' കന്യാസ്ത്രീ ആദ്യം തന്നെ എന്തുകൊണ്ടു പരാതിനൽകിയില്ല ' ശാരദക്കുട്ടി പറയുന്നു

ശാരദക്കുട്ടി

നിവൃത്തികേടിന്റെയും നിസ്സഹായതയുടെയും ആൾരൂപങ്ങൾ കന്യാസ്ത്രീ മഠത്തിൽ മാത്രമല്ല, നിങ്ങളുടെ വീടുകളിലും ഉണ്ടാകുമെന്ന് ശാരദക്കുട്ടി. കന്യാസ്ത്രീ ആദ്യം തന്നെ എന്തുകൊണ്ടു പരാതിനൽകിയില്ല എന്ന ചോദ്യത്തിന് ശാരദക്കുട്ടിയുടെ മറുപടി ഇങ്ങനെ–

കന്യാസ്ത്രീ ആദ്യത്തെ തവണ കരയാഞ്ഞതെന്താ, 12 തവണയും എതിർക്കാഞ്ഞതെന്താ എന്നൊക്കെ വരുന്ന ചോദ്യങ്ങൾക്ക് ഒറ്റ മറു ചോദ്യമേ ചോദിക്കാനുള്ളു. ഭാര്യാസ്ത്രീകളെന്താ മുന്നൂറു തവണയായാലും മടുപ്പു ഭാവിക്കുകയോ എതിർപ്പ് പ്രകടിപ്പിക്കുകയോ പുറത്തേക്കിറങ്ങുകയോ ചെയ്യാത്തത്?

നിവൃത്തികേടിന്റെയും നിസ്സഹായതയുടെയും ആൾരൂപങ്ങൾ കന്യാസ്ത്രീ മഠത്തിൽ മാത്രമല്ല, നിങ്ങളുടെ വീടുകളിലും ഉണ്ടാകും. അവരൊന്നും എന്താ ഒന്നും പുറത്തു പറയാതെ സഹിക്കുന്നത്? ഒന്നോ രണ്ടോ മുപ്പതോ കൊല്ലം കഴിഞ്ഞാലും പുറത്തു പറയാത്തതെന്താണ്? എന്തിനാ നിശ്ശബ്ദം സഹിക്കുന്നത്? പുറത്തു പറഞ്ഞു കൂടെ? ഇവിടെ നിയമമില്ലേ? പോലീസില്ലേ?

അധികാരത്തിനു കീഴ്പ്പെട്ടു നിൽക്കേണ്ടി വരുന്ന ഏതു വ്യവസ്ഥിതിയിലും ഉള്ളതൊക്കെയേ കന്യാസ്ത്രീ മഠത്തിലുമുള്ളു. കന്യാസ്ത്രീ, ഭാര്യാസ്ത്രീ, വേശ്യാസ്ത്രീ, പാർട്ടി സ്ത്രീ ഇതൊക്കെ ഒരേ സ്ത്രീ തന്നെ. ഇലകൾ കൂട്ടിത്തൊടാതെ നാം നട്ട വൃക്ഷങ്ങൾ വേരുകൾ കൊണ്ടു കെട്ടിപ്പിടിക്കുന്നു എന്ന് വീരാൻ കുട്ടി എഴുതിയത് സത്യമാണ്.

"അവളെന്റെ മിടുക്കിൽ സംതൃപ്തയായി കഴിയുന്നു"വെന്നത് ഒന്നുമറിയാത്ത നിങ്ങളുടെ ഒരു തോന്നൽ മാത്രമായിരിക്കാം. സഹികെടുമ്പോഴാണവൾ വിരൽ ചൂണ്ടുക. എന്താ ഇത്ര കാലം മിണ്ടാഞ്ഞതെന്ന ചോദ്യത്തിന് അത്രയേ അർഥമുള്ളു.

ഇത് ഞാനൊരു ലേഖനത്തിലെഴുതിയതിന് മലയാളത്തിലെ ഒരെഴുത്തുകാരൻ, അതയാളെ കുറിച്ചാണെഴുതിയതെന്നു പറഞ്ഞ് എനിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. കുറെ തവണ ഞാൻ കോടതി കയറിയിറങ്ങി. സത്യത്തിൽ അയാളുടെ വീടോ വീട്ടുകാരെയോ വീട്ടു പ്രശ്ങ്ങളോ ഒന്നും തന്നെ എനിക്കറിയില്ലായിരുന്നു. അയാൾ അവകാശപ്പെട്ടു അതയാളാണെന്ന്. കുറച്ചു കാശു പോയതു മിച്ചം.