Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാപ്പ്, ടച്ചിങ്‌സ്, കാബറേ... പിന്നെ കൊടുവാളും

ഷാജി ചെന്നൈ
cinemapiranth

ഈക്കളി... തീക്കളി...

കണ്ണുകൊണ്ട് കാട്ടുമീ കളിയെനിക്കു തീക്കളി...

കരിമരുന്നിന് തീപ്പൊരി...

കുടിയന്മാരുടെ ഒച്ചപ്പാടിനും ബഹളത്തിനുമിടയിലൂടെ കേൾക്കുന്ന പാട്ടിന്റെ വരികൾ എനിക്കുള്ള മുന്നറിയിപ്പാണോ? എണ്ണം പറഞ്ഞ ഒരു കുടിയന്റെ മകനായിരുന്നിട്ടും ആ ബാറിനുള്ളിലേക്ക് കയറുമ്പോൾ എന്റെ കാല് വിറച്ചു. റബർ ഉറയൊഴിച്ച ആസിഡിന്റേതുപോലെ മൂക്കുളുക്കുന്ന ഒരു മണം ഉള്ളിച്ചള്ളാസിന്റെയും പോത്തിറച്ചി പെരളന്റെയും മണങ്ങളുമായി കലർന്ന് അവിടെ തങ്ങുന്നുണ്ടായിരുന്നു. സിനിമകളിൽനിന്ന് വെട്ടിയെടുത്ത് പിന്നിൽ വെളിച്ചമിട്ട കാബറേ നൃത്തക്കാരികളുടെ പടങ്ങളായിരുന്നു ചുവരുകളിൽ നിറയെ. ജയമാലിനി, ജ്യോതിലക്ഷ്മി, വിജയലളിത, അനുരാധ, ഹലം.. ദേഹത്ത് തുണി തീരെക്കുറവാണെങ്കിലും എല്ലാവർക്കും നല്ല തിളക്കം. സിനിമയിലെ കാബറേപ്പാട്ട് രംഗങ്ങളിൽ വട്ടമേശപ്പുറത്ത് കുപ്പിയും ഗ്ലാസുകളും തൊട്ടുനക്കാൻ വഹകളുമായി കുടിക്കാനിരിക്കുന്നവരെപ്പോലെ അവിടവിടെ ഇരുന്ന് ആളുകൾ കുടിക്കുന്നു. മൂലയിലുള്ള ഒരു മേശയിൽനിന്ന് മൂന്നാലു പേർ മാറി മാറി വിളിക്കുന്ന പുളിച്ച തമിഴ് തെറികൾ കേൾക്കാം. ഒരു മേശയ്ക്കു പിന്നിൽ മറുവശത്തേക്കു തിരിഞ്ഞിരിക്കുന്ന ആളെ എനിക്കു നല്ല പരിചയമുള്ളതുപോലെ. ഇല്ല... തോന്നലായിരിക്കണം.

ആദ്യമേ അത്യാവശ്യം പൂസായിരുന്ന ആന്റി അരക്കുപ്പി ഹണീ ബീ ബ്രാൻഡിയും രണ്ട് കല്യാണി ബിയറും വരുത്തി. തൊട്ടു നക്കാൻ കടുക് മാങ്ങാ അച്ചാർ. ചവച്ചിറക്കാൻ പോത്ത് ഒലത്തൻ. വെട്ടു ഗ്ലാസുകളിൽ പാതിയോളം ബ്രാണ്ടി ഒഴിച്ചതിന്റെ മേലേക്ക് ബിയർ കൂടി ചെരിച്ചൊഴിച്ചപ്പോൾ എല്ലാംകൂടി സോപ്പുപതപോലെ പൊന്തി. ‘എടുത്ത് അടിയെടാ ഗ്യായകാ..’ എന്നു പറഞ്ഞുകൊണ്ട് ഇളം സ്വർണനിറമുള്ള ആ ദ്രാവകം ആന്റി നുണഞ്ഞ് നുണഞ്ഞ് കുടി തുടങ്ങി. ഗ്ലാസെടുത്ത് ചുണ്ടിലടപ്പിച്ചപ്പോഴേ എനിക്ക് മനംപുരട്ടി. ആസിഡ്, പൂപ്പൽ പിടിച്ച ഗോതമ്പ്, പുളിച്ച പഴങ്കഞ്ഞി എല്ലാം കലങ്ങിയ ഒരു കെടുമ്പിച്ച മണവും എരണംകെട്ട ചുവയും. ഈ സാധനമെങ്ങനെ ഇയാൾക്ക് രസിച്ച് കുടിക്കാൻ പറ്റുന്നു? കുടിക്കൂട്ടുകാരായ നാരായണൻ വൈദ്യരും എം.എസ്. തങ്കപ്പനും സംഘവുമൊത്ത് വീട്ടിൽ നടത്തുന്ന ‘കുടിയിരിപ്പുകളിൽ’ ഒറ്റ വലിക്ക് ഗ്ലാസ് കാലിയാക്കുന്ന അച്ചാനെ മനസ്സിൽ ഓർത്ത് ഒരു നിമിഷംകൊണ്ട് ഞാൻ ആ പാനീയം കുടിച്ചിറക്കി. തൊണ്ട കത്തിച്ച്, നെഞ്ചെരിച്ച് താഴേക്കിറങ്ങിയ തീത്തൈലം വയറ്റിൽ വീണ് മെല്ലെ തണുക്കുന്നു. ഒട്ടും വൈകാതെ അടുത്ത ഗ്ലാസ് നിറയുന്നു. ഓരോ ഗ്ലാസ് തീരുന്തോറും ചവർപ്പും ചളിപ്പും കുറഞ്ഞുകുറഞ്ഞ് വരുന്നു.

