രാധേ രാധേ...

ഞങ്ങളുടെ സീറ്റിനരികിൽ കുറെ നേരമായി നിൽക്കുകയായിരുന്ന ആ സ്ത്രീ അവരുടെ കൂടെ ഉണ്ടായിരുന്ന പുരുഷൻ വന്നു കയറിയ ഉടനെ അയാളുടെ പിന്നാലെ കയ്യിൽ ഒതുക്കിപ്പിടിച്ച തുണിസഞ്ചിയുമായി ബസ്സിന്‍റെ ഏറ്റവും പുറകിലെ സീറ്റിലേക്ക് നടന്നു...! 

ദില്ലിയില്‍ നിന്നും മധുര-വൃന്ദാവന്‍ വഴി ആഗ്രക്ക് പോകുന്ന ഒരു ബസ്സായിരുന്നു അത്. ചേതൻ ട്രാവൽസ്! ബസ്സില്‍ കൂടുതലും ക്ഷേത്രദര്‍ശനങ്ങള്‍ക്കു പോകുന്ന ഭക്തര്‍ ആയിരുന്നു. എന്നെയും സഹോദരനെയും പോലുള്ള സഞ്ചാരികള്‍ ഇല്ലെന്നു തന്നെ പറയാം. ഞങ്ങൾ ആഗ്രയിലേക്കാണ്. താജ്മഹല്‍ കാണണം. നേരിട്ട് പോകുന്ന ബസ്സിനു സീറ്റ് കിട്ടിയില്ല. അങ്ങിനെയാണ് ഈ ബസ്സില്‍ വന്നു പെട്ടതും ഞങ്ങളുടെ യാത്ര അങ്ങിനെ പകുതി തീര്‍ഥയാത്ര ആയി മാറിയതും...!!

ബസ്സിലെ സഹായിയും ഓടിക്കുന്നയാളും വന്നു കയറി...!! സഹായി ബസ്സിന്റെ ഏറ്റവും മുന്നിൽ വന്നു മൈക്ക് കയ്യിലെടുത്തു.ശബ്ദം ശരിയാക്കി ആഞ്ഞൊന്നു വിളിച്ചു

"രാധേ രാധേ..."

"രാധേ രാധേ..." 

യാത്രക്കാർ ഏറ്റു വിളിച്ചു. അയാൾ പുറമേ നില്‍ക്കുന്നവര്‍ക്കും അകത്തുള്ളവര്‍ക്കും ബസ്സു പുറപ്പെടാറായി എന്ന് മുന്നറിയിപ്പ് കൊടുത്തു... 'രാധേ രാധേ' വിളികളുമായി ചിലര്‍ ഓടിക്കയറി. യാത്ര അയക്കാന്‍ വന്ന ചിലര്‍ ഓടിയിറങ്ങി. കുറെ നേരം കൂടെ ബസ്സ്‌ ഇരമ്പിയും ഇരപ്പിച്ചും നിന്നു. പുലരിയുടെ ചെറു വെട്ടത്തിൽ പുറമെ നിൽക്കുന്ന ആളുകളിലേക്ക്‌ മിഴി നീട്ടവേ ഞാൻ കണ്ടു തൊട്ടടുത്തുള്ള പീപ്പൽ മരച്ചുവട്ടിൽ നിൽക്കുന്ന അയാളെ. ഇതാ സ്ത്രീയുടെ കൂടെ ഉണ്ടായിരുന്ന പുരുഷനാണല്ലോ. അയാൾ കയറുന്നില്ലായിരിക്കുമോ..!! ഞാൻ ചിന്തിച്ചു. തിരിഞ്ഞു അനിയനോട് പറയാൻ നോക്കുമ്പോഴേക്കും അവൻ ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു. അപ്പോഴേക്കും ബസ്സ്‌ പതിയെ ഉരുണ്ടു മുന്നോട്ടു നീങ്ങിത്തുടങ്ങി. കണ്ണിൽ നിന്നും അയാൾ മറയുന്നതു വരെ ഞാൻ നോക്കികൊണ്ടേയിരുന്നു. കണ്ടിട്ട് അവരുടെ മകനാണ് എന്ന് തോന്നുന്നു. ഒടുവിൽ എന്റെ ചിന്തകളുടെ ചിതൽകൂട്ടിലേക്ക് പയ്യെ ഉറക്കം നൂണു കയറി. ചില്ലു ജാലകത്തിലേക്ക് ചാഞ്ഞു ഞാനും കണ്ണടച്ചു!

മൈക്കിലൂടെയുള്ള വീണ്ടുമൊരു 'രാധേ രാധേ' വിളി കേട്ടാണ് പിന്നെ കണ്ണ് തുറന്നത്. ഉറക്കപ്പിച്ചിൽ ഞെട്ടിത്തരിച്ചു നോക്കവേ സഹായി അലറുന്നുണ്ട് മൈക്കിലൂടെ...'രാധാ ബല്ലഭ് മന്ദിർ' ആണത്രേ! ബസ്സിൽ നിന്നും ഇറങ്ങുന്നതിനു മുൻപേ സഹായി പാതി ഉറക്കത്തിലായിരുന്ന എന്നെ വിളിച്ചു ചോദിച്ചു, 

(അയാൾക്ക്‌ ഞങ്ങളുടെ കാര്യത്തിൽ ഒരു പ്രത്യേക ശ്രദ്ധയുണ്ട്).

