Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരിക്കുമോ പ്രണയമില്ലാത്ത സ്ത്രീകള്‍

രണ്ടു സ്ത്രീകള്‍ ഒരുമിച്ചുചേരാന്‍ പ്രയാസമാണെന്നൊരു ചൊല്ലുണ്ട്. സ്ഥിരവും ശാശ്വതവുമായി ഒരു ബന്ധം ഉണ്ടാകുന്നതിനുമുമ്പുതന്നെ അവര്‍തമ്മില്‍ വഴക്കു തുടങ്ങുമെന്നാണു ചൊല്ലു പറയുന്നത്. വിശ്വസനീയമായ തെളിവുകളുടെ അടിസ്ഥാനത്തിലോ, അനുഭവത്തിന്റെ അടിത്തറയില്‍നിന്നോ അല്ല മറിച്ച്, വര്‍ഷങ്ങളായി പറഞ്ഞുകേട്ടും പ്രചരിച്ചും സമൂഹമനസ്സില്‍ പുരുഷലോകം ഉറപ്പിച്ച ധാരണകളിലൊന്ന്. ഇങ്ങനെയുള്ള ഒന്നിലേറെ അബദ്ധധാരണകളുടെ പുറത്താണു പുരുഷനെ നായകനായും, നായകനെ കേന്ദ്രമാക്കിയും സാമൂഹിക കുടുംബജീവിതങ്ങള്‍ സൃഷ്ടിച്ചതും സ്ത്രീയെ പുരുഷന്റെ നിഴലുമാത്രമാക്കി വിവേചനത്തെ അംഗീകൃത നിയമവും നാട്ടുനടപ്പുമാക്കിയതും. രണ്ടു സ്ത്രീകള്‍ക്ക് ഒരുമിച്ച് സ്ഥിരവും ശാശ്വതവുമായ, എന്നെന്നും നിലനില്‍ക്കുന്ന ഒരു സര്‍ഗ്ഗവിസ്മയം അസാധ്യമാണെന്ന് ഇനിയും ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അവരെ യാഥാര്‍ഥ്യത്തിലേക്കു വിളിച്ചുണര്‍ത്താന്‍ ഒരു പുസ്തകം– ഉപേക്ഷിക്കപ്പെട്ട ദിവസങ്ങള്‍. ‘ഡേയ്സ് ഓഫ് അബാന്‍ഡന്‍മെന്റ്’ എന്ന ഇറ്റാലിയന്‍ നോവലിന്റെ മൊഴിമാറ്റം. 

ഇറ്റലിയില്‍ അജ്ഞാതയായി ജീവിക്കുന്ന, തൂലികാനാമത്തിന്റെ മറവില്‍ വ്യക്തിവിശദാംശങ്ങള്‍ മറച്ചുവയ്ക്കുന്ന എലേന ഫെറാന്റെ. ഇതിനകം സമകാലിക ലോക സാഹിത്യത്തിലെ ഏകാന്ത വിസ്മയം എന്നു പേരെടുത്ത എഴുത്തുകാരി. ബെസ്റ്റ് സെല്ലറുകളുടെ രചയിതാവ്. അജ്ഞാതാവസ്ഥയില്‍തന്നെ താന്‍ തുടരുമെന്നും തന്റെ വാക്കുകള്‍ മനസ്സിലാക്കാന്‍ വ്യക്തിവിവരങ്ങള്‍ ആവശ്യമില്ലെന്നും ഉറച്ചുവിശ്വസിച്ച്, സ്വയംബോധ്യങ്ങളെ തിളച്ചുമറിയുന്ന ലാവയ്ക്കു സമാനമായ ഭാഷയില്‍ ഉരുക്കിയൊഴിച്ച കഥാകാരി. എലേനയെ ഇന്ത്യന്‍ ഭാഷകളിലാദ്യമായി മലയാളത്തിനു പരിചയപ്പെടുത്തുകയാണ് സംഗീത ശ്രീനിവാസന്‍. കുട്ടികളുടെ മനസ്സു കീഴടക്കിയ കൃതികളിലൂടെ സാഹിത്യരംഗത്തു പ്രവേശിച്ച്, വ്യത്യസ്തമായ ഭാവുകത്വത്തിന്റെ രൂക്ഷത പ്രകടമാക്കിയ ആസിഡ് എന്ന നോവലിലൂടെ പ്രശസ്തയായ എഴുത്തുകാരി. സ്ത്രീഹൃദയത്തിന്റെ വിഹ്വലതകള്‍ക്കും വിമോചന പ്രതീക്ഷകള്‍ക്കും അക്ഷരലോകത്ത് ആവിഷ്ക്കാരം കൊടുത്ത എലേനയുടെ മാസ്റ്റര്‍പീസ് മലയാളത്തിലെ ഏറ്റവും മികച്ച പുസ്തകമാക്കിയിരിക്കുന്നു സംഗീത. 

