Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ പ്രവചനം സത്യമായി, മമ്മൂട്ടി മെഗാസ്റ്റാർ ആയി!

ഷാജി ചെന്നൈ
cinemapiranthukal കേരളത്തിന്റെ മലയോരഗ്രാമത്തിൽ വളർന്ന കുട്ടിയെ ബാധിച്ച സിനിമാഭ്രാന്തിന്റെ കഥ. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ അറിയപ്പെടുന്ന സിനിമാനടൻ കൂടിയായ ഷാജി ചെന്നൈയുടെ ഓർമകുറിപ്പുകൾ തുടരുന്നു...

ജന്മംകൊണ്ട് തമിഴനായ വിജയകുമാറിന് തമിഴും മലയാളവും ഒരേപോലെ വഴങ്ങുമായിരുന്നു. ടി എം എസ്, മലേഷ്യ, എസ് പി ബി എന്നിവരുടെ പാട്ടുകൾ പാടാൻ വന്ന വിജയകുമാർ എനിക്ക് പാടാൻ വച്ചിരുന്ന പാട്ടുകളടക്കം എല്ലാ തമിഴ് പാട്ടുകളും പാടി വലിയ കൈയടി നേടി. കൊച്ചു പയ്യനാണല്ലോ എന്ന പരിഗണനകൊണ്ടാവാം ഞാൻ പാടിയ ഹിന്ദിപ്പാട്ടുകൾക്കും നേരിയ കൈയടി ഉണ്ടായിരുന്നു. പിന്നെയും ഒന്നുരണ്ട് വേദികളിൽ വിജയകുമാറിനെ കണ്ടു. തമിഴിനോട് എനിക്കുള്ള ഇഷ്ടം മനസ്സിലാക്കിയ വിജയകുമാർ എന്നോടുള്ള സംസാരം തമിഴിലാക്കി. കൊച്ചു ചെറുക്കൻ എന്ന അർഥത്തിൽ എന്നെ ‘മാപ്ളേ’ എന്നു വിളിച്ചു. കൃഷിവകുപ്പിൽ ചെറിയ ജോലി ഉണ്ടായിരുന്നു വിജയകുമാറിന്. കുട്ടിക്കാലത്ത് മുഖമടിച്ചു വീണപ്പോൾ ഇടതുകണ്ണിൽ ഒരു ചെടിക്കുറ്റി കുത്തിക്കയറി കണ്ണ് തകർന്ന് വിരൂപമായിപ്പോയിരുന്നു. അത് മറയ്ക്കാനാണ് കറുത്ത കണ്ണട. ‘കണ്ണട വയ്ക്കാൻ എനിക്ക് ഇഷ്ടമില്ല. നിങ്ങളെയൊക്കെ വെറുതേ പേടിപ്പിക്കണ്ടല്ലോ എന്ന് കരുതി വയ്ക്കുന്നതാ’. 

പത്താം ക്ലാസ്സ് പാസ്സായ ചെറുപ്പക്കാർക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള വായ്പ തൊടുപുഴയിലുള്ള ജില്ലാ വ്യവസായ കേന്ദ്രത്തിൽനിന്ന് കൊടുക്കുന്നുണ്ട് എന്നറിഞ്ഞു. എങ്ങനെയെങ്കിലും അത് മേടിച്ചെടുത്താൽ ചെലവിന് കാശായല്ലോ. ഒന്ന് പോയി നോക്കാം. കിട്ടിയാലൊരു വായ്പ. അല്ലെങ്കിലൊരു യാത്ര. അമ്മവഴി അച്ചാനോട് അനുവാദം ചോദിച്ചപ്പോൾ ‘പോണ്ട. അതൊന്നും ആവിശമൊള്ള കാര്യവല്ല’ എന്നായിരുന്നു ഉത്തരം. എന്റെ കൈയിൽ പത്തിരുപതു രൂപയുണ്ടായിരുന്നു. പോകാൻ തന്നെ ഞാൻ തീരുമാനിച്ചു. വെളുപ്പിനെ പുറപ്പെട്ട് തൊടുപുഴയിൽ എത്തി ജില്ലാ വ്യവസായകേന്ദ്രം കണ്ടുപിടിച്ചു. ചില അപേക്ഷകൾ പൂരിപ്പിച്ച് കൊടുക്കേണ്ടതുണ്ട്. അതൊക്കെ വാങ്ങി പുറത്തിറങ്ങി. ചുവരായ ചുവരൊക്കെ ബ്രൂസ് ലീ അഭിനയിക്കുന്ന എന്റർ ദ് ഡ്രാഗൺ എന്ന ഇംഗ്ലിഷ് സിനിമയുടെ പരസ്യങ്ങൾ. കരാട്ടേയിലും കുങ്ഫൂവിലും ലോകതാരമായ ബ്രൂസ് ലീയോട് വലിയ ആരാധനയുള്ള കാലമാണ്. എന്റെ കോലൻ തലമുടി ‘ബ്രൂസ് ലീ കട്ടിംഗ്’ രീതിയിലായിരുന്നു വെട്ടിയിരുന്നത്. വായിച്ചും കടലാസുചിത്രങ്ങൾ കണ്ടും മാത്രം അറിയാവുന്ന ബ്രൂസ് ലീയെ ജീവനോടെ കാണാൻ കിട്ടുന്ന അവസരം. വായ്പയുടെ കാര്യമൊക്കെ മറന്ന് ഞാൻ നേരേ കൊട്ടകയിലേക്ക് കയറി. 

കയ്യിൽ കാശ് കുറവായതുകൊണ്ട് ഏറ്റവും മുൻഭാഗത്തുള്ള ഇരിപ്പിടത്തിൽ ഇരുന്നാണ് ഡ്രാഗൺന്റെ വരവു കണ്ടത്. ഇംഗ്ലീഷ് മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. ഡാൻസ് കളിക്കുന്നതുപോലെ ബ്രൂസ് ലീയുടെ നല്ല അസ്സല് തല്ല്. അടിപിടിയാണെങ്കിൽ ഇങ്ങനെ വേണം! കാലിൽ ചിറകു മുളച്ച തോന്നലോടെയാണ് ആ സിനിമ കണ്ട് പുറത്തിറങ്ങിയത്. അടുത്തു കണ്ട ചായക്കടയിൽനിന്ന് അപ്പവും കിഴങ്ങുകറിയും വാങ്ങിത്തിന്ന് പണം കൊടുത്തു കഴിഞ്ഞപ്പോൾ തിരിച്ചുപോകാൻ വണ്ടിക്കൂലി മിച്ചമില്ല. നുള്ളിപ്പെറുക്കിയ ചില്ലറത്തുട്ടുകൾകൊണ്ട് ഒരു വിധത്തിൽ അറക്കുളം എന്ന സ്ഥലം വരെയെത്തി. അറിയാവുന്ന ആരുടെയെങ്കിലും വണ്ടിവരും എന്ന പ്രതീക്ഷയിൽ കുറെ സമയം നിന്നു. കട്ടപ്പനയ്ക്കുള്ള ഒന്നുരണ്ടു ബസ്സുകൾ കയറ്റം കയറിപ്പോയി. സമയം പോകുകയാണ്. 

കട്ടപ്പനയിൽ ബസ്സ് നിർത്തുന്നതിന്റെ തൊട്ടടുത്തതാണ് ഇംഗ്ലിഷ് മാസികകൾ വാങ്ങുന്ന കട. കടക്കാരനുമായി നല്ല ബന്ധമാണ്. അവിടെനിന്ന് കാശ് വാങ്ങിക്കൊടുക്കാം എന്ന വിചാരത്തിൽ അടുത്ത ബസ്സിൽ ഞാനും ചാടിക്കയറി. ആളെ കുത്തിനിറച്ച ബസ്സ് ചുരം കയറിത്തീർത്ത് കുരുതിക്കളം എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് കണ്ടക്ടർ എന്റെ അടുത്ത് ശീട്ട് വിൽക്കാൻ വരുന്നത്. വല്ലാത്ത ചമ്മലോടെ താണ ശബ്ദത്തിൽ ‘ഇപ്പ കയ്യി പൈസാ ഇല്ല. കട്ടപ്പനെ എറങ്ങിയാലൊടനെ മാസികക്കടേന്ന് മേടിച്ചു തരാം’ എന്നു ഞാൻ പറഞ്ഞു. ‘വണ്ടിയേക്കേറി പകുതി സലം കഴിഞ്ഞപ്പഴാണോടാ കാശില്ലെന്നു പറേന്നെ? ഇത്രേം നേരം നീ എന്നാ ഒണ്ടാക്കുകാരുന്നു? കാശില്ലാത്ത തെണ്ടിയൊക്കെ എന്നാത്തിനാ ബസേ വന്ന് വലിഞ്ഞു കേറുന്നെ?’ കണ്ടക്ടർ ശബ്ദമുയർത്തി ചീത്തവിളിക്കുകയാണ്. ചുറ്റുമുള്ള ആളുകൾ എന്നെത്തന്നെ നോക്കുന്നു. അപമാനത്തിൽ ചൂളി ഞാൻ വല്ലാതെ ചെറുതായി. ‘ഇവനിട്ടൊക്കെ ചുട്ട അടിയാ കൊടുക്കണ്ടെ. ഇവിടെറങ്ങിക്കോണം’ അയാൾ മണിയടിച്ച് വണ്ടി നിർത്തി.

പെട്ടെന്ന് ‘എന്തുപറ്റി ഷാജീ..? എന്താ പ്രശ്നം?’ എന്നൊരു ശബ്ദം. ഞാൻ നോക്കുമ്പോൾ മുൻവശത്തുള്ള ഒരു ഇരിപ്പിടത്തിൽനിന്ന് കുതറിയെഴുന്നേറ്റ് ആളുകളെ ഒതുക്കി എന്റെ നേരെ വരികയാണ് തമിഴ്പാട്ട് വിജയകുമാർ. ഒരു നിമിഷംകൊണ്ട് അപമാനത്തിന്റെ പടുകുഴിയിൽനിന്ന് ഞാൻ വലിഞ്ഞുകയറി. വേഗം മുന്നോട്ടാഞ്ഞ് വിജയകുമാറിന്റെ ഉടുപ്പിന്റെ കീശയിൽ കൈയിട്ട് അഞ്ച് രൂപയെടുത്ത് ഞാൻ കണ്ടക്ടറുടെ കൈയിൽ കൊടുത്തു. അയാൾ ഒരു വളിച്ച ചിരിയോടെ ശീട്ടും ബാക്കിയും തന്ന് വണ്ടിവിടാൻ മണിയടിച്ചു. അടുത്തിരുന്നയാളെ ഒതുക്കി വിജയകുമാർ എന്നെയും കൂടെ ഇരുത്തി. എന്താണ് നടന്നതെന്ന് പറയാൻ ഞാൻ ശ്രമിച്ചെങ്കിലും അതൊന്നും കേൾക്കാൻ വിജയകുമാർ താൽപര്യം കാണിച്ചില്ല.

‘എന്ന മാപ്ളേ? പാത്ത് രൊമ്പ നാളാച്ച്! ഇപ്പല്ലാം കച്ചേരി ഒണ്ണും ഇല്ലൈയാ? നെറയ പാടുങ്ക മാപ്ളേ. ഒങ്ക ഊർലല്ലാം എതാവതു കച്ചേരി വന്താ എന്നൈയും കൂപ്ട്..’ എന്ന് പറഞ്ഞുകൊണ്ട് പുതിയ പല തമിഴ് സിനിമാപ്പാട്ടുകൾ നാലുവരി നാലുവരി ഉറക്കെപ്പാടി. ‘ഇന്ത പാട്ട് ഇന്നും നീങ്ക കേക്കലയാ? ആച്ചരിയമായിരുക്കേ’ എന്നിങ്ങനെ പാട്ടുകളെപ്പറ്റി മാത്രം പറഞ്ഞു. പൈനാവ് എത്തിയതറിഞ്ഞില്ല. ‘ഇങ്കെ വേല സെയ്യറ ഒരു ഫ്രണ്ടെ പാക്കണും മാപ്ളേ. മീണ്ടും സന്തിപ്പോം’ എന്നു പറഞ്ഞ് ബസിൽനിന്ന് ഇറങ്ങിയ വിജയകുമാറാണ് ഈ ലോകത്തിൽ ഞാൻ കണ്ട ഏറ്റവും സൗന്ദര്യമുള്ള മനുഷ്യൻ എന്ന് അപ്പോഴെനിക്ക് തോന്നി. വെളിച്ചമുള്ള പുഞ്ചിരിയോടെ എന്റെ കൈകുലുക്കി നടന്നുപോയ വിജയകുമാറിനെ പിന്നീടൊരിക്കലും ഞാൻ കണ്ടിട്ടില്ല.

തമിഴ്ഭാഷയും തമിഴ്നാട്ടു ജീവിതവും മലയാള സിനിമയിലേക്ക് വന്നിറങ്ങിയ അനുഭവമായിരുന്നു ചിദംബരം എന്ന സിനിമ. ഏതെങ്കിലും സിനിമാ സംഘങ്ങൾ കൊണ്ടുവന്ന് കാണിച്ചാലേ അത്തരം സിനിമകൾ കാണാൻ കഴിയൂ. എന്നാൽ കട്ടപ്പന സാഗരയിൽ ചിദംബരം വന്നു. സ്മിതാ പാട്ടീലിന്റെ ഇരുണ്ട സൗന്ദര്യവും നാടൻ തമിഴ്പെണ്ണായുള്ള അഭിനയവും എന്നെ വശീകരിച്ചു. പക്ഷേ, ശരിക്കും  ആശ്ചര്യപ്പെടുത്തിയത് ശ്രീനിവാസൻ അഭിനയിച്ച മുനിയാണ്ടി എന്ന തമിഴ് കഥാപാത്രമായിരുന്നു. പാമ്പാടുംപാറ ഭാഗത്ത് പാൽക്കച്ചവടം നടത്തുന്ന മുനിയാണ്ടി എന്നു പേരുള്ള ഒരു തമിഴനെ എനിക്ക് അറിയാമായിരുന്നു. ഏറെക്കുറെ അതുപോലെതന്നെയായിരുന്നു ശ്രീനിവാസന്റെ മുനിയാണ്ടിയും. കോലങ്ങൾ, മേള, യവനിക എന്നിങ്ങനെ കെ ജി ജോർജിന്റെ സിനിമകളിലാണ് ശ്രീനിവാസനെ ആദ്യമായി ശ്രദ്ധിക്കുന്നത്. ഒരു സിനിമാ നടന് വേണ്ടത് എന്ന് പറയപ്പെട്ട രൂപവും ഭാവവും ഒന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. പക്ഷേ, വളരെച്ചെറിയ കഥാപാത്രമാണെങ്കിൽപോലും ശ്രീനിവാസനെ ശ്രദ്ധിക്കാതിരിക്കാൻ നമുക്ക് ആകുമായിരുന്നില്ല. 

യവനികയിൽ നിന്ന് ചിദംബരത്തിലെത്തിയ ഗോപിയാകട്ടെ മൊത്തത്തിൽ മറ്റൊരു മനുഷ്യനായിരുന്നു. രൂപത്തിൽ ഒരു മാറ്റവും വരുത്താതെ, മുടിയില്ലാത്ത ചാണത്തല വെപ്പുമുടി വച്ച് മറയ്ക്കാതെ അഭിനയംകൊണ്ട് മാത്രം ഒരു കഥാപാത്രത്തിൽനിന്ന് മറ്റൊന്നിലേക്ക് അനായാസമായി കയറിയിറങ്ങിയ നടനായിരുന്നു ഗോപി. സ്വയംവരത്തിലെ ജോലി പോയ ഗുമസ്തൻ, കൊടിയേറ്റത്തിലെ ബുദ്ധിയുറയ്ക്കാത്ത ശങ്കരൻകുട്ടി, തമ്പിലെ സർക്കസ് മേധാവി, പെരുവഴിയമ്പലത്തിലെ ചായക്കടക്കാരൻ, വിടപറയും മുമ്പേയിലെ ഡോക്ടർ, പാളങ്ങളിലെ വിടനായ വില്ലൻ, കള്ളൻ പവിത്രനിലെ സാധുവായ മാമ്മച്ചൻ, ഓർമയ്ക്കായി സിനിമയിലെ ഊമയായ ശിൽപി, സ്വന്തം ഭാര്യയുടെ ജീവിതംകൊണ്ട് സാഹിത്യപരീക്ഷണം നടത്തുന്ന രചനയിലെ എഴുത്തുകാരൻ. ഗോപി ശരിക്കും ഒരു വിസ്മയമായിരുന്നു. 

ഒന്നിനൊന്നു മാറ്റമുള്ള കഥാപാത്രങ്ങളായി വന്ന് കഥാപാത്രമായിത്തന്നെ ജീവിച്ച നെടുമുടി വേണുവായിരുന്നു അക്കാലത്തു ഞാൻ കണ്ട മറ്റൊരു അഭിനയ ഭീകരൻ. തകര, ആരവം, ചാട്ട, തേനും വയമ്പും, ഒരിടത്തൊരു ഫയൽവാൻ, കോലങ്ങൾ, യവനിക, എനിക്കു വിശക്കുന്നു, കിന്നാരം.  നെടുമുടിയെ വെള്ളിത്തിരയിൽ കാണുന്നതുതന്നെ വലിയ സന്തോഷമായിരുന്നു. കെ ജി ജോർജ് സിനിമകളായ യവനിക, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം എന്നിവ എനിക്ക് പരിചയപ്പെടുത്തിയ തിലകൻ എന്ന അതിശയിപ്പിക്കുന്ന നടൻ മലയാള സിനിമയുടെ മുൻനിരയിലേക്ക് വന്നതും അതേ കാലത്താണ്. നാട്ടിൽ പണ്ട് നാടകം കളിക്കാൻ വന്ന തിലകന് താൻ ചായ വാങ്ങിക്കൊടുത്ത കാര്യം കുളത്തുങ്കൽ കുഞ്ഞ് വലിയ അഭിമാനത്തോടെ എന്നോട് പറഞ്ഞിട്ടുണ്ട്. 

തിലകൻ, ഗോപി, വേണു എന്നീ നടന്മാരെപ്പറ്റി ഗ്രാമക്കവലയിൽ കൂടി നിന്ന എന്റെ തരപ്പടിക്കാരോട് ഞാൻ വിശദീകരിക്കുകയാണ്. അപ്പോൾ അവിടേക്ക് വന്ന കൊച്ചുകുന്നേൽ സാർ അതിൽ കയറി ഇടപെട്ടു. ‘എടാ ഉവ്വേ.. മലയാളത്തിലൊക്കെ എന്നാ സിനിമാ ഇരിക്കുന്നു? എന്നാ അഭിനയം ഇരിക്കുന്നു? പഴേ ഇംഗ്ലിഷ് സിനിമാ അല്ലേ സിനിമാ! ടെൻ കമാന്റ്മെന്റ്സ്, ബെൻഹർ, മക്കെന്നാസ് ഗോൾഡ്, ലോറൻസ് ഓഫ് അറേബ്യ, സ്പാർട്ടാക്കസ്, ക്ലിയോപാട്ര... ഇതു വല്ലോം നീയൊക്കെ കണ്ടിട്ടൊണ്ടോടാ? അതൊക്കെയാ സിനിമാ. അല്ലാതെ നീയൊക്കെ ഈ കാണുന്നതൊന്നുവല്ല’ എന്നു പറഞ്ഞ് എന്നെ ഊശിയാക്കിക്കളഞ്ഞു. ഇംഗ്ലിഷ് സിനിമകളുടെ വലിയ ആരാധകനായിരുന്നു അച്ചാന്റെ സമപ്രായക്കാരനായ കൊച്ചുകുന്നേൽ സാർ. യൂൾ ബ്രിന്നർ, ചാൾട്ടൺ ഹെസ്റ്റൺ, അലെക് ഗിന്നസ്, കിർക് ഡഗ്ളസ്, ലോറൻസ് ഒലിവിയർ, റിച്ചാർഡ് ബർടൻ എന്നീ പേരുകളൊക്കെ കൊച്ചുകുന്നേൽ സാർ പറഞ്ഞാണ് ഞാൻ ആദ്യമായി കേൾക്കുന്നത്. 

