Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേർക്കാഴ്ചകൾ

nerkazhchakal-1

ഇന്നലെ നൈറ്റ് ഡ്യൂട്ടിക്ക് ഇറങ്ങുന്ന സമയം. എന്നും അൽപം നേരത്തെ ഇറങ്ങാറുണ്ട്. വേറൊന്നും കൊണ്ടല്ല പതിനെട്ടു പേരുള്ള ഞങ്ങളുടെ ഫ്ലാറ്റിൽ ആകെയുള്ളത് മൂന്നു ബാത്റൂം ആണ്. ഒരേ സമയം ഡ്യൂട്ടി ഉള്ള മൂന്നു പേരുണ്ട് ഞങ്ങളുടെ റൂമിൽ മാത്രം. അതുകൊണ്ട് അഞ്ചു മണിക്ക് ഡ്യൂട്ടി ഉള്ള ഞാൻ എന്നും നാലു മണിക്ക് തന്നെ റെഡിയായി ഇറങ്ങാറാണ് പതിവ്.

പതിവു പോലെ ഇന്നലെയും നേരത്തെ ഇറങ്ങി. കമ്പനി ബസ് വരാൻ ഇനിയും മുക്കാൽ മണിക്കൂറോളമുണ്ട്. നേരെ അടുത്തുള്ള ഹോട്ടലിൽ പോയി ഒരു ചായയും വാങ്ങി പുറത്തിറങ്ങി. പുറത്തുള്ള പതിവ് കാഴ്ചകൾ എല്ലാം നോക്കി ആസ്വദിച്ച് ചായ കുടിക്കുന്നതിന് ഇടയിലാണ് അയാളെ ഞാൻ ശ്രദ്ധിച്ചത്.

ആള് മലയാളിയാണെന്ന് കാണുമ്പോ തന്നെ അറിയാം. ഡ്യൂട്ടി കഴിഞ്ഞു വന്നിട്ടേയുള്ളൂ എന്നു തോന്നുന്നു. കുറച്ചു നേരമായി പുള്ളി ഒരിടത്തു തന്നെ ചുറ്റിപ്പറ്റി നിൽക്കുന്നു. സാധാരണ ഡ്യൂട്ടി കഴിഞ്ഞു വന്നാൽ ആരും ഈ പൊരിവെയിലത്തു അങ്ങനെ നിൽക്കാറില്ല.  എങ്ങനെയെങ്കിലും ഒന്നു റൂമിലെത്തിയാൽ മതിയെന്ന ചിന്തയിലാണ് മിക്കവരും വരുന്നത്. ഇടയ്ക്കിടക്ക് പുള്ളി തിരിഞ്ഞും മറിഞ്ഞും ഒക്കെ എല്ലാവരെയും നോക്കുന്നുണ്ട്. എന്തോ ഒരു കള്ളത്തരം കാട്ടാനെന്ന പോലെ....

അയാളെ ശ്രദ്ധിക്കാത്ത രീതിയിൽ ഞാൻ അവിടുന്ന് എഴുന്നേറ്റു വീണ്ടും ഹോട്ടലിന്റെ മുന്നിലെത്തി. അവിടെ വാഷ്ബേസന് മുകളിലായി സാമാന്യം വലിപ്പമുള്ള ഒരു കണ്ണാടിയുണ്ട്. അതിലൂടെ നോക്കിയാൽ എനിക്കയാളെ കാണാൻ കഴിയും. ഞാൻ ശ്രദ്ധിക്കുന്നത് അയാൾക്ക്‌ മനസിലാവുകയുമില്ല...

ഞാനാ കണ്ണാടിയിലൂടെ അയാൾ നിൽക്കുന്ന പരിസരം മുഴുവൻ നോക്കി. അൽപനേരം നോക്കിയപ്പോഴാണ് അതിനടുത്തുള്ള ഫ്ലാറ്റിന്റെ

താഴത്തെ നിലയിൽ ഒരു ഗദ്ദാമയെ (വേലക്കാരി) ഞാൻ കണ്ടത്... ഓ ചുമ്മാതല്ല ആശാൻ ഇവിടെക്കിടന്നു കറങ്ങുന്നത്. മലയാളി എവിടെച്ചെന്നാലും മലയാളി തന്നടാ. ഞാൻ മനസ്സിലോർത്തു...

ഒരു നിമിഷം അതുവഴി പോയ ഒരു സുഹൃത്തിനെ ഒന്നു കൈ കാണിച്ചു തിരിയുമ്പോഴേക്കും അയാളെ അവിടെ കാണുന്നില്ല. ഞാൻ ഗദ്ദാമയെ നോക്കി അവരേയും അവിടെ കാണുന്നില്ല. കഷ്ടം തന്നെ ഇവനെയൊക്കെ കാത്തിരിക്കുന്ന ഒരു ഭാര്യ ഉണ്ടാവില്ലേ നാട്ടിൽ... (ഒരുപാട് മോശമായ ആളുകൾ താമസിക്കുന്ന സ്ഥലമായതു കൊണ്ടാണ് അങ്ങനെ ചിന്തിച്ചത്) ആ എന്തോ കാണിക്കട്ടെ നമുക്കെന്താ... കയ്യിലിരുന്ന പേപ്പർ ഗ്ലാസ് ബലദിയ പെട്ടിയിലേക്കു (വലിയ വേസ്റ്റ് ബോക്സ്) വലിച്ചെറിഞ്ഞു ഞാൻ തിരിച്ചു നടന്നു...

പെട്ടെന്ന് ഒരു ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്. നോക്കുമ്പോൾ നേരത്തെ ഞാൻ കണ്ട അതേ മനുഷ്യൻ ബലദിയ ബോക്സിനുള്ളിൽ നിന്നു പുറത്തേക്കിറങ്ങുന്നു. ആരോ വേസ്റ്റിൽ ഉപേക്ഷിച്ച കുറച്ചു തുണികളും കമ്പിളി പോലുള്ള ഒരു വലിയ സ്വെറ്ററും അയാളുടെ കയ്യിലുണ്ട്.... പെട്ടെന്ന് എന്നെ കണ്ടതും അയാളൊന്നു ചമ്മി. എങ്കിലും ചമ്മൽ പുറത്തു കാണിക്കാതെ ഒരു കൃത്രിമ ചിരിയും ചിരിച്ചു പുള്ളി ഒരു ഡയലോഗ് പറഞ്ഞു.

ഓ, എന്തോ പറയാനാ ഒരു പുതപ്പുണ്ടായിരുന്നത് കീറിപ്പറിഞ്ഞു ഒരു പരുവമായി... പുതിയാതൊന്നു വാങ്ങാന്നു വച്ചാ ഇനി അഞ്ചാറു ദിനാറ് അതിനു കൊടുക്കണം. ആകപ്പാടേ കിട്ടുന്നത് എഴുപതു ദിനാറാ... ഇതു വാങ്ങുന്ന കാശുണ്ടേൽ മോന്റെ കോളജിലെ ബസിന്റെ പൈസ എങ്കിലും അടക്കാൻ പറ്റും. ഇതൊന്നു കഴുകിയെടുത്തു വച്ചാ തണുപ്പാകുമ്പോ ഇനി വേറെ വാങ്ങണ്ടല്ലോ. ഓ, അല്ലേലും ഇവിടെക്കിടക്കുന്ന നമുക്ക് എന്തിനാ പുതിയത്, ഇതൊക്കെ തന്നെ ധാരാളം....

ചമ്മല് മറച്ചുവച്ച ഒരു ചിരിയുമായി അയാള് അടുത്ത ഫ്ലാറ്റിലേക്ക് കേറി പോകുന്നത് അൽപനേരം ഞാൻ നോക്കി നിന്നു.

ഹോട്ടലിലെ മുസ്തഫ പറയുമ്പോഴാണ് അയാൾക്ക്‌ രണ്ടു ആൺമക്കൾ ആണെന്നും മക്കൾ രണ്ടും വലിയ ആഡംബരത്തിലൊക്കെയാണ്‌ ജീവിക്കുന്നതെന്നുമൊക്കെ ഞാൻ അറിയുന്നത്....

ബസിൽ ഇരിക്കുമ്പോൾ മുഴുവൻ അയാളായിരുന്നു എന്റെ മനസ്സു നിറയെ. സത്യത്തിൽ എനിക്ക് ഒരുപാട് വിഷമം തോന്നി ആദ്യം അയാളെ തെറ്റിദ്ധരിച്ചതിൽ. വളരെ നിസ്സാരമായാണ് അയാൾ അത്രയും പറഞ്ഞതെങ്കിലും ചിന്തിച്ചു നോക്കിയാൽ നമുക്കയാളുടെ കഷ്ടപ്പാട്  മനസിലാക്കാൻ കഴിയും. കുടുംബത്തെ ഒരു കരയ്ക്കെത്തിക്കുവാനും മക്കളെ നല്ല രീതിയിൽ പഠിപ്പിക്കുവാനുമൊക്കെ സ്വന്തം സുഖങ്ങളെ മാറ്റി വച്ചു അവർക്കായി ജീവിക്കുന്ന ഇതുപോലുള്ള എത്രയോ ആളുകൾ നമുക്കിടയിൽ ഉണ്ടാകും.

അനാവശ്യമായി പൈസ ചിലവാക്കുമ്പോഴും കൂട്ടുകാരുടെ മുന്നിൽ വലിയവനെപ്പോലെ നടക്കുമ്പോഴും ഒക്കെ അച്ഛന്റെ ഇവിടുള്ള ജീവിതം എങ്ങനെയെന്നറിയാതെ അയാളുടെ മക്കളും ഒരുപക്ഷേ അഹങ്കാരത്തോടെ പറയുന്നുണ്ടാവും, ഹ ഹ ഹ കാശൊന്നും എനിക്കൊരു പ്രശ്നമേ അല്ലടാ എന്റെ അച്ഛൻ അങ്ങു കുവൈറ്റിലാ എന്ന്.

Malayalam Short StoriesMalayalam literature interviews,Malayalam Poems

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.