കള്ളൻ

ഒരു വലിയ ഓഫീസ് മുറി. 40 വയസ്സുതോന്നിക്കുന്ന ഒരു മധ്യവയസ്‌കൻ ഇരുന്നു ലാപ്ടോപ്പിൽ എന്തോ പരതുന്നു. പെട്ടെന്നാണ് അയാളുടെ ഫോൺ ശബ്‌ദിച്ചത്. രണ്ടാമത്തെ ബെൽ കംപ്ലിറ്റ് ആകാൻ അയാൾവിട്ടില്ല. ഹലോ.. ?. അപ്പുറത്തു നിശ്ശബ്ദത. ഹലോ... ഹു ആർ യു?. ഉത്തരത്തിനു പകരം ഒരുചോദ്യമാണ് അപ്പുറത്തു നിന്ന് ആദ്യമുണ്ടായത്. 

മിസ്റ്റർ വിൻസെന്റ്. ഞാൻ ആരാണെന്ന് ഞാൻ പറയുന്നില്ല. പക്ഷെ എന്റെ കോൾ നിങ്ങൾ കാത്തിരിക്കുകയായിരുന്നെന്ന് ഞാൻ പറയട്ടെ.

യെസ്.. അതെ.. യഥാർത്ഥത്തിൽ നിങ്ങളെ ഞാൻ തേടുകയായിരുന്നു. വിൻസെന്റിന്റെ ശബ്ദം പ്രതീക്ഷയും സന്തോഷവും നിറഞ്ഞതായിരുന്നു. അപ്പുറമുള്ള ആൾ പിന്നേം നിശബ്ദത..  

അതെ താൻ തേടിയ ആ കള്ളൻ ഞാൻ തന്നെയാണ്.. സത്യത്തിൽ ഈ കോൾ ഞാൻ ആഗ്രഹിച്ചില്ല. പക്ഷെ തന്റെ പത്രപരസ്യം. തന്റെ നഷ്ട്ടപ്പെട്ട പേഴ്‌സ് കിട്ടാൻ വേണ്ടി താൻ കൊടുത്ത ആ പരസ്യം. എന്ത് ഇതിൽ ഉണ്ടായിട്ടാഡോ 20,000 Rs മുടക്കി താൻ അങ്ങനൊരു പരസ്യം ഇറക്കിയത്. 

2 എടിഎം കാർഡ്, 1200 Rs. പിന്നെ പേഴ്സിന്റെ ഉള്ളിലെ അറയിൽ ഒരു 100 Rs. കൂടി. പിന്നെ ഒരു പട്ടിടെ പഴകിയ ഫോട്ടോ. തന്നെകുറിച്ചു ഞാൻ അന്വേഷിച്ചു. ഇട്ടുമൂടാനുള്ള സ്വത്ത് തനിക്കുണ്ട്. സ്വന്തമായി കമ്പനിയും. പിന്നെ തനിക്കെന്തിനാടോ ഇതൊക്കെ. ഈ കോൾ വിളിച്ചത് തന്നെ പുച്ഛിക്കാൻ വേണ്ടി മാത്രമാണ് വിൻസെന്റ്. ബാങ്കിൽ വിളിച്ചു എന്റെ എടിഎം പോയി എന്നു പറഞ്ഞാൽ അവർ അത് ബ്ലോക്ക് ചെയ്യും. പിന്നെ ഈ 1300 Rs. ഇതിനു വേണ്ടിയാണോടോ കോടിക്കണക്കിനുണ്ടാക്കുന്ന താൻ ആ പരസ്യം കൊടുത്തത്.   തന്നെ ഒന്നു വെല്ലുവിളിക്കാൻ വേണ്ടി തന്നെയാ പറേണെ. ആ പേഴ്‌സ് എടുത്തത് ഞാൻ ആണേൽ അതെനി താൻ ഒരിക്കലും കാണില്ല.   

അയാൾ പറഞ്ഞു നിർത്തി.. മറുഭാഗം നിശബ്ദത. പിന്നൊരൽപം കളിയാക്കൽ നിറഞ്ഞ സംശയത്തോടെ, അയാൾ വീണ്ടും തുടർന്നു. പേഴ്സിൽ ഉണ്ടായ പട്ടിടെ ഫോട്ടൊ, അതെനി തന്റെ മരിച്ചുപോയ പട്ടി ആണോ. അതിന്റെ സെന്റിമെന്റൽ സ്റ്റോറി ആണോ തനിക്കിനി പറയാനുള്ളത്.. അല്ല അങ്ങനെ ചില വട്ടന്മാരുണ്ട്. അയാൾ പിറുപിറുത്തു. 

എല്ലാം ശ്രദ്ധയോടെ കേട്ടുനിന്ന വിൻസെന്റ് പതിയെ ലാപ്ടോപ്പ് അടച്ചു. പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു. തന്റെ പേരെനിക്കറില്ല. പക്ഷെ തന്റെ സംസാരം നന്നായിട്ടുണ്ട്.   വട്ടൻമ്മാർ ഹഹ. ആ പദപ്രയോഗം. അതുംകൊള്ളാം. ആദ്യമായി ഞാൻ നന്ദി പറയട്ടെ. നിങ്ങൾ വിളിച്ചതിനു. പിന്നെ സുഹൃത്തേ... എന്റെ പേഴ്‌സ് എനിക്ക് വിലപ്പെട്ടതാകാൻ കാരണമുണ്ട്. അതെന്റേതല്ല. പക്ഷെ അതെന്റേതുമാണ്. വിൻസെന്റ് പതിയെ ചിരിച്ചു. 

പറയു അത് അതേപോലെ തിരിച്ചു എനിക്കുതരാൻ നിങ്ങൾക്ക് എന്താണ് ഞാൻ തരേണ്ടത് ?. പറ.. അപ്പുറത്തുനിന്നുള്ള ശബ്ദം കുറച്ചു ശാന്തമായി. എനിക്കൊന്നും വേണ്ട വിൻസെന്റ്. ഇത് ഞാൻ നിങ്ങൾക്ക് തരാം. പക്ഷെ നിങ്ങൾ ഇതിനു കൊടുക്കുന്ന വാല്യൂ. ആ വാല്യൂ ഇതിനെങ്ങനെ വന്നു. അത് പറ.? എനിക്കിപ്പോ അതറിയാനെ തോന്നുന്നുള്ളൂ.   അയാൾ പറഞ്ഞു നിർത്തി.      

വിൻസെന്റ് പതിയെ ചിരിച്ചു. എന്നിട്ടു തുടർന്നു. ഞാൻ പറയുന്നത് നിങ്ങൾ എങ്ങനെ മനസ്സിലാക്കും എന്നത് നിങ്ങളുടെ യുക്തിബോധം പോലെ ഇരിക്കും. പിന്നെനിക്ക് നേരത്തെ പറഞ്ഞപോലെ വട്ടാണെന്ന് തനിക്ക് തോന്നാം.. അതാദ്യമേ പറയട്ടെ. പിന്നെ.. ആ പേഴ്സിന് വിലവരാൻ കാരണം.. ആ പേഴ്‌സ് എന്റേതല്ല. പക്ഷെ വാങ്ങിയ ആൾ എനിക്കായ് വാങ്ങിയതുമാണ്...  ഒന്നും മനസിലായില്ല തനിക്ക് അല്ലെ... (അപ്പുറം നിശബ്ദത ) എനിക്ക് സ്പെഷ്യൽ ആ പേഴ്‌സ്, പിന്നെ അതിലുണ്ടായ ഡോഗ് ഫോട്ടൊ, പിന്നെ ഉള്ളിലത്തെ അറയിലെ 100 Rs. ഇതൊക്കെ ആണ്. പക്ഷെ ഇതൊക്കെ എന്റേതുമല്ല. പക്ഷെ മറ്റു പലർക്കും പലതുമായിരുന്നു..      

എന്റെ കമ്പനിയിലെ വാച്ച്മാൻ കഴിഞ്ഞ ആഴ്ച എനിക്ക് ഗിഫ്റ്റായി തന്നതാണ് ആ പേഴ്‌സ്. പേഴ്സിന്റെ വില 4000 Rs. അദ്ദേഹത്തിന്റെ മാസവരുമാനം. 6000 Rs. എന്റെ ജന്മദിനം ഓഫീസിൽ ആർക്കുമറിയില്ല. ആഘോഷിക്കാൻ എനിക്ക് താൽപര്യവുമില്ല. കഴിഞ്ഞ വർഷത്തെ എന്റെ ജന്മദിനത്തിൽ അയാൾ ജോയിൻ ചെയ്യുമ്പോൾ ഞാൻ അറിയാതെ പറഞ്ഞ കാര്യം ഓർത്തു അയാൾ അടുത്ത വർഷം..  അതായത് കഴിഞ്ഞയാഴ്ച..  ഒരു ചെറു ചിരിയോടു കൂടി എനിക്ക് ഒരു ഗിഫ്റ്റ്  തന്നു. ആ പേഴ്‌സ്.. എനിക്കറിയാം അയാളുടെ ഒരുമാസത്തെ വരുമാനം അയാൾക്ക് എന്ത് ആവശ്യകതയുണ്ടെന്ന്. ചിലപ്പോ ഇപ്പൊ എനിക്ക് മേടിച്ചു തന്ന പേഴ്സന്റെ 4000 Rs ന്റെ കുറവ് നികത്താൻ മാസങ്ങൾ എടുക്കുമദ്ദേഹം. ഇത്രയും സ്നേഹം മാത്രം നിറഞ്ഞ ഒരു ഗിഫ്റ്റിനി എനിക്ക് എന്തോ കിട്ടുമെന്ന് തോന്നണില്ല... അൽപനേരം മിണ്ടാതിരുന്നതിനു ശേഷം വിൻസെന്റ് തുടർന്നു.   

പിന്നെ താൻ പറഞ്ഞ ആ ഡോഗ് ഫോട്ടൊ.. അതിന്റെ യഥാർത്ഥ അവകാശി ഞാൻ അല്ല. ഞാൻ ഒരു സൂക്ഷിപ്പുകാരൻ... ഇവിടടുത്തു എന്റെ ഉടമസ്ഥതയിൽ ഒരു അനാഥക്കുട്ടികൾക്കുള്ള ഓർഫനേജ് നടക്കുന്നുണ്ട്. ചെറുപ്പത്തിലേ അച്ഛനമ്മമാർ നഷ്ട്ടപ്പെട്ട ഒരു കുട്ടിയുണ്ട്. പെട്ടിയിൽ വച്ച അവന്റെ അച്ഛനമ്മ അടങ്ങിയ ഒരു ഫുൾ ഫോട്ടൊ ആയിരുന്നത്. കളർ ഇളകി മുക്കാൽ ഭാഗവും പോയ ആ ഫോട്ടോയിൽ അവസാനം ബാക്കിവന്നത് ആ ഡോഗിന്റെ ഫോട്ടൊ മാത്രമാണ്. കയ്യിന്നു നഷ്ടപ്പെട്ടുപോകുമോന്നുള്ള പേടികൊണ്ട് ജീവൻ തരുന്നപോലെ അവൻ എനിക്ക് സൂക്ഷിക്കാൻ തന്ന ഫോട്ടൊ ആണത്..  

പിന്നെ ആ 100 Rs... 3 ദിവസം മുൻപ് ഒരു യാത്രയിൽ ആയിരുന്ന ഞാൻ റോഡിലൂടെ നടക്കുന്ന ഒരു വൃദ്ധന് എന്റെ കാറിൽ ലിഫ്റ്റ് കൊടുക്കുകയുണ്ടായി. ഞാൻ ആയി കാറ് നിർത്തി അദ്ദേഹത്തെ കാറിൽ കയറ്റുകയായിരുന്നു. 

നല്ല സന്തോഷത്തിലായിരുന്നു അദ്ദേഹം. ആദ്യം പറയാൻ കുറച്ചു മടി കാണിച്ചെങ്കിലും അദ്ദേഹം അതിന്റെ കാരണം പറഞ്ഞു. എനിക്കൊരു മകനേയുള്ളു. കുറച്ചു വർഷം ആയി കാരണമില്ലാതെ വല്ലാത്തൊരു അകലം അവൻ എന്നോട് കാണിച്ചിരുന്നു. പക്ഷെ എനിക്ക് വയ്യെന്ന് കണ്ടപ്പോ ഇന്നുരാവിലെ അവൻ എനിക്ക് ഡോക്ടറെ കാണിക്കാൻ 200 Rs തന്നു. എന്ന് പറഞ്ഞു അയാൾ സന്തോഷത്തോടെ കണ്ണ് നിറച്ചു. കീശയിൽ നിന്നെടുത്തു അതെന്നെ ആ പാവം മനുഷ്യൻ കാണിക്കുകയും ചെയ്തു.. അവസാനം കാറിൽ നിന്ന് ഹോസ്പിറ്റൽ ഇറങ്ങുമ്പോ ഞാൻ കുറച്ചു നോട്ടുകൾ അദ്ദേഹത്തിന് നേരെ നീട്ടി.. അപ്പൊ അയാൾ അത് സ്നേഹത്തോടെ നിരസിച്ചെന്നോട് പറഞ്ഞു.. സർ.. ഇതെനിക്ക് വേണ്ട. എന്റെ കയ്യിലിപ്പോൾ ഉള്ള പൈസ ഞാൻ വാങ്ങിയത് എന്റെ മകൻ തന്നോണ്ടാണ്.. സാറിന്റെ നല്ലമനസിനു നന്ദി എന്ന്. അഭിമാനത്തോടെ അയാൾ അതും പറഞ്ഞു നടന്നു നീങ്ങി.. 

