സ്വയം പുകഴ്ത്തലിന്റെ മറ്റക്കര ഗാഥകൾ…

പന്നികൾ സർവത്ര... അതും രണ്ടുതരം!!! നല്ല ചൊക ചൊകന്ന ശീമപന്നികളും.... നാടൻ കറുമ്പന്മാരും... ഏതായാലും ഈയുള്ളവൻ  ഇവറ്റയെ ആദ്യമായ് കാണുന്നത്  കോട്ടയത്തു എത്തിപ്പെട്ടതിനു ശേഷമാണ്.. കൃത്യമായി പറഞ്ഞാൽ പുതുപ്പള്ളിയുടെ നഗരസാമ്യങ്ങളിൽ നിന്നും മറ്റക്കരകുന്നുകളുടെ ഗ്രാമവിജനതകളിലേക്ക് സാങ്കേതിക വിദ്യാലയം പറിച്ചു നടപ്പെട്ടതിനു ശേഷം...

പെട്ടിയും കെട്ടുമായുള്ള ഈ കൂടുമാറ്റം പല സൗഹൃദസമവാക്യങ്ങളും തിരുത്തി എഴുതി. ഒരു പാത്രത്തിലുണ്ട് ഒരു പായിൽ ഉറങ്ങിയിരുന്ന പലരും പിരിഞ്ഞു... പകരം പുതിയ സഹമുറിയന്മാരും മുറിച്ചികളും വന്നു.. ആ കൂട്ടത്തിൽ ഈയുള്ളവനും പുതിയ ഒരു കൂട്ടുകെട്ടിൽ ചേർന്നു... നല്ലവരായ ഒരു പുരാതന ക്രൈസ്തവ കുടുംബം പലർക്കൊപ്പം ഞങ്ങൾക്കും അഭയമേകി. മതമോ വിശ്വാസങ്ങളെകുറിച്ചോ വേവലാതിയില്ലാതെ ..

വീട്ടിലെ ഗൃഹനാഥനെ 'അച്ചായൻ' എന്ന് എല്ലാവരും വിളിച്ചു, ഞങ്ങളും... ഒന്നാന്തരം കൃഷിക്കാരൻ... എല്ലുമുറിയെ പാടത്തും പറമ്പിലും പണിത ശേഷം അന്തിക്ക് അൽപം (വീര്യം) സേവിക്കും. പിന്നെ ഒരു അര-മുക്കാൽ മണിക്കൂർ നേരം പുള്ളിയുടെ ചില കലാപ്രകടനങ്ങൾ കാണും. അതിലെ പ്രധാന ഐറ്റം മൂത്ത മകനെയും മകന്റെ ഭാര്യയെയും പൂരേ തെറി പറയുന്നതാണ്... തെറി എന്നു പറഞ്ഞാൽ നല്ല 'എ' സർട്ടിഫിക്കറ്റ് പച്ചത്തെറി! ഏതായാലും ചുരുങ്ങിയ നാളുകൾ കൊണ്ട് ഒരു 'ശബ്ദ താരാവലി ' എഴുതാനുള്ള തെറി ഞങ്ങൾ പഠിച്ചു എന്നു പറഞ്ഞാൽ ഊഹിക്കാമല്ലോ!

മറ്റക്കരയുടെ ഗ്രാമീണത, മാദകവും വശ്യവും ആയിരുന്നു... നല്ല ഒന്നാന്തരം കപ്പയും ബീഫും, കപ്പയും മീനും, കപ്പയും കാന്താരിയും, ഉണക്കിയ പോത്തിറച്ചിയും പോലുള്ള പോഷകാഹാരങ്ങൾ... പന്നഗം തോടിലെ കുളിരലകൾ... മറ്റക്കര സ്കൂൾ ഗ്രൗണ്ടിലെ സായാഹ്‌ന കളികൾ ...  ജീവിതം മുന്നോട്ടൊഴുകി.

ഇതിനേക്കാളേറെ ഞങ്ങളെ ഹഠദാകാർഷിച്ചത് അവിടുത്തെ പെൺമണികളായിരുന്നു എന്നത് അതിശയോക്തിയല്ല. ചുരുക്കം ചില ആഴ്ചകൾക്കുള്ളിൽ പരിസരത്തുള്ള ചില വെളുത്തു മെലിഞ്ഞ ചുരുളൻ മുടിക്കാരികളെയും, കൊലുന്നനെയുള്ള 'ബോയ് കട്ട്'കാരികളെയും, സ്കൂൾ വിട്ടു പോകുന്ന ഇടതൂർന്ന 'കേശഭാരിണി'കളെയുമൊക്കെ ഞങ്ങൾ 'നോട്ട്' ചെയ്യുകയും അനാദി കാലം മുതൽ 'കൗമാര ജനതതികൾ' അവലംബിച്ചു വന്നിരുന്നതും 'ലൈൻ വലി', 'ട്യൂണിങ്' എന്നൊക്കെയുള്ള സാങ്കേതിക സംജ്ഞകളിൽ അറിയപ്പെട്ടിരുന്നതുമായ കമ്പിയില്ലാക്കമ്പികൾ അയക്കാനും തുടങ്ങിയിരുന്നു.

ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ത്രീജനങ്ങളുടെ ക്ഷാമവും, ഉള്ളവരെ ചുറ്റിയുള്ള 'ലോക്കൽ കോംപെറ്റീഷനും', ഞങ്ങളുടെ വീടിന്റെ 'സ്ട്രാറ്റജിക്കലി ഇമ്പോർട്ടന്റ്' ലൊക്കേഷനും ഒക്കെ ഇതിനു കാരണങ്ങളാണ്. ഏതായാലും 'വരത്തൻ'മാരോടുള്ള മനഃശാസ്ത്രപരമായുള്ള എന്തോ ഒരു 'ഇദ് ' കൊണ്ടോ അതോ ഭാവിയിലെ 'ഇഞ്ചിനീറിങ്'വാഗ്ദാനങ്ങൾ എന്നുകരുതിയിട്ടോ എന്തോ(ഈയുള്ളവനൊഴിച്ചു) കൂട്ടുകാർക്കൊക്കെ പെട്ടെന്നു പലരുടെയും 'സ്റ്റേഷൻ' കിട്ടി.  

നമ്മളാകട്ടെ 'കാളിദാസനുശേഷം ഞാൻ തന്നെ' എന്ന മട്ടിൽ ഇവർക്കൊക്കെ കാവ്യഭംഗിയുള്ള പ്രണയലേഖനങ്ങൾ രചിച്ചു കൊടുത്തും, Hitler സിനിമയിലെ ജഗദീഷിനെപ്പോലെ "നോക്കു, ഒരു കാര്യം പറയാനുണ്ടായിരുന്നു" എന്ന് ദിവസവും കണ്ണാടിയിൽ നോക്കി റിഹേഴ്സൽ ചെയ്തും വെളുത്തു മെലിഞ്ഞ ചുരുളൻ മുടിയുള്ള ഒരു മുഖക്കുരു കവിളുകാരിയെ ദിവാസ്വപ്നം കണ്ടു നടന്നു... കുട്ടിയുടെ കോളജിലേക്കുള്ള പോക്കുവരത്തുകൾ ഞങ്ങളുടെ വീടിനു മുന്നിലൂടെയുള്ള റോഡിലൂടെ ആയിരുന്നതിനാലും, സന്ദർഭവശാൽ റോഡരികിൽ വീട്ടുകാരുടെ ഒരു കടമുറി ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നതിനാലും പലപ്പോഴും പഠിത്തം ഞാൻ അവിടെയിരുന്നായിരുന്നു... ഒരു വെടിക്കു രണ്ടു പക്ഷി.. അഥവാ അങ്കവും കാണാം താളിയും ഒടിക്കാം... യേത് !!!

പ്രസ്തുത സംഭവപരമ്പരകളെക്കുറിച്ച് വർഷങ്ങൾക്കു ശേഷം ഈ വീട്ടിലെ ഗൃഹനായിക നമ്മുടെ പിതാശ്രീയോടു പറഞ്ഞത് "ഇത്രയും സ്വഭാവഗുണമുള്ളതും കഠിനാധ്വാനിയും ആയ പയ്യനെ കാണാൻ കിട്ടില്ല... കൂടുതൽ ഏകാഗ്രത കിട്ടാൻ റോഡരികിലിരുന്നാണ് പഠിച്ചത്" 

തീർച്ചയായും മറ്റൊന്നും ഉദ്ദേശിച്ചായിരിക്കില്ല... അല്ലെ??.. 

ഏതായാലും ഒരു സായാഹ്‌നം– ഓർക്കാപ്പുറത്തു കുട്ടി നമ്മെ നോക്കി ചിരിച്ചു... പതുക്കെ അടുത്തു വന്നു... നമ്മോടു ഉരിയാടി... പത്മരാജൻ സാറിന്റെ ഭാഷയിൽ പറഞ്ഞാൽ 'അന്നും മഴയുണ്ടായിരുന്നു... മഴയിലൂടവൾ വന്നു..'

"പോളിയിലല്ലേ?"

"ആ ആ..അതെ" വിക്കി വിക്കി മഴയത്തും അടിമുടി വിയർത്തു, വിറച്ചു നോം അരുളി...

"എന്നാ ട്രേഡ്?" കുട്ടി വീണ്ടും..

"കമ്പ്യൂട്ടർ" - നോം

"അതു പഠിച്ചാ പെട്ടെന്നു ജോലി കിട്ടുമോ ചേട്ടാ?" - ഒരു ബേക്കറി നിറയെ ലഡ്ഡു നമുക്കുള്ളിൽ പൊട്ടി..

'മിടുക്കി... അത്രക്കങ്ങട് കടന്നു ചിന്തിച്ചിരിക്കുണൂ... ജോലി.. പിന്നെ കല്യാണം ...ല്ലേ..' - ഇത് ആത്മഗതാഗതം...

"ഉവ്വ്... കുട്ടി നിരീച്ചത് നേരാണ് " - നല്ല വള്ളുവനാടൻ മലയാളത്തിൽ നോം കാച്ചി... 

"എന്നാ നാളെ വരുമ്പോഴേ, എനിക്കൊരു പ്രോസ്‌പെക്ടസും ആപ്ലിക്കേഷൻ ഫോറവും മേടിച്ചോണ്ടു വരാവോ ചേട്ടാ? പ്ളീസ്...അതിനുവേണ്ടി പോളിയിൽ പോണ്ടല്ലോ, ദേ ക്യാഷ്"

ഡിം... ഇന്ത്യ ഒളിംപിക്സിനു പോയ അവസ്ഥയിലായി നോം... ഏതായാലും കുട്ടിക്കു വേണ്ടതു നമ്മൾ വാങ്ങിക്കൊടുത്തു.. കുട്ടി പോളിയിൽ ചേരുകയും ചെയ്തു..

പറഞ്ഞു തുടങ്ങിയതു പന്നികളെ കുറിച്ചാണ്... പിടിവിട്ടു പോയി...

ഞങ്ങൾ താമസിച്ചിരുന്ന വീട്ടിൽ വലുതും ചെറുതും ആണും പെണ്ണും കറുപ്പും വെളുപ്പും ആയി എപ്പോഴും ആറ്‌–ഏഴ് പന്നികൾ കാണും (ഞങ്ങളെ കൂട്ടാതെ)... ശീമപന്നികളുടെ വംശശുദ്ധി നിലനിർത്താനും അനിയന്ത്രിതമായ ജനസംഖ്യാപെരുക്കം തടയാനുമായി ഒരു ലക്ഷണമൊത്ത ആൺപന്നിയെ ഒഴിച്ച് ബാക്കി എല്ലാ ആമ്പിറന്നോൻമാരെയും 'വാസക്ടമി' അഥവാ വരിയുടക്കൽ എന്ന കുടുംബാസൂത്രണ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ഡോക്ടർ നമ്മുടെ സാക്ഷാൽ 'അച്ചായൻ'...

അങ്ങനെ ഒരുനാൾ പ്രായം തികഞ്ഞ ഒരു യുവകോമളന്റെ 'ഓപ്പറേഷൻ' തീയതി ഡോക്ടർ അച്ചായൻ നിശ്ചയിച്ചു...അന്നു വൈകിട്ട് നാലിനും അഞ്ചിനും ഇടയിലുള്ള ശുഭമുഹൂർത്തം... 

"പിള്ളാരെ, കാണണമെങ്കിൽ പന്നിക്കുഴീൽ... വന്നേക്കണം... നീയൊക്കെ എന്നാ കമ്പ്യൂട്ടർ തേങ്ങാ ഒണ്ടാക്കിയാലും, ഇതിനേക്കാൾ വലിയ കോപ്പൊന്നും കാണാൻ പോകുന്നില്ല " - അച്ചായൻ ഒന്നു കാർക്കിച്ചു തുപ്പി...

'True education must correspond to the surrounding circumstances or it is not a healthy growth.' എന്നാണല്ലോ ഗാന്ധിജി പറഞ്ഞിരിക്കുന്നത്. 

ഈ കലാപരിപാടിക്ക് വേണ്ട സാധനങ്ങൾ– നല്ല ഇടിവാളുപോലെ തിളങ്ങുന്ന നീളൻ കത്തി, തിളപ്പിച്ച വെള്ളത്തിൽ പുഴുങ്ങി ഉണക്കിയ കുറെ കീറത്തുണികൾ, കത്തിച്ച മെഴുകുതിരി– കത്തി സ്റ്റെറിലൈസ് ചെയ്യാൻ മഞ്ഞൾ പൊടി, കയർ– പന്നിയെ കൂട്ടിക്കെട്ടാൻ. പിന്നെ മനക്കരുത്തും...

സർവ്വ സജ്ജനായി അച്ചായൻ വന്നു... പന്നിക്കുഴിയിലേക്ക് ഇറങ്ങുന്നതിനു മുൻപേ എന്തോ ഒരു ശങ്ക... ഒരു നിമിഷം ആലോചിച്ചു... പിന്നെ വാണം വിട്ടപോലെ ചുകന്നപ്ലാവ് ഷാപ്പ് ലക്ഷ്യമാക്കി വെച്ചടിച്ചു... മനക്കരുത്തു തേടി പോയതാകും... അപ്പോൾ സമയം നാലര കഴിഞ്ഞിരുന്നു, അഞ്ചരയായി.. ആറരയായി... പതുക്കെ നാട്ടുവെളിച്ചം പരന്നു. അച്ചായന്റെ പൊടിപോലുമില്ല...

ഏഴു മണിയോടെ, രണ്ടു പാട്ടൊക്കെ പാടി, നടന്നു പോയ അച്ചായൻ ഇഴഞ്ഞു വന്നു... പഴയ മാളിക വീടാണ്... രണ്ടാം നിലയിലെ ജനാലക്കൽ ഇരുന്നു മൂത്തമകൻ ചോദിച്ചു...

"അച്ചായോ.. ഒരു പന്നിയെ കണ്ടപ്പോ ധൈര്യം ചോർന്നു പോയോ? വലിയ വീരവാദം ആരുന്നല്ലോ ?? ഇനി ഞങ്ങടെ മേത്തു കുതിരകേറിക്കോ " 

" ഫ !! ### @@@ ### .. (നാല് കല്ലുവെച്ച തെറി ).. നിന്നെയൊക്കെ ഒണ്ടാക്കാൻ പറ്റുമെങ്കിൽ.. പന്നിയൊക്കെ എനിക്കു കോപ്പാ... ഹല്ല പിന്നെ.. അവന്റെ  @@@@@####$$$$ (രണ്ടു കലക്കൻ തെറി പിന്നെയും)" 

ഖഡ്‌ഗപാണിയായി അച്ചായൻ പന്നിക്കുഴിയിലേക്ക് ചാടിവീണു..

"അച്ചായാ... ഇന്നിനി രാത്രി വേണ്ട... അതൊരു മിണ്ടാപ്രാണിയല്ലേ?" മുകളിൽ നിന്ന് കോറസ്...

താഴെ അഗാധതയിൽ എന്തൊക്കെയോ പൊട്ടിത്തകരുന്നു... ഞെരിഞ്ഞോടിയുന്നു... തിരിഞ്ഞുമറിയുന്നു... ആക്രന്ദനങ്ങൾ... മുക്രകൾ... പന്നിയോ??? അച്ചായനോ?? നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ... പിന്നെ ശുദ്ധനിശബ്ദത.

ഏതാനും നിമിഷങ്ങൾക്കു ശേഷം ചോരയിറ്റുന്ന കത്തിയും കടിച്ചുപിടിച്ചു 'റാംബോ' സ്റ്റൈലിൽ അച്ചായൻ ഇഴഞ്ഞു മുകളിൽ വന്നു. ഒന്ന് കാർക്കിച്ചു തുപ്പി... കമഴ്ന്നു വീണ് ഉറക്കമായി... അരയ്ക്കുതാഴെ അടിവസ്ത്രമല്ലാതെ മുണ്ടില്ല, ഷർട്ടിന്റെ രണ്ടു കൈകൾ ഒഴിച്ച് ബാക്കിയൊന്നുമില്ല... കാൽമുട്ടിലും കൈമുട്ടിലും മുറിവുകൾ... ശരീരമാസകലം ചതവുകൾ... അച്ചായനെ ബെഡ്റൂമിലേക്ക് എടുത്തു.. പുതപ്പിച്ചു കിടത്തി...

പതുക്കെ രാത്രി വളർന്നു... ആ വലിയ വീട്ടിൽ വിളക്കുകൾ അണഞ്ഞു.

പിറ്റേന്ന് വെളുപ്പിന് പന്നിയുടെ നിർത്താതെയുള്ള ദീന രോദനങ്ങൾ ഞങ്ങളെ എഴുന്നേൽപ്പിച്ചു... അച്ചായനെയും...

എണീറ്റപാടെ മകനെയും ഭാര്യയേയും നല്ല രീതിയിൽ ഒന്ന് തെറിയഭിഷേകം ചെയ്തു... അവർ അച്ചായനെ രാത്രി എവിടെയോ ഉരുട്ടിയിട്ടു മുണ്ടും തുണിയും പറിച്ചത്രേ !!!

ശേഷം പന്നിക്കുഴിയിലേക്ക്... കൂടെ ഞങ്ങളും... മൂത്ത മകൻ പതിവുപോലെ മാളികമേലെ ജനാലപ്പടിയിൽ...

പുലർകാല വെളിച്ചത്തിൽ ഞങ്ങൾ കണ്ടു.. പന്നിയുടെ വാൽ മൂടോടെ മുറിച്ചു മാറ്റിയിരിക്കുന്നു. ചോര ഒഴുകി കട്ടപിടിച്ചിരിക്കുന്നു. പന്നി പ്രാണവേദനയോടെ മുക്രയിട്ടു നടക്കുന്നു...

അച്ചായന് വിറഞ്ഞു കയറി " ഏതു @@@@%%%% മോനാടാ എന്റെ പന്നീടെ വാല് വെട്ടിയത് ??? @@@@%%%%%####@@@@  (ചെവി പൊട്ടുന്ന നാലഞ്ച് തെറികൾ)... കുടുംബത്തെ പ്രശ്നം മിണ്ടാപ്രാണീടെ വാല് വെട്ടിയാണോഡാ തീർക്കുന്നത് ????  നിന്റെ  @@@@%%%% (പിന്നെയും തെറി) " 

നിശൂന്യ നിശബ്ദത... പൊടുന്നനെ മൂത്ത മകൻ മാളിക മുകളിൽ അശരീരിയായി " അച്ചായോ ....സ്വയം പുകഴ്ത്തല്ലേ "

Malayalam Short StoriesMalayalam literature interviews,Malayalam Poems    

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.