മരണത്തിനും മതമുണ്ടോ?

ഇന്നലെ ഞാൻ ഒരു സ്വപ്നം കണ്ടു. സ്വപ്നത്തിൽ കണ്ടത് ഒരു ചെറിയ ഖബർ ആയിരുന്നു. കബറിന്റെ ഉൾവശം വിശാലമാക്കപ്പെട്ടിരുന്നു, വൃത്തിയുള്ളതും മനോഹരവുമായിരുന്നു, സുഗന്ധപൂരിതമായിരുന്നു...

വിഷജന്തുക്കൾക്കെല്ലാം അങ്ങോട്ടേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു...

ഖബറിലേക്ക് വിചാരണക്കായെത്തിയ മലക്ക്കൾക്ക് അതിനുള്ളിൽ കണ്ട കുരുന്നിനോട് ഒന്നും തന്നെ ചോദിക്കാനുണ്ടായിരുന്നില്ല...

അവൾക്കു എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് കുഞ്ഞു കൈകളാൽ നീട്ടിപ്പിടിച്ച ഒരു അപേക്ഷയായിരുന്നു മറുപടി..

ആ അപേക്ഷ ദൈവത്തിനുള്ളതായിരുന്നു, അതിന്റെ ഏറ്റവും അടിയിൽ വലതു ഭാഗത്തായി അവളുടെ പേര് എഴുതിയിട്ടുണ്ടായിരുന്നു...

അവിടെവച്ച് എന്റെ സ്വപ്നം മുറിഞ്ഞു പോയി!!

ഉറക്കത്തിൽ നിന്നും ഉണർന്ന ഞാൻ ആ അപേക്ഷയിൽ എഴുതിയത് എന്തെന്നറിയാതെ അസ്വസ്ഥനായി, ആ സ്വപ്നത്തിന്റെ ബാക്കി കാണാൻ പറ്റുമോ എന്നറിയാൻ കണ്ണുകളടച്ചു കിടന്നു, കുറച്ചു സമയത്തിന് ശേഷം ഞാൻ വീണ്ടും സ്വപ്നം കാണാൻ തുടങ്ങി അത് പക്ഷെ മുൻപ് കണ്ടതിന്റെ തുടർച്ച ആയിരുന്നില്ല, മറിച്ച് അതുപോലുള്ള വേറെ ഒന്നായിരുന്നു...

പിന്നെ ഞാന്‍ കണ്ടത് സ്വന്തം മകളുടെ ആത്മാവിനു ശാന്തി ലഭിക്കാനായി ബലിതർപ്പണം നടത്തുന്ന ഒരച്ഛനെ ആയിരുന്നു...എള്ളും അരിയും കൂട്ടി കുഴച്ചുണ്ടാക്കിയ ബലിച്ചോറിൽ കണ്ണുനീരിന്റെ ഉപ്പ് കലർന്നിട്ടുണ്ടായിരുന്നു...

അത് തിന്നാനായി പറന്നെത്തിയ ഒരു കുഞ്ഞു കാക്കയുടെ കണ്ണിൽ നിന്നും പക്ഷെ കണ്ണുനീർ പൊഴിയുന്നുണ്ടായിരുന്നില്ല...

ആ കണ്ണുകളിൽ കണ്ടതും ഒരു അപേക്ഷ ആയിരുന്നു... ദൈവത്തിനായുള്ള ഒരപേക്ഷ...

എന്റെ സ്വപ്നം വീണ്ടും മുറിഞ്ഞുപോയി... പിന്നീടൊരിക്കലും ആ സ്വപ്നങ്ങളുടെ തുടർച്ച കാണാൻ എത്ര ശ്രമിച്ചിട്ടും എനിക്ക് കഴിഞ്ഞില്ല.. ആ അപേക്ഷകളിൽ എന്തായിരിക്കും എന്ന് ആലോചിച്ചു കൊണ്ട് കിടന്ന എനിക്ക് അധികം താമസിയാതെ അതിനുള്ള ഉത്തരം കിട്ടി..

മരണശേഷവും കൂടെ കൊണ്ട് പോയ ജാതി സർട്ടിഫിക്കറ്റിൽ സ്വന്തം പേരിനു നേരെ ഉള്ള ജാതി മാറ്റി അവിടെ സ്ത്രീ എന്ന് തിരുത്തി എഴുതുവാനുള്ള ഒരപേക്ഷ...

മരണശേഷവും പിന്തുടരുന്ന മതമെന്ന നുരഞ്ഞു പൊങ്ങുന്ന ലഹരിയിൽ നിന്നും ഓടി രക്ഷപ്പെടാനുള്ള അപേക്ഷ...

പേരും പ്രായവും മാത്രം മാറി ഇത് പോലെ അദൃശ്യമായ ഒരുപാട് ഒരുപാട് അപേക്ഷകൾ കുന്നുകൂടി കിടക്കുന്നുണ്ടാവും ദൈവത്തിന്റെ ഒരു കൈയ്യൊപ്പിനായ്!..