വീട്ടിലെത്തിയപ്പോ എന്റെ കാറിൽ കിടന്ന 100 Rs എന്റെ ജോലിക്കാരൻ എന്നെ ഏൽപിച്ചു. അദ്ദേഹത്തിന്റെ കയ്യിൽനിന്നു കാറിൽ വീണ അദ്ദേഹത്തിന്റെ മകൻ കൊടുത്ത രണ്ടുനോട്ടിൽ ഒന്നാണെന്ന് അത് എന്നത് അപ്പൊ തന്നെ എനിക്ക് മനസ്സിലായി.. അത് ഞാൻ എന്റെ പേഴ്സിൽ ഉള്ളിൽ മടക്കി സൂക്ഷിച്ചു.

എന്റെ കയ്യിലെ പണം കൊണ്ട് എനിക്ക് വീണ്ടും മേടിക്കാൻ പറ്റിയ കാര്യങ്ങളല്ല എനിക്ക് നഷ്ടപ്പെട്ടത് എന്ന് മനസായിലാക്കിയ ആ സമയം അങ്ങനെയൊരു പരസ്യം ഞാൻ പത്രത്തി കൊടുത്തു.. എനിക്ക് കഷ്ടപ്പെട്ടു സ്വരുക്കൂട്ടി എന്റെ വാച്ച്മാൻ മേടിച്ചു തന്ന പേഴ്‌സ് എനിക്ക് വേണന്ന് തോന്നി.., ജീവിതത്തിലെ ഏറ്റവും വലിയ സ്വത്തായിക്കണ്ടു ആ കുട്ടി എന്നെ സൂക്ഷിക്കാൻ ഏൽപിച്ച ഫോട്ടൊ. എനിക്ക് വർഷങ്ങൾ കഴിഞ്ഞു തിരിച്ചേൽപ്പിക്കാനാണെന്ന് തോന്നി, ആ വൃദ്ധനെ കണ്ടെത്തി മകന്റെ കയ്യിന്നു കിട്ടിയ ആ നോട്ടിന്റെ മൂല്യം നഷ്ടപ്പെടുത്താതെ തിരികെ ഏൽപ്പിക്കാനും എനിക്ക് തോന്നി..

ഇത്രയും പറഞ്ഞു വിൻസെന്റ് നിർത്തി..   

ഹലോ നിങ്ങൾ അവിടെ ഉണ്ടോ.. പെട്ടെന്നു മറുപടി വന്നു.. ഉണ്ട് സാറെ.. എല്ലാം ഞാൻ കേട്ടു. കുറച്ചൊക്കെ എനിക്ക് മനസ്സിലായി... സാർ ഒരുപാട് നല്ല ഒരാളാണെന്ന് എനിക്ക് മനസ്സിലായി.., ഈ പേഴ്സിൽ ഈ 3 കാര്യങ്ങളല്ലാതെ ഇപ്പൊ സാറിനു വലിയ കാര്യമില്ലത്തതും എനിക്ക് വളരെ ആവശ്യമുള്ള ഒരു കാര്യം കൂടി ഉണ്ട് 1200 Rs. ഹഹ.. അത് ഞാൻ ഞാൻ അങ്ങോട്ടെടുത്തു. പിന്നെ സാറേ.. ഈ കോളിന് മുൻപ് ഞാൻ സാറിന്റെ വീട്ടിലെ ലെറ്റർ ബോക്സിൽ ആ പേഴ്‌സ് വച്ചിരുന്നൂട്ട.. വീട്ടിലെ സിസി ക്യാമറ നോക്കി ഞാൻ 2:20 Pm നു ഒരു ചിരിയും പാസ്സ് ആക്കിട്ടുണ്ട്. അല്ല.. സാറിനു എന്നെ കാണാൻ തോന്നിയെങ്കിലെന്ന് വിചാരിച്ചിട്ടേ. എന്നാ ഹാപ്പിയല്ലേ സാറേ വക്കുവാ കേട്ടോ..  ബസ്റ്റാന്റിൽ ഒരു പണിയുണ്ട്. സാർ ഒരുപാട് നല്ലവനാണ് കേട്ടോ.. അപ്പോ ശരി. വിൻസെന്റ് അതുകേട്ട് ഒന്നേ ചോദിച്ചുള്ളൂ..   

തന്റെ പേരെന്താണ് ?.

അപ്പുറത്തുള്ള ആൾ ഒന്നുറക്കെചിരിച്ചു.. എന്നിട്ട് പതിയെ പറഞ്ഞു.. 

'കള്ളൻ '..

Malayalam Short StoriesMalayalam literature interviews,Malayalam Poems 

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.