രണ്ടു സ്ത്രീകള്‍, അതും രണ്ടു രാജ്യങ്ങളിലുള്ളവര്‍, പരസ്പരം കണ്ടിട്ടും സംസാരിച്ചിട്ടുമില്ലാത്തവര്‍ അക്ഷരങ്ങളിലൂടെ ഒരുമിക്കുന്ന കാഴ്ചയാണ് ഡെയ്സ് ഓഫ് അബാന്‍ഡന്‍മെന്റ് എന്ന കൃതിയുടെ വിവര്‍ത്തനം. ഒരു ശരീരത്തില്‍നിന്ന് ഹൃദയത്തെ പരുക്കുകളും മുറിവുകളുമില്ലാതെ മുറിച്ചുമാറ്റി മറ്റൊരു ശരീരത്തില്‍ സുരക്ഷിതമായി തുന്നിച്ചേര്‍ക്കുന്നതുപോലുള്ള സങ്കീര്‍ണമെങ്കിലും വിദഗ്ധമായി പൂര്‍ത്തീകരിച്ച വിവര്‍ത്തന ശസ്ത്രക്രിയ. ഒരു ഇറ്റാലിയന്‍ കൃതി അതു ജന്‍മമെടുത്ത ഭാഷയില്‍ സൃഷ്ടിച്ച അതേ അസ്വസ്ഥതകള്‍ ഒരുപക്ഷേ അതിലും തിവ്രമായി മലയാളത്തിലും അനുഭവിപ്പിക്കുന്ന മൊഴിമാറ്റം. സ്ത്രീയെക്കുറിച്ച് എഴുതിയതും സ്ത്രീകള്‍ എഴുതിയതുമായ ആയിരക്കണക്കിനു കൃതികള്‍ക്കും അനുഭവിപ്പിക്കാന്‍ കഴിയാതിരുന്ന രഹസ്യങ്ങളുടെയും നിഗൂഡതകളുടെയും സങ്കീര്‍ണതകളുടെയും അവതരണം. സുഖമുള്ള വേദനയായി, ‘ ഭയങ്കരമായ’  സൗന്ദര്യമായി, ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ദുരന്തമായി മോഹിപ്പിക്കുന്ന കൃതി. ആത്മാവിനെ പൂര്‍ണമായും ഉള്‍ക്കൊണ്ട മൊഴിമാറ്റം. എലേന-സംഗീത കൂട്ടുകെട്ടില്‍ യാഥാര്‍ഥ്യമായ ‘ഉപേക്ഷിക്കപ്പെട്ട ദിവസങ്ങള്‍’ അര്‍ഥശങ്കയ്ക്കിടയില്ലാതെ പറയാം; വര്‍ത്തമാനകാലത്തിന്റെ ഇതിഹാസം തന്നെ. 