നീ മായല്ലേ എൻ മഴവില്ലേ ഇതു മധുവിധു നാളല്ലേ.., സ്വർക്കം മതുവിലേ സൊക്കും അഴകിലേ.., ആപ് ജൈസാ കോയി മേരേ സിന്ദഗീ മേ ആയേ.. മലയാളം, തമിഴ്, ഹിന്ദി സിനിമാപ്പാട്ടുകൾ മാറിമാറി വന്നു. ആദ്യത്തെ കുടിയന്മാർ ആടി ആടി പുറത്തേക്ക് പോയി. ഉറച്ച ചുവടുകളോടെ അകത്തേക്ക് വന്നവർക്കെല്ലാം വൈകാതെ കാലിളകി. അര മണിക്കൂറിൽ ഞങ്ങളുടെ കുപ്പികൾ കാലിയായി. ആന്റി പിന്നെയും എന്തൊക്കെയോ വാങ്ങിക്കുടിച്ചു. എനിക്കും ഒഴിച്ചു തന്നു. ഒടുവിൽ ദിക്കും ദിശയും തിരിയാതെ വെള്ളത്തിൽ പൊന്തിത്താഴുന്ന പോലത്തെ ഒരു പരുവത്തിലായി ഞാൻ. മുഖത്താകെ വാരിത്തേച്ചുകൊണ്ട് ആന്റി പോത്തിറച്ചി കടിച്ചു വലിക്കുന്നു. എനിക്കാണെങ്കിൽ മനം മറിഞ്ഞിട്ട് വയ്യ. എനിക്ക് ശർദ്ദിക്കണേ.. വഴുതിയും വീണും എഴുന്നേറ്റ് ഞാൻ കഴുകൽപ്പുര തേടി തള്ളാടി നടക്കുമ്പോൾ തൊട്ടുമുമ്പിൽ അതാ നിൽക്കുന്നു പൂച്ചക്കുഴി അമ്മാവൻ. എന്റെ അമ്മയുടെ സ്വന്തം ആങ്ങള. ഞാൻ ബാറിൽ വന്നു കയറുമ്പോൾ മറുവശം തിരിഞ്ഞിരുന്ന അതേ ആൾ! ‘വാറിക്കേറി കള്ളു കുടിക്കാംമാത്രം നീ വളന്നോടാ പട്ടീ..?’ ഒന്നാന്തരം പൂസിൽ നിൽക്കുന്ന അമ്മാവൻ വെറി പിടിച്ച് എന്റെ നേരേ വരുന്നു. എല്ലാം തീർന്നു. എന്റെ കുടിക്കഥ നാട്ടിലും വീട്ടിലും എല്ലാവരും അറിയും. വരുന്നത് വരട്ടെ. പക്ഷേ, ഇപ്പോൾ പിടികൊടുക്കരുത്. ഞാൻ പുറത്തേക്ക് ഇറങ്ങിയോടി.

ചൂടുവെയിലത്ത് വേച്ചുവേച്ച് ഓടിക്കൊണ്ടിരുന്ന എന്റെ കണ്ണിൽ ഓളമിളകുന്നതുപോലെ തച്ചിൽ ഫർണിച്ചേഴ്സ് എന്ന പേർപലക തെളിഞ്ഞു. ഓച്ചപ്പന്റെ മരസാമാനക്കട. അമ്മാവന്റെ കണ്ണിൽനിന്ന് തലയൊളിക്കണം. എവിടെയെങ്കിലും ഒന്നു കിടക്കണം. ഞാൻ ഓച്ചപ്പന്റെ കടയിലേക്ക് ഓടിക്കയറി. ആണും പെണ്ണുമായി മൂന്നാല് ഇടപാടുകാർ അവിടെ ഉണ്ടായിരുന്നു. ചിത്രപ്പണികളും അലുക്കും തൊങ്ങലുമുള്ള വിലകൂടിയ ഒരു സോഫ അവർക്ക് കാണിച്ചുകൊടുക്കുകയാണ് ഓച്ചപ്പൻ. വിൽക്കാനിട്ടിരുന്ന ഒരു കട്ടിലിന്റെ ക്രാസിയിൽ തട്ടിത്തെറിച്ച് അവർക്കു മുമ്പിലൂടെ ആ സോഫയിലേക്ക് ഞാൻ മറിഞ്ഞടിച്ചു വീണു. ബ്ളാവുവ്വേ... വ്വേ.... കറിക്കുട്ടകം മറിച്ചതുപോലെ സോഫയുടെ മുകളിലേക്ക് ഛർദ്ദിച്ചൊഴിച്ചു. പിന്നെ നടന്നതൊന്നും ഓർമയില്ല. പിറ്റേന്ന് രാവിലെ കണ്ണു തുറക്കുമ്പോൾ ഓച്ചപ്പന്റെ കടയുടെ പിന്നിൽ അയാൾ താമസിക്കുന്ന ഒറ്റമുറിയുടെ തറയിൽ കിടക്കുകയാണ് ഞാൻ. 

‘കള്ളൂടിച്ച് ശറുദിച്ച് അളിക്കാൻ എന്റെ കടയേ കിട്ടിയൊള്ളോടാ നിനക്ക്..?’ കടുത്ത ദേഷ്യത്തിലാണ് ഓച്ചപ്പൻ. ‘നിന്റെയൊക്കെ ശറുദി കോരണ്ട ആവിശവൊന്നും എനിക്കില്ല.’ സോഫാ വാങ്ങാൻ വന്നവരുടെ മുൻപിൽ വച്ച് അവർ വാങ്ങാനുറപ്പിച്ച സോഫയിലേക്കാണത്രേ ഞാൻ ഛർദ്ദിച്ചത്. അപ്പോൾത്തന്നെ അവരിറങ്ങിപ്പോയി. വൻ നഷ്ടം. സോഫയുടെ മെത്തയെല്ലാം നനഞ്ഞ് നാശമായി. ‘സോഫാ നന്നാക്കണം. മെത്തയും തുണിയും മാറണം. കൊറഞ്ഞത് എഴുനൂറു രൂവാ ആകും. ആ കാശ് തന്നിട്ട് നീ ഇവിടുന്ന് പോയാ മതി’. കാശിന്റെ കാര്യത്തിൽ യാതൊരു മയവുമില്ലാത്ത കടും കച്ചവടക്കാരനാണ് ഓച്ചപ്പൻ. ‘എഴുനൂറ് രൂവായ്ക്ക് ഞാനെവിടെപ്പോകും ഓച്ചപ്പാ?’ ‘അതൊന്നും എനിക്കറിയണ്ട. കാശുതരാതെ നീ ഇവിടുന്ന് പൊറത്തെറങ്ങുകേല.’ എഴുന്നൂറ് രൂപയുണ്ടാക്കാൻ എന്തുചെയ്യും എന്ന ആധിയോടെ ഒന്നും മിണ്ടാതെ ഞാൻ കിടന്നു. ഒടുവിൽ ഓച്ചപ്പൻ തന്നെ എനിക്ക് തെണ്ടാൻ പെരുവഴി പറഞ്ഞു തന്നു. ‘നീ ഇന്നാള് ഒരുത്തനെ ഇവിടെ കൂട്ടിക്കോണ്ടു വന്നില്ലേ? ആ റാലീസിലെ കൊണസ്സറ്. വെല്ല്യ കാശുകാരനല്ലേ! അവനോട് മേടിച്ചു താ’. സുരേഷിന്റെ കാര്യമാണ് പറയുന്നത്.