"മാഡം ജീ നിങ്ങൾ വരുന്നോ അമ്പലത്തിലേക്ക് ...?

"ഇല്ല...വരുന്നില്ല" ഞാൻ ഒന്ന് അനങ്ങി കുറച്ചു കൂടെ വിസ്തരിച്ചു ഇരുന്നു വീണ്ടും ഒരുറക്കത്തിനു തയ്യാറെടുത്തു...

"ചേച്ചി നമുക്കും പോകാം "  ഇതിനിടയിൽ ഉറക്കമുണർന്ന അനിയൻ എന്നെ ഒന്നു തോണ്ടി... 

"ഞാൻ വരുന്നില്ല നീ വേണമെങ്കിൽ പൊയ്‌ക്കോളൂ" 

അവൻ എഴുന്നേറ്റാൽ കുറച്ചു കൂടെ വിശാലമായി ഇരുന്നുറങ്ങാമല്ലോ എന്ന ദുഷ്ടലാക്കോടെ ഞാൻ പറഞ്ഞു. കുറച്ചു നേരം സംശയിച്ചിരുന്നിട്ടു അവൻ തീർത്ഥാടക സംഘത്തിന്റെ പുറകെ ഓടിയെത്തുന്നതു കണ്ടു കൊണ്ട് ഞാൻ വീണ്ടും ഉറങ്ങാൻ ശ്രമിച്ചു. അനങ്ങിയും തിരിഞ്ഞും ഇരിപ്പു സുഖം കിട്ടാൻ വേണ്ടിയുള്ള പരിശ്രമത്തിനൊടുവിൽ ഉറക്കം പോയി...! ഒടുവിൽ കാത്തിരിപ്പ് വിരസമാകുകയും പോയവർ വരാൻ ഇനിയും ഏറെ നേരമെടുക്കും എന്നും ഓർത്തപ്പോൾ അവരുടെ കൂടെ പോകാമായിരുന്നു എന്നു തോന്നി! ചുറ്റും പുറവും ഒന്നെത്തിച്ചു നോക്കവേ ആദ്യം തോന്നി ബസ്സിൽ ഞാൻ മാത്രമേ ഉള്ളുവെന്ന്. പിന്നെയാണ് കണ്ടത്; മറ്റാരോ കൂടിയുണ്ട് ഏറ്റവും പുറകിലെ സീറ്റിൽ...!! പതിയെ എഴുന്നേറ്റു നിന്നു നോക്കി. ആ സ്ത്രീ ആണ്. അവർ നീണ്ടു നിവർന്നു കിടന്നുറങ്ങുന്നു ആ വലിയ സീറ്റിൽ. അത് കൊള്ളാം! അവർക്കു പുറകിലെ സീറ്റ് കിട്ടിയത് നന്നായി! ഞാനോർത്തു!! കുറെ നേരം കഴിഞ്ഞപ്പോൾ ആരൊക്കെയോ തിരിച്ചെത്തി. അമ്പലത്തിൽ പോയ കൂട്ടം ആയിരുന്നില്ല. വെളിയിൽ എവിടെയോ കറങ്ങി നടന്നു തിരിച്ചെത്തിയ മറ്റൊരു കൂട്ടമായിരുന്നത്. അവരുടെ വർത്തമാനവും ബഹളങ്ങളും കേട്ടാവണം ആ സ്ത്രീ ഉറക്കം ഉണർന്നു. അൽപനേരം കഴിഞ്ഞ് അവർ മുന്നിലേക്ക്‌ വന്നു. എന്നെ നോക്കി ഒന്നു ചിരിച്ചു. വർത്തമാനത്തിന് ഒരു ഇരയെക്കിട്ടിയ സന്തോഷത്തോടെ ആയിരുന്നു എന്റെ മറുചിരി! അവരുടെ വിവരങ്ങൾ ചികഞ്ഞറിയാൻ ഒരുനിമിഷം വേണ്ടി വന്നില്ലെനിക്ക്! പേര് രാധാറാണി! താജ്മഹൽ കാണാൻ പോകുന്നത്രേ...!!

"ഒറ്റക്കോ!! ദില്ലിയിൽ നിന്നും വണ്ടി പുറപ്പെടുമ്പോൾ മകൻ വെളിയിൽ നിൽക്കുന്നത് കണ്ടല്ലോ! കൂടെ ആരുമില്ലേ..?" ചോദിക്കാതിരിക്കാനായില്ല.

"അതിനെന്താ ഞാൻ ഒറ്റയ്ക്ക് പോയാൽ !! "

അവർ എന്നെ മറുചോദ്യം കൊണ്ട് നേരിട്ടു. അതു ശരിയാണല്ലോ. അവർക്കെന്താ ഒറ്റക്ക് പോയാൽ? ഇത്തിരി പ്രായമായെന്നല്ലേ ഉള്ളു. ഞാൻ എന്നോട് തന്നെ ചോദിച്ചു. പിന്നെ മനസ്സിലോർത്തു, ഇവരെക്കാൾ വയ്യാത്ത അവസ്ഥയിലായിരുന്നു ആ മനുഷ്യൻ. ഉറപ്പായും അയാളേക്കാൾ ചുറുചുറുക്കുണ്ട് ഈ സ്ത്രീക്ക്. പിന്നെയും ഞങ്ങൾ വർത്തമാനം പറഞ്ഞിരുന്നു. രണ്ടു പെൺമക്കൾ കൂടിയുണ്ടത്രേ! ഭർത്താവ് മരിച്ചിട്ടു കുറച്ചു വർഷങ്ങളായി. മകൻ റിക്ഷ ഓടിച്ചു കുടുംബം പോറ്റുന്നു! പെൺമക്കളെ രണ്ടിനെയും ബരേലിക്കടുത്തുള്ള ഏതോ ഗ്രാമത്തിലേക്കാണ് കല്യാണം കഴിച്ചു വിട്ടിരിക്കുന്നത്.ഞങ്ങളുടെ വർത്തമാനത്തിനു വിരാമമമിട്ടു കൊണ്ട് അമ്പലത്തിലേക്ക് പോയവർ തിരിച്ചെത്തി.ആ സ്ത്രീ എന്നോട് യാത്ര പറഞ്ഞു പുറകിലേക്ക് നടന്നു.

വീണ്ടും യാത്ര!! യാത്രയിലുടനീളം ബസ്സിൽ രാധാകൃഷ്ണ ഭജൻ മുഴങ്ങിക്കൊണ്ടിരുന്നു...

"ഗോവിന്ദ് ബോലോ ഹരി ഗോപാൽ ബോലോ" 

തീർത്ഥാടകരുടെയൊപ്പം ഞങ്ങളും പതിയെ ഏറ്റു പാടാൻ തുടങ്ങി... ഏറെ സമയം കഴിയും മുൻപേ ഞങ്ങൾ ഒരു മൈതാനത്തിലെത്തി. നിർത്തിയിട്ടിരിക്കുന്ന അനേകം വാഹനങ്ങളുടെ ഇടയിലേക്ക് ഞങ്ങളുടെ വാഹനവും കയറി നിന്നു. ഡ്രൈവർ ഇറങ്ങി അടുത്തെങ്ങോട്ടോ പോയി. അപ്പോൾ മുതൽ സഹായി ഞങ്ങളുടെ ഉത്തരാധികാരിയായി. അവിടുന്നങ്ങോട്ട് ഞങ്ങൾ പോകുന്നതെങ്ങോട്ടാണെന്നും പോകുന്ന സ്ഥലങ്ങളുടെയും അമ്പലങ്ങളുടെയും പ്രത്യേകതകളും അയാൾ പറയാൻ തുടങ്ങി! കഥകളിലൂടെയും കവിതകളിലൂടെയും മാത്രം അറിഞ്ഞിട്ടുള്ള വൃന്ദാവനം കാണാൻ ഞാനും അനിയനും അത്യാവേശത്തിൽ തയാറായി. വണ്ടിയിൽ നിന്നും മൈതാനത്തിലേക്കിറങ്ങിയപ്പോൾ ഞാനോർത്തു; പണ്ടു പണ്ട്... രാധയും കൃഷ്ണനും ഓടി നടന്നിട്ടുള്ള മണ്ണാണിത്! ഗോപികമാരും കണ്ണനും വിഹരിച്ചിരുന്ന വൃന്ദാവനത്തെക്കുറിച്ചുള്ള ഓർമകൾ എന്നെ കോൾമയിർക്കൊള്ളിച്ചു. കണ്ണന്റെ പാട്ടിൽ മതി മറന്ന് നടനമാടുന്ന മയിലുകളെ, സ്വയം മറന്നുല്ലസിക്കുന്ന അതിസുന്ദരികളായ ഗോപികമാരെ... സ്വയം മറന്നു മേഞ്ഞു നടക്കുന്ന ഗോക്കളെ എല്ലാം ഒരു തിരശീലയിലെന്ന വണ്ണം ഞാൻ കണ്ടു. അത്ഭുത ലോകത്തെത്തിയ ആലീസിനെപ്പോലെ അവിടെയെല്ലാം ചുറ്റി നടക്കാൻ മനസ്സ് തുടിച്ചു...!

അമ്പലങ്ങളിൽ നിന്നും അമ്പലങ്ങളിലേക്കുള്ള കാൽനടയാത്ര തുടങ്ങുന്നതിന് മുൻപ് ഉത്തരാധികാരി ബസ്സിന്റെ ഏറ്റവും പുറകിലേക്ക് പോകുന്നത് കണ്ടു. ആ സ്ത്രീ ഇപ്പോഴും അവിടെ ഇരിക്കുന്നുണ്ട്. അവർ അമ്പലങ്ങളിലൊന്നും വരുന്നില്ലെന്നു തോന്നുന്നു. രാധാറാണി എന്ന് പേരുള്ള അവർക്കു രാധയുടെയും കൃഷ്ണന്റെയും വൃന്ദാവനം കാണണ്ടേ എന്ന് ഞാൻ അത്ഭുതപ്പെട്ടു. അയാൾ അവരോട് എന്തൊക്കെയോ സംസാരിച്ച് ബസ്സിൽ നിന്നും ഇറങ്ങി ഡ്രൈവറുടെ അടുത്തേക്കോടി അവിടെയും എന്തൊക്കെയോ കുശുകുശുത്ത് അക്ഷമരായി കാത്തു നിൽക്കുന്ന ഞങ്ങളുടെ അടുത്തേക്ക് തിരിച്ചെത്തി. പിന്നെ മരങ്ങൾക്കിടയിലൂടെയും കുറ്റിച്ചെടികൾക്കിടയിലൂടെയും ആടുകളെ മേയിക്കുന്ന ആട്ടിടയന്റെ നയത്തോടെ ഞങ്ങളെ ഗലികളിൽ നിന്നും ഗലികളിലേക്കും അമ്പലങ്ങളിൽ നിന്നും അമ്പലങ്ങളിലേക്കും നയിച്ചു.

വൃത്തിയുടെയും വെടിപ്പിന്റെയും കാര്യത്തിൽ വട്ടപൂജ്യമായ ഗലികളിലൂടെ ഉള്ള ഓരോ യാത്രയും എന്റെ പകൽ സ്വപ്നങ്ങളുടെ... കാല്പനികതയുടെ ലോകത്തെ എന്നിൽ നിന്നും പറിച്ചെറിഞ്ഞു കൊണ്ടിരുന്നു. ഇതല്ല എന്റെ വൃന്ദാവനം... ഇത് ഞാൻ പകൽസ്വപ്നങ്ങളിൽ കണ്ട വൃന്ദാവനത്തിന്റെ പ്രേതം പോലുമല്ല. പക്ഷേ, ഓരോ നടത്തത്തിന്റെയും അവസാനം ഞങ്ങൾ മനോഹരങ്ങളായ അമ്പലങ്ങളിലേക്ക് എത്തിച്ചേർന്നു കൊണ്ടിരുന്നു...! കെട്ടിലും മട്ടിലും ഗാംഭീര്യമുള്ള അമ്പലങ്ങളിലേക്ക് എത്തിച്ചേരുമ്പോൾ ഇടുങ്ങിയ ഗലികളിലെ വൃത്തിയില്ലായ്മയും തിരക്കും ഞങ്ങൾക്കു മറക്കാനായി.

ഭക്തർ പൂജാദി കർമങ്ങൾ ചെയ്യവേ ഞാനും അനിയനും കാഴ്ചകൾ കണ്ടു നടന്നു. ഞങ്ങൾക്ക് വേണ്ടി കൂടുതൽ വിവരങ്ങൾ പകർന്നു കൊണ്ട് ഉത്തരാധികാരി ഞങ്ങളുടെ അടുത്ത് തന്നെ ചുറ്റിപ്പറ്റി നിന്നു പലപ്പോഴും. അയാളുടെ ബസ്സിലെ യാത്രക്കാരിയായ മദ്രാസീ മാഡംജീക്കും അനിയനും വേണ്ട സഹായങ്ങൾ ചെയ്യാൻ അയാൾ സദാ സന്നദ്ധനായിരുന്നു. ഇതിനിടയിലെപ്പോഴോ ആണ് ഞാൻ ശ്രദ്ധിച്ചത് കൃഷ്ണഭജൻ പാടി കൂട്ടമായി നടന്നു നീങ്ങുന്ന ഒരു കൂട്ടം പെണ്ണുങ്ങളെ! വിധവകൾ ആണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അറിയാം. എവിടെത്തിരിഞ്ഞാലും അവിടെല്ലാം ശുഭ്രമോ അല്ലെങ്കിൽ കാവി വസ്ത്രമോ ധരിച്ച സ്ത്രീകൾ. തല മറക്കുന്ന സാരിത്തുമ്പിനടിയിൽ ചിലരുടെയൊക്കെ മുണ്ഡനം ചെയ്യപ്പെട്ടിരിക്കുന്ന ശിരസ്സ് കാണാം.വയോധികർ മുതൽ മധ്യവയസ്കർ വരെ ഉണ്ട് ആ കൂട്ടത്തിൽ! എങ്ങനെ ഇത്രയേറെപ്പേർ ഇവിടെ എന്ന് അന്തം വിട്ടു ചോദിച്ച എന്നോട് സഹായി പറഞ്ഞു അവരെല്ലാം കൃഷ്ണന്റെ രാധമാരാണത്രേ.. ഇനിയും ചിലർ അവരെ വിളിക്കുന്നത് മീര!! സ്വർഗത്തിലേക്ക് ചെന്ന് ചേരാൻ, പരമ പാദത്തിൽ വിലയം പ്രാപിക്കാൻ വീടും നാടും വിട്ടു പോന്നവർ ആണത്രേ അവർ! വൃന്ദാവനത്തിൽ മരിച്ചാൽ സ്വർഗത്തിൽ നേരിട്ടെത്തുമത്രേ. അവർക്കെല്ലാം ചെല്ലും ചെലവും കൊടുക്കുന്നത് അവിടെയുള്ള അമ്പലങ്ങളും ആശ്രമങ്ങളും ആണത്രേ...! പകൽ മുഴുവൻ ഭജനപാടി രാത്രികളിൽ അവർ ആശ്രമങ്ങളിൽ പോയി ഉറങ്ങും. ദില്ലിയിൽ കുറേക്കാലം താമസിച്ചുവെങ്കിലും ജീവിക്കുന്ന സ്ഥലവും ചുറ്റുവട്ടവുമല്ലാതെ മറ്റൊന്നും അറിയാത്ത ഞാൻ അമ്പരന്നു നിന്നു, ആ കഥ കേട്ട്. ഒപ്പം തല ചൊറിഞ്ഞു കൊണ്ട് എന്റെ അനിയനും.

പിന്നെയും മുന്നോട്ടു നടക്കവേ കണ്ടു; അമ്മമാരെ പല രൂപത്തിൽ. ചിലർ യാചകരാണ്. ചിലർ  തെരുവോരത്തെ കടകളുടെ ഉമ്മറം അടിച്ചു തുടക്കുന്നു, മറ്റു ചിലരെ ഭക്ഷണം കഴിക്കാൻ കയറിയ കടകളുടെ പിന്നാമ്പുറത്തും കണ്ടു. അമ്പലങ്ങളിലും ആശ്രമങ്ങളിലും പിന്നീടുള്ള യാത്രയിൽ നോക്കുന്നിടത്തു മുഴുവൻ ഞാൻ അവരെ കണ്ടു. ഒരു നേരത്തെ അന്നത്തിനു പൊരുതുന്നവർ ആണെന്ന് കണ്ടാലേ അറിയാം. കീറിപ്പറിഞ്ഞതും മുഷിഞ്ഞതുമായ വസ്ത്രങ്ങൾ അവരുടെ ദാരിദ്ര്യത്തെ വിളിച്ചോതി. തോളത്തു ചുമക്കുന്ന മാറാപ്പുകൾ അവരുടെ അനാഥത്വത്തെയും!

ഞങ്ങളുടെ മുഖത്തെ അവിശ്വസനീയത കണ്ടിട്ടാവണം ഉത്തരാധികാരി ഇടയ്ക്കിടെ മരണശേഷം അവർക്കു കിട്ടാൻ പോകുന്ന സ്വർഗ്ഗത്തെക്കുറിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഞാനാകട്ടെ വീണ്ടും വീണ്ടും അവർക്കു കിട്ടിയ ജീവിതത്തെക്കുറിച്ചോർത്തു കൊണ്ടിരുന്നു.എന്തായാലും കവിതകളിലും കഥകളിലും കണ്ട വൃന്ദാവനം എന്റെ ഉള്ളിൽ മരിച്ചു കഴിഞ്ഞിരുന്നു അപ്പോഴേക്കും...!കുറെ മണിക്കൂറുകൾ കൊണ്ട് ഞങ്ങളുടെ വൃന്ദാവൻ യാത്ര കഴിഞ്ഞു.തിരിച്ചു വണ്ടിയിലെത്തിയിട്ടും ഞാനും അനിയനും ആ അമ്മമാരെക്കുറിച്ചു തന്നെ പറഞ്ഞു കൊണ്ടിരുന്നു. ഞങ്ങൾക്ക് ദഹിക്കാത്തത് എന്തോ ഉണ്ടായിരുന്നു ആ കാഴ്ചകളിലും ഉത്തരാധികാരിയുടെ വിവരണങ്ങളിലും! 

"ശ്യാം തേരി ബൻസി പുകാരെ"

വീണ്ടും രാധാകൃഷ്ണ ഭജൻ! ഞങ്ങൾ യാത്ര തുടരുകയാണ്...!

ഇനി അക്ബറിന്റെ ശവകുടീരത്തിലേക്കാണ് ഞങ്ങളുടെ യാത്ര.. അതു കഴിഞ്ഞ് ആഗ്രഫോർട്ട്, അവിടെ നിന്നും മുംതാസിന്റെയും ഷാജഹാന്റെയും പ്രണയ കുടീരത്തിലേക്ക് രാധാഭജൻ പാടിമടുത്തതു കൊണ്ടാണോ അതോ തുടർന്നുള്ള യാത്രയുടെ സ്വഭാവരീതി മാറിയതു കൊണ്ടാണോ എന്നറിയില്ല പെട്ടെന്ന് ഭജനു പകരം പാട്ട് പതിയെ ബോളിവുഡിലേക്ക് കൂടുമാറ്റം നടത്തി...

"ഹർ കിസി കോ നഹി മിൽത്താ യഹാൻ പ്യാർ സിന്ദഗി മെയിൻ!"

പതിയെ വാഹനത്തിനുള്ളിലെ ഭക്തി നിർഭരമായ അന്തരീക്ഷത്തിന് ഒരു ലാഘവം കൈവന്നു. അക്ബറിന്റെ ശവകുടീരം കാണാൻ ഞങ്ങളിറങ്ങി. കാര്യകാരണ വിശദീകരണങ്ങളുമായി മുന്നേ നടന്ന ഉത്തരാധികാരിയുടെ പിൻപേ ഗമിച്ചു. ചാഞ്ഞും ചരിഞ്ഞും പലയിടങ്ങളിൽ നിന്ന് ഫോട്ടോയെടുത്തു. ഞങ്ങളെ ഏറ്റവും ആകർഷിച്ചത് കയ്യിലൊരിത്തിരി നിലക്കടലയുമായി നിന്നാൽ ചുമലിലേക്കോടിക്കയറി ഫോട്ടോക്ക് പോസ് ചെയ്യുന്ന മർക്കടയുവാക്കളായിരുന്നു. കൂട്ടത്തിലെ നേതാവ് അങ്ങ് ദൂരെ 'ഓ ഇതെല്ലാം എന്ത്!! ചുമ്മാ പിള്ളേര് കളി!' എന്ന മട്ടിൽ അലസമായങ്ങിരിക്കവേ കുഞ്ഞു വീരന്മാരും വീരമാരും ഓടി വന്നു കാണികളുടെ ചുമലിലേറി ഫോട്ടോകൾക്ക് പലവിധത്തിൽ പോസു ചെയ്തു കിട്ടുന്ന സമ്മാനങ്ങൾ വാങ്ങിപ്പോയി. അങ്ങിനെ ഫോട്ടോ എടുത്തു നിൽക്കവേയാണ് ഒരു ശബ്ദം കേട്ടത് 

"മേരാ ഭി ഏക് ഫോട്ടോ കീച്നാ" 

(എന്റെയും കൂടെ ഒരു ഫോട്ടോ എടുക്കു)

നോക്കുമ്പോൾ അവരാണ്. രാധാറാണി! അവരും ചുമരിലേറിയ കുരങ്ങച്ചാരും തയാറാണ്. അതിന് കാമറ എവിടെ? ഞാൻ അവരുടെ കയ്യിലേക്ക് നോക്കി.

"അതിനെന്താ? നിങ്ങളുടെ കാമറയിൽ പറ്റില്ലേ"

എന്നായി അവർ. 

"പറ്റും.. പക്ഷേ ഫോട്ടോ എങ്ങിനെ നിങ്ങൾക്കു തരും? നമ്മൾ തമ്മിൽ ഇനി കാണുമോ എന്ന് കൂടെ അറിയില്ലല്ലോ" ഞാൻ 

"അതിന് എനിക്കത് വേണ്ട നിങ്ങൾ എടുത്തോളൂ"

അവർ. ആകെ ആശയക്കുഴപ്പത്തിൽ നിന്ന എന്നെ നോക്കി തന്റെ പുരികമൊന്നുയർത്തി ഒരു കുഞ്ഞു ചിരി തന്നു അനിയൻ പറഞ്ഞു

"നമുക്കെടുക്കാം ചേച്ചി"

"എങ്കിൽ ശരി! നമുക്കെടുക്കാം.." 

ഞാനും ഉഷാറായി... അങ്ങിനെ ഞങ്ങൾ രാധാറാണിയുടെയും മാർജാര വീരന്റെയും ഫോട്ടോയെടുത്തു.'രാധാറാണി' പിന്നെ ഞങ്ങളുടെ പുറകിൽ നിന്നും മാറിയിട്ടില്ല...! ഞങ്ങൾ എവിടെയൊക്കെ നിന്ന് ഫോട്ടോ എടുത്തോ അവിടൊക്കെ നിന്ന് അവരും ഫോട്ടോ എടുത്തു. ഇനിയഥവാ ഞങ്ങൾ അവരെ മറന്നാൽ അവർ ഓർമിപ്പിച്ചു കൊണ്ടിരുന്നു. 'ഇത് വല്യ പുകിലായല്ലോ' എന്ന് തല പുകച്ചിരുന്ന എന്നെ നോക്കി അനിയച്ചാർ വീണ്ടും ചിരിച്ചു,'നമുക്ക് നോക്കാം' എന്നൊരു ഭാവത്തിൽ!

പിന്നീടുള്ള യാത്രയിൽ ഒപ്പമണ്ടാവുക മാത്രമല്ല നിങ്ങൾക്ക് വേണമെങ്കിൽ മതി എന്ന ഭാവത്തിൽ അവർ ഞങ്ങളോടൊപ്പം വന്നിരുന്നു ഭക്ഷണം കഴിച്ചു പൈസ കൊടുക്കാതെ ഇറങ്ങി നടന്നു. അവരെ പിടിച്ചു നിർത്തി ചോദിക്കണമെന്ന് എനിക്ക് തോന്നിയെങ്കിലും ആ മുഷിഞ്ഞ വസ്ത്രങ്ങളും ചെരിപ്പിടാതെ വിണ്ടു കീറിയ കാലുകളും വിളിച്ചു പറഞ്ഞ ദാരിദ്ര്യത്തെ കണ്ടില്ലെന്നു നടിക്കാനായില്ല. പിന്നെ കൂടെയുള്ള ഒരുത്തന്റെ കണ്ണിറുക്കി കാട്ടിയുള്ള ചിരിയും 'സാരമില്ലേച്ചി പോട്ടെ'ന്നുള്ള വാക്കുകളും എന്നെ പിടിച്ചു നിർത്തി. 

ആഗ്രയിലെ കോട്ടയിലെ പോലെ തന്നെ താജ്മഹലിലും രാധാറാണിയുടെ കണ്ണ് വെട്ടിച്ച് ഓടേണ്ടി വന്നു എന്നതൊഴിച്ചാൽ യാത്ര സുഖപ്രദമായിരുന്നു. ഞങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു വന്ന; മലയാളത്തിൽ പറയുന്ന തമാശകളിലേക്ക് തുറിച്ചു നോക്കി നിൽക്കുന്ന ആയമ്മയെ എന്ത് കൊണ്ടോ ഞങ്ങൾക്ക് പോകെപ്പോകെ വലിയ താല്പര്യമില്ലാതെയായി. അവർ പക്ഷേ ഞങ്ങളെ വിടാതെ പിന്തുടർന്നു കൊണ്ടുമിരുന്നു. 

ആഗ്ര കോട്ടയിലും ഞങ്ങളുടെ പ്രധാന പരിപാടി ഫോട്ടോകൾ എടുത്തു കൂട്ടുകയെന്നതായിരുന്നു. ഇതിനിടെ ആകെ നൂറോ നൂറ്റമ്പതോ ഫോട്ടോകൾ മാത്രമെടുക്കാൻ പറ്റുന്ന ആ പഴയ ഡിജിറ്റൽ കാമറ ഇനിയും ഇതിൽ സ്ഥലമില്ലെന്ന് മുന്നറിയിപ്പ് തരാൻ തുടങ്ങിയപ്പോൾ ഞങ്ങൾ പതിയെ രാധാറാണിയുടെ ഫോട്ടോകൾ എടുക്കുവാനും പിന്നെ തന്ത്രപൂർവം മായിച്ചു കളയുവാനും തുടങ്ങി.

കോട്ടയുടെ വിശാലമായ കവാടങ്ങളിലും കമനീയമായ അന്തപ്പുരങ്ങളിലും നിൽക്കവേ ചിലപ്പോൾ ഞാൻ സ്വയം ഒരു രാജകുമാരി ആയിരുന്നെങ്കിലെന്നു കൊതിച്ചു. മറ്റു ചിലപ്പോൾ സമയത്തിന്റെ ചക്രം പിന്നോട്ട് കറങ്ങി അക്ബർ ചക്രവർത്തിയും പരിവാരങ്ങളും പുനർജീവിച്ചെങ്കിലെന്നു കൊതിച്ചു. ദർബാർ ഹാളിൽ ആസനസ്ഥനായ അക്ബർ ചക്രവർത്തിയെ ഭയഭക്തി ബഹുമാനങ്ങളോടെ നോക്കി. അടുത്ത നിമിഷം അദ്ദേഹം എന്റെ വളരെ അടുത്ത ആരോ ആണെന്ന വണ്ണം കളി പറഞ്ഞു. എന്നെ എന്റെ ഭ്രാന്തൻ ലോകത്തു മേയാൻ വിട്ടു അനിയൻ എന്റെ ചുറ്റുമുള്ള മറ്റേതൊരാളെയും പോലെ ചേച്ചി പറയുന്നതൊന്നും എനിക്കു മനസ്സിലാകില്ല എന്ന മുടന്തൻ ന്യായത്തിൽ കുരുക്കി അവന് ബസ്സിൽ നിന്നും പുതുതായി കിട്ടിയ കൂട്ടുകാരുടെ കൂടെ നടന്നു. ഒരു തരത്തിൽ പറഞ്ഞാൽ എനിക്കും അതായിരുന്നു ഇഷ്ടം. എന്നെ എന്റെ ലോകത്തു വിട്ടേക്കുക..! പുറമെ നിന്ന് നോക്കുന്നവർക്ക് ഭ്രാന്ത് എന്ന് തോന്നിയാലും പകൽ സ്വപ്നങ്ങളിലൂടെ ഞാൻ സഞ്ചരിക്കുന്ന വഴികൾ എനിക്കല്ലേ അറിയൂ... ഏതൊരു മദ്യത്തെക്കാളും മനസ്സിനെ ഉന്മത്തമാക്കുന്ന കാല്പനികതയുടെ... ദിവാസ്വപ്നങ്ങളുടെ ആ ലോകത്തിലേക്ക് എന്നെ വിട്ടു പോകുന്നവരെ ആയിരുന്നെനിക്കേറ്റം പ്രിയം! പക്ഷേ, വെളളത്തിൽ വരക്കപ്പെടുന്ന വരകൾ പോലെ എന്റെ ചിന്തകളെ തൂത്തെറിഞ്ഞു കൊണ്ട് രാധാറാണി ഇടയ്ക്കിടെ എന്റെ ഉന്മാദത്തിന്റെ ആ അവസ്ഥാന്തരങ്ങളിലേക്ക് കയറി വന്നു കൊണ്ടിരുന്നു. അവരെക്കാണാതിരിക്കാൻ ഞാൻ ഓടി ഒളിക്കുവാനും തുടങ്ങി.

അവസാനം വെണ്ണക്കല്ലിൽ തീർത്തൊരാ ശില്പഭംഗി ആസ്വദിക്കുവാനെത്തിയപ്പോഴേക്കും ഉച്ച തിരിഞ്ഞിരുന്നു. വീണ്ടും ഫോട്ടോ എടുപ്പ്. രാധാറാണിയിൽ നിന്നുമുള്ള ഓട്ടം.. ഒപ്പം സഞ്ചാരികളുടെ ബാഹുല്യം..! എന്റെ സ്വപ്ന സഞ്ചാരം തുടർച്ചയായി തടസ്സപ്പെട്ടു കൊണ്ടിരുന്നു... അങ്ങനെ ആ വിസ്മയവും തീർന്നു. സന്ധ്യയായി! ഭക്ഷണം കഴിച്ചു. അതെ, ഞങ്ങളും രാധാറാണിയും... ഇനി മടക്കയാത്രയാണ്... വീണ്ടും ബസ്സിലേക്ക്... എല്ലാവരും തളർന്നൊരുറക്കത്തിലേക്കു വീണു... തുടക്കം ഏതൊക്കെയോ പാട്ടുകൾ കേട്ടു പിന്നെ ഒന്നും ഓർമയില്ല. ആരോ കയ്യിൽ തട്ടുമ്പോഴാണ് ഉറക്കത്തിൽ നിന്നും ഉണർന്നത്. രാധാറാണിയാണ്! ഇത് വലിയ ശല്യം തന്നെ! ഉള്ളിലെ അസ്വാരസ്യം മുഴുവൻ മുഖത്തു കാണിച്ചു കൊണ്ട് ഞാൻ അവരോടു ചോദിച്ചു 

"എന്ത് വേണം" 

"കുച്ച് പൈസ ദേതോ" (കുറച്ചു പണം തരാമോ)

പൈസ! ഞാൻ അന്തം വിട്ടു. എന്ത് ധിക്കാരമാണിത്... ഒരു ദിവസം മുഴുവൻ പിറകെ നടന്നു ശല്യം ചെയ്തതും പോരാ ഇപ്പോൾ പൈസ വേണമത്രേ. പക്ഷേ ഞാനെന്തെങ്കിലും പറയും മുന്നേ ബസ്സിലെ സഹായി മുന്നിലെ കാബിനിൽ നിന്നും പിന്നോട്ട് വന്നു. 

"എന്ത് വേണം അമ്മാ നിങ്ങള്ക്ക്"

അയാളുടെ പെരുമാറ്റത്തിൽ, അവർ ചോദിച്ചത് എന്താണെന്ന് അറിയാമെന്നൊരു ഭാവം. അയാളെക്കണ്ടതോടെ അവർ ചൂളിച്ചുരുങ്ങി നിന്നു. കയ്യിലെ തുണി സഞ്ചി നെഞ്ചോട് ചേർത്ത് അവർ തലകുനിച്ചു നിന്നു. അപ്പോഴേക്കും ബസ്സ് ആടിക്കുലുങ്ങി എവിടെയോ നിന്നു. സഹായി വാഹനത്തിന്റെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി. പുറകെ അവരും... ഇറങ്ങിപ്പോകവേ അവർ പതിയെ തല തിരിച്ചൊന്നു നോക്കി എന്നെ!! അമ്പരപ്പോടെ ഞാൻ അവരെയും നോക്കി. ആ മുഖത്തെ ഭാവം വേർതിരിച്ചറിയാനായില്ലെനിക്ക്. രണ്ടു മൂന്നു നിമിഷങ്ങളുടെ ഇടവേളയിൽ സഹായി തിരിച്ചു വന്നു വണ്ടിയിൽ കയറി. വാതിൽ ചേർത്തടിച്ചു. പതിയെ വാഹനം മുന്നോട്ടു നീങ്ങാൻ തുടങ്ങി.

"ആ സ്ത്രീ അവരവിടെ?"

എനിക്ക് വെപ്രാളമായി...

"വോ.. രാധാ മാ ഹെയ്‌ൻ മാഡം ജീ.. വൃന്ദാവൻ ഉതർ ഗയി"

തിരിച്ചറിവുകളുടെ ഏടുകളിലേക്കു വെളിച്ചം വീഴാൻ പിന്നെയും സമയമെടുത്തു. അവർ വൃന്ദാവനത്തിലെ മറ്റൊരു രാധയാണത്രെ...! കുടുംബത്തിൽ നിന്നും നിഷ്കാസിത! എന്നാലും ഭിക്ഷയെടുത്തു കിട്ടുന്ന പണം കൊണ്ട് ഇടക്കൊക്കെ വീട്ടിലൊന്നു പോയി വരും. കൂടുതൽ നാൾ നിൽക്കില്ല നിൽക്കാൻ മരുമകൾ സമ്മതിക്കില്ല... അതു കൊണ്ട് മകനും... കഥകൾ ചുരുക്കി പറഞ്ഞ് അയാൾ ഡ്രൈവറുടെ കാബിനിലേക്ക് കയറിപ്പോയി...! ഞാനപ്പോൾ ക്യാമറയിൽ അവരുടെ ഒരു ഫോട്ടോ എങ്കിലും ഉണ്ടോ എന്ന് പരതാൻ തുടങ്ങി..!

Malayalam Short StoriesMalayalam literature interviews,Malayalam Poems    

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.