കൂട്ടിലടച്ച തത്തയും ഫ്ലാറ്റിലടച്ച അമ്മച്ചിയും

“ഇത്രയും വലിയ വിമാനം എങ്ങനാ, ഈ ആകാശത്തു ഒരു പിടിത്തവുമില്ലാതെ താഴെ വീഴാതെ ഇങ്ങിനെ പറക്കുക”? വിമാനം ആകാശത്തു കാണുമ്പോൾ അമ്മച്ചിയുടെ ഉത്കണ്ഠയും പേടിയും കലർന്ന ചോദ്യം എന്നോട്...

വിമാനത്തിൽ കയറാനുള്ള അമ്മച്ചിയുടെ ഈ പേടികൊണ്ടു തന്നെ, പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും എന്റെ അമ്മച്ചിയെ വിമാനത്തിൽ കയറ്റികൊണ്ടു വന്നു, ദുബായ് കറക്കുക എന്നത് എന്റെ ജീവിതത്തിലെ നടക്കാത്ത സ്വപ്നമായി ഇന്നും അവശേഷിക്കുന്നു.

വേറൊന്നിനുമല്ല! നമ്മുടെ നാട് മാത്രം കണ്ടിട്ടുള്ള അമ്മച്ചിയെ - കൊച്ചിയിൽ കൂടി എപ്പോഴെങ്കിലും യാത്ര ചെയ്യുമ്പോൾ, വളരെ അപൂർവമായെങ്കിലും കാണാറുള്ള കുട്ടിയുടുപ്പുമിട്ടു നടക്കുന്ന ഏതേലും മദാമ്മയേയോ, അല്ല ഏതെങ്കിലും തടിച്ചസ്ത്രീകളോ പുരുഷന്മാരോ അവർക്കു ചേരാത്ത വേഷവിധാനത്തിൽ പോവുന്നതു കണ്ടാലോ, ചമ്മലോടെ തലവെട്ടിച്ചു, ചിരി നിയന്ത്രിക്കാൻ പാടുപെടുമായിരുന്ന അമ്മച്ചിയെ കൊണ്ടുവന്നു ഇവിടുത്തെ, അംബരചുംബികളായ കെട്ടിടങ്ങളും, ദുബായ് മാളിലും ദേരസിറ്റി സെന്ററിലുമൊക്കെ കറക്കി "3 വയസ്സുള്ള കുട്ടിയും 33 വയസ്സുള്ള കുട്ടിയുടെ അമ്മയും, 63 വയസുള്ള കുട്ടിയുടെ അച്ഛനുമൊക്കെ" ഫാഷൻ എന്ന പേരും പറഞ്ഞു, മുട്ടോളം എത്താത്ത കീറിപ്പറിഞ്ഞ ട്രൗസറും, നമ്മുടെ നാട്ടിൽ പാടത്തു പണിക്കുപോവുമ്പോൾ ഇടുന്ന മാതിരിയുള്ള കയ്യില്ലാത്ത ഒരു ബനിയനുമിട്ടു, കുട്ടിക്കളികൾ കളിച്ചു നടക്കുന്നത് കാണിക്കാനും, ബർഗർകിങ്, മാക് ഡൊണാൾഡ്‌സ്, തുടങ്ങിയ കടകളുടെ മുന്നിൽ, "തടിച്ചുവീർത്ത ഒരു വലിയ ബർഗറിന്റെ" രൂപത്തിൽ ഇരുന്നു, ഇനിയും കുറെ കൂടി വീർക്കാനുണ്ടെന്ന ഭാവേന, വീണ്ടും ഫാസ്റ്റ് ഫുഡ് തട്ടി വിടുന്ന വിദേശികളെയും സ്വദേശികളെയുമൊക്കെ കാണിച്ചു - ഇതെല്ലാം കാണുമ്പോഴുള്ള അമ്മച്ചിയുടെ ചമ്മലിൽ കലർന്ന പൊട്ടിച്ചിരി കാണാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല. അമ്മച്ചിക്ക് പ്രായാധിക്യമായതിനാൽ ഇനികൊണ്ടു വരിക എന്നത് അസാധ്യവും!

അങ്ങനെയിരിക്കെ, കുടുംബ സുഹൃത്തിന്റെ വീട്ടിൽ, പുള്ളിക്കാരന്റെ 70-74 വയസുള്ള അമ്മച്ചിയെ അവർ കറക്കാൻ കൊണ്ടുവന്നുവെന്നറിഞ്ഞു ഒന്നു കാണാമെന്നു കരുതി ഞാൻ ഒരു സന്ദർശനം നടത്തി.

മകനും മകളും, അമ്മച്ചിയെത്തി എന്നു പറയുമ്പോഴുള്ള സന്തോഷമൊന്നും, അമ്മച്ചിക്ക് കാണുന്നില്ല. "അമ്മച്ചിക്ക് ഇവിടെയൊക്കെ ഇഷ്ടപ്പെട്ടോ"?, ഞാൻ.

"എന്റെ മോളെ, ഇവിടെങ്ങും മനുഷ്യരൊന്നുമില്ലേ? മൂന്നാലു മനുഷ്യരെ കാണാതെ എങ്ങനാ ഇങ്ങനെ അടച്ച മുറികളിൽ ഇരിക്കാനാണ്?" അമ്മച്ചി.

പാവം അമ്മച്ചി! നാട്ടിലെ വീട്ടിൽ രാവിലെ എഴുനേറ്റു, പാൽക്കാരനെയും പത്രക്കാരനെയുമൊക്കെ നോക്കി നിന്നു,  തൊടിയിലിറങ്ങി, ചെടികളും പൂക്കളുമൊക്കെ കണ്ടു, അതിലെ കടന്നുപോവുന്ന പരിചയക്കാരോടൊക്കെ കൊച്ചു വർത്തമാനം പറഞ്ഞു നടക്കുമ്പോഴുള്ള സന്തോഷമൊന്നും മുഖത്തില്ല.

രാവിലെ എഴുന്നേറ്റു പല്ലുതേച്ചു, ചായയുംകുടിച്ചു ടിവിക്കുമുന്നിൽ വന്നിരുന്നു ഉറക്കം തൂങ്ങൽ തന്നെ, ദിനചര്യ.  

മകനും മരുമകളും 8 മണിയോടെ ജോലിക്കു പോകും. അവർ തിരിച്ചു വരുന്നതുവരെ അടച്ചിട്ട ഫ്ലാറ്റിനുള്ളിൽ ഉറക്കവും തൂക്കവുമായി ഏകാന്തതയിൽ, നാട്ടിൽ തിരിച്ചു പോവാനുള്ള ദിവസമെണ്ണി കാത്തിരിക്കുന്നു.

ഇടക്ക് ഏതെങ്കിലും മനുഷ്യരുടെ മുഖം കാണാനോ ആരോടെങ്കിലും ഒന്നു സംസാരിക്കാനോ കൊതിയോടെ ബാൽക്കണിയിൽ ഇറങ്ങി നോക്കും. ഒരാളെപ്പോലും കാണാനില്ലാതെ പൊരിഞ്ഞ ചൂട് സഹിക്കാനാവാതെ വീണ്ടും അകത്തു കയറി സോഫയിൽ ചാഞ്ഞിരുന്നു ഉറക്കം തന്നെ.

വൈകിട്ടു മകനും മരുമകളും എത്തിയാൽ ഉടൻ അമ്മച്ചിയേയും കൊണ്ടു ഏതേലും ഷോപ്പിങ് മാളിലേക്ക് പോവാനിറങ്ങി കാറിലേക്ക് നടക്കുമ്പോഴും, അമ്മച്ചിക്ക് ഒരേ ചോദ്യം,." ശോ, ഇവിടെങ്ങും ഒരു മനുഷ്യൻ പോലുമില്ലെടാ, എന്തൊരു ജീവിതം?"

ഷോപ്പിംങ് മാളിൽ എത്തിയാലോ? പരിചയമില്ലാത്ത കുറെ ആൾക്കാർ! പല രാജ്യക്കാർ, പല ഭാഷക്കാർ!  അവരോടു എന്തു സംസാരിക്കാൻ.  അവരവരുടെ ട്രോളികളിൽ കുറെ സാധങ്ങളും നിറച്ച് വീണ്ടും ഏകാന്തതയുടെ കോൺക്രീറ്റ് സൗധങ്ങളിലേക്ക് പായുന്ന മനുഷ്യർ!

തിരിച്ചു വന്നു വീണ്ടും ഫ്ലാറ്റിലേക്ക് കയറുമ്പോഴും അമ്മച്ചിയുടെ അതേ ചോദ്യം, " ഹോ, ഒന്നു മനുഷ്യരെ കാണാനും മിണ്ടാനും പറയാനും കൊതിച്ചു പുറത്ത് പോയതാണ്. ഇവിടെങ്ങും മനുഷ്യരൊന്നുമില്ലെടാ, നമ്മുടെ നാട്ടിലെ പോലെ?"

സത്യമാണമ്മച്ചി! ആറു വർഷത്തിലേറെയായി ദുബായിയിൽ ഞാൻ താമസിക്കുന്ന ഫ്ലാറ്റിന്റെ അടുത്ത ഫ്ലാറ്റുകളുടെയുള്ളിൽ മനുഷ്യവാസം ഉണ്ടോയെന്ന്, ഇന്നും എനിക്കറിയില്ല.

താഴെ റിസപ്‌ഷനിൽ ഇരിക്കുന്ന സെക്യൂരിറ്റി ഫ്ലാറ്റിൽ ഒഴിവുണ്ടോ എന്ന് അന്വേഷിച്ചു വരുന്നവരോട്, എല്ലാം ഫുൾ ആണെന്ന് പറയുന്നത്  കേൾക്കുമ്പോൾ, ഞാനും മനസിൽ ചോദിച്ചു തുടങ്ങി, "ഇവിടെങ്ങും മനുഷ്യർ ഇല്ലെടാ"?  

ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ, ഏതു നാട്ടുകാർ ആണെന്നുപോലും അറിയാതെ, സദാ സമയവും അടഞ്ഞുകിടക്കുന്ന ആ വാതിലുകളിൽ മുട്ടി വിളിച്ചു, അവരോടു കുശലം ചോദിക്കാൻ ചെല്ലാനുള്ള ധൈര്യവും എനിക്കില്ല. 

കാരണം എല്ലാ ആൾക്കാരും, നമ്മളെപോലെ മനുഷ്യരുടെ സംസർഗം ഇഷ്ട്ടപെടണമെന്നില്ലല്ലോ!

 Malayalam Short StoriesMalayalam literature interviews,Malayalam Poems        

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.