Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോരാമഴയുടെ ഞായർ

x-default Representative Image

കലണ്ടറിലെ ഉദയസമയം കഴിഞ്ഞിട്ടും കിഴക്ക് ഇനിയും സൂര്യന്റെ വെളിച്ചം എത്തിയിട്ടില്ല. ഇരുണ്ട അന്തരീക്ഷത്തിൽ ഇപ്പോഴും മഴ നേർത്തു പെയ്തുകൊണ്ടിരിക്കുന്നു. രാത്രിയുടെ ഏതോ യാമത്തിൽ തുടങ്ങിയ മഴയാണിത്, എപ്പോഴാണ് തുടങ്ങിയതെന്ന് കൃത്യമായി ഓർക്കാൻ സാധിക്കുന്നില്ല. അതിൽ അത്ഭുതപെടാൻ ഒന്നുമില്ല, കാരണം കഴിഞ്ഞ ഒരാഴ്ച നീണ്ടു നിന്ന ജോലിയുടെ സംഘർഷവും അതിനുപുറമെയുള്ള മാനസികവും ശാരീരികവുമായുള്ള സമ്മർദ്ദങ്ങളെ തരണം ചെയ്യാൻ കഴിഞ്ഞ രാത്രി ദ്രവമായും പുകയായും കുറച്ചൊന്നുമല്ല സമ്മർദ്ദ നിവാരിണികൾ ശരീരത്തെകൊണ്ട് സ്വീകരിപ്പിച്ചത്. അതിന്റെ ആലസ്യത്തിൽ താനും രാത്രിയുടെ ഏതോ യാമത്തിൽ ഉറക്കത്തിലേക്ക് വഴുതി വീഴുകയായിരുന്നു.

രമേശൻ തന്റെ ഒറ്റമുറി ക്വാർട്ടേഴ്സിലെ കട്ടിലിൽ നിന്നും പതിയെ എഴുന്നേറ്റു. മനസ്സ് അഗാധ നിദ്രയിൽ ആയിരുന്നെങ്കിലും ശരീരം അങ്ങനെ ആയിരുന്നില്ലന്നതിനുള്ള തെളിവായി കിടക്കവിരി ചുളിവുകൊണ്ട് നാനവിധമായി കിടന്നു. പതിവുപോലെ അടുക്കളയിലേക്കാണ് പോയത്, ലഹരിയുടെ ആലസ്യം പൂർണമായും വിട്ടുപോയിട്ടില്ലെങ്കിലും ഒരു ഗ്ലാസ് ചായക്കുള്ള വെള്ളം തീയിൽ വെച്ചു. രണ്ടുവർഷമായി ഇവിടുള്ള ജീവിതം തുടങ്ങിയിട്ടെങ്കിലും ഒരു ഗ്ലാസ് ചായക്കുള്ള ചായപൊടിയുടെ അളവ് ഇതുവരെ തീർച്ചയാക്കിയിട്ടില്ല, ഒരു സ്പൂണോ? അതോ, അര സ്പൂണോ? അതോ, ഒരു നുള്ളോ?. ഓരോ ദിവസത്തെ വികാരങ്ങൾ ആണ് രമേശന്റെ അന്നത്തെ ചായയുടെ കടുപ്പം നിർണയിക്കുന്നത്.

 ചില്ലു ഗ്ലാസ്സിലേക്കു പകർത്തിയ ചായയുടെ നിറം കണ്ടപ്പോഴേ മനസ്സിലാക്കി ഇന്ന് പതിവിലും കടുപ്പം കൂടിയെന്ന്. കസേരയിൽ അഴിച്ചിട്ട ഷർട്ടിന്റെ പോക്കറ്റിൽ തിരഞ്ഞപ്പോൾ ഇന്നലെ മിച്ചം വന്ന ഒരു സിഗരറ്റ് കിട്ടി, അതും കൊളുത്തി ചായയുമായി മുൻവശത്തെ പടിക്കെട്ടിൽ വന്നിരുന്നു. മഴയുടെ ഈർപ്പം പടിക്കെട്ടിലൂടെ ശരീരത്തിലേക്കും അനുഭവപ്പെട്ടു. പുറത്തെ മഴയുടെ തണുപ്പുകൊണ്ടും സിഗരറ്റ് പുകയുടെ ആവരണംകൊണ്ടും ചായയുടെ കടുപ്പം നേർത്ത് ഇല്ലാതായി. താളത്തിൽ യാതൊരു മാറ്റവുമില്ലാതെ മഴ പെയ്തുകൊണ്ടേയിരുന്നു.

ആഴ്ചയിൽ ഒരിക്കൽ കിട്ടുന്ന അവധിയാണ് ഞായറാഴ്ച, അത് ഈ മഴയിൽ ഒലിച്ചുപോകുമെന്ന് കരുതി രമേശൻ മഴയെ മനസ്സിൽ ശപിച്ചു "നശിച്ച മഴ... ഒന്നു മാറിയിരുന്നെങ്കിൽ..".

സാധാരണഗതിയിൽ ഞായറാഴ്ചകളിൽ മുറിയിൽ ഇരിക്കാറേയില്ല, രാവിലെ ഇറങ്ങിയാൽ നേരം ഇരുട്ടിയിട്ടേ തിരികെ വരാറുള്ളൂ. ചിലപ്പോൾ സിനിമക്ക് പോകും, ചിലപ്പോൾ ബീച്ചിൽ, തിങ്കളാഴ്ചകൂടി അവധി നീട്ടിയിട്ടുണ്ടെങ്കിൽ താൻ പഠിച്ചുവളർന്ന ഓർഫനേജിൽ. അങ്ങനെ പലതരം യാത്രകളുടേതായിരിക്കും രമേശന്റെ ഓരോ ഞായറും. വന്നു താമസിക്കുന്ന ഈ നാട്ടിൽ സുഹൃത്തുക്കൾ എന്നു പറയാൻ ആരും തന്നെ ഇല്ല, അതുകൊണ്ട് യാത്രകളൊക്കെ ഒറ്റക്കാണ്. വിധി ചെറുപ്പത്തിലേ ഒറ്റപ്പെടുത്തിയതുകൊണ്ട് യാത്രകളിലെ ഈ ഒറ്റപ്പെടൽ ഒരു പുതുമയല്ല.

 മഴ തോരുന്ന യാതൊരു ലക്ഷണവും കാണുന്നുന്നില്ല. ഏതായാലും മുറിയിലെ ഏകാന്തതയിൽ നിന്നും പുറത്തുകടക്കാൻ രമേശൻ തീരുമാനിച്ചു. അലമാരയിലും മുറിയിലും അരിച്ചുപെറുക്കി നോക്കിയിട്ടും ആകെ ഉണ്ടായിരുന്ന കുട കാണുന്നില്ല. വാസ്തവത്തിൽ ആ കുടയുടെ ഉപയോഗം രമേശൻ വല്ലപ്പോഴുമാണ് പ്രയോജനപ്പെടുത്താറ്. ഈ ഇടയായി നടത്തം വളരെ കുറവാണ് എന്തിനും ഏതിനെന്നും വേണ്ട വിളിച്ചാൽ കേൾക്കുന്ന ദൂരത്തുള്ള കവലയിൽ പോകാൻ കൂടി സ്കൂട്ടറിനെയാണ് ആശ്രയിക്കുക, അതുകൊണ്ട് കുട എവിടെ വെച്ചു അല്ലെങ്കിൽ എവിടെ വെക്കാറുള്ളത്, ഒരു നിശ്ചയവുമില്ല. പഴയ കുറെ പത്രകെട്ടിനടിയിൽനിന്ന് അവസാനം കുട കണ്ടെത്തി. കുട എടുത്തപ്പോൾ ഏറെ നാളായുള്ള തൻറെ വാസസ്ഥലം നശിപ്പിച്ച ശത്രുവിനെ നോക്കി ഒരു പല്ലി പുറത്തേക്ക് ചാടി പുതിയ ഇടം തേടി.

"പോ... പല്ലി..!!! "  രമേശൻ കുട തട്ടിക്കുടഞ്ഞുനിവർത്തി.

എങ്ങോട്ടെന്ന് തീർച്ചയാക്കാതെ പുറത്തെ മഴയിലേക്കിറങ്ങി. രണ്ടടി വെച്ചപ്പോൾ തന്നെ മഴയിൽ കഴുകിക്കളഞ്ഞ നിരത്തിലെ മാലിന്യങ്ങൾ കാലിൽ അടിഞ്ഞുകൂടി. ഒരു നിമിഷം നടത്തം നിർത്തിയ രമേശൻ അടുത്തുള്ള പള്ളിയിൽ നിന്ന് മണിയൊച്ചകേട്ടു, ഇവിടെ വന്നതിൽ പിന്നെ താൻ ഇതുവരെ പോകാത്ത ഒരിടം ആണ് അവിടം. പള്ളിയിലെന്നല്ല ഒരു ആരാധനാലയത്തിലും ഒരു പ്രായം കഴിഞ്ഞതിൽ പിന്നെ പോയിട്ടില്ല. അതിനു പ്രത്യേകിച്ച് നിരീശ്വരവാദപരമായ പിൻതാങ്ങലുകൾ ഒന്നും തന്നെയില്ല, ചിലപ്പോൾ വളർന്നപ്പോൾ കൂടെ വളർന്ന യുക്തി ആവും ഒരു കാരണം. ഓർഫനേജിലെ കാലയളവിൽ മുറതെറ്റാതെ പള്ളിയിൽ പൊയ്ക്കൊണ്ടിരുന്ന ഒരു ബാല്യമുണ്ടായിരുന്നു. ഇന്നേതായാലും മാലിന്യംപേറിയ കാലുമായി പള്ളിയിലേക്ക് നടക്കാൻ തീരുമാനിച്ചു. മാലിന്യങ്ങൾ കഴുകി കളയാൻ ആരാധനാലയങ്ങൾ ആണല്ലോ ഉചിതമായ ഇടം. 

മൂന്നാംമണിയുമടിച്ച് പള്ളിയിലെ ഞായറാഴ്ച കുർബാന തുടങ്ങിയിരുന്നു. മഴകാരണമായിരിക്കും കാര്യമായ തിരക്കൊന്നും പള്ളിക്കകത്തു കാണുന്നില്ല. പലരും രമേശനെപ്പോലെ മഴയെ വെറുത്തു വീടുകളിൽ ഇരിക്കുന്നുണ്ടാവും. ജീവിതത്തിൽ "വെറുമൊരു മനുഷ്യൻ" മാത്രമായ താൻ പള്ളിക്കകത്തുകയറി വിശ്വാസികളുടെ വിശ്വാസങ്ങളെ കളങ്കപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല, രമേശൻ പള്ളിയുടെ പൂമുഖപടവിൽ തന്നെ നിന്നു. 

എന്തിനാണ്‌ ഇത്രയും സംഗീതസഭയുടെ അകമ്പടിയോടെ പ്രാർത്ഥിക്കുന്നത്?, പ്രാർത്ഥനക്ക് സംഗീതമാണോ ആവശ്യം?, ഉള്ളിലെ യുക്തിവാദി ചോദ്യങ്ങൾ എറിഞ്ഞുകൊണ്ടേയിരുന്നു. പ്രാർത്ഥനക്ക് ശരിക്കും നിശ്ശബ്ദതയല്ലേ ആവശ്യം?, പ്രകൃതിയുടെ നിശബ്ദ സംഗീതം!. തന്റെ മുൻപിൽ പള്ളിയകത്ത് കിഴക്കോട്ടു നിന്ന് ആരാധനയിൽ പങ്കുചേരുന്നവരെകണ്ട് ഉള്ളിലെ യുക്തിവാദി വീണ്ടും ഉണർന്നു.

 എന്തിനാണ് കിഴക്കോട്ടു തിരിഞ്ഞ് പ്രാർത്ഥിക്കുന്നത്?, ദൈവം കിഴക്കുമാത്രമാണോ?, തൂണിലും തുരുമ്പിലും നാനാദിക്കിലും ദൈവം ഉണ്ടന്നല്ലേ പറയാറ്!.

"യുക്തിവാദി രമേശന്റെ" ചോദ്യങ്ങളും ചിന്തകളും ഉള്ളിന്റെ ഉള്ളിലെ ഓർഫനേജിലെ "കുട്ടി രമേശന്റെ" വിശ്വാസങ്ങളെ അലട്ടിക്കൊണ്ടിരുന്നു. വിശ്വാസിയും യുക്തിവാദിയും തന്റെ മനസ്സൊരു യുദ്ധക്കളമാകുമെന്നും സമാധാനം നശിപ്പിക്കുമെന്നും മനസ്സിലാക്കി രമേശൻ അവിടെ നിന്നും ഇറങ്ങാൻ തീരുമാനിച്ചു.

പള്ളിയുടെ ചുറ്റുവട്ടവും തോരാമഴയിൽ ലയിച്ചു നിൽക്കുകയാണ്. കഴിഞ്ഞ രാത്രിയിലെ കാറ്റിൽ സംഭവിച്ചതാണെന്നു തോന്നുന്നു വലതുവശത്തായി വലിയൊരു ബോർഡ് ഒടിഞ്ഞു നിൽക്കുന്നുണ്ട്. കൂടുതൽ അടുത്തു വന്നപ്പോൾ കഴിഞ്ഞ ആഴ്ചയിൽ നടന്ന പെരുന്നാളിന്റെ കാര്യവിവരങ്ങൾ രേഖപ്പെടുത്തിയ ബോർഡായിരുന്നു അതെന്നുമനസ്സിലായി. നടത്തം തുടരവേ അതിനോട് ചേർന്ന് താഴെ ഒരു പാത്രം ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു, കുറച്ചൂടെ മുന്നോട്ടു വന്നപ്പോൾ മറയ്ക്കപ്പുറം ഇരിക്കുന്ന ഒരു പ്രായം ചെന്ന സ്ത്രീയെ കണ്ടു. ഭിക്ഷക്കാരിയാണ്..!. മുഷിഞ്ഞ നനഞ്ഞു ദേഹത്തോട് പറ്റിച്ചേർന്ന മണ്ണിൻറെ നിറമുള്ള ആടയിൽ അവരെകണ്ടപ്പോൾ, ചുറ്റം വെള്ളം നിറഞ്ഞ വലിയ ഒരു ചിതൽപുറ്റിരിക്കുന്നതായാണ് തോന്നിയത്. ചുവട്ടിലെ നനവ് കിനിഞ്ഞു കയറി ഏത് നിമിഷവും പൊടിഞ്ഞു പോകാവുന്ന ഒരു ചിതൽപുറ്റ്..!

മുന്നോട്ടു നടന്നു ചെന്നപ്പോൾ ആ സ്ത്രീ പാത്രമുയർത്തി രമേശന് നേർക്കുനീട്ടി. മഴവെള്ളം കെട്ടിനിന്ന ആ പാത്രത്തിൽ കുളത്തിൽ മീനുകൾ കണക്കെ അങ്ങിങ്ങായി നാലഞ്ചു ചില്ലറത്തുട്ടുകൾ വെള്ളത്തിനടിയിൽ തിളങ്ങി.പോക്കറ്റിൽ തപ്പിയപ്പോൾ പേഴ്സ് എടുത്തിട്ടില്ലായെന്നും ആ സ്ത്രീക്ക് കൊടുക്കാൻതക്ക ഒന്നുംതന്നെ തൻറെ കൈവശം ഇല്ലായെന്നും രമേശനു മനസ്സിലായി. മഴയിൽ അലിഞ്ഞുപോയ്‌കൊണ്ടിരിക്കുന്ന അവർക്ക് സഹതാപത്തോടെ ഒരു നോട്ടം കൊടുക്കുവാൻ മാത്രമേ കഴിഞ്ഞുള്ളു. ഒരു നിമിഷം ആലോചിച്ചു നിന്ന രമേശൻ തന്റെ കുട അവർക്കു നൽകി അതവരെ ചൂടിപ്പിച്ചു, മഴയുടെ അമ്പെയ്ത്തിൽ നിന്നും ചെറിയൊരു മോചനം കിട്ടിയ ആ സ്ത്രീ രമേശനെ നോക്കി ചിരിച്ചു. ശരിക്കും അവർ ചിരിച്ചോ?, അതോ രമേശന് തോന്നിയതാണോ?.

മഴയിൽ കുതിർന്നു തുടങ്ങിയ രമേശൻ തിരികെ മുറിയിലേക്ക് നടന്നു. വീണ്ടും വീണ്ടും നിശബ്ദമായി മനസ്സിൽ മഴയെ ശപിച്ചുകൊണ്ടേയിരുന്നു "നശിച്ച മഴ... ഒന്ന് മാറിയിരുന്നെങ്കിൽ.."

Malayalam Short StoriesMalayalam literature interviews,Malayalam Poems            

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.