Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെസ്സിയുടെ പ്രേമലേഖനം

love-letter

കോളജിലെ ഏറ്റവും പഴയൊരു കെട്ടിടത്തോടുള്ള ആസക്തിയോ പുസ്തകങ്ങളോടുള്ള അടങ്ങാത്ത പ്രണയമോ അല്ല എന്നെ ഇന്നിവിടെ എത്തിച്ചു നിർത്തിയിരിക്കുന്നത്. മുഷിഞ്ഞ ജുബ്ബയും, കണ്ണിൽ കട്ടികൂടിയ ഒരു കണ്ണാടിയും, മുഖം കാണാനാവാത്തവിധം മൂടിക്കിടക്കുന്ന മുടിയുമുള്ളൊരു മനുഷ്യരൂപമുണ്ട് അതിനകത്തെ ഒരു മേശയിൽ. ചുറ്റിലും പുസ്തകങ്ങളാണ്. പുസ്തകങ്ങളോടല്ലാതെ മറ്റാരോടും ഇതുവരെ ആ മനുഷ്യരൂപം സംസാരിച്ചു കേട്ടിട്ടില്ല. ആ മനുഷ്യരൂപത്തിനടുത്തു പോയിരുന്നു സംസാരിക്കണം എന്ന് കുറെ ആയി വിചാരിക്കുന്നു. മറ്റെല്ലാവർക്കും എന്തോ പേടിയാണ് ആ മനുഷ്യരൂപത്തെ. കുറെ കാലമായിട്ടുള്ള പരിശ്രമമാണ്. ഇന്നിത് നടത്തിയെടുത്തിട്ടുതന്നെ കാര്യമെന്ന് മനസ്സിലുറപ്പിച്ചു ലൈബ്രറിയ്ക്കുള്ളിലേക്ക് പ്രവേശിച്ചു. ഒഴിഞ്ഞു കിടന്നിരുന്ന ആ മേശയ്ക്കരികിലേക്ക് ചെന്നിരിക്കാൻ പേടിയായിരുന്നെങ്കിലും മനസ്സിനെ എങ്ങനെയൊക്കെയോ പറഞ്ഞു ധൈര്യപ്പെടുത്തി. ഒടുക്കം ശ്രമം വിജയിച്ചു. 

ഇനി ഒന്നു മിണ്ടണം. എങ്ങനെ തുടങ്ങും എവിടെ തുടങ്ങും എന്നറിയാതെ നിക്കുമ്പോഴായിരുന്നു മുന്നിലുള്ള പുസ്തകം ശ്രദ്ധിച്ചത്. ബെന്യാമിന്റെ ആടുജീവിതം. പണ്ടെപ്പോഴോ വായിച്ച ഒരോർമയുണ്ട് എന്തായാലും ഞാൻ ആ പുസ്തകം കയ്യിലെടുത്തുകൊണ്ടു അൽപം ഉച്ചത്തിൽ ചോദിച്ചു, ഇത് വായിച്ചിട്ടുണ്ടോ? മെല്ലെ പുസ്തകത്തിനുള്ളിൽ നിന്ന് തലയുയർത്തി മനുഷ്യരൂപം ചുറ്റിലും ഒന്നു നോക്കി എന്നിട്ട് എന്നെ നോക്കിയൊന്നു തലയാട്ടി. ഒരു പക്ഷേ, കുറെകാലത്തിനു ശേഷം ഈ കോളജിലെ ഒരു കുട്ടി ആദ്യമായിട്ടായിരിക്കും ആളോട് മിണ്ടുന്നത്. അതിന്റെയൊരു ആശ്ചര്യം ആ മുഖത്തു പ്രതിഫലിച്ചതു ഞാൻ ശ്രദ്ധിച്ചു. അങ്ങനെ മെല്ലെ ഞാൻ സംസാരം തുടങ്ങി. ആദ്യമൊക്കെ സംസാരിക്കാൻ മടിച്ചെങ്കിലും പിന്നീട് ഞങ്ങൾക്കിടയിലെ അകൽച്ച മെല്ലെ ഇല്ലാതായി. ഒരൊറ്റ ദിവസം മതിയായിരുന്നു ഞങ്ങൾക്ക് നല്ല സുഹൃത്തുക്കളാവാൻ. 

ഒരൊറ്റ ദിവസംകൊണ്ടു എങ്ങനെ ഇത്രയും കാര്യങ്ങൾ പങ്കുവെച്ചു എന്ന ചോദ്യത്തിന് കിട്ടിയ ഉത്തരം വളരെ ലളിതമായിരുന്നു. "അവൾ പോയതിനുശേഷം എന്നോടിത്രയും സ്നേഹത്തിൽ സംസാരിച്ച മറ്റൊരു സ്ത്രീ നീയാണ് ". മനസ്സിൽ ആകാംക്ഷയുടെ തിരിനാളം തെളിഞ്ഞു. ഊഹം തെറ്റിയില്ല. ഏതോ പൊട്ടിപ്പോയ പ്രണയത്തിന്റെ ബാക്കിപത്രമായാണ് ഈ ആൾരൂപം കോളജ് ലൈബ്രറിയിൽ ജീവിതം ചിലവഴിക്കുന്നത്. ആരാണീ അവൾ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്നതിന് മുൻപ് ഒരു നിമിഷം അദ്ദേഹം ആലോചിച്ചു നിന്നു. ആ നോട്ടത്തിൽ പ്രതിഫലിച്ചിരുന്നു ആൾടെ ഹൃദയത്തിൽ ഉറങ്ങിക്കിടന്നിരുന്ന പ്രണയത്തിന്റെ ആഴം. മെല്ലെ മുഖം തിരിച്ചെന്നെ നോക്കി ഉരുവിട്ട ആദ്യ നാമം ജെസ്സി എന്നായിരുന്നു. പിന്നീടങ്ങോട്ട് ഏകാന്തതയിലേക്കു കണ്ണും നട്ടുകൊണ്ടായിരുന്നു ബാക്കിയെല്ലാം പറഞ്ഞത്. അദ്ദേഹം തുടർന്നു 

"ഈ കോളജ് ലൈബ്രറിയിൽ വെച്ചാണ് ഞങ്ങൾ തമ്മിൽ ആദ്യം കണ്ടുമുട്ടിയത്. ജെസ്സി നന്നായി വായിക്കുമായിരുന്നു. കോളജ് കാലത്തു എല്ലാ ആൺപിള്ളേർക്കും ജെസ്സിയോടൊരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. എന്നിലെ ഒളിഞ്ഞു കിടന്നിരുന്ന കാമുകനെ ആദ്യമായി പുറത്തു കൊണ്ടുവന്നതും ജെസ്സിയാണ്. അതുവരെ വളരെ പരുക്കനും കാർക്കശ്യക്കാരനുമായിരുന്ന ഞാൻ തോൽവികൾ പഠിച്ചത് അവളെ കണ്ടുമുട്ടിയതിനു ശേഷമായിരുന്നു. ആകാശത്തിലെ മേഘങ്ങളെ തൊടാൻ പറഞ്ഞാൽ എനിക്കൊരുപക്ഷേ, പേടിയുണ്ടായിരുന്നിരിക്കില്ല എന്നാൽ അവളുടെ മുന്നിൽ പോയൊന്നു നിക്കാൻ പറഞ്ഞാൽ എന്റെ മുട്ടിടിക്കാൻ തുടങ്ങുമായിരുന്നു. ഒളിഞ്ഞും മറഞ്ഞും കുറെ പരിശ്രമങ്ങൾ നടത്തിനോക്കി പക്ഷേ എല്ലാം വെറുതെയായി. അവൾക്കറിയാമായിരുന്നിട്ടും അവളെന്റെ വരവിനായി കാത്തിരുന്നു. ഒടുക്കം സകല ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച് ഞാൻ ആദ്യമായി ഈ കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചു. ഞാൻ എന്റെ സ്നേഹം ജെസ്സിയോട് തുറന്നങ്ങു പറഞ്ഞു. പറഞ്ഞ സമയത്തു എന്റെ ഊഹം ശരിയായിരുന്നെങ്കിൽ ഞാൻ കണ്ണടച്ചിരുന്നിരിക്കണം അല്ലാതെ ആ ധൈര്യം എന്നിൽ വരാൻ മറ്റൊരു മാർഗവുമില്ല. 

അവളൊന്നു പുഞ്ചിരിച്ചു. ഞാൻ അവിടെ കാത്തുനിന്നു. കുറച്ചു നേരം കഴിഞ്ഞ് അവളെന്നോട് അടുത്ത ചൊവ്വാഴ്ച ഇതേ സമയത്തു ഇവിടെ വരാൻ പറഞ്ഞു. അങ്ങനെ ചൊവ്വാഴ്ച ഇവിടെയെത്തിയ എന്നെ അവൾ ആകെ വട്ടം കറക്കി. കയ്യിലുണ്ടായിരുന്ന പുസ്തകം തിരികെ വെക്കാൻ വന്ന അവൾ ആ പുസ്തകം എന്നെ ചൂണ്ടി കാണിച്ചു എന്നിട്ടതവിടെ വെച്ചു. പുസ്തകത്തിനുള്ളിൽ എന്തോ ഉണ്ടെന്ന മട്ടിൽ ഞാൻ അതെടുത്തു. അതിൽ എഴുതിയിരുന്നതിങ്ങനെ ആയിരുന്നു  "ഈ പുസ്തകം വായിച്ചു തീരുമ്പോൾ നിനക്കെന്റെ ഹൃദയം മനസിലാവും". ഒരു കൊച്ചുകുട്ടിയെ പോലെ ഞാൻ ആ പുസ്തകം വായിക്കാൻ തുടങ്ങി. ചില താളുകളിൽ ചില അക്ഷരങ്ങളും വാക്കുകളും പ്രത്യേകം അടയാളപ്പെടുത്തിയിരിക്കുന്നു. ഞാനതെല്ലാം ശ്രദ്ധയോടെ ഒരു പേപ്പറിൽ കുറിച്ചു വെച്ചു. അങ്ങനെ ആ പുസ്തകം കഴിഞ്ഞപ്പോഴേക്കും എന്റെ മുന്നിലെ പേപ്പറിൽ ഒരു മനോഹരമായ പ്രണയലേഖനം കാണാൻ എനിക്ക് സാധിച്ചു. അന്ന് നേരിൽ കണ്ടു സംസാരിക്കുക എന്നത് വളരെ പ്രയാസമായിരുന്ന ഞങ്ങൾക്കിടയിൽ സംസാരിക്കാൻ ആകെയുണ്ടായിരുന്ന ഒരു മാർഗമായി അതുമാറി. 

പിറ്റേന്ന് ലൈബ്രറിയിൽ വന്ന് മറ്റൊരു പുസ്തകമെടുത്ത ഞാൻ അത് വായിക്കുന്നതിനോടൊപ്പം മനോഹരമായൊരു പ്രണയലേഖനവും അവൾക്കെഴുതി. അങ്ങനെ ഈ ലൈബ്രറി എന്റെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി. ഇവിടുത്തെ ഒട്ടുമിക്ക പുസ്തകങ്ങളിലും ഞങ്ങളുടെ പ്രണയം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് ഞാൻ കൊടുത്ത ഒരു പുസ്തകത്തിനുള്ളിലെ വാക്കുകൾ മറ്റൊരു പേപ്പറിൽ എഴുതി നല്ലൊരു പ്രേമലേഖനം അവളുടെ മേശയിലിരിക്കുന്നതു അവളുടെ അപ്പൻ പത്രോസുചേട്ടൻ അറിഞ്ഞത്. കലിമൂത്ത പത്രോസുചേട്ടൻ പിറ്റേന്നു കോളജിൽ വന്നു ജെസ്സിയുടെ പഠനമവസാനിപ്പിച്ചു. 