നെടുങ്കണ്ടം ജീന തിയേറ്ററിൽ ‘കണ്ടു കണ്ടറിഞ്ഞു’ എന്നൊരു സിനിമയ്ക്ക് ശീട്ടെടുക്കാൻ വരി നിൽക്കുകയായിരുന്നു ഞാൻ. തൊട്ടു മുമ്പിൽ നന്നായി വെളുത്ത് അത്യാവശ്യം തടിയുള്ള സുന്ദരനായ ഒരു ചെറുപ്പക്കാരൻ. ആ നാട്ടുകാരനല്ല എന്നുറപ്പ്. എന്തോ കാരണംകൊണ്ട് ശീട്ടുകൾ കിട്ടാൻ താമസിച്ചു. ആ സമയത്താണ് സുരേഷിനെ ഞാൻ പരിചയപ്പെടുന്നത്. സുരേഷിന്റെ മലയാളത്തിന് ഭയങ്കര തമിഴ് ചുവ. മദ്രാസിൽ ജനിച്ചു വളർന്ന മലയാളിയാണ്. തമിഴും ഇംഗ്ലീഷുമാണ് സംസാരം. റാലീസ് ഇന്ത്യ എന്ന കീടനാശിനി കമ്പനിയുടെ വ്യാപാര പ്രതിനിധിയായി ജോലി ചെയ്യുന്നു. ഏലം, തേയിലത്തോട്ടങ്ങളാൽ സമ്പന്നമായ ഹൈറേഞ്ചിൽ കീടനാശിനികൾ വിറ്റുതള്ളുകയാണ് അയാൾ. രണ്ട് മാസത്തിൽ ഒരിക്കൽ നെടുങ്കണ്ടത്ത് വരും. രണ്ടാഴ്ച സ്ഥലത്തുണ്ടാകും. സിനിമയിൽ വലിയ കമ്പമാണ്. തമിഴ് സിനിമയിൽ എനിക്കുള്ള ധാരണയും താൽപര്യവും കണ്ടിട്ടാകണം സുരേഷ് എന്നെ സുഹൃത്താക്കിയത്.

ധാരാളിത്തമുള്ള ജീവിതമായിരുന്നു സുരേഷിന്റേത്. സൗകര്യങ്ങളുള്ള മുറി, വിലകൂടിയ മോട്ടോർ സൈക്കിൾ, നല്ല വ സ്ത്രങ്ങൾ, ദിവസവും മാറാൻ വേറെ വേ റെ വാച്ചുകൾ, നറുമണം പരത്തുന്ന ലേപനങ്ങൾ.. എല്ലാമുണ്ടായിരുന്നു. പക്ഷേ, പെരുമാറ്റത്തിൽ എപ്പോഴും നിറഞ്ഞ സൗഹൃദം. എന്താവശ്യമുണ്ടെങ്കിലും പറയണം എന്ന് സുരേഷ് പറഞ്ഞിരുന്നു. എ നിക്കെപ്പോഴും പണത്തിന് ഞെരുക്കമായിരുന്നെങ്കിലും ഒരു കാര്യത്തിനും ഞാൻ സുരേഷിനെ ബുദ്ധിമുട്ടിച്ചില്ല. പക്ഷേ, ഇപ്പോൾ ഓച്ചപ്പൻ കഴുത്ത് ഞെരിക്കുന്നു. അയാളുടെ സോഫാക്കടം വീട്ടാൻ സുരേഷിന്റെ മുമ്പിൽ കൈനീട്ടുകയേ വഴിയുണ്ടായിരുന്നുള്ളൂ. കുറച്ചുദിവസമായി സ്ഥലത്തില്ലാതിരുന്ന സുരേഷ് ഗാനമേള മുതലുള്ള കഥകളെല്ലാം കേട്ട് ചിരിയോട് ചിരി. പിന്നെ ഓച്ചപ്പനോട് ‘നിങ്കള് നല്ല ഫ്രണ്ട് ന്നാണല്ലോ ഷാജി പറഞ്ചെ. ഒറ് മിസ്റ്റേക്ക് പട്ടുമ്പം നല്ല ഫ്രെണ്ട്കൾ കൂടെ ഇരുക്കണ്ടേ?’ എന്ന് ചോദിച്ചുകൊണ്ട് അയാളുടെ കൈയിൽ എഴുന്നൂറ് രൂപാ എണ്ണി വച്ചു കൊടുത്തു.        

തുടരും...

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം