Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' കച്ചവടവും വേണ്ട, വരിക്കാരും വേണ്ട, മോഹൻലാലിനെ കണ്ടാ മതി'

ഷാജി ചെന്നൈ
cinema

തെന്നലേ നിന്നെയും തേടി. എന്റെ അയൽവാസിയും അടുത്ത സുഹൃത്തുമായ ശ്രീനി എന്ന ബി.കെ. ഷാജി കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ സിനിമയുടെ പേര് അതായിരുന്നു. കമൽഹാസനെ നായകനാക്കി ഞാൻ നിന്നെ പ്രേമിക്കുന്നു, ശ്രീദേവി ആദ്യമായി നായികയായ നാലുമണിപ്പൂക്കൾ, മധു - ജയഭാരതിമാരുടെ കായലും കയറും എന്നീ വമ്പൻ ചിത്രങ്ങളൊക്കെ എടുത്ത കെ.എസ്. ഗോപാലകൃഷ്‌ണനായിരുന്നു ആ സിനിമ സംവിധാനം ചെയ്തത്. നായിക പുതുമുഖം വാണി വിശ്വനാഥ്. വൻവിജയമായ ലൗ സ്റ്റോറി സിനിമയിൽ രോഹിണിയുടെ നായകനായി വെള്ളിത്തിരയേറിയ ഷഫീക് ആയിരുന്നു നായകൻ. സോമൻ, ഉമ്മർ, നസീറിന്റെ മകൻ ഷാനവാസ്, വിൻസെന്റ്, സുധീർ, ജനാർദ്ദനൻ, മാള അരവിന്ദൻ എന്നിങ്ങനെ പ്രസിദ്ധരായ പല നടന്മാർ അഭിനയിച്ച ആ സിനിമയുടെ സംഗീതം കെ വി മഹാദേവനായിരുന്നു. അദ്ദേഹം തമിഴ് സിനിമാ സംഗീതത്തിലെ ഇതിഹാസം. ശങ്കരാഭരണം പോലെയുള്ള സിനിമകളുടെ സംഗീത സംവിധായകൻ. എന്തുകൊണ്ടും ഒരു നല്ല സിനിമാ സംരംഭമായിരുന്നു അത്. പക്ഷേ, സിനിമ വന്നപ്പോൾ അതിൽ സംവിധായകന്റെ പേരുപോലും ഇല്ലായിരുന്നു.

അശ്ലീല സിനിമകൾ മാത്രമെടുക്കുന്ന ഒരാളായി കെ എസ് ഗോപാലകൃഷ്‌ണൻ അപ്പോഴേയ്ക്കും മുദ്രകുത്തപ്പെട്ടു കഴിഞ്ഞിരുന്നു. ഏതോ ഒരു ഗൗതം സംവിധാനം ചെയ്ത മംഗല്യച്ചാർത്ത് ആയി വേഷം മാറിയ തെന്നലേ നിന്നെയും തേടി വേണ്ടരീതിയിൽ പുറത്തുവന്നില്ല. ശ്രീനി എഴുതിയ സിനിമ കാണാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. എങ്കിലും ഞങ്ങളുടെ നാട്ടിൽനിന്ന് ആദ്യമായി ഒരു സിനിമക്ക് തിരക്കഥ എഴുതിയ കലാകാരൻ എന്ന സന്തോഷം ശ്രീനിയെക്കുറിച്ച് ഞങ്ങൾക്കുണ്ടായി. അടുത്ത കൂട്ടുകാരൻ സിനിമാ രംഗത്ത് എത്തിയല്ലോ എന്ന അഭിമാനം എനിക്കും. താമസിയാതെ ശ്രീനിയുടെ സിനിമാ പരിചയം പ്രയോഗിക്കാൻ നാട്ടിൽത്തന്നെ ഒരവസരം വന്നു.

ഞങ്ങളുടെ പൊതു സുഹൃത്ത് വി. ബി. രാജൻ പാലാക്കോളജിലെ പഠനവും അൽപസ്വൽപം നക്സലൈറ്റ് അലഞ്ഞു തിരിയലുമൊക്കെക്കഴിഞ്ഞ് നാട്ടിലെത്തി ഒരു വിഡിയോ ചിത്രം നിർമിക്കാൻ തീരുമാനിക്കുന്നു. രാജൻ വിഭാവനം ചെയ്ത സോഷ്യൽ റിസേർച്ച് സെന്റർ എന്ന സംഘടനയുടെ ബാനറിലാണ് നിർമാണം. ഇരട്ടയാറ്റിലെ പലചരക്കു മൊത്തവ്യാപാരിയായ സി.കെ. മണിയുടെ മരുമകൻ വി.കെ. ശശി ചിത്രത്തിന്റെ നിർമാണച്ചുമതല ഏറ്റെടുക്കുന്നു. രാജന്റെ ബന്ധുവാണ് ശശി. ചിത്രത്തിന്റെ പേര് ഒരു ഗ്രാമത്തിൽ ഒരു വസന്തകാലത്ത്. രചന, സംവിധാനം വി. ബി. രാജൻ. സഹസംവിധാനം ബി. കെ. ഷാജി. കോട്ടയത്ത് കല്യാണവിഡിയോകൾ എടുക്കുന്ന ഒരാളാണ് ക്യാമറ. രാജന്റെ സുഹൃത്തുക്കളായ ഡി. സലിൻ, കെ. കെ. ബഷീർ, കെ. ആർ. രാജേന്ദ്രൻ എന്നിവരും ആ സിനിമയുടെ പ്രവർത്തകരായിരുന്നു. എനിക്കുമുണ്ടായിരുന്നു ചുമതലകൾ. 

പത്രങ്ങളിൽ ആ സിനിമയെപ്പറ്റി വാർത്തകൾ വരുത്തുക എന്നതായിരുന്നു എന്റെ ചുമതല. കോട്ടയം പ്രസിദ്ധീകരണങ്ങളിൽ അതുമിതുമൊക്കെ ഞാൻ എഴുതിത്തുടങ്ങിയിരുന്നതുകൊണ്ടാണ് വയസ്സിലിളയവനായ എന്നെയും അവർ കൂട്ടിയത്. ‘നന്മ വാഴാത്ത നാട്ടിൻപുറത്തെക്കുറിച്ച് ഒരു സിനിമ’, ‘ഹൈറേഞ്ചിൽനിന്ന് ഒരു ചലച്ചിത്രം’ എന്നൊക്കെയുള്ള പേരുകളിൽ ഞാൻ എഴുതിക്കൊടുത്ത കുറിപ്പുകൾ പത്രങ്ങളിൽ അച്ചടിച്ച് വന്നു. ‘നമ്മുടെ സിനിമ ഗ്രാമീണ വായനശാലകളുടെ സഹായത്തോടെ കേരളം മുഴുവൻ പ്രദർശിപ്പിക്കും. അന്യായമായിട്ട് കളക്റ്റ് ചെയ്യിക്കും,’ രാജൻ ഇടയ്ക്കിടെ പറഞ്ഞു. രാമക്കൽമേട്, ചോറ്റുപാറ, ബാലൻപിള്ള സിറ്റി എന്നിവിടങ്ങളിൽ നടക്കുന്ന ചിത്രീകരണത്തിനു വേണ്ടി ക്യാമറാ സംഘം വന്ന് തമ്പടിച്ചു. നായകനാകാൻ നാടകനടൻ വടക്കില്ലം ഗോപിനാഥ് ഒരുങ്ങിക്കഴിഞ്ഞു. പക്ഷേ നായികയായ മുസ്‍ലിം സ്ത്രീയായി അഭിനയിക്കാൻ ആളെ കിട്ടിയില്ല. രാജൻ മനസ്സിൽക്കണ്ട സ്ത്രീകളാരും അഭിനയിക്കാൻ തയാറായില്ല. ഒടുവിൽ നടിയെ കണ്ടുപിടിക്കലും എന്റെ പണിയാണെന്ന് രാജൻ പറഞ്ഞു. ‘സിനിമേടെ പി ആർ എന്നു പറഞ്ഞാൽ എന്താന്നാ ഷാജീടെ വിചാരം?’ എന്താണ്? എനിക്കെന്തറിയാം! എങ്കിലും ഒരു സിനിമയുടെ നിലനിൽപ്പിന്റെ പ്രശ്നമാണല്ലോ എന്നോർത്ത് ഞാൻ നടിയെ തേടിയിറങ്ങി. 

ശാന്തമ്പാറയിലെ ഗാനമേളയ്ക്ക് എന്റെ കൂടെപ്പാടിയ ചേച്ചിയുടെ വിലാസം തേടിപ്പിടിച്ച് ചോറ്റി എന്ന സ്ഥലത്തുള്ള അവരുടെ വീട്ടിലെത്തി സഹായം ചോദിച്ചു. അവർ വണ്ടിപ്പെരിയാറ്റിലുള്ള ഒരു നാടക നടിയുടെ വിലാസം തന്നു. ആ നടി സിനിമ എന്നു കേട്ടതേ പേടിച്ചുപോയി. പറ്റില്ല എന്ന് തീർത്തു പറഞ്ഞു. ഇനിയെന്തു ചെയ്യും എന്ന ആലോചനയിൽ ഞാൻ ചുറ്റിത്തിരിയുമ്പോൾ മുമ്പൊരിക്കൽ ഞാനുമുണ്ടായിരുന്ന ഒരു മാട്ട ഗാനമേളയിൽ പാടിയ നസീമ എന്ന സ്ത്രീയെ ഓർമ വന്നു. അവരുടെ സ്ഥലവും വണ്ടിപ്പെരിയാറാണ്. അന്വേഷിച്ചലഞ്ഞ് ഒടുവിൽ ഒരു തേയിലക്കാടിന്റെ പുറമ്പോക്കിലുള്ള അവരുടെ വീട് കണ്ടുപിടിച്ചു. അവർക്കറിയാവുന്ന ആരെയെങ്കിലും അഭിനയിക്കാൻ കിട്ടുമോ എന്ന് ഞാൻ ചോദിച്ചു. ‘ഞാൻ നാടാത്തിലൊക്കെ അവിനയിക്കുന്നതാ.. ഞാമ്മന്നാ മതിയോ?’ അവർ ചോദിക്കുന്നു! എനിക്ക് എന്തെന്നില്ലാത്ത സന്തോഷം. കാണാൻ ഭംഗിയുള്ള സ്ത്രീയാണ്. പോരെങ്കിൽ മുസ്‌ലിമും. കഥാപാത്രത്തിന് കൃത്യമായി ചേരും. 

നസീമ അപ്പോൾത്തന്നെ എന്നോടൊപ്പം പുറപ്പെട്ടുവന്നു. കൂടെ വേറാരുമില്ല. ബസ്സിൽ ഒഴിഞ്ഞ ഇരിപ്പിടത്തിൽ അവരോടൊപ്പം ഇരിക്കാൻ മടിച്ചു നിന്ന എന്നോട് ‘എന്റടുത്തിരിക്കാൻ നാണവാണോ അതോ നാണക്കേടാണോ?’ എന്ന് ചോദിക്കുന്നു. നാണം കുറച്ചുണ്ട്. പക്ഷേ, നാണക്കേടില്ല. ഞാനടുത്തിരുന്നു. ‘നല്ല കുടുംബത്തി നല്ല നെലേ ജീവിച്ചോരാ മാഷേ. ഞാനാ മൂത്തെ. എളേത്തുങ്ങള് മൂന്നാ. അവകടം പറ്റി വാപ്പേടെ എസ്റ്റേറ്റു ജോലി പോയപ്പം പാടാനും അവിനയിക്കാനും എറങ്ങി. ഇതിനെന്നാ കൊഴപ്പം അല്ലേ? കലയല്ലേ? കലാരി ആകണോന്നാരുന്നു ചെറുപ്പത്തിലേ എന്റെ ആഗ്രം’. യവനികയിലെ ജലജയുടെ കഥ ആവർത്തിക്കുന്നു! തമിഴ് പാട്ടുകളെപ്പറ്റിയായി പിന്നെ നസീമയുടെ സംസാരം. ‘മെല്ലെ തൊറന്ന കതക് പടത്തിലെ ദർശനം പൂങ്കിരിച്ചു എന്നൊള്ള പാട്ടു കേട്ടോ? നല്ല ഒന്നാന്തരം പാട്ടാ’ അവർ പാടിത്തുടങ്ങി. അവർക്ക് തമിഴ് അറിയില്ല എന്നെനിക്ക് മനസ്സിലായി. സിനിമയുടെ പേര് ‘മെല്ലത്തിറന്തത് കതക്’ എന്നാണ്. ‘ഊരു സനം തൂങ്കിരിച്ച്’ എന്നാണ് പാട്ടിന്റെ വരി. 

രാജനും സംഘത്തിനും നടിയെ ഇഷ്ടപ്പെട്ടു. കെ. ആർ. രാജേന്ദ്രന്റെ ചേച്ചിയുടെ വീട്ടിൽ സന്തോഷമായി താമസിച്ച് നസീമ ഷൂട്ടിങ്ങിൽ പങ്കെടുത്തു. വേലയും കൂലിയുമില്ലാതെ ഗ്രാമക്കവലയിൽ കുത്തിയിരുന്ന് എല്ലാവരെയും കുറ്റം പറയുന്ന ആളുകളിൽ ഒരുവനായി ഞാനും ഒരു ദൃശ്യത്തിൽ അഭിനയിച്ചു. ക്യാമറയ്ക്കു മുന്നിലെ എന്റെ ആദ്യ അഭിനയം. പക്ഷേ സാങ്കേതികപ്രശ്നങ്ങൾ ഞങ്ങളുടെ സിനിമയെ മുന്നോട്ടുപോകാൻ അനുവദിച്ചില്ല. എടുത്താൽ പൊങ്ങാത്ത വലുപ്പമുള്ള ക്യാമറ ആയിരുന്നെങ്കിലും എടുക്കുന്ന ദൃശ്യങ്ങൾ അപ്പപ്പോൾ കാണാനുള്ള സംവിധാനമൊന്നും അതിൽ ഉണ്ടായിരുന്നില്ല. ടേപ്പ് എടുത്തുകൊണ്ട് നെടുങ്കണ്ടത്തുള്ള മൈക്കിൾ വക്കീലിന്റെ വീട്ടിൽ പോയി വേണമായിരുന്നു എടുത്ത ഭാഗങ്ങൾ കാണാൻ. ഓരോ ദിവസം കഴിയുന്തോറും സിനിമ ഉണ്ടാക്കുന്നതിന്റെ സാങ്കേതികകാര്യങ്ങളിൽ സംവിധായകന് മാത്രമല്ല ക്യാമറക്കാരനും യാതൊരു പിടിപാടും ഇല്ല എന്നു മനസ്സിലായി. എടുത്തതൊന്നും ശരിയാകുന്നില്ല എന്ന തോന്നൽ എല്ലാവർക്കും ബലപ്പെട്ടു.

‘അതൊക്കെ നിങ്ങക്ക് തോന്നുന്നതല്ലേ? എഡിറ്റിങ്ങിൽ എല്ലാം ശെരിയാക്കാവെന്നേ!’ രാജൻ പറഞ്ഞു. ‘ഇത് ഒരെഡിറ്റിങ്ങു കൊണ്ടും ശെരിയാക്കാൻ പറ്റത്തില്ല. ഇങ്ങനെയൊന്നുവല്ല സിനിമ ഒണ്ടാക്കുന്നെ’ ദേഷ്യത്തോടെ തീർത്തുപറഞ്ഞ് ശ്രീനി സഹസംവിധാനം നിർത്തി. അന്നുതന്നെ ഞാനും മടങ്ങി. ‘ഈ പരിപാടിക്ക്  ഇനിയും പണം ചെലവാക്കാൻ വയ്യ’ എന്നു പറഞ്ഞ് അടുത്ത ദിവസങ്ങളിൽ നിർമാതാവും പിന്മാറി എന്നറിഞ്ഞു. ഒരു ഗ്രാമത്തിലെ ഒരു വസന്തകാലം നാലഞ്ച് ദിവസങ്ങൾകൊണ്ട് അവസാനിച്ചു. നസീമയ്ക്ക് പണം കൊടുത്തുവോ? അവർ സന്തോഷത്തോടെയാവുമോ പോയത്? അറിഞ്ഞുകൂടാ. ഞാൻ മറ്റെന്തിലേക്കൊക്കെയോ വഴിതിരിഞ്ഞ് പൊയ്ക്കഴിഞ്ഞിരുന്നു. 

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കാലം മുതലേ മോഹൻലാലിന്റെ കടുത്ത ആരാധകനായിരുന്നു കടപ്ലാക്കൽ ജോയി. മോഹൻലാലിന്റെ പേര് കണ്ടാൽ ആ സിനിമയ്ക്ക് ജോയി കയറിയിരിക്കും. സിനിമകൾ കാണാൻ കാശുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ ഒന്നിച്ച് ഒന്നുരണ്ടുമാസം ഒരു ട്യൂഷൻ സെന്റർ നടത്തിയിട്ടുണ്ട്. പ്രീഡിഗ്രി കഴിഞ്ഞ് കുറച്ചുനാൾ ജോയി സ്ഥലത്തുണ്ടായിരുന്നില്ല. എനിക്കാണെങ്കിൽ വീട്ടിൽ നിൽക്കാൻ വയ്യാതായിരിക്കുന്നു. എങ്ങോട്ടെങ്കിലും പോണം. ഒരു ദിവസം തലനിറയെ പ്രശ്നങ്ങളുമായി ഞാൻ വഴിയരികിലെ കലുങ്കിൽ ഇരിക്കുമ്പോൾ അതാ ജോയി വരുന്നു. ജോയിക്ക് ജോലി ആയി. കോട്ടയത്തുള്ള ലിയോ ബുക്സ് എന്ന പുസ്തകവിൽപന സ്ഥാപനത്തിന്റെ പ്രതിനിധിയാണ്. ‘എന്റെ കൂടെ പോര്. കമ്പനിച്ചെലവിൽ കൊറേ നാടു കാണാം. കൊറച്ചൊക്കെ കാശും കിട്ടും. നമ്മക്കെന്നാ? സിനിമാ കാണണം. ശാപ്പാടടിക്കണം. അത്രയല്ലേ ഒള്ളു? പോരുന്നേ പോര്’. 

അടുത്ത ദിവസംതന്നെ ഞാൻ ജോയിയുടെ കൂടെ പുറപ്പെട്ടു. ചെന്നയുടൻ ജോലിയും കിട്ടി. എം.സി. ജോസഫ് എന്നയാളുടെ സ്ഥാപനമാണ്. സോവിയറ്റ് ലാൻഡ്, സോവിയറ്റ് യൂണിയൻ, റഷ്യൻ ലൈഫ്, സ്പുട്നിക് എന്നിങ്ങനെയുള്ള പല റഷ്യൻ പ്രസിദ്ധീകരണങ്ങൾക്ക് നാടുനീളെ നടന്ന് വരിക്കാരെ പിടിക്കണം. എന്നെ ജോലി പഠിപ്പിക്കുന്ന പണി ജോയി ഏറ്റെടുത്തു. എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് ഒരാഴ്ച ജോയിയുടെ ഒപ്പം നടന്ന് മനസ്സിലാക്കി. പിന്നെ ഞങ്ങൾ രണ്ടാളും രണ്ട് വഴിക്കായി. അഞ്ചാറു മാസം ആ ജോലിയുമായി ഞാൻ യാത്ര ചെയ്തു. ഉൾനാടുകളിലൂടെയെല്ലാം സഞ്ചരിച്ച് കേരളം നന്നായി കണ്ടു. കേരളത്തിലെ ഒട്ടുമിക്ക സിനിമാ കൊട്ടകകളിൽനിന്നും സിനിമകളും കണ്ടു. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലിഷ്... ആഴ്ചയിൽ നാലും അഞ്ചും സിനിമകൾ. വൈകുന്നേരം പണികഴിഞ്ഞ് വന്നാൽ നേരെ സിനിമയ്ക്ക്. ഗുണവും ദോഷവുമൊന്നും നോക്കാതെ സർവമാന സിനിമകളും കണ്ടുകൂട്ടിയ കാലമായിരുന്നു അത്. ജോയിയെപ്പോലെ ഞാനും ഒരു കടുത്ത മോഹൻലാൽ ആരാധകനായത് അക്കാലത്താണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾക്കു ശേഷം തേനും വയമ്പും, അഹിംസ, പടയോട്ടം, വിസ എന്നീ സിനിമകളിൽ മോഹൻലാലിനെ കണ്ടിട്ടുണ്ട്. കുയിലിനെ തേടിയിലെ വില്ലൻ ഞെട്ടിച്ചതാണ്. എങ്ങനെ നീ മറക്കും, ആട്ടക്കലാശം, കാറ്റത്തെ കിളിക്കൂട്, ചങ്ങാത്തം, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, അപ്പുണ്ണി, ഉണരൂ എന്നീ സിനിമകൾ കണ്ടതോടെ മോഹൻലാലില്ലാതെ ജീവിതമില്ല എന്ന നിലയിലായി. 