അന്ന് ലൈബ്രറിയിൽ ജെസ്സിയൊരു പുസ്തകം വെച്ചു. അതിന്റെ പേരെനിക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. പെട്ടെന്ന് ജെസ്സിയെ കാണാനുള്ള തിരക്കിനിടയിൽ ആ പുസ്തകം എടുക്കാൻ നിക്കാതെ ഞാൻ അവളുടെ പിറകെ പോയി. ഞാൻ തിരികെയെത്തിയപ്പോഴേക്കും സമയം ഒരുപാട് വൈകിയിരുന്നു. ജെസ്സി പുസ്തകം വെച്ച സ്ഥാനത്തു ഞാൻ ഒരു പുസ്തകവും കണ്ടില്ല. അവിടെയുണ്ടായിരുന്ന രണ്ടുമൂന്നു പുസ്തകങ്ങൾ എടുത്തോണ്ട് ഞാൻ നേരെ ഹോസ്റ്റലിലോട്ടു പോയി പക്ഷേ, അതെല്ലാം വായിച്ചു തീർന്നിട്ടും എനിക്കവളുടെ പ്രേമലേഖനം കിട്ടിയില്ല. അങ്ങനെ അവൾക്കായി തുടങ്ങിയ വായനയാണ്. ഇവിടെയുള്ള ഒട്ടുമിക്ക പുസ്തകങ്ങളും ഞാൻ രണ്ടും മൂന്നും തവണ വായിച്ചുകാണും. പക്ഷേ ഇനിയും ജെസ്സി അന്നുവെച്ച പുസ്തകം മാത്രം എനിക്ക് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. ഒരുപക്ഷേ, ആ പുസ്തകം കാണാതെ പോയിരിക്കാം അതുമല്ലെങ്കിൽ അവൾ ആ പുസ്തകത്തിൽ ഒന്നും എഴുതിയിരിക്കില്ല... ഇല്ല അങ്ങനെ എഴുതാതിരിക്കാൻ എന്റെ ജെസ്സിക്കാവില്ല. ആ പ്രതീക്ഷയാണ് എന്നെ ഇന്നും ഈ മേശയിൽ പിടിച്ചിരുത്തുന്നത്. ആരെങ്കിലും ഒരു പുസ്തകം കൊണ്ടുവെച്ചാൽ ഞാൻ അതുപോയി വായിച്ചു നോക്കും. ജെസ്സി അവളിന്നെനിക്കൊരു ഓർമ മാത്രമായി തീർന്നിരിക്കുന്നു. പക്ഷേ, മരണം വരെ അവൾക്കായുള്ള എന്റെ കാത്തിരിപ്പ് തുടരും എന്റെ ജെസ്സിയും എനിക്കായി എവിടെയെങ്കിലും കാത്തിരിക്കുന്നു എന്ന വിശ്വാസത്തോടെ. ഇതൊന്നും നിങ്ങൾക്ക് പറഞ്ഞാൽ മനസിലാവില്ല കുട്ട്യേ. ഇന്നത്തെ പ്രേമത്തിന് പുതിയ പേര് വന്നിരിക്കുന്നു 'ടൈം പാസ്' പക്ഷേ, ഞങ്ങടെ കാലത്തെ പ്രേമത്തിനൊന്നും ഈ പേരിന്റെ അർത്ഥം മനസിലാക്കാൻ സാധിക്കില്ല." ഇത്രയും കേട്ട ശേഷവും എന്റെ കണ്ണിൽനിന്ന് ഒരുതുള്ളി കണ്ണുനീർ പൊഴിഞ്ഞില്ല. ഞാൻ ആകെ തരിച്ചു നിൽക്കുകയായിരുന്നു ഇങ്ങനെയുമുണ്ടോ പ്രേമം എന്നായിരുന്നു എന്റെ സംശയം.. അല്ല ഇങ്ങനെയാണ് പ്രേമം... ഇതാണ് പ്രേമം.

Malayalam Short StoriesMalayalam literature interviews,Malayalam Poems        

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.