Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'മരണം ഒരു കലാസൃഷ്ടിയേയും മഹത്വവത്കരിക്കുന്നില്ല' ഇന്ദു മേനോൻ

indhu-menon

ആത്മഹത്യയെ ഇത്രമേൽ മഹത്വവത്കരിക്കുന്നത് ശരിയല്ലെന്ന് എഴുത്തുകാരി ഇന്ദു മേനോൻ. മരിച്ചവനുമുണ്ട് സ്വകാര്യത. അയാളെ കാരണം തേടിയും കാരണം കാണിച്ച് നോട്ടീസടിച്ചും ഇങ്ങനെ വീണ്ടും ഹത്യ ചെയ്യുന്നവർ സ്വയം വിശകലനം ചെയ്യുന്നത് നല്ലതാണെന്നും അവർ അഭിപ്രായപ്പെട്ടു. കവി ജിനേഷ് മടപ്പള്ളിയുടെ മരണത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കുറിപ്പുകളോട് പ്രതികരിക്കുകയായിരുന്നു അവർ. ഹൃദയരക്തം കൊണ്ടും സത്യസന്ധമായ വേദന കൊണ്ടും എഴുതിയ കുറിപ്പുകളെയല്ല താൻ ഉദ്ദേശിച്ചതെന്നും എഴുത്തുകാരി വ്യക്തമാക്കുന്നുണ്ട്.

ഇന്ദു മേനോന്റെ കുറിപ്പ്–

ഏതൊരു മരണവും ദുഖകരം തന്നെ. ജീവിതം ഇനിയൊരടി മുമ്പോട്ടില്ലെന്ന് ഉറച്ചുള്ള സ്വയം ഹത്യയാകുമ്പോൾ അതിലേറെ വേദനാകരം. കവി ചെയ്താൽ മഹത്വപൂർണ്ണമാകുന്നതല്ല ആത്മഹത്യ. ഗതികെട്ട് ഒരു മനുഷ്യൻ അപ്രകാരം ചെയ്തുവെങ്കിൽ അതിനെ മഹത്വവത്കരിക്കേണ്ട കാര്യവുമില്ല. പണ്ട് നന്ദിത എന്ന കോളജ് ടീച്ചർ ആത്മഹത്യ ചെയ്തപ്പോൾ ഒരു പ്രസാധകൻ കൃത്യമായി അവരുടെ ഡയറിത്താളും കവിതകളും മാർക്കറ്റ് ചെയ്തു. ആ കവിത കേറിയങ്ങ് ക്ലച്ച് പിടിച്ചു. ഇടത്തരത്തിലും താണ കവിതയായിരുന്നിട്ടും മനോഹര കവിതയെന്നുമൊക്കെ വാഴ്ത്തിപ്പാടപ്പെട്ടു. മരണം ഒരു കലാസൃഷ്ടിയേയും മഹത്വവത്കരിക്കുന്നില്ല. സൃഷ്ടി വേറെ സൃഷ്ടി കർത്താവ് വേറെ. ജിനീഷ് മടപ്പള്ളിയെന്ന കവിയെയും നന്ദിതയെയും സൃഷ്ടികൾ കൊണ്ട് പരസ്പരം അളക്കുവാൻ ഞാനാളല്ല. കവിതാ വായന കുറവായതിനാൽ ജിനേഷിനെ എനിക്ക് പൂർണ്ണമായി വായിക്കാനും കഴിഞ്ഞിട്ടില്ല. എങ്കിലും പലരും ജിനേഷിന്റെ മരണത്തെ മഹത്വവത്കരിക്കുന്നത് കണ്ടു. മരണം അത്യധികം വേദനിപ്പിക്കുന്നത് തന്നെ അതു കൊണ്ട് ജിനേഷിനെ മഹത്വവത്കരിക്കാതിരിക്കൂ. ജീവിതത്തിലെ കഠിന പ്രതിസന്ധികളിൽ, വിഷമവിഷാദ രോഗാവസ്ഥയിൽ കടുത്ത മരണാസക്തിയെ മറികടന്ന അനേകരുണ്ട്. അവരാണ് മഹത്തുക്കൾ. ജിനേഷിന്റെ മരണം, കവിത, കവിതയിൽ കണ്ട ആത്മഹത്യാ പ്രവണത, കവിക്ക് തിലോദകം (ഹൃദയരക്തം കൊണ്ടും സത്യസന്ധമായ വേദന കൊണ്ടും എഴുതിയ കുറിപ്പുകളല്ല), എന്റെ വക വേറൊരു കവിത, മരണകാരണാന്വേഷണം ടൈ ലൈനിൽ അസഹനീയമാം വിധം പെരുകിയിരിക്കുന്നു.

1. ആത്മഹത്യയെ ഇത്രമേൽ മഹത്വവത്കരിക്കുന്നത് ശരിയല്ല.

2. മരിച്ചവനുമുണ്ട് സ്വകാര്യത. അയാളെ കാരണം തേടിയും കാരണം കാണിച്ച് നോട്ടീസടിച്ചും ഇങ്ങനെ വീണ്ടും ഹത്യ ചെയ്യുന്നവർ സ്വയം വിശകലനം ചെയ്യുന്നത് നല്ലതാണ്.

NB. നന്നായി കവിതയെഴുതിയിട്ടും വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെടാത്ത കവി സുഹൃത്തിന്റെ ആത്മഗതം. ഞാൻ ആത്മഹത്യ ചെയ്താൽ എന്റെ കവിതയും ഇങ്ങനെ വായിക്കപ്പെടുമായിരിക്കും.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം