Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുണ്യാളന്റെ പ്രകാശം ...

home

രാവിലെ എട്ടു മുപ്പതിനു പുണ്യാളൻ ബസ് കല്ലൂര് കവലേല് വരുമ്പോ ലാസറു ഹംസാക്കാന്റെ കടേന്നു കാജാ ബീഡി കുത്തിക്കെടുതി ചെവീടെ അടീല് തിരുകി ഓടിവരുന്നുണ്ടാകും.. ലാസറിനു തൃശൂർ അരിയങ്ങാടീല് അരിച്ചാക്കു ചുമക്കണ പണിയ, ചെറുപ്പത്തില് അപ്പനും അമ്മേം മരിച്ചു കൊച്ചു വീട്ടിൽ ഒറ്റക്കായപ്പൊ പള്ളീലെ അച്ഛനാ അവനെ അരിയങ്ങാടീല് കൊണ്ടാക്കീത്.. നല്ല തണ്ടും തടീം ഉണ്ട്.. സ്കൂളില് ആധികൊന്നും പോയിട്ടൂല്ല.. അപ്പോ ഇതന്നെ പറ്റിയ പണീന്നു അച്ചനങ്ങാട്‌ തീരുമാനിച്ചു..

കർത്താവാണേ, ലാസറ് നല്ല സത്യക്രിസ്ത്യാനിയാണ്.. ഒറ്റക്കൊരു കൊച്ചുവീട്ടിൽ താമസിക്കുമ്പോഴും ലാസറു കർത്താവിന്റെ പ്രമാണമൊന്നും തെറ്റിക്കാറില്ല.. (കള്ളു കുടീം ചീട്ടുകളീം ഒഴിച്ച്... നമ്മക്കും വേണ്ടേ ഒരു നേരമ്പോക്കൊക്കെ എന്നാണതിനു ന്യായം) പണ്ടൊക്കെ പണി കഴിഞ്ഞാ ലാസറു നേരെ ലോറൻസിന്റെ ചാരായ ഷാപ്പിലേക്കൊരു പോക്കാ.. കൂടെ ചന്ദ്രനും ഉണ്ടാകും.. ഒരു ഒന്നര അവിടന്നു വീശും, ന്നട്ട് മ്മടെ തേക്കിൻകാട് മൈതാനത്തിലെ പടിഞ്ഞാറേ നടേല് വട്ടത്തു ഇരുന്നു ചീട്ടു കളിക്കാന് ഒരു എട്ടെട്ടര വരെ അങ്ങാടിരിക്കും.. ആന്റണി ചാരായം നിരോധിച്ചപ്പോ ലോറൻസ് കച്ചോടം പൂട്ടി ബിനീലു എടുത്തുകൊടുക്കാൻ നിന്ന്. അപ്പൊ പിന്നെ അങ്ങടാക്കി ലാസറിന്റെ നടത്തം.. ചിലവിത്തിരി കൂടി .. മുപ്പതു രൂപയ്ക്കു തീർന്ന ഒന്നരക്കിപ്പോ ഇരുന്നൂറ്റമ്പതു കൊടുക്കണം,.. ന്നാലും ഒന്നര ഇല്ലാണ്ട് പറ്റില്ല.. പിന്നെ ബാറൊക്കെ പൂട്ടീപ്പോ എക്സ് മിലിറ്ററി കരുണാകരൻ ചേട്ടന്റെ കൈയ്യീന്ന് ഫുള്ള് വാങ്ങണം.. ഫുള്ളായപ്പോ ചെലവ് പിന്നേം കൂടി.. കുടീടെ അളവും കൂടി..

ലാസറേ,. മുത്തേ മ്മള് കുടി നിർത്തിയ ഗവൺമെന്റ് പൂട്ടി പൂവും അല്ലേടാ..

അതെ ചന്ദ്രേട്ടാ.. മ്മളല്ലേ ഈ ഗവൺമെന്റ് സാറന്മാർക്കു ശമ്പളം കൊടുക്കണേ..ചുമടെടുത്തു നടു തളർന്ന മ്മളിതിരി കാശു കൂട്ടിയ അപ്പൊ തൊടങ്ങും മൊതലാളി കരയാൻ..

നിനക്കറിയോ ലാസറേ.. എന്റച്ഛൻ, അച്ഛന്റെ അച്ഛൻ. ചെറിയച്ഛന്മാര് എല്ലാരും കുടിക്കാർന്നു.. ഒരൊന്നര ഇല്ലാണ്ട് ആരും വൈന്നേരം വീട്ടികേറില്ല.. ന്നട്ട് അവർക്കു എന്തേലും അസുഖം ണ്ടാർന്നോ..

അതെ ചന്ദ്രേട്ടാ, ന്റെ അപ്പാപ്പൻ വടിയായതു ഒരു തൊണ്ണൂറ്റഞ്ചു വയസ്സായപ്പഴാ.. ചാവണ വരെ ഒരൊന്നര എന്നും പുള്ളി വീശും. അപ്പൊ കാര്യം ന്താണ് വച്ച മ്മള് കുടിയന്മാർക്ക് കൊള്ളാവുന്ന സാധനം തന്നാ പോരെ.. ആർക്കെന്താ പ്രശനം.. അല്ലാണ്ട് ഇതങ്ങട് നിർത്തിയാ ഈ നാട് നന്നാവോ.. ആൾക്കാര് കുടിക്കാണ്ടിരിക്കോ!

പണ്ട് മുപ്പതു രൂപയ്ക്കു നല്ല വാറ്റു കുടിച്ച മ്മളിപ്പോ ഇരുന്നൂറ്റമ്പതു രൂപ ചെലവാക്കണം.. പണി എപ്പളും മ്മള് പാവങ്ങൾക്ക.. ആര് ചോദിയ്ക്കാൻ.. നീ വാടാ ലാസറേ.. പിള്ളാരിപ്പോ ഇരുപത്തെട്ടു കുത്തീട്ടു തുടങ്ങീണ്ടാവും..

മ്മളീ തൃശ്ശൂര് കാർക്ക് എല്ലാം ഒരാഘോഷാണ്.. ജീവിതം ങ്ങട് പൊളിക്കും.. ന്നട്ട് നല്ല പടായിട്ടു ചോമരുമ തൂങ്ങും.. ഓണം വന്ന മ്മള് കുമ്മാട്ടി കെട്ടും.. പുലികളി തൊടങ്ങും.. ക്രിസ്മസ് ആയ അപ്പൂപ്പന്മാരുടെ വേഷം കെട്ടി നടങ്ങാട് കറങ്ങും.. പിന്നെ മ്മടെ സ്വന്തം തൃശൂർ പൂരം, പുത്തൻപള്ളീലെ പെരുന്നാള് ന്നു വേണ്ട,, മ്മള് പടവാണ* വരെ പൊളിക്കും ഗഡീസ്.

ഇരുപത്തെട്ടും കുത്തി.. കപ്പലണ്ടി കൊറിച്ചു എട്ടരയ്ക്ക് തിരിച്ചൊള്ള പുണ്യാളൻ ബസ് കേറാൻ പൂവുമ്പഴാ ലാസറു ശാന്തമ്മേനെ കണ്ടേ .. എം ഓ റോഡിന്റെ തിരിവില് അവള് പൗഡറൊക്കെ പൂശി ഒരു മാതിരി ചിരിയൊക്കെയായിട്ടു ങ്ങനെ നിക്കാ.. ലാസറൊന്നു നിന്ന്, ലാസറേ നോക്കണ, ബെസ്ററ് പടക്കാന്ന പറയണേ..

ചന്ദ്രൻ എരുവു കേറ്റി നോക്കി..

തറവാഴിത്തരം പറയല്ലേടാ.. ഇവൾക്കൊക്കെ വല്ല പണിക്കും പോയി ജീവിച്ചൂടെ.. പെണ്ണുങ്ങളുടെ പേര് കളയാൻ ..

ലാസറവൾ കേൾക്കാൻ പാകത്തിന് തന്നെ പറഞ്ഞു.. ശാന്തമ്മ മുഖത്തൊരു ഭാവവും ഇല്ലാതെ ഇരയെ നോക്കി അങ്ങനെ തന്നെ നിന്നു.. ഒന്നു കൂടി തിരിഞ്ഞു ശാന്തമ്മയെ നോക്കി ലാസർ പുണ്യാളൻ ബസ് പോണേനു മുന്നേ എത്താൻ തിരക്കു കൂട്ടി നടന്നു...

ഡാ ലാസറേ .. നീയാ പള്ളീല് പുതിയ സ്വർണകുരിശു പണിയാൻ കാശ് കൊടുത്തില്ലാന്നു കേട്ടല്ലോ..

ശരിയാ ചന്ദ്രേട്ടാ.. കർത്താവിനെന്തിനാ സ്വർണകുരിശ്,, കർത്താവു ജീവിച്ചിരുന്നെങ്കി ഇവിടെ പലരേം പണ്ടേ പള്ളീന്നു പൊറത്താക്കിയേനെ.. ആ കാശ് മനുഷ്യന് കൊടുക്കണം.. അതാ എന്റെ മതം.. അല്ലാണ്ട് പള്ളീടേം അമ്പലത്തിന്റേം പൊങ്ങച്ചം കാണിക്കാൻ ഞാൻ കാശു കൊടുക്കില്ല.

നീയാടാ ലാസറേ ശരി.. ചന്ദ്രേട്ടൻ ലാസറേ പിന്തുണച്ചു.. അതാണ് പതിവ്,.. ലാസറെന്തു ചെയ്താലും അതിലൊരു ശരി കാണാനേ ചന്ദ്രേട്ടനു കഴിയൂ...

ഒരു ദിവസം പതിവ് പോലെ ഇരുപത്തെട്ടു കളിച്ചു കപ്പലണ്ടീം കൊറിച്ചു വരുന്ന ലാസറും ചന്ദ്രേട്ടനും കണ്ടത് തേക്കിൻകാട്ടിലെ വടക്കേ നടേല് ഒരു കൊച്ചിനെ സാരീടെ തല കൊണ്ട് മറച്ചു മഴച്ചാറലിൽ നിന്നു രക്ഷിക്കുന്ന ശാന്തമ്മേനെ ആണ്.. മുന്നോട്ടു പോകാതെ ലാസറൊന്നു നിന്നു.. തളർന്നുറങ്ങുന്ന കൊച്ചിനെ ചേർത്തുപിടിച്ചു ശാന്തമ്മ ലാസറിനെ അടുത്തേക്ക് വിളിച്ചു.

..ലാസറേട്ടാ.. ഒരു മിനിറ്റ്.. ഒന്നു വരൊ..

വേണ്ട ലാസറേ.. എടങ്ങേറാ, എന്തിനാ മ്മളിപ്പോ പോണേ, ചന്ദ്രൻ ലാസറിനെ പിടിച്ചു വലിച്ചു...

ചന്ദ്രന്റെ പിടി വിടുവിച്ച ലാസറു ശാന്തമ്മേടെ അടുത്തേക്ക് ചെന്നു.

നിക്കൊരു നൂറു രൂപ വേണം.. ഇവനു മരുന്ന് വാങ്ങാനാ.. രണ്ടുദിവസായി.. നല്ല പനിയാ.. ഇവനെ ഇട്ടു പണിക്കു പോകാൻ പറ്റണില്ല്യ..

ശാന്തമ്മേടെ കണ്ണു നിറഞ്ഞു. അപ്പോഴാണ് അവരെ രണ്ടു ദിവസം കണ്ടില്ലല്ലോന്നു ലാസർ ഓർത്തത്..

ഈ പണിക്കൊക്കെ വരുമ്പോ നീയെന്തിനാടീ കൊച്ചിനെ കൊണ്ട് വരുന്നേ..

ലാസറേട്ടാ.. ങ്ങക്കെന്താ അറിയാ. മ്മള് ഒരു പിഴച്ചവളാണ് അല്ലെ.. എല്ലാർക്കും അത് അറിഞ്ഞ മതി..

ശാന്തമ്മേടെ കണ്ണിൽ നിന്നും പുറത്തേക്കു വീഴാതെ കണ്ണീർ കടൽ ഉരുണ്ടു..

ഡീ ചെക്കൻ വല്ലതും തിന്ന..

ശാന്തമ്മ ഒരു ഞെട്ടലിൽ ലാസറിനെ നോക്കി... ലാസർ ഒട്ടും മടിക്കാതെ ചെക്കനെ അവളുടെ മടീന്ന് പൊക്കി എടുത്തു തോളിലിട്ട്.. ഒരു കൈകൊണ്ടു അവളേം പിടിച്ചെണീപ്പിച്ചു.. ന്നട്ട് നേരെ മ്മടെ രാധാകൃഷ്ണ ചായക്കടേലേക്കു നടന്നു..

ഡീ ചെക്കനെന്താ കൊടുക്കണേ.. നിറഞ്ഞ കണ്ണുകളുമായി, കരച്ചിൽ വന്നു മുട്ടിയിട്ടും ഒന്നും പറയാനാകാതെ ശാന്തമ്മ ഇരുന്നു..

ഡാ ഇവടെ രണ്ടു മസാല.. രണ്ടു വടേം.. എനിക്കൊരു കട്ടൻ കാപ്പീം..

ലാസറേട്ടൻ ഓഡർ കൊടുത്തു..

അപ്പൊ നിന്റെ വീട്ടി വേറാരും ഇല്ലേടീ...

വീടില്ലാത്തവർക്ക് വീട്ടിൽ ആരുണ്ടാവാനാ ലാസറേട്ടാ..

നീ കരയല്ലേ,, ശാന്തമ്മെ.. അപ്പൊ നിന്റെ നാടെവിടാ.

ഞാനങ്ങു കിഴക്കൻ മലയിലായിരുന്നു.. അവടെ പണിക്കു വന്ന ദിവാകരേട്ടന്റെ കൂടെ വന്നതാ.. അപ്പന് കെട്ടിക്കാൻ പാങ്ങില്ലാർന്ന്. ഞാനിറങ്ങി വന്നാ അപ്പനൊരുപകാരം ആവൂലോ. ഞാൻ വന്നു കൊറച്ചു കാലം കഴിഞ്ഞപ്പോ അപ്പൻ അങ്ങേ ലോകത്തേക്ക് പോയീ.. നന്നായി നോക്കുമാർന്നു ദിവാകരേട്ടൻ.. പിന്നെ, കുറച്ചു കാലം കഴിഞ്ഞാ ഇവനുണ്ടായേ.. നല്ല രസാരുന്നു.. കഴിഞ്ഞ കൊല്ലം ദിവാകരേട്ടനെ ഒരു വണ്ടി ഇടിച്ചെ.. ചികിൽസിക്കാൻ പോലും കാശില്ലാണ്ട് .. വല്ലാണ്ട് കഷ്ടപ്പെട്ട്..

ശാന്തമ്മയുടെ കണ്ണിൽ കഴിഞ്ഞ കാലം കരഞ്ഞു... ഒന്നും പറയാനാകാതെ അവൾ വിതുമ്പി.. ഒന്നും മിണ്ടാനാകാതെ ലാസർ അവളെ നോക്കിയിരുന്നു...

ദിവാകരേട്ടനെ ചികൽസിച്ച ഡോക്ടർ ആണ് എന്നെ ആദ്യം ഈ പണിക്കു വിളിച്ചേ.. ദിവാകരേട്ടന്റെ ഓപ്പറേഷന് മുന്നേ.. ഓപ്പറേഷൻ നടക്കാൻ ഞാൻ അയാടെ കൂടെ കിടക്കണം ന്നു പറഞ്ഞു.. ഒരു വഴീം ഇല്ലാത്തോണ്ട് ഞാൻ അയാള് പറഞ്ഞ കേട്ട്.. ഓപ്പറേഷൻ കഴിഞ്ഞു.. പിന്നെ ദിവാകരേട്ടൻ എണീറ്റിട്ടില്ല.. ആശുപത്രീല് കിടക്കണ കാലം മുഴുവനും അയാള് എന്നെ വിളിച്ചോണ്ട് പൂവാർന്നു.. ചെലവ് കാശും തരും. ഒരു വഴീം ഇല്ലാത്തോണ്ടാ.. ഇവനേം ദിവാകരേട്ടനേം ഇട്ടു ഞാൻ എന്ത് പണിക്ക പൂവ... കഴിഞ്ഞ മാസം ദിവാകരേട്ടൻ പോയീ.. ഞങ്ങളൊറ്റക്കായി.. ഇവനെ പരിചയത്തിലുള്ള ഒരു വീട്ടിലാക്കീട്ടാ ഞാൻ രാത്രി ഇങ്ങട് വരാറ്.. ഇപ്പൊ അവരും കയ്യൊഴിഞ്ഞു.. രണ്ടു ദിവസായിട്ട് കടത്തിണ്ണേലാ ഒറക്കം.. അപ്പളാ ഇവന് പനി വന്നേ, ഒരു ഗുളിക വാങ്ങാൻ കാശില്ല.. ആരും തരാനുമില്ല.. ഒരു വേലക്കാരിയായി മതി.. എവിടേലും ഒന്ന് തല ചായ്ക്കാൻ പറ്റിയാ അത് മതി..