കായംകുളത്തിനടുത്തുള്ള ഒരു സ്ഥലത്ത് കടകൾതോറും കയറിയിറങ്ങി സോവ്യറ്റ് നാടിന് വരിക്കാരെ ചേർക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ. ആരും വഴങ്ങുന്നില്ല. കച്ചവടം ഒന്നും നടന്നിട്ടില്ല. ഒരു കെട്ടിടത്തിന് മുമ്പിൽ നല്ല ആൾക്കൂട്ടം. അവിടെച്ചെന്ന് വരിക്കാരെ പിടിക്കാൻ നോക്കിയാലോ? അന്വേഷിച്ചപ്പോൾ സിനിമാ ഷൂട്ടിംഗാണ്. മോഹൻലാൽ അഭിനയിക്കുന്ന പടമാണത്രെ. ആ കെട്ടിടത്തിനുള്ളിൽ മോഹൻലാലും ശങ്കരാടിയുമുണ്ട്! എനിക്കിനി വരിക്കാരും വേണ്ട കച്ചവടവും വേണ്ട. എങ്ങനെയെങ്കിലും മോഹൻലാലിനെ കണ്ടാൽ മതി. ഞാനും ആൾക്കൂട്ടത്തിനൊപ്പം കൂടി. നേരമേറെ കഴിഞ്ഞിട്ടും മോഹൻലാൽ പുറത്തുവന്നില്ല. നിന്നുനിന്ന് കാൽ കഴച്ചു. ഒടുവിൽ  നിരാശനായി ഞാൻ പിന്മാറി. അടുത്തുള്ള ഒരു കടയിൽ കയറി ഉടമസ്ഥനോട് സോവ്യറ്റ് നാടിന്റെ ഗുണങ്ങളെപ്പറ്റി വീണ്ടും വിസ്തരിച്ചു തുടങ്ങി. 

പെട്ടെന്ന് ഷൂട്ടിംഗ് കെട്ടിടത്തിന് മുന്നിൽ നിന്നിരുന്ന ആൾക്കൂട്ടത്തിനിടയിൽ ഒരു ചലനം. മോഹൻലാൽ വന്നതാണോ? ഞാൻ എത്തിവലിഞ്ഞ് നോക്കി. ആൾക്കൂട്ടത്തിനിടയിലൂടെ അതാ വേഗത്തിൽ നടന്നിറങ്ങുന്നു ശങ്കരാടി. അദ്ദേഹം ഒരു കാറിൽ കയറിപ്പോയി. ഒരു മിന്നായംപോലെ കാണാനേ പറ്റിയുള്ളൂ എങ്കിലും ഞാൻ ആദ്യമായി നേരിൽ കണ്ട സിനിമാനടൻ മലയാള സിനിമയിലെ എക്കാലത്തെയും നല്ല നടന്മാരിലൊരാളായ ശങ്കരാടിയായി. ശങ്കരാടി വന്ന സ്ഥിതിക്ക് എന്തായാലും മോഹൻലാൽ വരാതിരിക്കില്ല. ഞാൻ വീണ്ടും ആൾക്കൂട്ടത്തിൽ പോയി നിന്നു. കുറേനേരം കഴിഞ്ഞപ്പോൾ അകത്തുനിന്നിറങ്ങി വന്ന ഒരാൾ ഞങ്ങളെ നോക്കി ‘നിങ്ങളൊക്കെ എന്ത് കാണാൻ നിക്കുകാ?’ എന്നു ചോദിച്ചു. ഞാൻ ചാടിക്കയറി ‘മോഹൻലാലിനെ കാണാൻ വന്നതാ’ എന്നു പറഞ്ഞു. ‘മോഹൻലാലോ? ഇവിടെ മോഹൻലാലൊന്നും ഇല്ല. ഇന്ന് വരത്തുവില്ല.’

(തുടരും)

Books In Malayalam LiteratureMalayalam LiteratureNewsമലയാളസാഹിത്യം