Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാണ് സുഗന്ധി, ആരാണ് ദേവനായകി?...

sugandhi ശ്രീലങ്കയിലെ തമിഴ് വിമോചന പോരാട്ടത്തിന്റെ പിന്നാമ്പുറ കഥകളുമായി ബന്ധപ്പെട്ടുള്ള നോവലാണ് ‘സുഗന്ധി എന്ന ആണ്ടൾ ദേവനായകി'..

ഡോ. രജനി തിരണഗാമ, ദേവനായകി, സുഗന്ധി... മൂന്നു സ്ത്രീകള്‍. മൂന്നു ചരിത്രങ്ങളുള്ളവര്‍. ഭാവനയും ചരിത്രവും യാഥാര്‍ത്ഥ്യവും ഇടകലര്‍ന്ന വഴികളില്‍ ആസ്വാദനത്തിന്റെ പുതിയലോകം തീര്‍ത്ത ടിഡി രാമകൃഷ്ണന്റെ 'സുഗന്ധി എന്ന ആണ്ടാള്‍ദേവനായകി' എന്ന നോവലിനാണ് ഈ വര്‍ഷത്തെ മലയാററൂര്‍  അവാര്‍ഡ്.

തൃശൂരിലെ ഒരു യോഗത്തില്‍ പത്തുമിനിട്ട് ശ്രീലങ്കന്‍ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ചതില്‍നിന്നാണ് ഈ നോവല്‍ പിറവിയെടുത്തതെന്ന് ഒരു അഭിമുഖത്തില്‍ ടി.ഡി രാമകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. നോവലെറ്റ് എന്ന രീതിയില്‍ എഴുതി തുടങ്ങിയത് പിന്നീട് നോവലായി വളരുകയായിരുന്നവത്രെ. ശ്രീലങ്കന്‍രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലുള്ള നോവലില്‍ വിപ്ലവത്തിന്റെയും ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും വികസനത്തിന്റെയും കുപ്പായങ്ങളിട്ടുവരുന്ന ഫാസിസത്തിന് മുന്നില്‍ നിസ്സഹായരായി പോയ ജനതയെയാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

2014 ല്‍ പ്രസിദ്ധീകരിച്ച ഈ നോവലിന് മാവേലിക്കര വായനാ പുരസ്‌ക്കാരം, കെ സുരേന്ദ്രന്‍ നോവല്‍അവാര്‍ഡ്, എപി കളയ്ക്കാട് സാഹിത്യപുരസ്‌ക്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.

തൃശൂര്‍ജില്ലയിലെ എയ്യാലില്‍  ജനിച്ച രാമകൃഷ്ണന്‍ തമിഴ് സാഹിത്യവുമായി അഗാധമായ ബന്ധം പുലര്‍ത്തുന്ന എഴുത്തുകാരന്‍കൂടിയാണ്.തമിഴിലെ പല ശ്രദ്ധേയമായ കൃതികളും മലയാളികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് ഇദ്ദേഹമായിരുന്നു.ചാരുനിവേദിതയുടെ കൃതികള്‍ ഉദാഹരണം.

മികച്ച തമിഴ് മലയാളം വിവര്‍ത്തകനുള്ള അവാര്‍ഡും ഇദ്ദേഹം നേടിയിട്ടുണ്ട്. നോവലുകള്‍ മരിക്കുന്നു എന്ന വിലാപം ഉയര്‍ന്നു കേട്ടിരുന്ന ഒരു കാലത്താണ് രാമകൃഷ്ണന്‍ 'ഫ്രാന്‍സിസ് ഇട്ടിക്കോര'യുമായി കടന്നുവന്ന് മലയാള നോവല്‍സാഹിത്യത്തിന്റെ തിരുമുറ്റത്ത് വെന്നിക്കൊടി നാട്ടിയത്. 2009 ല്‍ വില്പനയില്‍ റിക്കോര്‍ഡ് സൃഷ്ടിക്കാനും ഇട്ടിക്കോരയ്ക്ക് കഴിഞ്ഞു. എന്നാല്‍ സ്ത്രീവിരുദ്ധമെന്നും സാമൂഹ്യവിരുദ്ധമെന്നും പരക്കെയുള്ള വിമര്‍ശനങ്ങളും അദ്ദേഹത്തിന് കേള്‍ക്കേണ്ടിവന്നു. മൂന്നു നോവലുകളുടെ പരമ്പരയില്‍ ആദ്യത്തേതാണ് ഇട്ടിക്കോരയെന്ന് നോവലിസ്റ്റ് പറഞ്ഞിട്ടുണ്ട്. അതിന് മുമ്പ് ആല്‍ഫ എന്ന നോവലും അദ്ദേഹം എഴുതിയിട്ടുണ്ട്.

പൂര്‍ണ്ണമായും എഴുത്തിന് വേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതമാണ് രാമകൃഷ്ണന്റേത്. ഈ വര്‍ഷം ജനുവരി 31 നാണ് അദ്ദേഹം ദക്ഷിണ റെയില്‍വേ ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ പദവിയില്‍നിന്ന് വോളന്ററി റിട്ടയര്‍മെന്റ് എടുത്തത്. ഇനി എഴുത്തിന്റെ വസന്തകാലം ടി. ഡി രാമകൃഷ്ണന്‍ മലയാളത്തിന് കൂടുതലായി നല്കുമെന്ന് നമുക്ക് കരുതാം. അതിനായി കാത്തിരിക്കുകയും ചെയ്യാം.