എസ്. ഹരീഷിന്റെ ജാതിയും ഏച്ചിക്കാനത്തിന്റെ മതവും

കേരളത്തിൽ ജാതിചിന്തയും അസഹിഷ്ണുതയും കൂടിവരുന്ന സാഹചര്യത്തിൽ ഇവരുടെ പുതിയ കഥകൾ പ്രസക്തവും വായനക്ഷമവുമാകുകയാണ്.

സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണി’ എന്ന ചെറുകഥ ഉയർത്തിവിട്ട ചർച്ചകൾ അവസാനിക്കും മുൻപേ യുവകഥാകൃത്ത് എസ്. ഹരീഷിന്റെ ‘മോദസ്‌ഥിതനായങ്ങു വസിപ്പൂ മലപോലെ’ എന്ന കഥ തൊട്ടുപിന്നാലെയെത്തി. ഏച്ചിക്കാനം രണ്ടു മതങ്ങൾക്കിടയിലുള്ളവരുടെ ജീവിതമായിരുന്നു പറഞ്ഞതെങ്കിൽ ഹരീഷ് അമ്പുതൊടുത്തത് നമുക്കിടയിലെ ജാതി ചിന്തയിലേക്കായിരുന്നു. രണ്ടുകഥകളിലും പ്രത്യക്ഷമായി പറയാത്ത പല മാനങ്ങൾ വായിച്ചെടുക്കുമ്പോൾ മലയാള ചെറുകഥ കൂടുതൽ സജീവമാകുന്നതായി മനസ്സിലാക്കാം. കഴിഞ്ഞ വർഷം നോവലിന്റെ വസന്തമായിരുന്നെങ്കിൽ ഇക്കുറിയത് കഥകളുടെ പൂക്കാലമാണെന്ന് നിസംശയം പറയാൻ കഴിയും.

സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണി’ എന്ന ചെറുകഥയിൽ കഥാപാത്രങ്ങളാകുന്നത് രണ്ടു മതങ്ങളിലുള്ളവരാണ്. അതുകൊണ്ട് ആ കഥയെ ഹിന്ദു–മുസ്‍ലിം വിരുദ്ധമായിട്ടായിരുന്നു ചിലർ കണ്ടത്

മഹാകവി കുമാരനാശാന്റെ വരികളാണ് ‘മോദസ്‌ഥിതനായങ്ങു വസിപ്പൂ മലപോലെ’ എന്നത്. ശ്രീനാരായണ ഗുരുവിനെക്കുറിച്ചായിരുന്നു മഹാകവി ഇങ്ങനെയെഴുതിയത്. ബോധത്തിലും അബോധത്തിലും നമ്മുടെയുള്ളിൽ ജാതിചിന്തയുണ്ടെന്ന് ഹരീഷ് ഓരോ സന്ദർഭത്തിലും വ്യക്‌തമാക്കുകയാണ്. പവിത്രയുടെയും അനൂപിന്റെയും വിവാഹക്കാര്യം ചർച്ച ചെയ്യാനാണ് രണ്ടുവീട്ടുകാരും അവളുടെ വീട്ടിൽ ഒത്തുകൂടിയത്. രണ്ടുകുടുംബവും രണ്ടുജാതിയെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാൽ പുതുതലമുറ ജാതിയെ മറന്നുകൊണ്ട് വിവാഹം കഴിക്കാനൊരുങ്ങുമ്പോഴും, രക്ഷിതാക്കൾ അതിനു സമ്മതം മൂളുമ്പോഴും ജാതിചിന്ത എത്ര ശക്‌തമായി അവർക്കിടയിലുണ്ടെന്ന് മനസ്സിലാക്കാൻ അധികം ദൂരമൊന്നുംപോകണ്ട.

‘ചോറ് തിന്നാനെത്ര പേരുകാണും?’ പച്ചടിക്ക് കൈതച്ചക്ക നുറുക്കുന്നതിനിടെ വല്യമ്മ ചോദിച്ചു.

‘ചോറ് തിന്നുകാന്നൊന്നും പറയണ്ട വല്യമ്മേ. ചോറുണ്ണാം എന്നേ അവരോടു പറയാവൂ’ പവിത്രയുടെ അമ്മ ശാസിച്ചു. ഭക്ഷണത്തിനു മാത്രമല്ല, അതു പറയേണ്ടിടത്തും ജാതിവേർതിരിവ് നമ്മുടെ സമൂഹത്തിൽ പ്രകടമാണ്. മിക്ക ഈഴവ കുടുംബത്തിലും ചോറു തിന്നുക എന്നേ പറയാറുള്ളൂ. എന്നാൽ നായർ കുടുംബങ്ങളിൽ ചോറുണ്ണുക എന്നാണ് പൊതുവെ ഉപയോഗിക്കുക. വരൻറെ കുടുംബത്തേക്കാളും താഴെയുള്ള ജാതിയിലാണെന്നും വാക്കുകളിൽ പോലും അതുപ്രകടിപ്പിക്കാൻ പറ്റില്ലെന്നുമുള്ള അധമ  ബോധം പവിത്രയുടെ അമ്മയുടെ മനസ്സിലുണ്ട്.

പുതിയ തലമുറയുടെ ജാതിരഹിത ചിന്തയെ പ്രകീർത്തിച്ചുകൊണ്ടു സംസാരിക്കുമ്പോഴാണ് അനൂപിന്റെ അമ്മാവൻ ഉണ്ണിമാമനും പവിത്രയുടെ അച്‌ഛന്റെ അനുജനായ പവിത്രനും ആ ഫോട്ടോയെക്കുറിച്ചു സംസാരിച്ചുതുടങ്ങിയത്. വീടിനു മുന്നിൽ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോ എടുത്തുമാറ്റാനാണ് മേൽജാതിക്കാരനായ ഉണ്ണിമാമൻ ആവശ്യപ്പെടുന്നത്. ‘‘ ഞങ്ങളുടെ കുടുംബത്തിലെ ലാസ്‌റ്റ് കല്യാണാ. എല്ലാ സ്വന്തക്കാരും വരും. ആ ഫോട്ടോ അവിടെ വെക്കണമെന്നുണ്ടോ? ഞാൻ ചുമ്മാ ഒരഭിപ്രായം പറഞ്ഞെന്നേയുള്ളൂ’’. എന്നാൽ പവിത്രയുടെ അച്‌ഛന് അതിനോടു യോജിക്കാൻ പറ്റുന്നില്ല. അയാളുടെ അച്‌ഛൻ സ്‌ഥാപിച്ച ഫോട്ടോയാണത്.

പത്തുവയസ്സുപ്രായമുള്ളപ്പോൾ ഗുരുവിനെ നേരിട്ടു കണ്ട ആളാണ് അച്‌ഛൻ കരുണാകരൻ. മീൻകറി ചട്ടിയിൽ ചോറിട്ട് തൂത്തുവാരിയുണ്ടതിനെ ഗുരു തമാശയാക്കിയതിൽ പിന്നെ ജീവിതത്തിലുടനീളം ഇറച്ചിയും മീനും ഉപേക്ഷിച്ച ആളാണ് അദ്ദേഹം. കുലത്തൊഴിലായ കള്ളു വിൽപ്പനയാണെങ്കിലും ഗുരുവിൻറെ ഫോട്ടോ കള്ളുഷാപ്പിൽ വച്ചതിനെ മദ്യപനായ ഒരാൾ പരിഹസിച്ചപ്പോൾ  അവിടെ നിന്ന് ഫോട്ടോ എടുത്തുമാറ്റിയ ആളായിരുന്നു കരുണാകരൻ. അങ്ങനെയുള്ള അദ്ദേഹം ജീവിച്ചിരിക്കെയാണ് മകന്റെ വീടിന്റെ മുന്നിൽ നിന്ന് ജാതി തിരിച്ചറിയാതിരിക്കാൻ ഗുരുവിന്റെ ഫോട്ടോ എടുത്തുമാറ്റുന്നത്. 

കഥയിലെ മറ്റൊരു സന്ദർഭം. വിവാഹശേഷം രണ്ടു കുടുംബങ്ങളും ഒന്നിച്ച് ഗുരുവായൂരിൽ പോയി. അന്നുരാത്രി അനൂപിൻറെ അച്‌ഛനും പവിത്രയുടെ അച്‌ഛനും കട്ടിലുകൾ അടുപ്പിച്ചിട്ടാണ് കിടന്നുറങ്ങിയത്.  അത്രയ്‌ക്കും അടുപ്പമായി കഴിഞ്ഞിരുന്നു ആ കുടുംബങ്ങൾ തമ്മിൽ. എന്നാൽ അടുത്ത ദിവസം രാവിലെ ഉണർന്ന് പല്ലുതേച്ച് കഴുകി പവിത്രയുടെ അച്‌ഛൻ ബ്രഷ് അരയിലെ മുണ്ടോടു ചേർത്ത് കത്തിപോലെ കുത്തിനിർത്തിയതു അനൂപിൻറെ അച്‌ഛൻ കണ്ടപ്പോൾ ചെറുപ്പത്തിൽ പനകയറ്റക്കാരൻ കുഞ്ഞപ്പനാണ് അയാളുടെ മനസ്സിലേക്കു വന്നത്. എത്ര പണമുണ്ടായാലും ഏറ്റുകാരന്റെ ശേഷിപ്പ് അവളുടെ അച്‌ഛനിൽ ഉണ്ടെന്നാണ് മേൽജാതിക്കാരനായ അയാളുടെ ഉള്ളിൽ ഉള്ളത്.

സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണി’ എന്ന ചെറുകഥയിൽ കഥപാത്രങ്ങളാകുന്നത് രണ്ടു മതങ്ങളിലുള്ളവരാണ്. അതുകൊണ്ട് ആ കഥയെ ഹിന്ദു–മുസ്‍ലിം വിരുദ്ധമായിട്ടായിരുന്നു ചിലർ കണ്ടത്. ആ രീതിയിലായി പിന്നീട് കഥാവായന. ബിഹാറുകാരനായ ഗോപാൽ യാദവിനെ ഹിന്ദുമതത്തിന്റെ പ്രതീകമായും  കാസർകോട്ടുകാരൻ കലന്തൻഹാജിയെ ഇസ്‍ലാം മതത്തിന്റെ പ്രതീകവുമായി കണ്ടു. അതുകൊണ്ടു തന്നെ രണ്ടിടത്തുനിന്നും കഥാകൃത്ത് ക്രൂശിക്കപ്പെട്ടു. നമുക്കിടയിലെ ദാരിദ്ര്യവും പട്ടിണിയും ഇനിയും മാറിയിട്ടില്ല എന്നു കാണിക്കാൻ വേണ്ടിയാണ് താൻ ബിരിയാണി എഴുതിയതെന്ന വിശദീകരണവുമായി കഥാകൃത്തിന് ഇറങ്ങേണ്ടി വന്നു. 

എസ്. ഹരീഷിനെ സംബന്ധിച്ചിടത്തോളം അത്തരമൊരു ദുര്യോഗം ഉണ്ടായിട്ടില്ല. കാരണം രണ്ടു മതങ്ങൾ തമ്മിലുണ്ടെന്നു ചിലർ പറയുന്ന അസഹിഷ്ണുത രണ്ടു ജാതികൾ തമ്മിൽ ഇല്ലെന്നതു തന്നെ. മലയാളിയുടെ മുതുകത്ത് തെളിഞ്ഞുകാണുന്ന ജാതിചിഹ്നത്തിനു നേരെയാണ് ഹരീഷ് വാളോങ്ങിയത്. ജാതികൾ തമ്മിലുള്ള പോരാട്ടം ഇവിടെ അത്ര ശക്തമല്ലാത്തതിനാൽ കഥാകൃത്തിനെ ആരും തെറി വിളിച്ചിട്ടുണ്ടാകില്ല. കേരളത്തിലെ യുവാക്കളിൽ ജാതിചിന്ത കൂടിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇതോടൊപ്പം കൂട്ടിവായിക്കാം. യുവാക്കളുട പേരിനൊപ്പം ജാതിവാലും കൂടിവരികയാണ്. പുരോഗമനമെന്നു പറയുന്ന പാർട്ടികളിൽ പോലും അതു സജീവമാണ്. ഒരുപക്ഷേ, കുറച്ചു വർഷങ്ങൾക്കു ശേഷമാണെങ്കിൽ ഹരീഷിന് ഇങ്ങനെയൊരു കഥയെഴുതാൻ സാധിച്ചെന്നു വരില്ല. കഥാകൃത്തിനെതിരെ ജാതിക്കോമരങ്ങളും വാളെടുത്തിരിക്കും.