കേട്ടിട്ടുണ്ടോ പോഞ്ഞിക്കര റാഫിയെന്ന്?

1958 ലാണ് മലയാളത്തിലെ ആദ്യ ബോധധാര നോവല്‍ എന്ന് ഖ്യാതി നേടിക്കൊണ്ട് സ്വര്‍ഗ്ഗദൂതന്‍ പുറത്തിറങ്ങിയത്.

കൈകളില്‍ കുരുത്തോലയേന്തി ദാവീദിന്റെ പുത്രന് ക്രൈസ്തവര്‍ ഓശാനപാടുന്ന ദിനമായിരുന്നു അത്. അന്നേ ദിവസമാണ് നെടുപത്തേഴത്ത് ജോസഫിന്റെ ഭാര്യ അന്നമ്മ ഏഴാമത് പ്രസവിച്ചത്. 1924 ആയിരുന്നു ആ വര്‍ഷം. ആ കുട്ടി മലയാളസാഹിത്യത്തിന്റെ മണിമുറ്റത്തേക്കാണ് പിച്ചവച്ച് കയറിയത്. അതത്രെ പോഞ്ഞിക്കര റാഫി.

പോഞ്ഞിക്കര റാഫിയെന്ന് പറഞ്ഞാല്‍ പുതിയ തലമുറയിലെ എത്ര പേര്‍ക്ക് ആ പേരെങ്കിലും പരിചിതമായിട്ടുണ്ടാവും എന്ന് അറിയില്ല. എടുത്തുകൊടുക്കാന്‍ അദ്ദേഹത്തിന്റേതായി പുസ്തകങ്ങളുടെ പുന:പ്രസിദ്ധീകരണവും  നിലവില്‍ ഇല്ല എന്നാണ് അറിവ്. ചുരുക്കത്തില്‍ മലയാളത്തില്‍ തമസ്‌ക്കരിക്കപ്പെട്ടുപോകുന്ന എഴുത്തുകാരുടെയും കൃതികളുടെയും ഇടയിലേക്ക് ഒരുപേരു കൂടി. പോഞ്ഞിക്കര റാഫി.

ഇന്ന് അദ്ദേഹത്തിന്റെ ചരമദിനമാണ്. 1992 സെപ്തബര്‍ ആറിനായിരുന്നു റാഫിയുടെ മരണം. ആംഗലേയസാഹിത്യത്തിന്റെ സ്വാധീനത്തില്‍ നിന്ന് ബോധധാരസമ്പ്രദായം മലയാളത്തിലേക്ക് ആദ്യമായി പറിച്ചുനട്ടത് പോഞ്ഞിക്കര റാഫിയായിരുന്നു. പിന്നീടത് ഏറ്റവും മനോഹരമായി എംടിയും വിലാസിനിയും കോവിലനും മറ്റും ഏറ്റെടുത്തുകൊണ്ടുപോകുകയും ലബ്ധപ്രതിഷ്ഠ നേടുകയും ചെയ്തു.

1958 ലാണ്  മലയാളത്തിലെ ആദ്യ ബോധധാര നോവല്‍ എന്ന് ഖ്യാതി നേടിക്കൊണ്ട് സ്വര്‍ഗ്ഗദൂതന്‍ പുറത്തിറങ്ങിയത്. സൈമന്‍ എന്ന വ്യക്തിയുടെ ആന്തരികതയിലൂടെ കടന്നുപോകുകയായിരുന്നു പറുദീസാ പര്‍വ്വം, പ്രളയ പര്‍വ്വം, പെട്ടകപര്‍വ്വം എന്നിങ്ങനെ മൂന്ന് ഖണ്ഡങ്ങളായിതിരിച്ച ഈ നോവല്‍. അതോടൊപ്പം തന്നെ ബൈബിള്‍ പ്രമേയമാക്കി മലയാളത്തിലിറങ്ങിയ ആദ്യ നോവല്‍ എന്ന പേരും സ്വര്‍ഗ്ഗദൂതനുണ്ട്.

ബൈബിള്‍ പഴയനിയമത്തിലെ സംഭവങ്ങളെ സമകാലീന ജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു ഇതിന്റെ രചന. ദൈവവും മാലാഖയും ആദവും നോഹയുമെല്ലാം നായകന്റെ ലോകത്തിലേക്ക് കടന്നുവരുന്നുണ്ട്. ഖസാക്കിലെ ഇതിഹാസത്തിലെ രവിയുടെയും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ദാസന്റെയുമൊക്കെ ആദിരൂപമാണ് സ്വര്‍ഗദൂതനിലെ സൈമന്‍ എന്ന രീതിയിലുള്ള പഠനങ്ങളും നടന്നിട്ടുണ്ട്.

സ്വര്‍ഗദൂതന്‍ ഇങ്ങനെ സവിശേഷമായ ശ്രദ്ധ നേടുമ്പോഴും റാഫിയ്ക്ക് ഏററവും ഇഷ്ടപ്പെട്ട കൃതി ശുക്രദശയുടെ കാലം ആയിരുന്നു.. നീണ്ട വര്‍ഷത്തെ പഠനത്തിന്റെയും അലച്ചിലുകളുടെയും ഫലമായിട്ടായിരുന്നു അദ്ദേഹം ഭാര്യ സെബീനയുമൊത്ത് ഈ ഗ്രന്ഥം രചിച്ചത്. അതുപോലെ കലിയുഗവും ഭാര്യയും ഭര്‍ത്താവും ചേര്‍ന്നെഴുതിയ കൃതിയായിരുന്നു. 11 ചെറുകഥാസമാഹാരങ്ങളും എട്ട് നോവലുകളും രണ്ട് നാടകങ്ങളും രണ്ടു തിരക്കഥകളുമാണ് പോഞ്ഞിക്കര റാഫിയുടെ സാഹിത്യസംഭാവനകള്‍.