നിങ്ങളിരിക്കു. ഞാൻ പനിക്ക് തൽക്കാലത്തേക്ക് ഗുളിക വാങ്ങി വരാം.. ലാസറേട്ടൻ പോയീ പനിക്കുള്ള പാരസെറ്റമോളും കൊണ്ടു വന്നു..

ഡീ നീ ഇതവന് കൊടുത്തേ.. അവനൊന്നു വിയർക്കട്ടെ..

ശാന്തമ്മ പാരസെറ്റമോൾ അവന്റെ വായിലിട്ടു കൊടുത്തു..

ലാസറെ. ന്തൂട്ടാ പരിപാടി.. ദേ.. സമയം നോക്കിയേ നീയ്.. ബസ് ഇപ്പൊ പൂവും ട്ടാ.

ചന്ദ്രേട്ടൻ തിരക്ക് കൂട്ടി.. കാശു കൊടുത്തു ലാസർ അവരേം കൊണ്ട് പുറത്തു വന്നു.. മഴ പെയ്തു എം ഓ റോഡ് മുഴുവനും വെള്ളക്കെട്ടായി.. കല്ലൂരേക്കുള്ള ലാസ്‌റ് ബസ് പുണ്യാളൻ ആളുകേറാൻ തിരക്ക് കൂട്ടി തുടങ്ങി..

ശാന്തമ്മെ.. കല്ലൂര് എനിക്കൊരു ചെറിയ വീടുണ്ട്.. നീ എന്റെ കൂടെ പോരെ.. നിന്നെ ഞാൻ കൊറേ കളിയാക്കീലെ.. അതിനൊരു പ്രായശ്ചിത്തായിട്ടു കൂട്ടിക്കോ.. ഇവന് മഴേം വെയിലും കൊള്ളാണ്ട് അവടെ താമസിക്കാം..

ശാന്തമ്മ അയാളെ സംശയത്തോടെ നോക്കി..

പേടിക്കണ്ട.. നിന്റെ കൂടപ്പിറപ്പാ വിളിക്കണെന്നു വിചാരിച്ചോ.. വാടീ.. മ്മള് ശ്വാസം വിടണ കാലം വരെ നിനക്ക് വിശക്കില്ല.. ഇവനും..

ലാസറെ,,, നീ പുണ്യാളനാട.. ശരിക്കൊള്ള പുണ്യാളൻ..

ചന്ദ്രേട്ടന്റെ ശബ്ദം ഇടറി..

പുണ്യാളൻ ബസ്സില് അവസാനം കേറിയതവരായിരുന്നു.. ചെക്കനെ എടുത്ത ലാസറും, ശാന്തമ്മേം,.. പിന്നെ ചന്ദ്രനും.. ഇരുളിനെ കീറി മുറിച്ചു പുണ്യാളന്റെ പ്രകാശം പരന്നു.. ഒരു ഡബിൾ ബില്ലിൽ ശാന്തമ്മ ഒരു പുതിയ ജീവിതം കണ്ടു.. പുണ്യാളൻ കൊടുത്ത ജീവിതം..

--- --- --- --- --- --- 

*പടവാണ് - മരിക്കുക

Malayalam Short StoriesMalayalam literature interviews,Malayalam Poems         

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.