Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്മനാഭനും എംടിയും പറഞ്ഞത്

MT-Kamal-TP ടി. പത്മനാഭൻ പ്രസംഗിച്ചതു പോലെ വിളക്കുകൾ ഓരോന്നായി അണയുകയാണ്. എവിടെയും ഇരുട്ട് പരക്കുകയാണ്. എതിർ ശബ്ദം ഉയർത്തുന്നവന്റെ നാക്കിനെ നിശബ്ദമാക്കാൻ പലകോണിൽ നിന്നും ചില ശക്തികൾ ശക്തിയാർജിച്ചെത്തുകയാണ്.

നമ്മുടെ പാരമ്പര്യം പഠിപ്പിക്കുന്നത് സഹിഷ്ണുതയാണ്, നമ്മുടെ ഭരണഘടന ആചരിക്കുന്നത് സഹിഷ്ണുതയാണ്. നമുക്കതിൽ വെള്ളം ചേർക്കാതിരിക്കാം. ഒരു വിധിന്യായത്തിൽ പരമോന്നത സുപ്രീം കോടതിയുടെ ഉപസംഹാരം ഇങ്ങനെയായിരുന്നു. എന്നാൽ ഇന്നില്ലാത്തത് സഹിഷ്ണുത മാത്രമാണ്. നമ്മുടെ നാട്ടിൽ നടക്കുന്ന ഓരോ സംഭവങ്ങളും ചൂണ്ടിക്കാണിക്കുന്നത് അതാണ്. എവിടെപ്പോയി ഭാരതീയ സംസ്കാരത്തിന്റെ മുഖമുദ്രയായിരുന്ന സഹിഷ്ണുത?

ഫാഷിസം ആദ്യം ലക്ഷ്യം വയ്ക്കുക സാംസ്കാരികരംഗത്തെയാണ്. ജനങ്ങൾക്കു വേണ്ടി സംസാരിക്കുന്ന സാംസ്കാരിക നായകരുടെ നാക്കറുക്കാനാണ് ഷാഷിസം ആദ്യം ആയുധം മൂർച്ചകൂട്ടുക. രാജ്യസ്നേഹത്തിന്റെയും നോട്ട് പിൻവലിക്കലിന്റെയും പേരിൽ നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങളിലെ തെറ്റു ചൂണ്ടിക്കാട്ടിയതിന് മലയാളത്തിലെ രണ്ട് പ്രമുഖ എഴുത്തുകാർ നേരിട്ട വിമർശനം അത്തരമൊരു നാക്കറുക്കലിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന സൂചനയാണ്.

തിരുവനന്തപുരത്തു നടന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റു നിൽക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ പ്രതികരിച്ച എഴുത്തുകാരൻ ടി. പത്മനാഭൻ പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘‘ രണ്ടു കാർഡുകളുമായിട്ടാണ് ഞാൻ സഞ്ചരിക്കുന്നത്. ആധാർ കാർഡും തിരിച്ചറിയൽ കാർഡും. വീട്ടിൽ നിന്ന് എവിടെ പോകുമ്പോഴും ഈ കാർഡുകൾ കൈവശമുണ്ടാകും. ഇപ്പോൾ മറ്റൊരു കാർഡ് കൂടി വേണമെന്നാണ് പറയുന്നത്. അത് ദേശസ്നേഹത്തിന്റെ കാർഡാണ്. ഏതു തഹസിൽദാരുടെ മുന്നിൽ കൈ നീട്ടിയാലാണ് ആ കാർഡ് ലഭിക്കുകയെന്നറിയില്ല. ഏതായാലും ഈ വയസ്സാൻ കാലത്ത് അത്തരമൊരു കാർഡ് കൈവശപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് ആപത്തൊന്നും വരുത്തരുതേ എന്നുമാത്രമാണ് പ്രാർഥന’’.

ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ കമലിന്റെ വീട്ടുപടിക്കൽ സംഘപരിപാർ സംഘടനകൾ നടത്തിയ പ്രതിഷേധ മാർച്ചിനെ പരാമർശിച്ചുകൊണ്ടാണ് ടി.പത്മനാഭൻ ഇക്കാര്യം പറഞ്ഞത്. മലയാളത്തിലെ ദൃശ്യ, പത്രമാധ്യമങ്ങളെല്ലാം ഇക്കാര്യം വലിയ പ്രാധാന്യത്തോടെ വാർത്തയായി നൽകി. തൊട്ടടുത്ത ദിവസം തന്നെ ടി. പത്മനാഭനെതിരെ വാളോങ്ങി കുറേപേർ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. 

ടി. പത്മനാഭന്റെ നാവ് സിപിഎമ്മിനു വാടകയ്ക്കു കൊടുത്തിരിക്കുകയാണെന്നായിരുന്നു അവരുടെ പ്രധാന പ്രതികരണം. ടി. പത്മനാഭൻ പറഞ്ഞത് സത്യമല്ലേ? കമൽ എന്ന സംവിധായകനെ കമാലുദ്ദീൻ എന്നു വിളിച്ചാക്രോശിച്ചുകൊണ്ട് മാർച്ചു നടത്തിയവരെ ആരെങ്കിലും ന്യായീകരിക്കുമോ? കമൽ മലയാളിക്കെന്നും കമൽ തന്നെയാണ്. അയാൾ കമാലുദ്ദീനാണന്ന് പൊതുജനം തിരിച്ചറിഞ്ഞത് ആ മാർച്ചിലൂടെയായിരുന്നു. ഒരു മുസ്‍ലിം പ്രതീകായി കമൽ എവിടെയും നിന്നതായി അറിവില്ല. മുസ്‍ലിം സംഘടനകളുടെ വേദിയിലൊന്നും അദ്ദേഹം പ്രത്യക്ഷപ്പെടാറുമില്ല. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ചിത്രങ്ങളാണ് അദ്ദേഹം  മലയാളിക്കു സമ്മാനിച്ചത്.

ഗസൽ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ സമുദായത്തിലെ കൊള്ളരുതായ്മകളെയാണ് കമൽ പ്രേക്ഷകനു മുന്നിൽ അവതരിപ്പിച്ചത്. ഒരു അഭിമുഖത്തിൽ കമൽ പറഞ്ഞത് ഇങ്ങനെയാണ്–‘‘ഞാൻ ഒരിക്കൽ പോലും ഏതെങ്കിലും മതത്തിന്റെ പ്രത്യേകിച്ച് ഇസ്ലാമിന്റെ ഐഡന്റിറ്റിയിൽ നിൽക്കുവാൻ താൽപര്യം കാണിച്ചിട്ടുള്ള ആളല്ല. ഇസ്ലാമിനോടുള്ള വിദ്വേഷം കൊണ്ടോ, അതിൽ നിൽക്കാനുള്ള ഭയം കൊണ്ടോ അല്ല. വളരെ സെക്കുലറായ കുടുംബപശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത്. അപ്പോൾ എനിക്കങ്ങനെ മുസ്‍ലിം ഐഡന്റിറ്റിയുടെ ആവശ്യമില്ല. എന്റെ മാതാപിതാക്കളോ കുടുംബാംഗങ്ങളോ ആരും തന്നെ അതിനു നിർബന്ധിച്ചിട്ടില്ല. കമൽ എന്ന പേര് സ്വീകരിച്ചപ്പോൾ എന്റെ മാതാപിതാക്കൾ അങ്ങനെയൊരു പേരുവേണ്ടെന്നു പറഞ്ഞിട്ടില്ല’’.

ഇങ്ങനെയൊരു കലാകാരനെ ജനിച്ചപ്പോൾ മാതാപിതാക്കൾ നൽകിയ പേരുപറഞ്ഞ് വർഗീയമായി അവതരിപ്പിക്കുമ്പോൾ അതിനു പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നു വ്യക്തമാണ്. അയാൾ രാജ്യസ്നേഹമില്ലാത്തവനാണെന്നു ചിത്രീകരിക്കാനാണ് അക്കൂട്ടർ ശ്രമിച്ചത്. അതിനെയാണ് ടി. പത്മനാഭൻ വിമർശിച്ചത്. 

രണ്ടാമത് ആക്രമിക്കപ്പെട്ടത് എം.ടി. വാസുദേവൻനായരാണ്. കറൻസി പിൻവലിച്ചതിനെക്കുറിച്ചാണ് അദ്ദേഹം വിമർശിച്ചത്. നോട്ട് പിൻവലിക്കൽ സാധാരണക്കാരുടെ ജീവിതം താറുമാറാക്കി. നാണ്യ വ്യവസ്ഥ അട്ടിമറിച്ചത് ജനജീവിതത്തെ നശിപ്പിച്ചു എന്നാണ് എം.ടി പറഞ്ഞത്. ധനമന്ത്രി ടി.എം. തോമസ് ഐസക് എഴുതിയ കള്ളപ്പണ വേട്ട, മിഥ്യയും യാഥാർഥ്യവും എന്ന പുസ്തക പ്രകാശന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തുഗ്ലക്കിന്റെ പരിഷ്ക്കാരത്തെ ചൂണ്ടിയാണ് എം.ടി ഇപ്പോഴത്തെ കാര്യങ്ങൾ സംസാരിച്ചത്. തുഗ്ലക്ക് തലസ്ഥാനം മാറ്റിയത് അരക്കിറുക്ക് കൊണ്ടുമാത്രമല്ല. തന്റെ പരിഷ്ക്കാരങ്ങൾ ആരും എതിർക്കാൻ പാടില്ലെന്ന ലക്ഷ്യമായിരുന്നു പിന്നിൽ.

തുഗ്ലക്കിന്റെ കൊട്ടാരത്തിലേക്ക് ജനത്തിന്റെ എതിർശബ്ദം എത്തിയപ്പോഴാണ് തലസ്ഥാനം മാറ്റാൻ അദ്ദേഹം തുനിഞ്ഞത്. ഇത്തരം എതിർപ്പുകൾ ഓരോ കാലത്തും ഉയരും’. എം.ടി. ഇക്കാര്യം പറഞ്ഞതോടെ തൊട്ടടുത്ത ദിവസം തന്നെ ഒരു നേതാവ് അദ്ദേഹത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി. സർക്കാർ നൽകുന്ന പദവികൾ ലക്ഷ്യമിട്ട് പലരും എകെജി സെന്ററിന് മുന്നിൽ കാത്തുനിൽക്കുകയാണെന്നും എം.ടിയെ അക്കൂട്ടത്തിൽ കാണാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. സാധാരണക്കാരുടെ പക്ഷത്തുനിന്നാണ് എം.ടി തന്റെ നിലപാട് വ്യക്തമാക്കിയത്. അതിനെ അത്തരമൊരു കാഴ്ചപ്പാടിലൂടെ കാണാൻ പോലും സാധിക്കുന്നില്ല എന്നുവരുമ്പോൾ ഭാരതീയ പാരമ്പര്യത്തിലെ സഹിഷ്ണുത എവിടെപ്പോയി എന്ന് നൂറാവർത്തി ചോദിക്കാൻ തോന്നുകയാണ്. 

ടി. പത്മനാഭൻ പ്രസംഗിച്ചതു പോലെ വിളക്കുകൾ ഓരോന്നായി അണയുകയാണ്. എവിടെയും ഇരുട്ട് പരക്കുകയാണ്. എതിർ ശബ്ദം ഉയർത്തുന്നവന്റെ നാക്കിനെ നിശബ്ദമാക്കാൻ പലകോണിൽ നിന്നും ചില ശക്തികൾ ശക്തിയാർജിച്ചെത്തുകയാണ്.