എന്റെ വാക്കുകള്‍ക്കും വ്യക്തിത്വത്തിന്റെ വിശദാംശങ്ങള്‍ക്കും പകരം എന്റെ പുസ്തകങ്ങള്‍ സംസാരിക്കും എന്നു പ്രഖ്യാപിച്ച്, പരസ്യമാകാനുള്ള ലോകത്തിന്റെ നിരന്തരമായ അഭ്യര്‍ഥനകളെയും അപമാര്യാദയോളമെത്തുന്ന സ്വകാര്യതയിലെ കടന്നാക്രമണങ്ങളെയും ചെറുത്തുനില്‍ക്കുന്ന എലേനയുടെ കൃതിയുടെ കേന്ദ്രകഥാപാത്രം ഓൾഗ. മുപ്പത്തിയെട്ടുവയസ്സുകാരി. വിവാഹിത. ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കുമൊപ്പം ജീവിക്കുന്ന സാധാരണ വീട്ടമ്മ. ഒരു ഏപ്രില്‍ മധ്യാഹ്നത്തില്‍ ഉച്ചഭക്ഷണത്തിനു തൊട്ടുപിന്നാലെ കീഴ്മേല്‍ മറിയുകയാണ് ഓള്‍ഗയുടെ ലോകം. തീന്‍മേശ വൃത്തിയാക്കുന്നതിനിടെ ഭര്‍ത്താവ് പ്രഖ്യാപിക്കുന്നു, അദ്ദേഹം ഓള്‍ഗയെ വിട്ടുപോകാന്‍ ആഗ്രഹിക്കുന്നുവെന്ന്. മുമ്പൊരു തവണ അവിഹിതത്തോളമെത്തുന്ന വ്യതിയാനത്തില്‍നിന്നു തിരിച്ചുവന്നയാളാണു ഭര്‍ത്താവ് മാരിയോ. വ്യതിയാനങ്ങളുടെയോ അവിഹിതത്തിന്റെയോ നേരിയ സൂചന പോലും നല്‍കാതെയാണ് ഇപ്പോള്‍ മാരിയോ പെട്ടെന്നു തന്റെ മനസ്സു വെളിപ്പെടുത്തുന്നത്. ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാനാകാതെ ഓള്‍ഗ കടന്നുപോകുന്ന ശാരീരികവും മാനസികവുമായ സംഘര്‍ഷങ്ങള്‍. മാനസിക ക്രമക്കേടുകള്‍. ബോധം ഇല്ലാതാകല്‍. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടിട്ടും കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സാഹസികമായി ശ്രമിക്കുന്ന അമ്മയെ മനസ്സിലാക്കാതെ ആഴ്ചയിലൊരിക്കല്‍ കാണാന്‍ ശ്രമിക്കുന്ന അച്ഛനെ ആവേശത്തോടെ കാത്തിരിക്കുന്ന കുട്ടികള്‍. ജാന്നിയും ഇലാരിയയും. ഭര്‍ത്താവ് ഇഷ്ടപ്പെട്ടു വളര്‍ത്തുകയും, നാഥനില്ലാത്ത വീട്ടില്‍ കാവല്‍ക്കാരന്റെ സ്ഥാനം സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്ത നായ ഓള്‍ട്ടോ. വാള്‍മുനയിലൂടെ നടക്കുകയാണ് ഓള്‍ഗ. 

കരാനോ എന്നൊരു സംഗീതജ്ഞനുണ്ട് ഓള്‍ഗയുടെ ഫ്ലാറ്റില്‍. ഒറ്റയ്ക്കു താമസിക്കുന്നയാള്‍. ചുമല്‍ കുനിച്ച്, വാദ്യോപകരണത്തിന്റെ ഭാരം തോളില്‍ സഹിച്ച്, കൂനിക്കൂടി നടന്നുപോകുന്ന പാട്ടുകാരന്‍. മികച്ച പാട്ടുകള്‍ ഒരിക്കലും പാടാന്‍ കഴിവില്ലാത്തയാള്‍ എന്ന ധാരണ സൃഷ്ടിക്കുന്ന കരാനോയെ മാരിയോവിനു വെറുപ്പാണ്. നായയ്ക്ക് അയാള്‍ വിഷബിസ്കറ്റ് കൊടുക്കുമോ എന്ന പേടിയുമുണ്ട്.  ശാന്തമായി തുടങ്ങി, ഉച്ചസ്ഥായിയില്‍ അവസാനിക്കുന്ന, ഹൃദയം മഥിക്കുന്ന കരാനോയുടെ സംഗീതാവതരണത്തിന്റെ ആരോഹണവും അവരോഹണവുമുണ്ട് ഉപേക്ഷിക്കപ്പെട്ട ദിവസങ്ങള്‍ക്ക്. ആദ്യവരിയിലൂടെ കടന്നുപോകുമ്പോഴേ ഹൃദയം മിടിക്കാന്‍ തുടങ്ങുന്നതറിയും വായനക്കാര്‍. ക്രമേണ ഹൃദയമിടിപ്പിന്റെ വേഗം കൂടുകയും അസ്വസ്ഥത വ്യാപിക്കുകയും ചെയ്യുന്നു. സ്വന്തം വീട്ടിലെ പ്രധാനവാതിലിന്റെ താക്കോല്‍ ശരിയായി തിരിക്കാനാകാതെ വീട്ടിനുള്ളില്‍ ബന്ധനസ്ഥയാകുന്ന ഓള്‍ഗ. താഴത്തെ നിലകളില്‍ താമസിക്കുന്നവര്‍ കേള്‍ക്കാനായി നിസ്സഹായയായി തറയില്‍ ചുറ്റിക കൊണ്ട് അമര്‍ത്തിയടിക്കുന്ന കുട്ടി. ഭര്‍ത്താവിന്റെയും മക്കളുടെയും ജീവിതത്തിന്റെ തടവറയ്ക്കുള്ളില്‍ തന്നെത്തന്നെ തളച്ചിട്ടതുപോലെ സ്വന്തം വീട്ടിലും ചങ്ങലകളില്‍ കുടുങ്ങുന്ന വീട്ടമ്മ. താക്കോല്‍ തിരിച്ചു മുറി തുറന്ന് പുറത്തിറങ്ങാന്‍ കഴിയുമോ ഓള്‍ഗയ്ക്ക് ? വീട്ടില്‍ നിന്നും, മാനസികമായി തടവിലാക്കിയ ഭര്‍ത്താവിന്റെ അടഞ്ഞ ലോകത്തുനിന്നും? 

ഞാന്‍ അയാളെ ശ്രദ്ധാപൂര്‍വം നോക്കി. കാര്യം  ശരിക്കും സത്യമാണ്. അയാളിലിപ്പോള്‍ എന്നില്‍ താല്‍പര്യമുണര്‍ത്താന്‍പോന്ന യാതൊന്നുമില്ല. അയാള്‍ ഭൂതകാലത്തിലെ ഒരംശം പോലുമല്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് ചുമരില്‍ പതിഞ്ഞൊരു കൈത്തലം പോലെ അയാള്‍ വെറുമൊരു കറയാണ്- തിരിച്ചറിവിന്റെ സത്യത്തിലേക്കെത്തുന്നുണ്ട് ഓള്‍ഗ. 

വഞ്ചിക്കപ്പെട്ടപ്പോഴും ഉപേക്ഷിക്കപ്പെട്ടപ്പോഴും അപമാനിക്കപ്പെട്ടപ്പോഴും വളരെയധികം സ്നേഹിച്ചിരുന്ന, ആ സ്നേഹത്തില്‍ നിന്നു തനിക്കൊരിക്കലും മോചനം കിട്ടില്ലല്ലോ എന്നു വ്യസനിച്ച ഓള്‍ഗ. ഒരുമിച്ചുണ്ടായിരുന്ന ജീവിതത്തിലെ എല്ലാ സന്ദര്‍ഭങ്ങളേക്കാളും കൂടുതലായി അഭാവത്തില്‍ അടുത്തുണ്ടായിരുന്നെങ്കില്‍ എന്ന് ഓരോ നിമിഷവും മോഹിപ്പിച്ച ഭര്‍ത്താവ്. അയാള്‍ ചുമരില്‍ പതിഞ്ഞൊരു കൈത്തലം പോലെ, കഴുകിക്കളയേണ്ട കറ പോലെ വികൃതമായ അടയാളമാകുമ്പോള്‍ ഓള്‍ഗയുടെ ചുണ്ടുകള്‍ വിടരുന്നുണ്ട്; ഒരു ചുംബനത്തിനായി. കൂടിച്ചേര്‍ന്നാല്‍ ഒരിക്കലും വേര്‍പിരിയാത്ത ചുണ്ടുകളുടെ ഒരുമിച്ചുചേരലിനുവേണ്ടി. 

നിത്യജീവിതത്തിലെ ഒരു അനുഭവമായല്ലാതെ നീണ്ടുനില്‍ക്കുന്ന അസ്വസ്ഥതയും തീവ്രവേദനയും അനുഭവിപ്പിക്കാന്‍ കഴിയുന്ന കലാസൃഷ്ടികള്‍ യാഥാര്‍ഥ്യമാകുന്നില്ലല്ലോ എന്ന സങ്കടത്തിന്റെ പരിഹാരം കൂടിയാണ് ‘ ഉപേക്ഷിക്കപ്പെട്ട ദിവസങ്ങള്‍’. ലോകസാഹിത്യത്തിലെ ക്ളാസിക്കായി ഇന്നും നിലകൊള്ളുന്ന അന്നാ കരേനിനയെക്കുറിച്ചു പരാമര്‍ശങ്ങളുണ്ട് എലേനയുടെ നോവലില്‍. അസ്വസ്ഥതയുടെ ദിവസങ്ങളില്‍ നായിക ഓള്‍ഗ കടന്നുപോകുന്നുണ്ട് അന്ന കരേനിനയിലൂടെ. പരാമര്‍ശം യാദൃഛികമോ അയഥാര്‍ഥമോ അല്ല; ഒരു കലാസൃഷ്ടി അനുഭവിപ്പിക്കുന്ന മാനസികാഘാതത്തിലും സവിശേഷ അവബോധത്തിലും ടോള്‍സ്റ്റോയിയുടെ ക്ളാസിക്കിന്റെ ഗണത്തിലേക്ക് ഉയരുന്നുണ്ട് ഉപേക്ഷിക്കപ്പെട്ട ദിവസങ്ങള്‍. 

എനിക്കു വ്യത്യസ്തയാകണം. ബുദ്ധിയുള്ള സ്ത്രീകളെക്കുറിച്ച്, തോല്‍പ്പിക്കാനാകാത്ത വാക്കുകളുടെ സ്ത്രീകളെക്കുറിച്ച് എനിക്കു കഥകളെഴുതണം. ചിന്തകളില്‍ തന്റെ നഷ്ടപ്രണയത്തെ പ്രഥമസ്ഥാനത്തു കുടിയിരുത്തിയ ഉപേക്ഷിക്കപ്പെട്ട ഭാര്യയ്ക്കുവേണ്ടിയുള്ള കൈപ്പുസ്തകമല്ല.

എനിക്കിഷ്ടം പ്രകാശമാണ്. അഴികള്‍ക്കിടയിലൂടെയുള്ള കാറ്റാണ്. നിറയെ കാറ്റുള്ള, അരിച്ചിറങ്ങിയെത്തുന്ന പ്രകാശകിരണങ്ങളില്‍ മണല്‍ത്തരികള്‍ നൃത്തം വയ്ക്കുന്ന കഥകളാണ് എനിക്കെഴുതേണ്ടത്. നമ്മളെക്കൊണ്ട് ഓരോ വരികളും വായിപ്പിക്കുന്ന, താഴേയ്ക്കുറ്റുനോക്കി ആഴങ്ങളുടെ ഭ്രമണം അനുഭവിപ്പിക്കുന്ന, നരകത്തിന്റെ കറുപ്പു വെളിപ്പെടുത്തുന്ന എഴുത്തുകാരെയാണ് എനിക്കിഷ്ടം.

ചെറുപ്പത്തില്‍ ആഗ്രഹം വെളിപ്പെടുത്തുന്നുണ്ട് ഓള്‍ഗ. 

എലേന ഫെറാന്റെയെപ്പോലെ സംഗീത ശ്രീനിവാസനെപ്പോലെ ഒരു എഴുത്തുകാരി. 

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review