ഒരു അഭിമുഖത്തിന്റെ ഓർമയ്ക്ക്

“മുക്കാൽ മണിക്കൂറിനുള്ളിൽ അഭിമുഖം തീരണം. എനിക്ക് ഇന്ന് തിരക്ക് കൂടുതലാണ്”. തന്റെ മുമ്പിൽ അഭിമുഖത്തിന് തയ്യാറായി    ഇരിക്കുന്ന ആ പ്രൗഢവനിതയുടെ തെല്ലഹങ്കാരവും ധാർഷ്ട്യവും കലർന്ന സംസാരവും മുഖഭാവവും അയാളെ അലോസരപ്പെടുത്തി. ഇങ്ങനെ എത്രയെത്ര അഹങ്കാരഭാഷണങ്ങൾ കേൾക്കുവാൻ വിധിക്കപ്പെട്ടവരാണ് താനുൾപ്പെടുന്ന പാവം പത്രപ്രവർത്തകർ എന്ന് അയാൾ സമാശ്വസിച്ചു. 

അഭിമുഖത്തിനിടയിൽ ഒരിയ്ക്കൽപോലും അവർ പുഞ്ചിരിച്ചില്ല എന്നുള്ളത് അയാൾ ശ്രദ്ധിച്ചു. ഇത്ര പരുക്കൻ ഭാവമുള്ള ഇൗ സ്ത്രീയ്ക്ക് എങ്ങിനെ കവിതകൾ എഴുതുവാൻ കഴിയുന്നു എന്ന് അയാൾ ആശ്ചര്യപ്പെട്ടു. അവർ കാഴ്ചയ്ക്ക് വലിയ സൗന്ദര്യമുള്ള സ്ത്രീയായിരുന്നില്ല. പക്ഷേ അവരുടെ കണ്ണുകൾക്ക് അസാധാരണമായ ഒരു ആകർഷകത്വമുണ്ടായിരുന്നു. തിളക്കമേറിയ കണ്ണുകളായിരുന്നു അവരുടേത്. 

ഇടയ്ക്ക് ഒരു ഫോൺകോൾ വന്നപ്പോൾ അവർ അകത്തെ മുറിയിലേക്ക് തിടുക്കത്തിൽ പോയി. മുൻപ് എഴുത്തുകാരി, പാർട്ടി പ്രവർത്തക എന്നീ നിലയിൽ മാത്രം എല്ലാവരും അറിഞ്ഞിരുന്ന സേതുലക്ഷ്മി ഇന്ന് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ദേശീയഅധ്യക്ഷയായി മാറിയിരിക്കുന്നു. പാർട്ടിയുടെ ദേശീയ അധ്യക്ഷപദവിയിൽ എത്തിച്ചേരുന്ന ആദ്യവനിത, ആദ്യമലയാളി എന്നിങ്ങനെ പോകുന്നു അവരുടെ വിശേഷണങ്ങൾ. ചലച്ചിത്രമേഖലയിൽ ഒരു കാലത്ത് മുടിചൂടാമന്നനായി വിരാജിച്ചിരുന്ന ദേവപ്രകാശ് എന്ന അതുല്യപ്രതിഭയുടെ രണ്ടാംഭാര്യ. വിധവ.

എൺപതുകളിലേയും തൊണ്ണൂറുകളിലേയും യൗവ്വനങ്ങളെ തിയേറ്ററുകളിൽ ഇളക്കി മറിച്ച സ്വപ്നകാമുകൻ. അക്കാലത്തെ പെൺമനസ്സുകളെ ത്രസിപ്പിച്ച ദേവതുല്യമായ സൗന്ദര്യത്തിനുടമ. അഭിനയത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവസംഗീതമായി പ്രേക്ഷകമനസ്സുകളിൽ ഇടംനേടിയ ദേവപ്രകാശ്! ഇൗ പരുക്കൻഭാവങ്ങളുള്ള സ്ത്രീയിൽ അദ്ദേഹം എങ്ങിനെ ആകൃഷ്ടനായി എന്ന് അയാൾ ആശ്ചര്യപ്പെട്ടു. കലയുടെ മാസ്മരികലോകത്തുനിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയ ദേവപ്രകാശ്.  തിരശ്ശീലയിലും ജീവിതത്തിലും അദ്ദേഹത്തിന്റെ ആത്മസഖിയായിരുന്ന ആദ്യഭാര്യ ഉൗർമ്മിള. ജ്വലിക്കുന്ന സൗന്ദര്യത്തിന് ഉടമ. ആരെയും ആകർഷിക്കുന്ന അവരുടെ വശ്യമായ ചിരി. ഒരു ഫ്രെയിമിലെന്നവണ്ണം ദേവപ്രകാശിന്റെയും ഉൗർമ്മിളയുടെയും ചിത്രങ്ങൾ അയാളുടെ മനസ്സിലൂടെ കടന്നുപോയി. 

ഉൗർമ്മിളയുടെ ആകസ്മികമായ മരണം ദേവപ്രകാശിനെ ഉലച്ചതായി അയാൾ കേട്ടിരുന്നു. രാഷ്ട്രീയത്തിൽ ഉദിച്ചുയരുന്ന നക്ഷത്രമായി ദേവപ്രകാശ് മാറിയ സമയത്തായിരുന്നു അത്. പിന്നീട് അദ്ദേഹം ചലച്ചിത്രമേഖലയിൽ നിന്നും പൂർണ്ണമായും വിട്ടുനിന്നു. രാഷ്ട്രീയത്തിൽ തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു. 

ആ സമയത്താണ് എഴുത്തുകാരിയായ സേതുലക്ഷ്മി ദേവപ്രകാശിന്റെ ജീവിതത്തിലേക്ക് കടന്ന് ചെല്ലുന്നത്. പാർട്ടി അനുഭാവി മാത്രമായിരുന്ന അവർക്ക് ദേവപ്രകാശ് നിരവധി വേദികളിൽ അവസരമൊരുക്കി കൊടുത്തു. പാർട്ടിയിൽ ചെറിയ സ്ഥാനങ്ങൾ അവർ ഏറ്റെടുത്തു. ഭർത്താവും രണ്ട് ആൺമക്കളുമുള്ള സേതുലക്ഷ്മി ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച് ദേവപ്രകാശിനൊപ്പം ജീവിക്കുവാൻ തീരുമാനിച്ചത് ജനങ്ങൾക്കിടയിലും മാധ്യമങ്ങളിലും ചൂടുള്ള സംസാരവിഷയമായിരുന്നു. മറ്റൊരാളുടെ ഭാര്യയെ സ്വന്തമാക്കിയതിലൂടെ ദേവപ്രകാശിന്റെ ജനപ്രീതി കുറഞ്ഞെന്നും അതല്ല അതൊന്നും അയാളുടെ ജനപ്രീതിയെ ബാധിച്ചിട്ടില്ലെന്നും രണ്ട് തരത്തിലുള്ള വാദഗതികൾ രൂപപ്പെട്ടു. സേതുലക്ഷ്മിയുടെ മുൻദാമ്പത്യത്തെ പറ്റിയും അഭ്യൂഹങ്ങൾ പടർന്നു. ദേവപ്രകാശിന്റെ സൗന്ദര്യവും സമ്പത്തും പ്രശസ്തിയും കണ്ട് കുടുംബം ഉപേക്ഷിച്ചവളാണ് സേതുലക്ഷ്മി എന്ന് ഒരുവിഭാഗവും അതല്ല ആദ്യഭർത്താവ് പ്രശ്നക്കാരനായതുകൊണ്ടാണ് സേതുലക്ഷ്മി അയാളെ ഉപേക്ഷിച്ചതെന്ന് മറുവിഭാഗവും വിശ്വസിച്ചു.

“നിങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു. പാർട്ടി പുതിയ പദവി ഏൽപ്പിച്ചതിൽ പിന്നെ ഇങ്ങനെയാണ്. എപ്പോഴും ഫോൺകോളുകൾ വന്ന് കൊണ്ടിരിക്കും. ഒന്ന് രണ്ട് ഫോൺകോൾ കൂടി അറ്റന്റ് ചെയ്യാനുണ്ട്.  ഇപ്പോൾവരാം”. മുറിയുടെ വാതിൽക്കൽ പ്രതൃക്ഷപ്പെട്ട് സേതുലക്ഷ്മി അയാളോട് പറഞ്ഞു. പെട്ടെന്ന് തന്നെ അവർ അകത്തേക്ക് മറഞ്ഞു. സമയത്തിന്റെ പേരും പറഞ്ഞ് തന്നോട് നീരസം പ്രകടിപ്പിച്ച ഇൗ സ്ത്രീ ഇപ്പോൾ തന്റെ സമയത്തെ അപഹരിച്ചല്ലോ എന്ന് അയാൾ ഉത്കണ്ഠപ്പെട്ടു. പത്രത്തിന്റെ ഒാഫീസിൽ ചെന്നതിനു ശേഷം ചെയ്ത് തീർക്കേണ്ടതായ ജോലികളെപറ്റിയോർത്ത് അയാൾ അസ്വസ്ഥപ്പെട്ടു. 