തന്റെ സിനിമായാത്രകളിൽ നിന്ന് എന്നെ ഒഴിവാക്കിയ കുളത്തുങ്കൽ കുഞ്ഞുമായി വീണ്ടും ഞാൻ ചങ്ങാത്തത്തിലായി. കാരണമുണ്ടായിരുന്നു. വർഷങ്ങൾക്കു മുൻപു കുഞ്ഞ്, പൊന്തൻപുഴ വിജയൻ, പാട്ടുകാരനും പടംവരക്കാരനുമായ തോമസ്, കൊട്ടൂടി ചാക്കോച്ചൻ എന്നിവരെല്ലാം ചേർന്ന് ഞങ്ങളുടെ ഗ്രാമത്തിൽ ഒരു കയ്യെഴുത്തുമാസിക തുടങ്ങി. ഒരു ലക്കം മാത്രം ഇറങ്ങിയ അതിലെ കഥകളും കവിതകളും നോവലും യാത്രാവിവരണവും ഒക്കെ മിക്കവാറും കുഞ്ഞിന്റെ വകയായിരുന്നു. കൂടെ ഒരു സിനിമാ വിമർശനവും ഉണ്ടായിരുന്നു. അക്കാലത്ത് വന്ന വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന സിനിമയെക്കുറിച്ചാണ്. ‘മമ്മൂട്ടി എന്ന ഒരു പുതുമുഖ നടൻ ഈ സിനിമയിൽ അഭിനയിക്കുന്നു. ഒന്നോ ര ണ്ടോ ദൃശ്യങ്ങളിൽ മാത്രമാണ്‌ വരുന്നതെങ്കിലും സൗന്ദര്യവും അഭിനയശേഷിയും ഒത്തിണങ്ങിയ നടനാണ് അദ്ദേഹം. അൽപമൊന്നു ശ്രദ്ധിച്ചാൽ മലയാള സിനിമയിൽ നാളത്തെ വലിയ താരമാകാനുള്ള എല്ലാ യോഗ്യതയും ഈ നടനുണ്ട്’ എന്ന് കുഞ്ഞ് അതിൽ എഴുതിയിരുന്നു. അതങ്ങനെത്തന്നെ സംഭവിച്ചല്ലോ. മലയാളത്തിലെ ഏറ്റവും തിരക്കുള്ള താരമായി മമ്മൂട്ടി മാറിക്കഴിഞ്ഞു. ‘ആ പഴയ കയ്യെഴുത്ത് മാസിക തപ്പിയെടുത്ത് അതുമായി നമുക്ക് മമ്മൂട്ടിയെ ഒന്ന് പോയിക്കണ്ടാലോ?’ ഞാൻ കുഞ്ഞിനോട് ചോദിച്ചു. കുഞ്ഞിന് അത് നന്നേ ബോധിച്ചു. പക്ഷേ, ആരുടെയോ വീട്ടിനുള്ളിലെ മഴച്ചോർച്ച നനഞ്ഞ് ആ കയ്യെഴുത്ത് മാസിക ചിതലുകൾക്ക് ആഹാരമായിക്കഴിഞ്ഞിരുന്നു.

വേനലിൽ ഒരു മഴ എന്ന സിനിമാപ്പേരിനെ അനുകരിച്ചാണെന്ന് തോന്നുന്നു, വേനലിൽ ഒഴുകുന്ന പുഴ എന്ന പേരിൽ കുഞ്ഞ് ഒരു തിരക്കഥയെഴുതിയുണ്ടാക്കി. നാട്ടിലെ പൊതുക്കാര്യങ്ങളുമായി ബന്ധപ്പെട്ട് അച്ചാനും കുഞ്ഞും തമ്മിൽ ആയിടയ്ക്ക് ചില ഇടപാടുകളൊക്കെ ഉണ്ടായിരുന്നു. തിരക്കഥ അച്ചാന് വളരെ ഇഷ്ടപ്പെട്ടുവത്രേ. രാഷ്ട്രീയ നേതാവ് ആർ. ബാലകൃഷ്ണപിള്ളയുടെ മകൻ ഗണേഷ് കുമാർ ഇരകൾ എന്ന സിനിമയിലൂടെ സിനിമാഭിനയം തുടങ്ങിയ കാലമാണ്. കുഞ്ഞിന്റെ നായകനെ ഗണേഷ് അവതരിപ്പിച്ചാൽ നന്നാകും എന്നാണ് അച്ചാന്റെ അഭിപ്രായം. പിള്ളസാറുമായി അച്ചാന് പരിചയമുള്ളതുകൊണ്ട് നേരിട്ടുപോയി കഥ പറയാം എന്നു തീരുമാനിച്ചത്രേ. ആ പ്രതീക്ഷയിലാണ് കുഞ്ഞ് കുറേക്കാലം ജീവിച്ചത്. പക്ഷേ, ഒന്നും നടന്നില്ല. ആ തിരക്കഥയും ചിതൽ തിന്നുപോയി.

‘തിരക്കഥകൾ - എം ടി വാസുദേവൻ നായർ’ എന്ന പുസ്തകം ബി.കെ. ശ്രീനിവാസനാണ് എന്നെ കാണിച്ചത്. വീട്ടിൽ ഒരു വായനശാല എന്ന പദ്ധതിയിൽ ചേർന്ന് ശ്രീനി കുറെ പുസ്തകങ്ങൾ വാങ്ങിയിരുന്നു. അതൊക്കെ വായ്പ വാങ്ങി ഞാനും വായിച്ചു. എംടിയുടെ തിരക്കഥകൾ ഒഴികെ. അത് ആർക്കും കൊടുക്കാതെ ശ്രീനിതന്നെ സ്ഥിരമായി വായനയായിരുന്നു. പള്ളിക്കൂടത്തിൽ എന്നെക്കാൾ രണ്ടുവർഷം മുതിർന്ന ക്ലാസ്സിലാണ് പഠിച്ചതെങ്കിലും ശ്രീനിയും ഞാനും അടുത്ത സുഹൃത്തുക്കളായി. ഷാജി എന്നായിരുന്നു ശ്രീനിയുടെയും വിളിപ്പേര്. ഞങ്ങൾ ഷാജിമാരുടെ സ്ഥിരം വിഷയങ്ങൾ സിനിമയും സാഹിത്യവുമായിരുന്നു. കഥകൾ എഴുതുകയും നാടകങ്ങളിൽ അഭിനയിക്കുകയുമൊക്കെ ചെയ്യുമായിരുന്ന ശ്രീനി പിന്നീടു ഗുജറാത്തിലേക്ക് പോയി ഏതോ പള്ളിക്കൂടത്തിൽ വാധ്യാർ പണിക്കു ചേർന്നു. പക്ഷേ, കുറച്ചുനാൾ കഴിഞ്ഞ് ശ്രീനി വീണ്ടും നാട്ടിലെത്തുന്നത്‌ ഒരു മലയാള സിനിമയുടെ തിരക്കഥാകൃത്തായാണ്. കഥ, തിരക്കഥ, സംഭാഷണം ബികെ ഷാജി. ആ സിനിമയെപ്പറ്റി പറയാനാണെങ്കിൽ ഒത്തിരിയുണ്ട്.

(തുടരും)

Books In Malayalam LiteratureMalayalam LiteratureNewsമലയാളസാഹിത്യം