Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാന്ദ്ര, അത് വെറുമൊരു പേരായിരുന്നില്ല...

love

സാന്ദ്ര. അത് വെറുമൊരു പേരായിരുന്നില്ല. നിഗൂഢമായ അവന്റെ മനസ്സ് തുറക്കാനുള്ള ഒരു താക്കോലായിരുന്നു. വെറും ഒന്നും രണ്ടും വർഷമല്ല. നീണ്ട പന്ത്രണ്ടു വർഷം പഴക്കമുള്ള ഒരു സൗഹൃദം. ദിവസങ്ങളും, മാസങ്ങളും, വർഷങ്ങളും കഴിയുംതോറും അവരുടെ സൗഹൃദം ശക്തിയാർജിച്ചുവന്നു. അഞ്ചാം ക്ലാസുമുതലുള്ള ആ സൗഹൃദം ഇന്നിപ്പോൾ വെറും എട്ട് കിലോമീറ്റർ വ്യത്യാസത്തിൽ രണ്ട് കോളേജുകളിലായി സ്ഥിതി ചെയ്യുന്നു.

ആദ്യമായി കണ്ടുമുട്ടിയ വർഷം തന്നെ അവൾ നല്ലൊരു കൂട്ടുകാരിയായിരുന്നു എന്ന തോന്നൽ അവനിൽ ഉണ്ടായിരുന്നില്ല. ഏതാണ്ട് ആറ് വർഷക്കാലമെടുത്തു അവർക്ക് പിരിയാനാവാത്ത സുഹൃത്തുക്കളായിമാറാൻ. അതുകൊണ്ടുതന്നെ അത്ര പെട്ടന്നൊന്നും തകർക്കാനാവാത്ത ഒരു അടിത്തറ അവരുടെ സൗഹൃദത്തിന് ഉണ്ടായിരുന്നു. അവളോടൊപ്പമുള്ള ഏതൊരു നിമിഷവും അവന് വാക്കുകളാൽ വർണിക്കാൻ സാധിക്കാത്തതായിരുന്നു. എന്നിരുന്നാലും പ്ലസ് ടു പഠനകാലമായിരുന്നു അവർ ജീവിതത്തിൽ ഏറ്റവുംകൂടുതൽ ആസ്വദിച്ചിരുന്ന കാലഘട്ടം. ആ കാലഘട്ടത്തെ അവിസ്മരണീയമാക്കുന്നവയായിരുന്നു ക്ലാസിനുള്ളിലെ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും. ഒന്നും രണ്ടും പറഞ്ഞു ക്ലാസിൽവെച്ച് വഴക്കുണ്ടാക്കിയാലും അന്ന് വൈകുന്നേരം സ്കൂൾവിട്ട് തിരികെ നടക്കുമ്പോഴേക്കും രണ്ടുപേരും പഴയപോലെ ആയിട്ടുണ്ടാവും. ഒരു വഴക്കും അതിനപ്പുറം പോവാൻ പാടില്ല എന്നതായിയിരുന്നു അവർക്കിടയിലെ നിയമം.

മഹാമടിയനായിരുന്ന അവനെ കയറ്റങ്ങൾ കയറുമ്പോൾ ഉന്തിക്കയറ്റിയതും വഴിയിൽ കണ്ടിരുന്ന പുല്ലെടുത്തു വായിൽവെക്കുമ്പോൾ അത് തട്ടിക്കളഞ്ഞിരുന്നതും അവളായിരുന്നു. അവന്റെ ജീവിതത്തിലെ എല്ലാ ഇഷ്ടങ്ങളും, അവൻ നേടിയ എലാ വിജയങ്ങളും, അവന്റെ പരാചയങ്ങളും ആദ്യമറിഞ്ഞിരുന്നത് അവളായിരുന്നു. ചില ഭ്രാന്തമായ ദിവസങ്ങളിൽ അവന് അവനോടുതന്നെ ദേഷ്യവും വെറുപ്പും തോന്നുന്ന ചില നിമിഷങ്ങളുണ്ട്. അവിടെയെല്ലാം ഒരു മാലാഖയെപ്പോലെ അവളുടെ ഫോൺകോൾ അല്ലെങ്കിൽ മെസ്സേജ് അവനിലെത്തിയിരുന്നു. അവനെന്തെങ്കിലും പ്രശ്നം ഉണ്ടെന്നു മനസിലാക്കാൻ അവൾക്കവന്റെ  ശബ്ദം കേൾക്കണമെന്നില്ല, അവൻ അയക്കുന്ന മെസ്സേജ് മാത്രം കണ്ടാൽ മതി. 

മറ്റൊരു പെണ്ണിനോട് അവൻ സംസാരിക്കുന്നത് അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ക്ലാസുകൾക്കിടയിൽ  കാൽകുലേറ്ററുകൾക്കുള്ളിൽ രഹസ്യമായി കൈമാറിയിരുന്ന ചില കടലാസു കഷ്ണങ്ങൾ അവരുടെ സൗഹൃദമരത്തിലെ ഇലകളായി മാറുകയായിരുന്നു. ഒരുമിച്ചു പഠിച്ചിരുന്ന കാലത്തു മിഠായി മേടിച്ചു തരാമെന്നു പറഞ്ഞ് അവളെക്കൊണ്ട് നോട്ട്ബുക്കുകളും റെക്കോർഡുകളും എഴുതിച്ചപ്പോഴും അവൾക്കുറപ്പായിരുന്നു ഒന്നും കിട്ടില്ല എന്ന്. എന്നിട്ടും ഒരു മടിയുംകൂടാതെ അവനുവേണ്ടി എല്ലാം അവൾ ചെയ്തു കൊടുത്തു.

പരീക്ഷാക്കാലമായാൽ  പിന്നീടങ്ങോട്ട് അവളുടെ ഉപദേശ കാലമായിരുന്നു. പഠിക്ക്.. പഠിക്ക്.. പഠിക്ക് എന്നുപറഞ്ഞ് നിരന്തരമായ ശല്യപ്പെടുത്തൽ, പഠിക്കേണ്ട തലക്കെട്ടുകൾ ഓർമ്മപ്പെടുത്തൽ, പരീക്ഷാദിവസം രാവിലെ അവളെടുത്തു കൊടുത്തിരുന്ന ക്ലാസുകളായിരുന്നു പലപ്പോഴും പാസ് മാർക്കുകളായി അവന്റെ പേപ്പറിൽ പ്രതിഫലിച്ചത്. തിരികെ ലഭിക്കുമെന്ന് ഒരുറപ്പുമില്ലാതിരുന്നിട്ടും അവൾചെയ്ത സഹായങ്ങൾ ഈ ജന്മംകൊണ്ട് അവന് എണ്ണിത്തീർക്കാൻ കഴിയാത്തവയാണ്. വാക്കുകൊണ്ടോ നോക്കുകൊണ്ടോ അവനെ  ഒരിക്കൽപോലും വേദനിപ്പിച്ചിട്ടില്ലാത്തവൾ.

കോളേജ് ജീവിതം തുടങ്ങിയകാലങ്ങളിൽ ഒരുമിച്ചല്ലാതെപോയതിന്റെ പരിഭവങ്ങൾ പങ്കുവെക്കുകയായിരുന്നു അവരുടെ പ്രധാന നേരംപോക്ക്. അവളെ കാണാൻ കിട്ടിയിരുന്ന ഒരു സന്ദർഭം പോലും പാഴാക്കാൻ അവൻ തയ്യാറല്ലായിരുന്നു. വർഷത്തിൽ ഒരിക്കൽമാത്രം മറ്റുള്ളവർക്ക് പ്രവേശനം ലഭിച്ചിരുന്ന അവളുടെ കോളേജിൽ കഴിഞ്ഞ രണ്ടുവർഷവും അവൻ അവളെ കാണാൻപോയിരുന്നു. ഒരുമിച്ചു കാണുന്ന മിക്ക സന്ദർഭങ്ങളിലും അവന് വാ തുറക്കാൻ അവൾ സമയം കൊടുത്തിരുന്നില്ല. അവന്റെ കുടവയറും കഷണ്ടിയും തന്നെയായിരുന്നു അവൾക്ക് അവനെ കളിയാക്കാനുള്ള പ്രധാന ആയുധം. പിന്നെ കളിയാക്കുന്നത് അവളായതുകൊണ്ട് ഒന്നും മിണ്ടാതെ നിന്നുകൊടുക്കാനും അവന് മടിയുണ്ടായിരുന്നില്ല. പലപ്പോഴും ജീവിതത്തിന്റെ പല പ്രതികൂല സാഹചര്യങ്ങളും നേരിടാനുള്ള കരുത്ത് അവന് നൽകിയിരുന്നതും അവൾതന്നെയായിരുന്നു.

എത്ര വർണിച്ചാലും അവളെക്കുറിച്ച് എഴുതിത്തീർക്കാൻ അവന് കഴിയുന്നതല്ല. എത്ര വീട്ടിയാലും തീരാത്തത്ര കടപ്പാടുകളായിരുന്നു അവനവളോട്... എത്ര സ്നേഹിച്ചാലും മതിവരാത്ത ഒരു മനസ്സും... അങ്ങനെ അവളിൽനിന്നവൻ മനസിലാക്കിയ വലിയൊരു പാഠമുണ്ട്. ചില സൗഹൃദങ്ങൾ വീഞ്ഞുപോലെയാണ്... പ്രായം കൂടുംതോറും അവയ്ക്ക് വീര്യം കൂടും.