രണ്ട് വർങ്ങൾക്ക് മുൻപ് ദേവപ്രകാശ് മരണപ്പെട്ടപ്പോഴാണ് ഇൗ വീട്ടിൽ താൻ ഇതിനു മുൻപ് എത്തിയിട്ടുള്ളതെന്ന് അയാൾ ഒാർത്തു. സേതുലക്ഷ്മി വീണ്ടും അയാൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടു.  ഒരിക്കൽകൂടി അഭിമുഖത്തിന് തയ്യാറായി അയാൾക്ക് മുമ്പിൽ ഇരുന്നു. തന്റെ പാർട്ടിയുടെ ഭാവിപരിപാടികളെപറ്റിയും പാർട്ടിക്കുള്ളിലെ നവീകരണത്തെ പറ്റിയുമുള്ള അയാളുടെ ചോദ്യങ്ങൾക്ക് അവർ ആലോചിച്ച്  ഉറപ്പിച്ചതു പോലെ മറുപടി പറഞ്ഞു. 

തന്റെ സാഹിത്യജീവിതത്തെപറ്റി പറയുമ്പോൾ മാത്രം അവർ അല്പം വാചാലയായി. ഉള്ളിൽ തികട്ടി വന്ന കാര്യം അയാൾ ധൈര്യം അവലംബിച്ച് ചോദിച്ചു: “ആദ്യഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചതിൽ കുറ്റബോധമുണ്ടോ?” അവർ തന്റെ ചോദ്യംകേട്ട് ക്ഷുഭിതയാവുമെന്നാണ് അയാൾ കരുതിയത്. പക്ഷേ അവർ അയാളുടെ ചോദ്യം കേൾക്കാത്ത ഭാവത്തിൽ ഇരിക്കുകയാണുണ്ടായത്. “ഒരു സാഹിത്യകാരിയ്ക്ക് നല്ല രാഷ്ട്രീയക്കാരിയാകുവാൻ കഴിയുമോ?” എന്ന അയാളുടെ ചോദ്യത്തിന്, “താൻ ഇപ്പോഴും രാഷ്ട്രീയക്കാരിയല്ലെന്നും സാമൂഹ്യസേവനമാണ് തന്റെ ആത്യന്തികലക്ഷ്യമെന്നും അതിന് തിരഞ്ഞെടുത്തിരിക്കുന്ന വഴികളിൽ ഒന്ന് മാത്രമാണ് രാഷ്ട്രീയ പ്രവർത്തനം” എന്നും അവർ മറുപടി നൽകി. 

തന്റെ കൃതികളെകുറിച്ചും എഴുത്തിലേക്ക് വന്ന വഴികളെ കുറിച്ചും പറയുമ്പോൾ അവരുടെ കണ്ണുകളിലെ തിളക്കം ഇരട്ടിക്കുന്നത് അയാൾ ശ്രദ്ധിച്ചു. അപ്പോൾ പോലും അവരുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നില്ല എന്നുള്ളത് അയാളെ വിസ്മയിപ്പിച്ചു. പെട്ടെന്നാണ് അവരുടെ സംഭാഷത്തിന് ഇടയിലേക്ക് ദേവപ്രകാശിന്റെയും ഉൗർമ്മിളയുടെയും മകൻ സഞ്ജീവ് കടന്നുവരുന്നത്. അച്ഛന്റെ രണ്ടാംഭാര്യയോട് തെല്ലും നീരസംപുലർത്താതെ അവരെ ബഹുമാനിക്കുന്ന മകൻ. വൈകുന്നേരം സേതുലക്ഷ്മി പങ്കെടുക്കേണ്ടതായ ഒരു മീറ്റിംഗിനെപറ്റി സഞ്ജീവ് അവരെ ഒാർമ്മിപ്പിച്ചു. അഭിമുഖത്തിനൊപ്പം സേതുലക്ഷ്മിയുടെ ചിത്രങ്ങൾ അയാൾ ക്യാമറയിൽ പകർത്തി. പത്രത്തിലെ ഫോട്ടോഗ്രാഫർക്ക് കൂടെ വരാൻ പറ്റാതിരുന്നതിനാൽ അയാൾതന്നെ ആ ചുമതലയും ഏറ്റെടുക്കുകയായിരുന്നു. സഞ്ജീവിനൊപ്പമുള്ള സേതുലക്ഷ്മിയുടെ ചിത്രവും അയാൾ പകർത്തി. എല്ലായ്പ്പോഴും ചിരിച്ച മുഖമുള്ള സഞ്ജീവ് ചിരിച്ചുകൊണ്ട് സ്നേഹത്തോടെ രണ്ടാനമ്മയോട് ചേർന്ന്നിന്നു. അപ്പോഴും സേതുലക്ഷ്മിയുടെ മുഖത്തുണ്ടായിരുന്ന ഗൗരവം കലർന്ന നിർമ്മമത അയാൾ ശ്രദ്ധിച്ചു. 

അഭിമുഖം പൂർത്തിയായപ്പോൾ അയാൾ സേതുലക്ഷ്മിയോടും സഞ്ജീവിനോടും നന്ദി പറഞ്ഞ് പുറത്തേക്കിറങ്ങി. “ഒന്നുനിൽക്കൂ”.   പുറകിൽ നിന്നും സേതുലക്ഷ്മിയുടെ ശബ്ദം കേട്ട് അയാൾ പുറംതിരിഞ്ഞു. അവരുടെ ശബ്ദത്തിന് അതുവരെ ഇല്ലാതിരുന്ന ഒരു ആർദ്രത കൈവന്നിരുന്നത് അയാളെ ആഴ്ചര്യപ്പെടുത്തി. “ഇത് നിങ്ങൾക്കുള്ള എന്റെ ഉപഹാരമാണ്. ഞാൻ പാർട്ടിയിൽ പുതിയ പദവി ഏറ്റെടുത്തതിന് ശേഷം എന്നെ ആദ്യമായി അഭിമുഖം ചെയ്യുന്നത് നിങ്ങളാണ്.” അവർ തന്റെ കയ്യിലിരുന്ന ഒരു ചിത്രം അയാൾക്കുനേരെ നീട്ടിക്കൊണ്ട് പറഞ്ഞു. അയാൾ അത് സ്വീകരിച്ചു കൊണ്ട് ആകാംക്ഷയോടെ അതിൽ കണ്ണോടിച്ചു. ഉൗർമ്മിളയുടെയും ദേവപ്രകാശിന്റെയും എണ്ണഛായാചിത്രം! എൺപതുകളിലെ പ്രണയജോഡികൾ. അവരുടെ ജ്വലിക്കുന്ന യൗവ്വനം. ഫ്രെയിമിനുള്ളിൽ ഉൗർമ്മിളയുടെ വശ്യമനോഹരമായ ചിരി. ദേവപ്രകാശിന്റെ പ്രണയാർദ്രമായ മുഖം. 

തന്റെ ആത്മാവിനുള്ളിൽ ഒരു കുളിർമ്മ അനുഭവപ്പെടുന്നതായി അയാൾക്ക് തോന്നി.  സേതുലക്ഷ്മിയുടെ മുഖത്ത് പുഞ്ചിരിപൊഴിയുന്നത് അയാൾ കണ്ടു. അവരുടെ തിളക്കമേറിയ കണ്ണുകൾ അസാധാരണമായി തിളങ്ങി. അവരുടെ നോട്ടം ഉൗർമ്മിളയുടെ വശ്യമായ ചിരിയിൽ പതിയുന്നത് അയാൾ കണ്ടു. അവരുടെ കണ്ണുകളിലെ അസാധാരണമായ തിളക്കം ആ ഛായാചിത്രത്തെ മൂടുന്നത് അയാൾ അറിഞ്ഞു.