ചട്ടക്കാരി

Representative Image

ഒാർമകൾക്ക് കടൽക്കാറ്റിന്റെ ഗന്ധമാണ്. ഉപ്പുരസമുള്ള തീക്ഷ്ണ ഗന്ധം. എനിക്ക് കടലിന്റെ ഗന്ധമാണെന്ന് ഒരിക്കൽ നീ പറഞ്ഞിട്ടുണ്ട്. എന്റെ പൂർവ്വിക പാരമ്പര്യത്തിന്റെ ധമനികളിൽ ഒാടുന്ന രക്തങ്ങളിൽ ഒന്ന് കടലാണ്. കടൽത്തീരത്തെ ക്ഷേത്രത്തിൽ പൂജാരിയായി നീ എത്തിച്ചേരുമ്പോൾ എനിക്ക് പ്രായം പതിനേഴ്. നഗരത്തിലെ കോൺവെന്റ് സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുകയായിരുന്നു അന്ന് ഞാൻ. ഒരിക്കലെങ്കിലും ഒരു ക്ഷേത്രത്തിൽ ഒന്നു കയറുവാനും തൊഴാനുമുള്ള കൊതി മൂത്തപ്പോൾ എന്റെ സഹപാഠിക്കൊപ്പം ഞാൻ കടൽത്തീരത്തെ ക്ഷേത്രത്തിലെത്തി. എന്റെ കോൺവെന്റ് സ്കൂളിലെ സിസ്റ്റർമാരുടെ കണ്ണുകൾ എന്റെ വേട്ടയ്ക്കായി ഇറങ്ങരുതേ എന്ന പ്രാർത്ഥനയോടെ. ക്ഷേത്രത്തിലെത്തി നിന്നെ കണ്ടപ്പോൾ ആണ് ഞാൻ അത്ഭുതപ്പെടുന്നത്. ഞാൻ വരയ്ക്കുന്ന ചിത്രങ്ങളിലെ പുരുഷമുഖമായിരുന്നു നിനക്ക്. “എന്താ ഇങ്ങനെ മിഴിച്ചു നിൽക്കുന്നത്. ബെല്ലടിക്കുന്നതിന് മുൻപ് ക്ലാസ്സിൽ കയറണം” എന്ന സഹപാഠിയുടെ വാക്കുകൾ കേട്ടപ്പോഴാണ് എന്റെ കണ്ണുകൾ നിന്നിൽ പതിഞ്ഞ നോട്ടം പിൻവലിച്ചത്. പിന്നെ നിന്നെ കാണുവാൻ വേണ്ടി മാത്രം ഞാൻ ക്ഷേത്രത്തിൽ വരുന്നത് ശീലമാക്കി. ഒരിക്കൽ നിന്റെ ശ്രദ്ധ എന്നിൽ പതിയുവാൻ വേണ്ടി മാത്രം ‘ലക്ഷ്മി’ എന്ന പേരിൽ ഞാൻ പുഷ്പാഞ്ജലി കഴിച്ചു. അപ്പോഴൊന്നും നീ എന്നെ ശ്രദ്ധിച്ചതേയില്ല.

പിന്നെ ഒരിക്കൽ നഗരത്തിൽ എന്റെ ചിത്രപ്രദർശനം നടന്നപ്പോൾ ഞാൻ നിന്നെ അതിലേയ്ക്ക് ക്ഷണിക്കുവാൻ തന്നെ തീരുമാനിച്ചു. ചട്ടക്കാരിയായ ഞാൻ ഒരു കള്ളിയെ പോലെ ഇത്രയും നാൾ ക്ഷേത്രത്തിൽ കയറുമായിരുന്നത് നീ മനസ്സിലാക്കുമെങ്കിലും. “തിരുമേനി വരണം എന്റെ എക്സിബിഷന്”. അല്പം പതിഞ്ഞ ശബ്ദത്തിൽ ഞാൻ നിന്നോട് ആവശ്യപ്പെട്ടു. നഗരത്തിലെ എന്റെ ചിത്രപ്രദർശനത്തിന് ഞാൻ പ്രതീക്ഷിച്ചതിലേറെ ആളുകളെത്തി. ‘ചട്ടക്കാരി മെറീന’യ്ക്ക് എന്നും ആരാധകർ കൂടുതലായിരുന്നല്ലോ. ആളുകൾ പറയുന്ന എന്റെ സൗന്ദര്യത്തെപ്പറ്റി എനിക്ക് വലിയ ധാരണകളോ ബോധ്യങ്ങളോ ഒന്നും ഒരുകാലത്തും ഉണ്ടായിരുന്നില്ല. മെറീനയുടെ ചെമ്പൻ മുടിയ്ക്കും ചാരനിറമുള്ള കണ്ണുകൾക്കും ആരാധകർ ഏറെയാണെന്ന് എന്റെ കൂട്ടുകാരികൾ അടക്കം പറഞ്ഞിരുന്നു. 

ചിത്രപ്രദർശനത്തിന് നീ വരില്ല എന്നായിരുന്നു ഞാൻ ധരിച്ചിരുന്നത്. എന്നാൽ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് നീ വന്നു. എന്റെ ചിത്രങ്ങളിലെ ആൺമുഖങ്ങളെ നീ കൗതുകത്തോടെ നോക്കി നിന്നു. നിന്റെ മുഖവുമായി അവയ്ക്കുള്ള ജന്മസാദൃശ്യത്തെ നീ തിരിച്ചറിഞ്ഞു. 

മെറീന എന്ന ചട്ടക്കാരി പെണ്ണിന്റെ ക്ഷേത്രദർശനങ്ങളെ നീ തടസ്സപ്പെടുത്തിയില്ല. പക്ഷേ എന്റെ പപ്പ അത് അറിഞ്ഞപ്പോൾ എന്നെ വിലക്കി. മേലിൽ ക്ഷേത്രത്തിൽ പോകാൻ പാടില്ല എന്ന് അറിയിച്ചു. മുഴുവൻ സമയവും മദ്യത്തിൽ മുഴുകിയിരിക്കുന്ന, മകളുടെ പഠനത്തിൽ പോലും ശ്രദ്ധിയ്ക്കാത്ത എന്റെ പപ്പ അങ്ങനെ പറഞ്ഞത് സത്യത്തിൽ എന്നെ അത്ഭുതപ്പെടുത്തി. എങ്കിലും ഞാൻ എന്റെ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ഇടയ്ക്കൊക്കെ ക്ഷേത്രത്തിലെത്തി. വൈകുന്നേരങ്ങളിൽ ബീച്ചിലേക്കുള്ള യാത്രകൾ പതിവാക്കി. 

നമ്മുടെ സൗഹൃദം വലുതായപ്പോൾ ആണ് എന്റെ കുടുംബത്തിലെ മുതുമുത്തശ്ശിമാരിൽ ഒരാളായ ഡോറോത്തിയുടെ കഥ ഞാൻ നിന്നോട് പറയുന്നത്. കടൽമീനിന്റെ ഗന്ധവും തീക്ഷ്ണസൗന്ദര്യവുമുള്ള ഡോറോത്തി മുത്തശ്ശി. ഡോറോത്തി അമ്മൂമ്മയ്ക്ക് കടൽമീനിന്റെ ഗന്ധമാണെന്ന് അവരോട് പറയുന്നത് പോർച്ചുഗീസിൽ നിന്നെത്തിയ മുതുമുത്തച്ഛൻ സായിപ്പ് ആണ്. “അതൊക്കെ സായിപ്പ് മുത്തച്ഛന്റെ ഭാവനയല്ലേ. അല്ലാതെ മനുഷ്യസ്ത്രീയ്ക്ക് കടൽ മീനിന്റെ ഗന്ധമുണ്ടാവുമോ” എന്ന് നീ എന്നെ പരിഹസിച്ചു. ശരിയാണ്. അതൊക്കെ സായിപ്പ് മുത്തച്ഛന്റെ ഭാവന മാത്രം. പക്ഷേ, ഡോറോത്തി അമ്മൂമ്മയ്ക്ക് കടൽ മീനിന്റെ ഗന്ധമാണെന്ന് വിശ്വസിക്കാൻ ആയിരുന്നു എനിക്കിഷ്ടം. ഡോറോത്തി അമ്മൂമ്മയുടെ ഉടലിന്റെ പരപ്പുകളിൽ സായ്പ്പ് മുത്തച്ഛൻ കടൽമത്സ്യങ്ങളുടെ തീക്ഷ്ണഗന്ധങ്ങൾ തേടിയലഞ്ഞു. പിന്നെ സായ്പ്പ് മുത്തച്ഛൻ പോർച്ചുഗീസിലേക്ക് മടങ്ങിയപ്പോൾ അനാഥരായ ഡോറോത്തി അമ്മൂമ്മയും നാലു മക്കളും. സായ്പ്പ് മുത്തച്ഛനെ കുറിച്ചുള്ള ഒാർമ്മകളിൽ മുറിപ്പെട്ട് ഉന്മാദം ബാധിച്ച് കടലിന്റെ ആഴങ്ങളിലേയ്ക്ക് സ്വയം എടുത്തെറിയപ്പെട്ട പാവം ഡോറോത്തി അമ്മൂമ്മ. 

നമ്മുടെ അടുപ്പത്തിന് തീക്ഷ്ണതയേറിയപ്പോൾ എന്റെ ഉടലിൽ നീ മത്സ്യഗന്ധങ്ങളെ പരതി. അതുവരേയ്ക്കും മത്സ്യഗന്ധങ്ങളെ വെറുത്തിരുന്ന നീ പോർച്ചുഗീസിൽ നിന്നെത്തിയ സായിപ്പായി മാറുവാൻ ആഗ്രഹിച്ചു. ഡോറോത്തി അമ്മൂമ്മയുടെ പൂർവ്വികരക്തം ഒഴുകുന്ന എന്റെ സിരകൾ പൂത്തുലഞ്ഞു.

തുടർപഠനത്തിനായി നീ ഒാസ്ട്രേലിയയിലേയ്ക്ക് പോയ രണ്ട് വർഷങ്ങൾ എനിയ്ക്ക് ഏറെ വിരസമായി അനുഭവപ്പെട്ടു. നീ ശാന്തിപ്പണി ചെയ്തിരുന്ന കടലോരക്ഷേത്രത്തിലേയ്ക്ക് വെറുതെ നോക്കി നിൽക്കുന്നത് ആ കാലങ്ങളിൽ എന്റെ ശീലമായിരുന്നു. ഒാസ്ട്രേലിയയിൽ നിന്നും നീ എനിക്ക് അയക്കുമായിരുന്ന ഇ-മെയിലുകളും ഇടയ്ക്കുള്ള ഫോൺ വിളികളും ആയിരുന്നു ആ സമയത്ത് എന്റെ ആശ്വാസം. “ഓസ്ട്രേലിയയ്ക്ക് പോയ സ്ഥിതിക്ക് മൂപ്പര് വല്ല മദാമ്മയേയും കല്യാണം കഴിച്ചുകൊണ്ടേ ഇങ്ങുപോരൂ” എന്ന് എന്റെ സ്നേഹിതമാർ എന്നെ കളിയാക്കി. ആ സമയത്താണ് എന്റെ സുഹൃത്തുക്കളിൽ ഒരാൾ എന്നോട് ആ ചോദ്യം ചോദിച്ചത്. “ചട്ടക്കാരിക്ക് ബ്രാഹ്മണനെ കല്യാണം കഴിയ്ക്കാൻ പറ്റുമോ?”. അതിന് മറുപടിയായി ഒരു മറുചോദ്യം എന്റെ ഉള്ളിൽ തികട്ടി വന്നു. “എന്താ, കഴിയ്ക്കാൻ പറ്റാത്തെ?” പക്ഷേ ആ ചോദ്യം എന്റെ ഉള്ളിൽ നിന്നും പുറത്തുവന്നതേയില്ല. മറിച്ച് അത് എന്റെ ആത്മാവിനുള്ളിൽ എവിടെയോ തടഞ്ഞു നിന്ന് എന്നെ ശ്വാസം മുട്ടിച്ചു. സത്യത്തിൽ എന്റെ പതിനേഴാം വയസ്സുവരേയ്ക്കും ഇൗ ജാതിയുടേയും മതത്തിന്റേയും അതിർവരമ്പുകളെ പറ്റി എനിക്ക് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. അതുവരെ ഞാൻ കണ്ട ലോകത്ത് എനിക്കു തോന്നിയിരുന്നത് സമ്പത്താണ് മനുഷ്യനെ തമ്മിൽ വേർതിരിക്കുന്ന ഘടകം എന്നാണ്. കുറച്ചുകൂടി ലോകപരിചയം ഉണ്ടായപ്പോഴാണ് ഇൗ ജാതി ഒരു വിഷയം തന്നെയാണെന്ന് എനിക്ക് തോന്നി തുടങ്ങിയത്. എന്റേയും നിന്റേയും മുഖച്ഛായയിൽ പോർച്ചുഗീസ് സായിപ്പിന്റെയും ഡോറോത്തി അമ്മൂമ്മയുടെയും ചിത്രങ്ങൾ വരഞ്ഞ് ഞാൻ എന്റെ ദിനരാത്രങ്ങൾ പിന്നെയും കഴിച്ചുകൂട്ടി. 

ഒാസ്ട്രേലിയയിൽ നിന്നുള്ള മടങ്ങി വരവിൽ നീ കൂടുതൽ ഉൗർജസ്വലനും സുന്ദരനുമായി കാണപ്പെട്ടു. എന്റെ… എന്റെ മാത്രം പോർച്ചുഗീസ് സായിപ്പായി എന്റെ ഉള്ളംകയ്യിൽ നിന്നെ ഒതുക്കുവാൻ ഞാൻ തീവ്രമായി ആഗ്രഹിച്ചു. എനിയ്ക്ക് കടൽമത്സ്യത്തിന്റെ മാത്രമല്ല കടലിന്റെയും ഗന്ധമുണ്ടെന്ന് നീ എന്നോട് പറഞ്ഞത് ആ സമയത്താണ്. കടലായി, കടലിന്റെ വന്യതയായി, കടലാഴങ്ങളായി ഞാൻ മാറി. നീ കൗതുകം മാറാത്ത ഒരു കുട്ടിയെ പോലെ എന്റെ ആഴങ്ങളിൽ ഒളിച്ചു. മത്സ്യഗന്ധിയായ ഡോറോത്തി അമ്മൂമ്മയിൽ നിന്ന് കടലായി ഞാൻ മാറി. 

പിന്നീടാണ് നിന്റെ സൗഹൃദത്തിന്റെ തുടർച്ച എനിക്ക് നഷ്ടപ്പെടുന്നത്. നാട്ടിലേയ്ക്ക് മടങ്ങിയ നിന്നെ പറ്റി ഒരു വിവരവും ഉണ്ടായില്ല. എനിക്കു ചുറ്റും ഒരു വലിയ കടൽ ആർത്തിരമ്പുന്നതായി തോന്നി. അങ്ങിനെയിരിക്കെ ഒരു കത്ത് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന നിന്റെ ഒരു ഇ-മെയിൽ സന്ദേശം എന്നെ തേടിയെത്തി. നിന്റെ വിവാഹം ഉറപ്പിച്ചിരിക്കുന്നു എന്നതായിരുന്നു അതിലെ ഉള്ളടക്കം. വധു അമ്മാവന്റെ മകൾ ആരുണി. അപസ്മാരരോഗി. അമ്മയ്ക്കും തനിയ്ക്കും അമ്മാവനോടും കുടുംബത്തിനോടുമുള്ള തീർത്താൽ തീരാത്ത കടപ്പാട്... ഏതെങ്കിലും ക്ഷേത്രത്തിലെ പൂജാരിയായി ഒതുങ്ങി പോകുമായിരുന്ന തന്നെ ഒാസ്ട്രേലിയയിൽ വിട്ട് പഠിപ്പിക്കുവാൻ അമ്മാവൻ കാണിച്ച   സൗമനസ്യം…. അങ്ങിനെ കുറേ വിവരങ്ങൾ….

നിന്റെ കല്യാണം ഉറപ്പിച്ചു എന്നതിനേക്കാളേറെ എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നാണ്. ‘എന്നോട് ക്ഷമിയ്ക്കൂ മെറീന’ എന്നൊരു വാക്ക് വെറുമൊരു ഒൗപചാരികതയ്ക്ക് വേണ്ടിയാണെങ്കിൽ കൂടിയും നീ ചേർത്തിരുന്നില്ല എന്നുള്ളതാണ്. അപ്പോൾ എന്റെ സുഹൃത്ത് എന്നോട് ചോദിച്ച ആ ചോദ്യം എന്റെ ഉള്ളിൽ പൊന്തിവന്ന് എന്റെ ആത്മാവിനെ ശ്വാസംമുട്ടിച്ചു. “ചട്ടക്കാരിയ്ക്ക് ബ്രാഹ്മണനെ കല്യാണം കഴിയ്ക്കാൻ പറ്റുമോ?” 

അപ്പോഴേയ്ക്കും എന്റെ ഗർഭപാത്രത്തിലെ കടൽജലത്തിൽ ഒരു കുഞ്ഞു മത്സ്യം വളർന്ന് തുടങ്ങിയിരുന്നു. 

ഇത് ഞാൻ നിനക്കായ് കോറിയിടുന്ന അവസാനത്തെ വരികളാണ്. ഒരു പക്ഷേ എന്റെ ആത്മഹത്യാ കുറിപ്പ്. എനിയ്ക്കൊപ്പം ഇൗ കുറിപ്പും ഇല്ലാതായി തീരും. നിന്റെ ജീവിതത്തിന്റെ സ്വൈരതയ്ക്ക് തടസ്സം സൃഷ്ടിക്കുവാനായി ഞാൻ ഒരിക്കലും ഇൗ ഭൂമിയിൽ അവശേഷിക്കില്ല. അപസ്മാരരോഗിയായ പെൺകുട്ടിയെ വിവാഹം കഴിച്ച ത്യാഗസമ്പന്നനും സ്നേഹമൂർത്തിയുമായി നീ വാഴ്ത്തപ്പെടും. ചട്ടക്കാരി മെറീനയുടേയും അവളുടെ ഉള്ളിൽ കുരുത്ത കുഞ്ഞുഭ്രൂണത്തിന്റെയും ആത്മാക്കൾ ഒരിക്കലും നിനക്കു ചുറ്റും അലയാതിരിക്കട്ടെ. നിന്റെ ഒരു ചിത്രം വരയുവാൻ ഞാൻ ഇൗ നിമിഷം ആഗ്രഹിക്കുന്നു. പക്ഷേ എന്തുകൊണ്ടോ എനിക്കതിന് കഴിയുന്നില്ല. വിഷ്ണുദത്ത്, ആരുണി എന്നീ പേരുകൾ എഴുതിച്ചേർത്ത ഒരു വിവാഹ ക്ഷണക്കത്ത് ഞാൻ ഭാവനയിൽ കാണുന്നു. 

ഡോറോത്തി മുത്തശ്ശിയുടെ ആത്മാവ് കടലിന്റെ ആഴങ്ങളിലേയ്ക്ക് എന്നെ വിളിയ്ക്കുന്നു. രാത്രിയുടെ തണുത്തുറഞ്ഞ നിശബ്ദതയിൽ ആ വിളിക്ക് ജീവൻ വയ്ക്കുന്നു. അജ്ഞാതമായ ദൂരത്തുനിന്നും വന്നുചേരുന്ന പോർച്ചുഗീസ് നാവികന്റെ കപ്പലിനെ ഞാൻ അവിടെയെല്ലാം വ്യർത്ഥമായി പരതി. കടലിന്റെ ആഴങ്ങളിൽ ഞാൻ അഭയം പ്രാപിച്ചു.  

Malayalam Short StoriesMalayalam literature interviews,Malayalam Poems         

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.