മീ ടൂവിൽ കുടുങ്ങി എഴുത്തുകാരും, സുഹേൽ സേത്തിനെതിരെ ആരോപണം

ഇന്ത്യയിൽ മീ ടൂ കാറ്റ് തുടർന്നു കൊണ്ടിരിക്കുന്നു. മീ ടൂ കുരുക്കിൽപ്പെട്ട പ്രമുഖർ ഏറെ. വായനക്കാരെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യയുടെ ജനപ്രിയ എഴുത്തുകാരൻ ചേതൻ ഭഗത് കഴിഞ്ഞദിവസം മീ ടൂ വിവാദത്തിൽപ്പെട്ടിരുന്നു. പിന്നാലെ ആരോപണം ഉന്നയിച്ച പെൺകുട്ടിയോടും ഭാര്യയോടും ക്ഷമ പറഞ്ഞുകൊണ്ടുള്ള കുറിപ്പുമായി ചേതൻ ഭഗത് രംഗത്തെത്തി. 

മറ്റൊരു എഴുത്തുകാരൻ കൂടി ഇപ്പോൾ മീ ടൂ വെളിപ്പെടുത്തലിൽ പെട്ടിരിക്കുന്നു. എഴുത്തുകാരനും പത്രപ്രവർത്തകനും സംരംഭകനുമായ സുഹേൽ സേത്തിനെതിരെ ആണ് പത്രപ്രവർത്തക ഇഷിത യാദവ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. 

2009 ൽ സുഹേൽ, തന്നെ വീട്ടിലേക്കു ക്ഷണിച്ചുകൊണ്ട് സന്ദേശമയച്ചെന്നും വാഹനം അയയ്ക്കാം, കുളിച്ചിട്ടും പല്ലുതേച്ചിട്ടും വരണം എന്നും പറഞ്ഞു എന്നാണ് വെളിപ്പെടുത്തൽ. സേത്തിനെതിരെ വേറെയും പരാതികൾ ഉയർന്നിട്ടുണ്ട്.