Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഥയുടെ എഴുത്തച്ഛൻ

T Padmanabhan എഴുത്തില്‍ ആറരപ്പതിറ്റാണ്ടുകാലം പിന്നിടുമ്പോഴും പുതുമ തെളിയുന്ന ഭാഷയിൽ കഥകളെഴുതിക്കൊണ്ടിരിക്കുന്നു ടി. പത്മനാഭൻ. ഒരു പൂമൊട്ട് വിരിഞ്ഞ് പൂവാകുന്നതുപോലെ സ്വാഭാവികമായി, ജീവിതപ്പൂമ്പൊടി വീഴ്ത്തുന്ന എഴുത്ത്. കുറച്ചു വാക്കിലൂടെ കൂടുതൽ ജീവിതം പറഞ്ഞ കഥാകാരന്റെ ജീവിതവഴികളിലൂടെ...

മലയാള സാഹിത്യത്തിൽ ടി. പത്മനാഭനൊരു പേരല്ല, പ്രകാശം പരത്തി കൊടുമുടി കയറുന്നൊരു വാക്കാണ്. എഴുത്തിൽ ആറരപ്പതിറ്റാണ്ടുകാലം പിന്നിടുമ്പോഴും പുതുമ തെളിയുന്ന ഭാഷയിൽ കഥകളെഴുതിക്കൊണ്ടിരിക്കുന്നു, മലയാള കഥയുടെ ഈ എഴുത്തച്ഛൻ. ഒരു പൂമൊട്ട് വിരിഞ്ഞ് പൂവാകുന്നതുപോലെ സ്വാഭാവികമായി, ജീവിതപ്പൂമ്പൊടി വീഴ്ത്തുന്ന എഴുത്ത്. ‘നളിനകാന്തി’ എന്ന കഥയിൽ വിശപ്പുകൊണ്ടു വയറുകാളുന്ന, നല്ല വസ്ത്രങ്ങളില്ലാത്ത  ബാല്യത്തിന്റെ തീയാളുന്ന ഓർമയുണ്ട്. നായയുടെ ആത്മസംഘർഷങ്ങൾ ആവിഷ്കരിച്ച ‘ശേഖൂട്ടി’യും മുരിങ്ങമരത്തിന്റെ വീഴ്ച കാണുന്ന ‘ജീവന്റെ വഴി’യുമെല്ലാം മനുഷ്യനും പ്രകൃതിയും മൃഗങ്ങളും മേയുന്ന മനസ്സിന്റെ ചിത്രീകരണമാണ്.

എഴുത്തുകാരന്റെ ജീവിതവും കഥകളിലെന്ന പോലെ തന്നെ. കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിൽ ഗൃഹനാഥനെക്കാൾ സ്വാതന്ത്ര്യത്തോടെ ഇടപെടുന്ന പൂച്ചകളെയും നായകളെയും കാണുമ്പോൾ ‘പൂച്ചക്കുട്ടികളുടെ വീട്’ മനസ്സിൽ തെളിയും. പലകാലങ്ങളായി വീട്ടിലേക്ക് വന്നുകൂടിയ ഇവരെല്ലാം, കഥാകാരനൊപ്പം ഇപ്പോൾ ഈ വീടിന്റെ നേരവകാശികളാണ്. പ്രണയത്തിന്റെ നിത്യഹരിത സ്മാരകമായ ‘ഗൗരി’യും അസ്തമിക്കാത്ത ജീവിതപ്രതീക്ഷയുടെ തിരികത്തിക്കുന്ന ‘പ്രകാശം പരത്തുന്ന പെൺകുട്ടി’യുമെല്ലാം പത്മനാഭൻ മുദ്രപതിച്ച  കഥാശിൽപങ്ങളാണ്. കുറച്ചു വാക്കിലൂടെ കൂടുതൽ ജീവിതം പറഞ്ഞ കഥാകാരൻ, വഴിത്തിരിവായ  കാലം ഓർത്തെടുക്കുന്നു.

പ്രകാശമില്ലാത്ത കുട്ടിക്കാലം 

അച്ഛനെ കണ്ട ഓർമയില്ലാത്ത ബാല്യമായിരുന്നു ടി. പത്മനാഭന്റേത്. ജന‌ിച്ച് ഏതാനും മാസങ്ങൾ മാത്രമായപ്പോഴായിരുന്നു അച്ഛൻ മരണം. ഇതോടെ ജീവിതം വഴിമുട്ടി. ജ്യേഷ്ഠൻ അന്ന് സെക്കൻഡ് ഫോമിലേ എത്തിയിട്ടുള്ളൂ. മികച്ച വിദ്യാർഥിയായിരുന്ന ജ്യേഷ്ഠന്റെ പഠനം അതോടെ നിലച്ചു. അമ്മയ്ക്ക് സഹോദരന്മാരില്ലായിരുന്നു. മൂന്നു സഹോദരിമാരായിരുന്നു. എന്നാൽ രണ്ട് അമ്മാവന്മാരുണ്ടായിരുന്നു അമ്മയ്ക്ക്. അതിലൊരാൾ നാട്ടിലെ വലിയ ഭൂസ്വാമിയും പ്രമാണിയുമായിരുന്നു. എന്നാൽ ഈ സ്വത്തെല്ലാം അദ്ദേഹം സ്വന്തം അധ്വാനത്തിലൂടെ ആർജിച്ചതായിരുന്നു.

എല്ലാ വർഷവും അദ്ദേഹം കുറച്ചു നെല്ലു കൊടുക്കുമായിരുന്നു. ദാരിദ്ര്യത്തെ ഒരു പരിധിവരെ മറികടന്നത് ഇതിലൂടെയായിരുന്നു. ഈ നെല്ല് കുറച്ചു മാസങ്ങൾ കഴിയുമ്പോൾ തീരും. പിന്നീട് എങ്ങനെയെങ്കിലും കൂട്ടിപ്പിടിച്ചു കഴിഞ്ഞു കൂടുകയായിരുന്നുവെന്ന് ടി. പത്മനാഭൻ. സ്കൂളിൽ പോകുമ്പോൾ ഇടാൻ നല്ല വസ്ത്രങ്ങളില്ലായിരുന്നു, പുസ്തകങ്ങളില്ലായിരുന്നു, ഉച്ചയ്ക്ക് ഉണ്ണാൻ പോകാത്ത ക്ലാസിലെ ഏക വിദ്യാർഥിയായിരുന്നു. വലിയ അഭിമാനിയായിരുന്നു അമ്മ. ഒരിക്കലും ഒന്നിനു വേണ്ടിയും ആരോടും യാചിച്ചില്ല; ചോദിച്ചിട്ടുമില്ല. പട്ടിണി കിടക്കാൻ അമ്മയ്ക്ക് മടിയില്ലായിരുന്നു.  

വഴികാട്ടിയായത് ജ്യേഷ്ഠൻ 

ഹൈസ്കൂളിലെത്തുമ്പോഴേക്കും ജ്യേഷ്ഠൻ സ്വന്തം അധ്വാനത്താൽ മോശമല്ലാത്ത നിലയിലെത്തിയിരുന്നു. വീട്ടിൽ ദാരിദ്ര്യമില്ലാത്ത അവസ്ഥയായി. 1948ലാണ് എസ്എസ്എൽസി പാസാകുന്നത്. പള്ളിക്കുന്നിലെ പണക്കാരുടെ വീടുകളിലെ കുട്ടികളെല്ലാം അന്ന് ബ്രണ്ണൻ കോളജിലാണു പോവുക. തലശ്ശേരി ടൗണിലാണ് അന്ന് കോളജ്, ഇപ്പോഴവിടെ ഹൈസ്കൂളാണ്. രണ്ട് ട്രെയിനുകളാണ് അന്നുള്ളത്. മദ്രാസിൽ നിന്നു മംഗലാപുരത്തേക്കും തിരിച്ചും പോകുന്ന നമ്പർ1, നമ്പർ 2 മദ്രാസ് മെയിലുകൾ. പിന്നെയുള്ളത് ചെറിയ ദൂരത്തിലോടുന്ന പാസഞ്ചർ വണ്ടികളാണ്. കണ്ടം വണ്ടികളെന്നാണ് അന്നതിനെ വിളിച്ചിരുന്നത്.

ട്രൗസറിന്റെ കീശയിലൊരു നോട്ടു പുസ്തകവും തിരുകി ഇതിൽ കയറിയാണ് കുട്ടികൾ ബ്രണ്ണൻ കോളജിലേക്കു പോവുകയും വരികയും ചെയ്യുക. ചിറക്കൽ രാജാസ് ഹൈസ്കൂളിൽ നിന്ന് എസ്എസ്എൽസി പാസായ ഉടൻ ജ്യേഷ്ഠൻ പ്രഖ്യാപിച്ചു, ‘ഞാനിവനെ ചെറിയൊരു ഹൈസ്കൂളിൽ നിന്ന് വലിയൊരു ഹൈസ്കൂളിലേക്ക് അയയ്ക്കുന്നില്ല. കോളജിൽ പഠിക്കുന്നെങ്കിൽ അതൊരു കോളജിൽ ആയിരിക്കണം എന്ന്’.

ടി. പത്മനാഭൻ

കോളജ് വിദ്യാഭ്യാസത്തിൽ നിന്നു ലഭിക്കേണ്ടത് ഡിഗ്രി സർട്ടിഫിക്കറ്റ് മാത്രമല്ലെന്ന് സെക്കൻഡ് ഫോം വരെ മാത്രം പഠിച്ച ജ്യേഷ്ഠന് അന്ന് മനസ്സിലായെന്ന് ടി പത്മനാഭൻ. അങ്ങനെയാണ് മംഗലാപുരത്തെ ഗവ. ആർട്സ് കോളജിൽ ചേരുന്നത്. അന്നത്തെ മംഗലാപുരം അത്ഭുതകരമായ നഗരമായിരുന്നു. ഭാഷാ സംസ്ഥാനങ്ങളൊക്കെ രൂപീകരിക്കുന്നതിനു മുൻപുള്ള അവിഭക്ത മദ്രാസ് പ്രസിഡൻസി. അന്ന് അവിടത്തെ  ഏതു റോഡിലൂടെ, ഏത് തെരുവിലൂടെ നടന്നാലും കാണുന്നതെല്ലാം വിദ്യാർഥികളെയായിരുന്നു.

ഇതിൽ തമിഴ്, കന്നഡ, തെലുങ്ക്, മലയാളം, ഇംഗ്ലിഷ് തുടങ്ങിയ ഭാഷകളെല്ലാം സംസാരിക്കുന്നവരുണ്ടായിരുന്നു. ഈ തിരയിലേക്കാണ് എത്തിപ്പെടുന്നത്. പ്രഫ. എം.ഐ. ഹാഷ്മിയായിരുന്നു അധ്യാപകൻ. അദ്ദേഹം ഇടയ്ക്ക് പറയും ‘യു ആർ ദ് ഗ്രാൻഡ് ചിൽഡ്രൻ ഓഫ് പ്രഫ. ഡോവർ വിൽസൻ ആൻഡ് ജി.ബി. ഹാരിസൺ’ എന്ന്. ലണ്ടൻ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലിഷ് സാഹിത്യത്തിലെ നെടുംതൂണുകളായിരുന്ന ഇവർ ഇരുവരുടെയും ശിഷ്യനായിരുന്നു അദ്ദേഹം. നാലുവർഷം പ്രഫ. ഹാഷ്മിയുടെ കീഴിൽ പഠിക്കാനായത് വലിയ അനുഭവമായിരുന്നു. 

പുസ്തകങ്ങളുടെ ലോകത്ത്  

കോളജിന് അതിഗംഭീരമായൊരു ലൈബ്രറിയും റീഡിങ് റൂമും ഉണ്ടായിരുന്നു. കോളജിന്റെ അത്രതന്നെ വലുപ്പമുണ്ടായിരുന്നു ലൈബ്രറിക്കും. ലൈബ്രേറിയനാകാൻ ബ്രഹ്മാവു സൃഷ്ടിച്ചതുപോലുള്ള ഒരു റാവുവായിരുന്നു അവിടെ ലൈബ്രേറിയൻ. പുസ്തകങ്ങളെക്കുറിച്ച് നല്ല വിവരവും വായനയോടു സ്നേഹവുമുണ്ടായിരുന്നയാളായിരുന്നു റാവു. ടൈംസ് ലിറ്റററി സപ്ലിമെന്റ്, ഇല്ലസ്ട്രേറ്റഡ് ഉൾപ്പെടെയുള്ള ലോകപ്രശസ്തമായ മാഗസിനുകൾ കാണുന്നതും വായിക്കുന്നതും അവിടെ നിന്നാണ്. 

അന്ന് ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിൽ നിന്നുമെല്ലാം തുരുതുരെ പുസ്തകങ്ങൾ വരുമായിരുന്നു. അതെല്ലാം മറ്റുള്ളവർക്ക് കൊടുക്കുന്നതിനു മുൻപ് റാവു പത്മനാഭന് കൊടുക്കുമായിരുന്നു. ലോക സാഹിത്യവുമായി കൂടുതൽ പരിചയം ഉണ്ടാകുന്നത് അക്കാലത്താണ്. നാലുകൊല്ലവും കൂടുതൽ സമയവും ലൈബ്രറിയിലായിരുന്നു. ആ ലൈബ്രറിയിലിരുന്നാൽ ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള കാറ്റ് വീശിയടിക്കുമായിരുന്നുവെന്ന് ടി. പത്മനാഭൻ. 

t-padmanabhan

മംഗലാപുരത്ത് തന്നെയുള്ള മറ്റു രണ്ട് പ്രശസ്തമായ കോളജുകളായിരുന്നു സെന്റ് അലോഷ്യസും വനിതാ കോളജായ സെന്റ് ആഗ്നസും. അവിടെ പഠിക്കുന്ന വിവിധ ഭാഷ സംസാരിക്കുന്ന വിദ്യാർഥികളുമായുള്ള ഇടപെടലുകളും മനസ്സിൽ വലിയ മാറ്റങ്ങളുണ്ടാക്കി. മാത്രമല്ല, യൂണിവേഴ്സിറ്റി ഡിബേറ്റ് മൽസരങ്ങൾക്കായി അവിഭക്ത മദ്രാസ് പ്രസിഡൻസിയുടെ വിവിധ ഭാഗങ്ങളിലെ കോളജുകളിൽ പോയിരുന്നു. ഇക്കാലത്തൊക്കെ കഥയെഴുത്തും സജീവമായി നടന്നിരുന്നു. 

മദ്രാസിലേക്ക് 

നിയമപഠനത്തിനായി മദ്രാസിലെത്തിയതോടെ എം. ഗോവിന്ദനുമായും കേരള സമാജവുമായി അടുത്തു. 1948 മുതൽ തന്നെ കത്തുകളിലൂടെ ഗോവിന്ദനുമായി പരിചയമുണ്ടായിരുന്നു. എന്നാൽ നേരിട്ടു കാണുന്നത് മദ്രാസിലെത്തിയ ശേഷമാണ്. ‘കാട്ടിലെ കഥ’ വായിച്ച ശേഷം അദ്ദേഹം അഭിനന്ദിച്ചു കത്തെഴുതി, ഇങ്ങനെയായിരുന്നു ബന്ധത്തിന്റെ തുടക്കം. മദ്രാസിലെത്തിയ ദിവസം തന്നെ എം. ഗോവിന്ദനെ വീട്ടിൽ പോയി കണ്ടു. മദ്രാസിലെത്തിയതോടെ അദ്ദേഹവുമായുള്ള ബന്ധം കൂടുതൽ ശക്തമായി.

കേരള സമാജത്തിൽ ആഴ്ചയിലൊരിക്കൽ നടന്നിരുന്ന സാഹിതീ സഖ്യം പരിപാടി നടന്നിരുന്നു. അന്ന് മദ്രാസ് പ്രധാനപ്പെട്ടൊരു ഹബ് ആയിരുന്നു. ബോംബെയ്ക്കോ, ഡൽഹിക്കോ, കൽക്കട്ടയ്ക്കോ പോകണമെങ്കിൽ മദ്രാസിലെത്തണമായിരുന്നു. ശങ്കരക്കുറുപ്പും മുണ്ടശ്ശേരിയും എസ്കെയും അടക്കമുള്ള സാഹിത്യകാരന്മാരൊക്കെ മദ്രാസിലെത്തിയാൽ കേരള സമാജം പ്രവർത്തകർ അവരെ കൊണ്ടുവന്നു പരിപാടികൾ സംഘടിപ്പിക്കുമായിരുന്നു. അതൊരു വലിയ അനുഭവമായിരുന്നു.

മദ്രാസിലുള്ള കാലത്ത് ഇടയ്ക്കിടെ എം. ഗോവിന്ദന്റെ വീട്ടിൽ പോകുമായിരുന്നു. എല്ലാ ഭാഷകളിലെയും എഴുത്തുകാരുടെ സംഗമ കേന്ദ്രമായിരുന്നു ആ വീട്. എഴുത്തിൽ വഴികാട്ടിയായ എം. ഗോവിന്ദനുമായുള്ള ബന്ധം അവസാനകാലം വരെയും തുടർന്നു. സാഹിതീ സഖ്യവും എം. ഗോവിന്ദനുമായുള്ള ബന്ധവും എഴുത്തിനും മാനസികമായ വികാസത്തിനും വളരെയേറെ സഹായകമായെന്ന് ടി. പത്മനാഭൻ. 

വഴികാട്ടിയ ദിക്കുകൾ 

മംഗലാപുരത്തെ നാലു വർഷം വായനയുടെ കാലമായിരുന്നെങ്കിൽ മദ്രാസിലുണ്ടായിരുന്ന മൂന്നുവർഷം വലിയ മനുഷ്യരെ കാണാനും പരിചയപ്പെടാനുമുള്ള അവസരമായിരുന്നു. സാഹിത്യകാരനെന്ന നിലയ്ക്കും മനുഷ്യനെന്ന നിലയ്ക്കും ഈ കാലഘട്ടങ്ങൾ ജീവിതത്തിൽ പിന്നീട് വളരെ നിർണായകമായിത്തീർന്നു. ഈ രണ്ട് ദിക്കിൽ നിന്നുമുണ്ടാക്കിയ സമ്പാദ്യത്തിന്റെ പലിശയും ബോണസുമാണ് ഇപ്പോഴും അനുഭവിക്കുന്നതെന്ന് ടി. പത്മനാഭൻ. മലയാള കഥാ സാഹിത്യത്തിന്റെ പതിറ്റാണ്ടുകളുടെ ചരിത്രവും വിവിധ കാലഘട്ടങ്ങളിലെ എഴുത്തും എഴുത്തുകാരെയും സമഗ്രമായി അടയാളപ്പെടുത്താനുള്ള ആർജ്ജവവും കരുത്തും ടി. പത്മനാഭന് നൽകിയതിൽ ഈ ഏഴ് വർഷങ്ങൾക്ക് നിർണായകമായ പങ്കുണ്ട്. 

1988ൽ നടത്തിയ കാരൂർ പ്രസംഗം മാത്രം മതി ടി. പത്മനാഭനെ മലയാള സാഹിത്യത്തിലെ അടയാള നക്ഷത്രമാക്കാൻ. ഇന്നും സാഹിത്യലോകത്ത് കാരൂർ പ്രസംഗത്തിന്റെ അലയൊലികൾ നിലച്ചിട്ടില്ല. ‘എന്റെ കയ്യിലൊരു തിരിയേ ഉള്ളൂ, നിങ്ങളുടെ പക്കൽ പന്തങ്ങളുണ്ടാകട്ടെ’ എന്ന് പുതുമുറക്കാരോട് പറയുമ്പോൾ തന്നെ, ചെമ്പ് തെളിയുന്ന എഴുത്തിനോട് അദ്ദേഹം നിരന്തരം കലഹിച്ചു കൊണ്ടുമിരിക്കുന്നു.

Your Rating: