മരണത്തിന്റെ കാമുകൻ

എനിക്കെന്തോ മരണത്തോട് സ്നേഹം കൂടി കൂടി വരുന്നു എന്റെ ചിന്തകളും എഴുത്തും വായനയും എല്ലാം മരണത്തോട് കൂടുതൽ അടുക്കുന്നു. എന്തുകൊണ്ടാണ് എനിക്കു മരണത്തെ ഇഷ്ടമായത്? ജീവിതത്തിൽ സുഖത്തിനും ദുഃഖത്തിനും ഏറ്റക്കുറച്ചിൽ ഉണ്ട്. എന്നാൽ മരണത്തിന് അതില്ല. ഞാൻ ആരായിരുന്നു? ആരുടെയൊക്കെ പ്രിയപ്പെട്ടവൻ ആയിരുന്നു? അല്ലായിരുന്നു? എന്ന് മരണം എന്ന സത്യം നമ്മുക്ക് മനസ്സിലാക്കിത്തരും. 

എന്റെ അപകർഷതാബോധം, ഞാൻ എന്നെ തന്നെ വെറുക്കുന്നു. ആർക്കും ഒരു ഉപകാരവും ഇല്ലാത്തവൻ, കടങ്ങൾ പെറ്റുപെരുകിയപ്പോൾ വീട്ടിലെ അധികപ്പറ്റ്, ജോലിയും കൂലിയും ഇല്ലാത്തവൻ, അസുഖകാരൻ. ഞാൻ ചെയ്ത തെറ്റ് പഠിച്ചതാണ്, ഒരു പെണ്ണിനെ പ്രേമിച്ചതാണ്. ഇപ്പോൾ ഞാൻ മരണത്തിന്റ കാമുകനായി മാറ്റപ്പെട്ടിരിക്കുന്നു. മരണം എന്ന കാമുകിയുമായി ഞാൻ വളരെ അടുത്ത് പോയി പിരിയാൻ പറ്റാത്തവിധം ഞങ്ങൾ സ്നേഹിക്കുന്നു.

ഞാൻ സ്നേഹിക്കുന്നതുപോലെ ഈ ഭൂമിയിൽ മറ്റുള്ളവരും എന്റെ കാമുകിയായ മരണത്തെ സ്നേഹിക്കുണ്ടാവുമോ? അങ്ങനെയെങ്കിൽ ഇവൾ എന്നെ ചതിക്കുകയാണോ? എന്റെ കൂടെ നിഴൽ പോലെ ഉണ്ടായിരുന്ന എന്റെ കളികൂട്ടുകാരി എന്നോട് പറഞ്ഞിരുന്നു നീയാണ് എന്റെ ജീവൻ, നീയില്ലങ്കിൽ ഞാൻ ഇല്ല, ഈ ലോകം മുഴുവൻ നമ്മളെ എതിർത്താലും നമ്മൾ പിരിയില്ല എന്നൊക്കെ. പിന്നീടെന്നോ അവൾ അവളുടെ ജീവിത്തെപ്പറ്റി ചിന്തിച്ചപ്പോൾ ഞാൻ ഒറ്റയ്ക്കായി. ഞാൻ ആരെയും പഴിക്കുന്നില്ല എല്ലാത്തിനും ഞാൻ അവകാശിയാണ് അതുപോലെ മരണമായ എന്റെ കാമുകിയും എന്നെ ചതിക്കുമോ? ആരാണ് നീ? എന്തുകൊണ്ടാണ് നിന്നെ എല്ലാവരും ഇഷ്ടപ്പെടുന്നത് നീ നിസ്സഹായരുടെ മോഹിനിയാണോ?.        

നീ എന്നെ ചതിക്കില്ല എന്ന വിശ്വാസം എനിക്കുണ്ട്. ഞാൻ നിന്നെ തേടി അലയുന്നു നീ ആരുടെയൊക്കെ കാമുകിയാണ്? നീ ആരെയൊക്കയാണ് സ്നേഹിക്കുന്നത്?

മരണാന്തര ജീവിതം ചിലർ ഇഷ്ടപ്പെടുന്നു. ഉറ്റവരുടെ വിയോഗം താങ്ങാൻ കഴിയാതെ വരുമ്പോൾ അവരുടെ അടുത്ത് എത്താനുള്ള ആഗ്രഹമാണ് ചിലരെ മരണത്തെ കാമുകിയാക്കാൻ നിർബന്ധിതരാക്കിയത്.  

അപകടത്തിൽ ജീവിതം തന്നെ നഷ്ടമായി ഇനി ഒരിക്കലും ചലിക്കാൻ കഴിയില്ലന്ന് അറിയുമ്പോൾ നരകിച്ചുകൊണ്ട് അവനും മരണത്തെ സ്നേഹിക്കുന്നു. എപ്പോഴോ അറിയാതെ അവന്റെ വീട്ടുകാരും അവനെ കൊണ്ടുപോയ്ക്കൊള്ളൂ മരണമേ എന്ന് പ്രാർത്ഥിച്ചു പോകുന്നു.

ജന്മം നൽകിയ മക്കൾ വഴികളിലും അമ്പല നടകളിലും അനാഥാലയങ്ങളിലും ഉപേക്ഷിക്കുമ്പോൾ വൃദ്ധർ മരണത്തെ സ്നേഹിക്കുന്നു.

പ്രേമം അതും ഒരു കാരണമാണ്. അവളും അവനും മറ്റുള്ളവരുടെ ഇടപെടൽ മൂലവും പരസ്പരം ചതിച്ചാലും മരണത്തെ പുൽകുന്നു.

ചില സ്ഥലങ്ങളിൽ കടം. ചിലപ്പോൾ ദാമ്പത്യത്തിലെ ചതി ചിലർ ജീവിതത്തിൽനിന്നും ഒളിച്ചോടുന്നു. ക്യാൻസർ വാർഡിൽ വേദന തിന്നുമ്പോഴും അത് സഹിക്കാൻ പറ്റാതെ വരുമ്പോൾ അവൾ അറിയാതെ തന്നെ നിലവിളിക്കുന്നു എന്നെ കൊന്നുതരുമോ? ആത്മാർഥമായി മരണത്തെ വരിക്കാൻ കാത്തിരിക്കുന്നവൾ.

ചിലപ്പോൾ മരണം രംഗബോധമില്ലാതെ കുടുംബകളിൽ ചെന്ന് ആ കുടുംബത്തെ ഒന്നാകെ ശൂന്യതയിലേക്ക് തള്ളിവിടുന്നു.     

എല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും ആത്മാർഥമായി മരണത്തെ ഇഷ്ടപ്പെടുന്നു. മരണം തിരിച്ചും സ്നേഹിക്കുന്നു.

മരണം എന്നെ ചതിക്കുകയല്ല എന്നെ പോലെയുള്ള എല്ലവർക്കും ആശ്രയമാണ്, തണലാണ്, നമ്മുടെ വേദനകളും ദു:ഖങ്ങളും അവൾ ഏറ്റെടുത്തു നമ്മെ സുഖപ്പെടുത്തുന്നു.

മരണത്തിന്റെ കാമുകനായ ഞാൻ നിനക്കായി കാത്തിരിക്കുന്നു.         

Malayalam Short StoriesMalayalam literature interviews,Malayalam Poems       

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.