ്ടു ഗാനമേളകളും. പുതിയ തമിഴ്പാട്ടുകൾ നന്നായി പാടിയില്ലെങ്കിൽ എല്ലാം കുളമാകും. എന്റെ നിർബന്ധത്തിനു വഴങ്ങി രാജു അവസാന നിമിഷം പഴയ വിജയകുമാറിനെ തേടിപ്പോയെങ്കിലും ഫലമുണ്ടായില്ല. ഗാനമേള ദിവസം രാവിലെയാണ് രാജു ആ വലിയ രഹസ്യം പുറത്തുവിട്ടത്! ‘പല്ലവി ഓർക്കസ്ട്ര, കോട്ടയം എന്ന പേരിലാ ഗാനമേള പിടിച്ചിരിക്കുന്നെ! ആരു ചോദിച്ചാലും നിങ്ങൾ എല്ലാരും കോട്ടയംകാരാണെന്നേ പറയാവൂ.’

ഡ്രംസ് ഇല്ലാതെ, തമിഴ് പാടാൻ നല്ല പാട്ടുകാരില്ലാതെ പല്ലവി ഓർക്കസ്ട്ര, കോട്ടയം -1 എന്ന് തുണിപ്പതാക കെട്ടിയ വാടകവണ്ടിയിൽ ഞങ്ങൾ അമ്പലപ്പറമ്പിൽ ചെന്നിറങ്ങുമ്പോൾ അവിടെ ആകെയൊരു സമാധാനക്കേടിന്റെ അവസ്ഥ. പല ചേരികളായി തിരിഞ്ഞ് സംഘാടകർ പോരുകുത്തുകയാണ്. അടുത്തുള്ള തേയിലത്തോട്ടത്തിലെ കങ്കാണി സുബയ്യയുടെ അനിയന്റെ വെട്ടിക്കൂട്ട് ഗാനമേളയാണ് കോട്ടയം പല്ലവി എന്ന ഇല്ലാപ്പേരിൽ വന്നിറങ്ങിയിരിക്കുന്നത്. ഇവന്മാരെ വേദിയിൽ കാലുകുത്താൻ അനുവദിക്കില്ല എന്ന് ഒരു കൂട്ടർ. ‘നാൻ മട്ടും താ ഇങ്കേ ഇരുന്ത്. മറ്റ്ര എല്ലാരും കോട്ടയം കാരങ്ക താ’ എന്ന് രാജു പറഞ്ഞപ്പോൾ ചിലർ വന്ന് ഞങ്ങളെ വിചാരണ തുടങ്ങി. മലയാളം പാട്ടുകാരനോട് ‘നിന്റെ വീട് കോട്ടയത്ത് എവിടാടാ?’ എന്ന് ചോദിച്ചു. ‘എന്റെ വീട് മേരികൊളത്താ’ അയാൾ സത്യം പറഞ്ഞു. എന്നോട് ഒരാൾ ‘നീ കട്ടപ്പനക്കാരനല്ലേടാ എലുമ്പാ?’എന്ന് ചോദിക്കുന്നു! ചുരുക്കത്തിൽ ഡ്രം അടിക്കാൻ വന്ന ആൾ ഒഴിച്ച് മറ്റ് എല്ലാവരും ഹൈറേഞ്ചുകാരാണെന്നുള്ള സത്യം പുറത്തായി. തെറിവിളിയും ബഹളവും ഉന്തും തള്ളുമായി. 

ഒടുവിൽ ആരുടെയൊക്കെയോ കരുണയും ഇടപെടലുംകൊണ്ട് ഞങ്ങൾ വേദിയിൽ കയറി ഉപകരണങ്ങൾ നിരത്തി ശബ്ദപരിശോധന തുടങ്ങി. അപ്പോഴേക്കും മണി എട്ടര. ഡ്രംസ് ഇല്ല എന്ന കാര്യം ആളുകൾ ശ്രദ്ധിക്കുന്നത് അപ്പോഴാണ്. ‘എവിടെറാ ജാസെറ്റ്? ജാസെറ്റില്ലാതെ ഒരു നാറീം ഇന്നിവിടെ പാടുകേല’. കാര്യങ്ങൾ വീണ്ടും കൈവിട്ടു. താണു വീണുള്ള ക്ഷമചോദിക്കലുകൾക്കും കെഞ്ചലുകൾക്കുമൊടുവിൽ ഒരുവിധത്തിൽ ഒമ്പതു മണിക്ക് ഗാനമേള തുടങ്ങി. ചേരിതിരിഞ്ഞുള്ള കൂവലുകൾക്കും കയ്യടികൾക്കുമിടയിൽ ആകെപ്പാടെ അലങ്കോലമായി ഞങ്ങൾ പാടി. റോസമ്മ പാടാൻ തുടങ്ങിയപ്പോൾ ‘എടീ ഒറോതമ്മേ.. നീ ഒന്ന് തിരിഞ്ഞു നിന്നു പാടിയാൽ അതെങ്കിലുമുണ്ടാരുന്നെടീ’ എന്നൊക്കെയാണ് ആളുകൾ വിളിച്ചു കൂവിയത്. റോസമ്മയുടെ അപ്പന്റെ ‘യാരുക്കാക, ഇതു യാരുക്കാക’യെ തുടക്കം മുതൽ ഒടുക്കം വരെ അവർ കൂവി കൊന്നു. ഒടുവിൽ തമിഴും ഞാൻ തന്നെ പാടേണ്ടി വന്നു. ഒന്നും കാര്യമായി ഏറ്റില്ല എന്നു മാത്രം. സമയം രാത്രി പത്തര! പശുമലയിൽ ഗാനമേള തുടങ്ങേണ്ട സമയം. 

‘ഇന്നു രാത്രി കുറച്ചു ദൂരെയുള്ള മറ്റൊരു വേദിയിലും ഗാനമേള അവതരിപ്പിക്കേണ്ടതിനാൽ അടുത്ത ഒരു ഗാനത്തോടെ ഞങ്ങളുടെ പരിപാടി അവസാനിക്കുന്നു’ എന്ന് ഞാൻ വിളിച്ചുപറഞ്ഞത് രാജു പറഞ്ഞിട്ടാണ്. ഭാഗ്യരാജിന്റെ എങ്ക ചിന്ന രാസാ സിനിമയിലുള്ള ‘അടിടാ മേളം എടുടാ താളം ഇനിതാ കച്ചേരി ആരംബം’ എന്ന വേഗമുള്ള പാട്ട് ഞാൻ പാടിക്കൊണ്ടിരിക്കുമ്പോൾ ഒരു കൂട്ടം ആളുകൾ വേദിക്കരികിലേക്ക് തള്ളിക്കയറി വരുന്നത് എനിക്കു കാണാമായിരുന്നു. പാട്ടു തീർന്ന ഉടനെ അവരിലൊരാൾ വേദിയിലേക്കു ചാടിക്കയറി എന്റെ കയ്യിൽനിന്ന് മൈക്ക് പിടിച്ചു പറിച്ചു. ‘സുകർത്തുക്കളേ.. ഇനി താൻ കച്ചേരി ആരംബം.. അതായത് ഇനിയാണ് കച്ചേരി ആരംഭിക്കാൻ പോകുന്നത് എന്ന് പാടിയത് നിങ്ങൾ കേട്ടല്ലോ. നമ്മള് നിർത്താൻ പറയുന്നതുവരെ എവര് ഇവിടെ നിന്ന് പാടും’ എന്നു വിളിച്ചു പറഞ്ഞു. പിന്നെ അയാൾ മൈക്ക് വായിൽ നിന്ന് മാറ്റിപ്പിടിച്ച് ‘ഞങ്ങള് നിർത്താൻ പറേന്ന വരെ പാടിക്കോണം. കേട്ടോടാ കഴ്വർഡ മക്കളേ’ എന്ന് പറഞ്ഞുകൊണ്ട് വേദിയിൽനിന്നിറങ്ങി. ഉടനെ ഒരാൾ അലറിക്കൊണ്ട് അരയിൽ നിന്ന് കഠാരി വലിച്ചൂരി വേദിയുടെ അറ്റത്തുള്ള തട്ട് പലകയിൽ കുത്തിയിറക്കി. പേടിച്ചു വിറച്ച് പെടുക്കുമെന്ന അവസ്ഥയിലെത്തി ഞങ്ങൾ.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം