Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൾക്കൂട്ടത്തിന്റെ പുനർവായനാനഷ്ടം

anand-aalkoottam ആൾക്കൂട്ടത്തിന്റെ അരനൂറ്റാണ്ട്...

നഗരങ്ങൾ നിർമിക്കുന്ന മനുഷ്യർ ആ നഗരങ്ങളുടെ അന്യവത്ക്കരണങ്ങളിൽ അകപ്പെട്ട് ഒറ്റപ്പെടുന്നതും സ്വത്വം നഷ്ടപ്പെട്ട് സംഘത്തിന്റെ, ആൾക്കൂട്ടത്തിന്റെ രൂപം / വേഷം അണിയേണ്ടിവരുന്നതും കണ്ട് ആശങ്കപ്പെട്ട് മലയാളത്തിന്റെ എഴുത്തിൽ അവ രേഖപ്പെടുത്തപ്പെട്ടിട്ട് അരനൂറ്റാണ്ട് തികയുന്നു. മലയാളത്തിൽ അതിനുമുൻപ്‌ ഇങ്ങനെ നഗരകേന്ദ്രിതമായ മനുഷ്യാവസ്ഥകളുടെ വിചാരഭൂമിക പൂർണാർഥത്തിൽ എഴുത്തിൽ കടന്നു വന്നിട്ടില്ലായിരുന്നു. എഴുത്തിലെ ആധുനികതയുടെ വരവായിട്ടാണ് അക്കാലത്തെ സാഹിത്യകൃതികൾ അടയാളപ്പെടുത്തപ്പെട്ടത്. 'ഖസാക്കിന്റെ ഇതിഹാസ'വും 'ഡെൽഹി'യും അവയിൽ മുന്നേ നടന്നു പോയവയായിരുന്നു. ആ കൃതികളുടെ തൊട്ടു പിമ്പേ നടക്കാൻ പിറവിയിൽ ഊർജം കാണിച്ച കൃതിയായിരുന്നു 'ആൾക്കൂട്ടം'. 

നോവൽ രചനയുടെ പണിക്കാലശേഷം, വായനയുടെ പക്ഷത്തുനിന്ന് മറ്റൊരാൾ കാണുന്ന കാലയളവാണ് ആ കൃതിക്ക് അൻപതാണ്ടിന്റെ ജീവിതം- ഭൂതകാലം- നൽകുന്നത്. എം ഗോവിന്ദനാണ് 'ആൾക്കൂട്ടം' ആദ്യം കാണുന്ന, വായിക്കുന്ന ആ മറ്റൊരാൾ; 1968 ഫെബ്രുവരിയിൽ. ജൂലൈ മാസത്തിനു മുൻപ് വായന തീർത്തു തിരുത്തുകൾ അഭിപ്രായപ്പെട്ടു മടക്കി നൽകി. ഇങ്ങനെ എഴുത്തുകാരനപ്പുറം ആ കൃതി വായിക്കാൻ പോകുന്നവരുടെ കൂട്ടത്തിലെ ആദ്യ ആളുടെ വായന മുതൽ, അമ്പതാണ്ടിനിപ്പുറം പുനർവായനയുടെ സാധ്യതകളെല്ലാം അടഞ്ഞു മറവിയിലേക്ക് പിൻവാങ്ങി കഴിഞ്ഞ ആ കൃതിയുടെ അൻപതു വർഷത്തെ ജീവിതം ആലോചനകൾക്കും വിചാരങ്ങൾക്കും കാരണമാകേണ്ടതുണ്ട്. അത്രമേൽ ആ നോവൽ മലയാളത്തിൽ വിചാരപ്പെടുകയും വിമർശിക്കപ്പെടുകയും ഉണ്ടായി. 

മനുഷ്യനും അവളുടെ / അവരുടെ / അവന്റെ അവസ്ഥാന്തരങ്ങളും നോവലിന്റെ വിചാര മണ്ഡലം ആയിരിക്കുമ്പോൾ, ഏതുകാലത്തെ പുനർവായനകൾക്കും സാധ്യത തുറക്കുന്ന, പലമാനങ്ങളിൽ സാക്ഷാത്കൃതമാവുന്ന, പല അർഥങ്ങൾ ഉൽപാദിപ്പിക്കുന്ന രചനയായി അത് രൂപാന്തരപ്പെടണം. ഏതുവിധമായ പുനർവായനയിലും തോറ്റുകൊടുക്കാത്ത ഉൾവീര്യം അതിലെക്കാലവും വെല്ലുവിളിച്ചു നിൽക്കണം. വളരെ പരിമിതമായ കാലത്തോടുമാത്രം സംവദിച്ചു കൊണ്ട് നിൽക്കുന്ന ഒരു രചനയെ മനുഷ്യാവസ്ഥകളുടെ ആലേഖനങ്ങളുടെ കൃതി എന്നു വിളിക്കുക വയ്യ. വായനകളുടെ അമ്പതാണ്ടിനിപ്പുറം 'ആൾക്കൂട്ടം' പുനർവായനകളുടെ ഈ വെല്ലുവിളിഘട്ടം നേരിടാനാവാതെ പിൻവാങ്ങുന്നതായി കരുതണം. 

Anand-novel

സുനിലിനോ ജോസഫിനോ പ്രേമിനോ രാധയ്ക്കോ വർത്തമാനകാലത്തെ ഒന്നിനോടും സംവദിച്ചു നിൽക്കാൻ സാധ്യതയുള്ളതായി കാണുന്നില്ല. ജീവിതത്തിന്റെ ഏതു പ്രതിസന്ധിക്കിടയിലിരുന്നും അവർ നടത്തിയ ദാർശനിക ചർച്ചകൾ പ്രതീക്ഷയറ്റ വെറും വാക്കുകളായി തളർന്നു മടങ്ങുന്നു. തങ്ങളാഗ്രഹിക്കുന്ന മാറ്റങ്ങളുണ്ടാക്കാൻ സമൂഹമധ്യത്തിലേക്ക് ഇറങ്ങി നടക്കുന്നവരല്ല നോവൽ കാലത്തിനകത്തും ഈ കഥാപാത്രങ്ങൾ. വിലയിരുത്തലിന്റെയും വിമർശനത്തിന്റെയും വെളിമ്പുറങ്ങളിൽ സംവാദങ്ങൾ കഴിഞ്ഞ് എഴുന്നേറ്റു പോകുന്ന കേവല ചർച്ചക്കാരായി മാത്രം നോവലിൽ അടയാളപ്പെടുത്തിയവരാണവർ.

വ്യക്തി / ആൾക്കൂട്ടം / പുനർവായന 

ആനന്ദിന്റെ 'ആൾക്കൂട്ടം' എന്ന നോവൽ പുതുകാലത്തെ പുനർവായനയിൽ നേരിടുന്ന വലിയ വെല്ലുവിളി, ഒരാളിൽത്തന്നെയുള്ള പലരുടെ പലതായ ആൾക്കൂട്ടങ്ങളിൽ നിന്നാവും. വ്യക്തിസ്വത്വങ്ങളുടെ ഏകമാനമായ വിചാരങ്ങളുടെ കാലത്തുനിന്ന് ഒരു വ്യക്തിയിൽത്തന്നെ അന്തർലീനമായ പല വ്യക്തികളുടെ സ്വത്വം അടയാളപ്പെടുന്ന കാലത്തിലേക്കെത്തുമ്പോൾ 'ആൾക്കൂട്ടം' എന്ന നോവലിന്റെ പുനർവായന പരാജയപ്പെടുമെന്നു കരുതണം. ഒരാൾ തന്നെ ഇന്ന് ഒരാൾക്കൂട്ടമാണ്. വ്യക്തിഗത അനുഭവങ്ങളുടെ മാത്രം സഞ്ചയമല്ല ഇന്ന് ഒരു മനുഷ്യൻ. ഒരാളിൽത്തന്നെ ബഹുത്വമാർന്ന പലരാണ് കുടികൊള്ളുന്നത്. നഗരത്തിൽ മാത്രം ജനിച്ചു ജീവിക്കുന്നു എങ്കിലും ആ നഗരാനുഭവം മാത്രമല്ല ഒരാളിൽ ഉൾച്ചേർന്നു വളരുന്നത്. പല നഗരങ്ങളുടെ, പല ജീവിതങ്ങളുടെ, പല ഭാഷകളുടെ, പല അനുഭവങ്ങളുടെ, പല ചരിത്രങ്ങളുടെ എല്ലാം സങ്കലനം ഇന്ന് ഒരാളിൽ പ്രവർത്തിച്ച്, ഒറ്റ സ്വത്വമായി മാത്രമുള്ള ഒരാളുടെ നിലനിൽപ്പ് അസാധ്യമാക്കുന്നു. ഒരാളുടെ സ്വത്വം ഇന്ന് അയാളുടെ മാത്രം നിർമിതിയല്ല. ബാഹ്യമായ പലതുകളുടെ കൂടിച്ചേരൽ ഒറ്റ സ്വത്വം എന്ന പരികല്പന അസാധുവാക്കുന്നു.

ഒരാളുടെ ജീവിതവും ഇടപെടലുകളും പലരാൽ കണ്ടുകൊണ്ടിരിക്കപ്പെടുകയാണ് എന്ന ബോധം അവളിലെ / അവരിലെ  / അവനിലെ സ്വത്വത്തെ ആ പലരുടെയും സ്വീകാര്യതയ്ക്ക് അനുഗുണമായ വിധം മാറ്റിത്തീർക്കുന്നു. 'ആൾക്കൂട്ട'ത്തിലെ കഥാപാത്രങ്ങൾ അവരുടെ സ്വത്വങ്ങൾ തിരിച്ചറിയപ്പെടാൻ ആവാത്ത വിധം ആൾക്കൂട്ടത്തിൽ ലയിച്ചുപോവുന്നതിൽ വ്യഥ പൂണ്ടപ്പോൾ, ഉത്തരാധുനിക കാലത്ത് ഓരോ വ്യക്തിയും ഏതിനെ തങ്ങളുടെ സ്വത്വമായി തിരിച്ചറിയപ്പെടണം, അടയാളപ്പെടുത്തണം എന്ന് ആശങ്ക പൂണ്ടവരായി മാറുന്നു. പലരിലെ ആരാണ് ഞാൻ എന്ന് അന്വേഷിക്കേണ്ടതായി വരുന്നു. 'ആൾക്കൂട്ട'ത്തിലെ കഥാപാത്രങ്ങളാരും ഈ വ്യഥയിൽ അകപ്പെട്ടിരുന്നില്ല. 

വിവരസാങ്കേതികതയും സമൂഹമാധ്യമങ്ങളും ഒരാളുടെ ജീവിതത്തിന്റെ ഉള്ളടക്കം എന്താവണം എന്നു തീരുമാനിക്കുന്നത് നേരിട്ടല്ലാത്തതിനാൽ, സംഘർഷമില്ലാതെ ഒരു കൺവെയർ ബെൽറ്റിൽ നീങ്ങി മാറുന്നപോലെ ബഹുസ്വത്വങ്ങളുടെ ആൾക്കൂട്ടങ്ങളായി ഒരാൾ മാറിപ്പോകുന്നു. ആൾക്കൂട്ടത്തിൽ ലയിച്ചു സ്വത്വം മാഞ്ഞു പോയതു പോലെയല്ല ഉത്തരാധുനിക കാലത്ത് ആൾക്കൂട്ട ബോധത്താൽ നിയന്ത്രിക്കപ്പെടുന്ന ആൾക്കൂട്ട അനുകൂല സ്വത്വ നിർമിതിയുടെ പ്രശ്‍നം അഭിമുഖീകരിക്കേണ്ടത്. 'ആൾക്കൂട്ടം' നോവലിൽ ഈ സാമൂഹികാന്തരീക്ഷം നിലനിൽക്കാത്തതിനാൽ ആർക്കും ഈ  പ്രശ്‍നം അഭിമുഖീകരിക്കേണ്ടതായി വരുന്നില്ല. 

ക്രിയാത്മകമായ സ്വയം നിർണയത്തിന്റേ റിയാലിറ്റി ഷോയിൽ അകപ്പെട്ടവരാണ് ഇന്നത്തെ നഗരവാസികളായ മധ്യവർഗം. അവളുടെ / അയാളുടെ ചിന്തകൾ, ധാരണകൾ, ആഗ്രഹങ്ങൾ, തീരുമാനങ്ങൾ എല്ലാം ആൾക്കൂട്ട ബോധത്തിന്റെ ലൈക്കിനു വേണ്ടി സ്വയം നിയന്ത്രിതമാവുന്നു. ബിംബങ്ങൾ, ഭാഷ എന്നിവ ആ ലക്ഷ്യത്തിലേക്കു മാത്രമായി തിരഞ്ഞെടുക്കപ്പെടുന്നു. മറ്റൊരു സന്ദർഭത്തിൽ ഇതേ ബിംബത്തെ, ഭാഷയെ ഉപേക്ഷിച്ചു മറ്റൊരു നിർമിതിയിലേക്കു നടന്നു പോകുന്നു. വ്യക്തി ആൾക്കൂട്ടത്തിൽ ഇല്ലാതാവുന്നതിനു പകരം ആൾക്കൂട്ടം വ്യക്തിയെ നിർമിക്കുന്ന, വാർത്തെടുക്കുന്ന തലത്തിലേക്കുള്ള സാമൂഹികഘടനയിലെ മാറ്റം നേരിടാൻ ആ നോവൽ അശക്തമാവുന്നു. നോവൽ രചനയുടെ കാലം പഴയതാണ് എന്ന യുക്തി ഈ പരാജയപ്പെടലിനെ നേരിടാൻ പര്യാപ്തമാവും എന്ന് കരുതുക വയ്യ. പുതിയ കാലത്തെ പുനർ വായനകൾക്ക് അസാധ്യമാകും വിധം ഊർജം നിറച്ചതു മാത്രമാണ് ഈ നോവൽ എന്ന മുൻ‌കൂർ ജാമ്യമെടുക്കലാവും അത്.

സ്വത്വ നഷ്ടങ്ങളുടെ  അവസ്ഥയെ ഒരു പ്രതിസന്ധിയായി കാണാത്ത, മാറുന്ന, കലരുന്ന സ്വത്വമാണ് തന്റേത് എന്നു പറയുന്ന പുതിയ കാലത്തു സ്വത്വ പ്രശ്‍നം ഒരു വ്യഥയായി രൂപം മാറുന്നില്ല. ഗ്രാമീണ / നാഗരിക സ്വത്വം എന്ന തലത്തിൽനിന്ന് വേർപെട്ട് മർദക / മർദിത സ്വത്വം എന്ന ഘട്ടത്തിലേക്ക് അടയാളപ്പെട്ട്, അവിടെനിന്നു വീണ്ടും വിച്ഛേദിച്ചു ഭാഷ / ലിംഗ / ദേശ സ്വത്വങ്ങളുടെതിലേക്ക് വികസിച്ച്, ഇവക്കിടയിൽ ലംബമായും സമാന്തരമായും സഞ്ചരിച്ചു പലതിന്റെ കൂടിച്ചേരലും ഒറ്റയൊറ്റയായ നിലനിൽപ്പും സാധ്യമാകുന്ന ബഹുലതയിൽ ഏകമാനമായ സ്വത്വങ്ങളുടെ അഭിസംബോധനകൾ അസ്ഥിരപ്പെടുന്നു. 

mayyazhi-khasak

വിട്ടുപോന്ന ഗ്രാമത്തിന്റെയും വീടിന്റെ ഓർമകളുടെയും ചേക്കേറുന്ന നഗരത്തിന്റെയും കൂടുതൽ വേഗമുള്ള യാന്ത്രിക ജീവിതത്തിന്റെയും മധ്യേ മാത്രം സ്വത്വം വെച്ചുമാറേണ്ടവരല്ല ഒരുദേശത്തെ ജനതയും. സ്വത്വത്തിലും സ്വത്വങ്ങളുടെ രൂപപ്പെടലിലും മാറ്റങ്ങളിലും ജീവിത പരിസരത്തുള്ള എന്തും വെല്ലുവിളിച്ചു നിൽക്കുന്ന, പ്രതിരോധിച്ചും സ്വാംശീകരിച്ചും മുന്നേറേണ്ടുന്ന ജീവിതങ്ങളെ നിരന്തരം നേരിടുന്നവരാണ് ഓരോ വ്യക്തിയും. നോവലിൽ സുനിലോ ജോസഫോ രാധയോ സംവദിക്കുന്ന ഒരു ആശയലോകവും ജീവിതവേഗവും വർത്തമാന കാലത്തെ ഒന്നിനോടും സംസാരിക്കാൻ കെൽപ്പുള്ളവയല്ല. ആനന്ദ് തന്റെ കഥാപാത്രങ്ങളെ വളരെയേറെ വാചാലരാക്കി. വായനയുടെ ഇടപെടലുകൾക്ക് ഇടമില്ലാത്തവിധം പൂർത്തീകരിക്കപ്പെട്ട സംഭാഷണങ്ങൾ കൊണ്ട് ഓരോ കഥാപാത്രവും അടയാളപ്പെടുത്തപ്പെട്ടു. അവർ എല്ലാം പറഞ്ഞും സംവദിച്ചും അവസാനിപ്പിച്ചു. വായനക്കാർ അവരുടെ കേൾവിക്കാരായി മാത്രം മാറ്റപ്പെട്ടു.

പുതുകാലത്തെ പുനർവായനയിൽ 'ഖസാക്കി'ലെ 'രവി'യിലേക്ക് പുതിയതായി നടന്നു ചെല്ലാനാവുന്നപോലെ 'ആൾക്കൂട്ട'ത്തിലെ കഥാപാത്രങ്ങളിലേക്ക് നടന്നു ചെല്ലാൻ ആവുന്നില്ല. അടഞ്ഞു പോകുന്ന ആ സാധ്യത പുനർവായനകളുടെ വെല്ലുവിളികൾക്കായി ആനന്ദ് തുറന്നിടണമായിരുന്നു. രചനാകൗശലത്തിന്റെ പ്രശ്നം മാത്രമാണിതെന്ന് കരുതാൻ കഴിയില്ല. ആധുനികകാല എഴുത്തിന്റെ ആഘോഷങ്ങൾക്കൊടുവിൽ 'ഡൽഹി'യും ഇങ്ങനെ മറവിയിലേക്ക് പിൻവാങ്ങിയ കൃതിയാണ്. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ വായിക്കപ്പെടുന്ന പോലെ 'ഡൽഹി' വായിക്കപ്പെടുന്നില്ല. 'ഗോവർധന്റെ യാത്ര'കളോ 'മരുഭൂമികൾ ഉണ്ടാകുന്ന'തോ 'അപഹരിക്കപ്പെട്ട ദൈവങ്ങ'ളോ വായിക്കപ്പെടുന്നപോലെ 'ആൾക്കൂട്ട'ത്തിലേക്ക് ആൾക്കൂട്ടം എത്തുന്നില്ല. 

സുനിലിനെയും ജോസഫിനെയും പ്രേമിനെയും രാധയെയും പുതിയ കാലത്തെ സാമൂഹികാവസ്ഥയിൽ നിർത്തി പുതിയ അവസ്ഥകളെ അഭിമുഖീകരിപ്പിച്ചു പുതിയ ഒരു നോവലിന് സാധ്യതയുണ്ടോ? 'ആൾക്കൂട്ട'ത്തിന്റെ ഒരു രണ്ടാം കാല രചന?

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം