'കെട്ടിനിർത്തിയ വെള്ളത്തിനന്ന് ചോരനിറം' അനുഭവകഥ

ഇടുക്കി ഡാം

ആയുസ്സിന്റെ ബലം കൊണ്ട് ഇടുക്കി ഡാമിലെ ടണലിൽ പണിയെടുക്കുമ്പോൾ വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഒരാളുടെ ജീവിതകഥയാണിത്...

മറ്റാരുമല്ല എന്റെ പിതാവ് തന്നെയാണ് കക്ഷി. പേര് എ.എസ്. മുഹമ്മദ്. തൊടുപുഴക്കടുത്ത് ചെലവ് ആണ് സ്വദേശം. ഒമ്പത് മക്കളിൽ അഞ്ചാമത്തെയാൾ. ചെറുപ്രായത്തിൽ ഹൈറേഞ്ചിലേക്ക് കുടിയേറി പാർത്തു. മുരിക്കാശ്ശേരിക്കടുത്തുള്ള മങ്കുവ എന്ന സ്ഥലത്താണ് ആദ്യം അവരെത്തിപ്പെട്ടത്. ഈ ജംഗ്ഷനിൽ ചെറിയൊരു ഹോട്ടലും കൃഷിപ്പണിയുമൊക്കെയായി കുറെ നാൾ ജീവിച്ചു. അപ്പന്റെ വിദ്യാഭ്യാസം മുക്കുടം സ്കൂളിലായിരുന്നു പത്ത് കിലോമീറ്ററിലധികം കാട്ടിലൂടെ നടന്നു വേണം സ്കൂളിലെത്താൻ. അങ്ങിനെ നാലാം ക്ലാസ് വരെ പോയി. പരീക്ഷയിൽ ജയിച്ച് അഞ്ചിൽ കയറിയപ്പോൾ അവിടുത്തെ സ്ഥലം വിറ്റു. അതോടെ പഠനവും അവസാനിച്ചു. 

പണ്ടത്തെ നാലാം ക്ലാസ് എന്നൊക്കെ പറഞ്ഞാൽ വല്യ സംഭവമാണെന്ന് നമ്മളൊക്കെ കേൾക്കുന്നതാണല്ലോ. അപ്പനോടോ അവരുടെ തലമുറയോടോ സംസാരിച്ചാൽ അതിന്റെ സത്യാവസ്ഥ മനസ്സിലാകും. അത്രക്ക് വിവരമാണ് ഓരോ വിഷയത്തെക്കുറിച്ചും. ഉള്ളത് പറഞ്ഞാൽ എന്റെ ഗവേഷണ വിഷയത്തെ കുറിച്ച് എന്നെക്കാൾ ധാരണ അദേഹത്തിന് കാണും. വീട്ടിൽ കൊണ്ടു പോകുന്ന പുസ്തകങ്ങൾ ഒന്നിടവിടാതെ വായിക്കും. വായനയും അതോടൊപ്പം ജീവിതാനുഭവങ്ങളുമാണ് അവരുടെയൊക്കെ അറിവിന്റെ ശക്തി എന്നെനിക്ക് തോന്നിയിട്ടുണ്ട്.

വിഷയത്തിലേക്ക് വരാം...

അപ്പോഴേക്കും ഇടുക്കി ഡാമിന്റെ പണി തുടങ്ങിക്കഴിഞ്ഞിരുന്നു. ഇവർ പുതുതായി സ്ഥലം മേടിച്ചത് ഇടുക്കി ജലാശയത്തിന്റെ മറ്റൊരു അണക്കെട്ട് സ്ഥിതി ചെയ്യുന്ന കുളമാവ് പ്രദേശത്താണ്. അന്നവിടെയും ഡാമിന്റെ പണി തുടങ്ങിയിരുന്നു. സ്‌കൂൾ വിദ്യാഭ്യാസം നിലച്ചതോടെ ബാക്കിയുള്ളവരുടെ കൂടെ അപ്പനും മൂന്ന് അനിയന്മാരും പണിക്കിറങ്ങി. 

ഇടുക്കി വനത്തിൽ നിന്നു തേൻ ശേഖരിക്കുക, വാഴയില വെട്ടുക, മുള വെട്ടുക, കരിയുണ്ടാക്കി വിൽക്കുക ഇതൊക്കെയാണ് ജോലികൾ. കരിയുണ്ടാക്കുക എന്നാൽ വലിയ മല്ലു പിടിച്ച പണിയാണ്. ആകാശം മുട്ടെ വളർന്നു നിൽക്കുന്ന മരങ്ങൾ വെട്ടിച്ചാടിച്ച് അതു കത്തിച്ച് കരിയാക്കി കൊടുത്താൽ ചാക്കൊന്നിന് ഒരു രൂപ കിട്ടും. അതിനിടക്ക് കാട്ടാനയുടെ ആക്രമണം നിത്യമാണ്.

എ.എസ്. മുഹമ്മദ്

ജീവിത സാഹചര്യം വീണ്ടും മോശമായപ്പോൾ മറ്റു പണികൾ കണ്ടെത്തേണ്ടി വന്നു. അങ്ങിനെയാണ് ഡാം പണിക്കെത്തുന്നത്. ദിവസക്കൂലി 17 രൂപയായിരുന്നു. കുളമാവ് ഡാമിരിക്കുന്ന ആ സ്ഥലം അന്ന് കിളിവള്ളി എന്നാണ് അറിയപ്പെടുന്നത്. ഹൈറേഞ്ചിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശം. ഡാം പണിക്കും തുരങ്കത്തിൽ പണിയുന്നതിനും മറ്റുമായി പല നാടുകളിൽ നിന്ന് നിരവധി ആളുകളാണ് അവിടെ വന്നു താമസിക്കുന്നത്. 

കിളിവള്ളിയിലെ ഒരു ഹോട്ടലിൽ ഒരു നേരം പൊറോട്ട ഉണ്ടാക്കുന്നത് മൂന്നും നാലും ചാക്ക് മൈദ ഉപയോഗിച്ചിട്ടാണ് എന്നു പറയുമ്പോൾ തന്നെ ആളുകളുടെ എണ്ണം ഊഹിക്കാവുന്നതെയുള്ളു. അതുപോലെ കുറെ ഹോട്ടലുകൾ അവിടെയുണ്ട്. അങ്ങനെ ആകെ തിരക്കു പിടിച്ച സ്ഥലമാണ് ഈ കിളിവള്ളിയും അതിനടുത്ത കുളമാവും. കാലം മാറി ഈയടുത്ത് ഞങ്ങൾ കുളമാവിൽ പോയിരുന്നു. അന്ന് പ്രതാപകാലത്ത് ഉണ്ടായിരുന്ന ആ ആൾകൂട്ടമൊന്നും ഇന്നവിടെയില്ല.

പണിക്കാർ പല ദേശത്തുനിന്നു വന്നവരാണെന്ന് നേരത്തെ പറഞ്ഞല്ലോ! അങ്ങനെയൊരു പണിക്കാരന്റെ മരണമാണ് അപ്പൻ ആദ്യമായി കാണുന്നത്.

ഡാമിനാവശ്യമായ കല്ലുകൾ തൊട്ടപ്പുറത്ത് പാറമടയിൽ നിന്നുമാണ് പൊട്ടിച്ചെടുക്കുന്നത്. അപ്പന് അന്ന് പത്തുപതിനാറ്‌ വയസ്സ് പ്രായം കാണും. കൂടെയുള്ള ഒരു സുമുഖനായ ചെറുപ്പക്കാരൻ, അയാളുടെ നാടും വീടും എവിടെയാണെന്ന് ആർക്കുമറിയില്ല. അവർ കല്ല് പൊട്ടിക്കുന്നു, ചുമന്ന് മാറ്റുന്നു ഇവർ നാലഞ്ചു പേരാണ് ആ സൈറ്റിൽ ജോലി ചെയ്യുന്നത്. ആ സുമുഖനായ ചെറുപ്പക്കാരൻ കല്ലെടുക്കാനായി കുനിഞ്ഞു നിന്ന നേരത്ത് കൂടെ പണിതു കൊണ്ട് നിന്നയാൾ അയാളുടെ തോർത്തുപയോഗിച്ച് മറ്റെയാളുടെ പുറകിൽ അടിച്ചിട്ട് "എന്തോന്നാടെ ഇത്" എന്ന് ചോദിച്ചപ്പോഴേക്കും ആ ചെറുപ്പക്കാരൻ കൽകൂട്ടത്തിലേക്ക് മറിഞ്ഞു വീണു. ബോധം പോയ അയാളെ പൊക്കിയെടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോൾ അയാൾ മരിച്ചിരുന്നു. അന്ന് ചീളു കല്ലോ മറ്റോ തെറിച്ചതാകാം എന്നാണ് ഡോക്ടർ മരണകാരണം പറഞ്ഞത്.

അയാൾ ഒരു വില്ലേജോഫീസറുടെ മകനായിരുന്നു. വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ അയാളുടെ മരണ ചിത്രം പത്രത്തിൽ കണ്ടാണ് അയാളുടെ മൃതദേഹം സ്വീകരിക്കാൻ മാതാപിതാക്കൾ എത്തിയത്.

തൊഴിലാളി സമരവും അതോടൊപ്പം നടന്ന വെടിവെപ്പും കോൺട്രാക്ടർ കുമാരൻ നായരുടെ മരണവുമെല്ലാം അതിനിടക്ക് ഉണ്ടായിരുന്നു. ഇന്ന് ഡാമിന്റെ വലതു വശത്ത് കാണുന്ന കെട്ടിടത്തിലായിരുന്നു കുമാരൻ നായർ താമസിച്ചിരുന്നത്. തൊഴിലാളികൾ മനപൂർവമാണ് അദേഹത്തെ കുളമാവ് ഡാമിൽ നിന്നും താഴേക്ക്ത ള്ളിയിട്ട് കൊന്നതെന്ന് ആളുകൾ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്

മരണങ്ങൾ അവിടെ വലിയ സംഭവങ്ങൾ അല്ലായിരുന്നു. നിത്യേന ഒരാളെങ്കിലും മരിക്കും. 

അപ്പൻമരണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട മറ്റൊരു കഥയുമുണ്ട്.

അതായത് മൂലമറ്റം പവർഹൗസിലേക്ക് ഡാമിൽ നിന്നും വെള്ളമെത്തിക്കുന്ന  ടണൽ പണിതത് കിളിവള്ളി എന്ന സ്ഥലത്താണ്. ഇപ്പോൾ കുളമാവ് ഡാമിലൂടെ പോകുമ്പോൾ വെള്ളത്തിൽ കാണുന്ന കൊലുമ്പൻ കപ്പൽ കിടക്കുന്ന ആ സ്ഥലത്തിനടുത്താണ് ഈ ടണലിന്റെ വായഭാഗം. അതിനിടയ്ക്ക് നാടുകാണി ഭാഗത്തു നിന്നും തുരങ്കത്തിൽ പ്രവേശിക്കാം. അതിന്റെ പ്രത്യേകതകൾ കെ എസ് ഇ ബി സൈറ്റിലൊക്കെ കൊടുത്തിട്ടുണ്ട്.

ഇടുക്കി ഡാം നിർമാണം – ചിത്രം മനോരമ

ആ ടണൽ വായ്‌ഭാഗത്തു നിന്നും കുറെ നേരം ടണലിലൂടെ സഞ്ചരിച്ചാൽ അതിന്റെ അവസാനം കുത്തനെ താഴോട്ടുള്ള ഒരു കിണർ പോലെയാണ്. ടണൽ എന്നാൽ ആന വലിയ ലോറി എന്നിവയൊക്കെ നിഷ്പ്രയാസം കയറി പോകാൻ പറ്റുന്നതാണെന്ന് ഓർക്കണം. ഏതാണ്ട് വലിയൊരു കിണർ പോലെ. അതിൽ നിന്നും കുറെ താഴെയായി എട്ടോ പത്തോ ആയി ടണൽ  തിരിഞ്ഞാണ് വെള്ളം ഓരോ ടർബൈനിലും വീഴുന്നത്. നമ്മുടെ കൈ വിരലുകൾ വിടർത്തി പിടിച്ചു താഴേയ്ക്ക് തൂക്കിയിട്ടാൽ എങ്ങിനെയിരിക്കുമോ അതുപോലെ.

തുരങ്കം തുരക്കുന്ന മുഴുവൻ പണികളും തീർന്നു കഴിഞ്ഞ് അവസാന ഭാഗത്തു നിന്ന് വശങ്ങളിൽ സിമന്റ് തേച്ചു കയറി വരികയാണ് ആ സമയത്തെ ജോലി. തേച്ച ഭാഗത്തോളം വെള്ളം നിർത്തിയിട്ടുമുണ്ട്. നേരെ കിടക്കുന്ന തുരങ്കത്തിലൂടെ കിളിവള്ളിയിൽ നിന്ന് വണ്ടിയിലാണ് കിണറിന്റെ അടുത്തേക്ക് പോകുന്നത്. ലൈറ്റും ഫാനുമൊക്കെയായി വൻ സെറ്റപ്പാണ് ഉൾവശം. കറന്റ് പോയാൽ പിന്നെ ഒന്നും കാണാൻ പറ്റാത്തതു മാത്രമല്ല പ്രശ്നം ഫാൻ ഓഫായൽ ജീവവായുവും ഇല്ലാതാകും. അത്രക്ക് ദൂരമാണ് പുറത്തു നിന്നും.

അങ്ങിനെ വണ്ടിയിൽ അവസാന ഭാഗത്ത്‌ എത്തി കിണർ പോലുള്ള ഭാഗത്ത് താഴേക്ക് പോകാൻ ലിഫ്റ്റ് സംവിധാനമാണ് ഉള്ളത്. താഴെ നിന്ന് തേച്ചു കയറി വരുന്ന രീതിയാണ്. വെള്ളം കെട്ടി നിർത്തപ്പെട്ടതിന് തൊട്ടു മുകളിലായി വലിയ ഇരുമ്പിന്റെ കേഡർ ഇട്ട് അതിനു മുകളിലാണ് തൊഴിലാളികൾ പണിയെടുക്കുന്നത് എട്ടു പേരുള്ളതിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് അപ്പൻ.

അന്ന് ആ ദിവസം കിണർ ഭാഗത്ത് നല്ല അഴത്തിലാണ് പണി നടക്കുന്നത്. ഏകദേശം നൂറടി കാണും. ആവശ്യമുള്ള സാധനങ്ങൾ ലിഫ്റ്റ് വഴി ഇറക്കികൊടുക്കാൻ മുകളിൽ ലിഫ്റ്റ് ഓപ്പറേറ്ററും ഉണ്ടാകും. 

എന്നത്തേയും പോലെ സാധാരണ ഒരു ദിവസം പണി നടക്കുന്നു. ഉച്ചകഴിഞ്ഞുള്ള ചെറുകടിയും ചായയും മേടിക്കാൻ അവർ തീരുമാനിക്കുന്നു. ആര് മുകളിലേക്ക് പോകും എന്നായി തർക്കം. അവസാനം പ്രായത്തിൽ കുറഞ്ഞ അപ്പനോടും കുഞ്ഞുമോൻ എന്നോ മറ്റോ പേരുള്ള ഒരാളും കൂടി പോയി മേടിച്ചോണ്ടു വരാൻ എല്ലാവരും ആവശ്യപ്പെടുന്നു.

അരയിൽ ഒരു മുണ്ടും തലയിൽ ഒരു തോർത്തുമാണ് വേഷം. അവർ ലിഫ്റ്റിൽ കയറി ബെല്ലടിച്ചു. ലിഫ്റ്റ് മുകളിലേക്ക് ഉയർന്ന് ഏകദേശം പകുതി പിന്നിട്ടപ്പോൾ താഴെ നിന്നും വലിയ ഒരു ശബ്ദവും കൂടെ വെളിച്ചവും ഫാനും ലിഫ്റ്റും ഓഫായി പോയി. താഴേക്ക് നോക്കി കണ്ണിൽ കുത്തികയറുന്ന ഇരുട്ടത്ത് കുറെ നേരം സഹപ്രവർത്തകരെ വിളിച്ചുവെങ്കിലും ഒരനക്കവുമില്ലായിരുന്നു. മുകളിലേക്ക് നോക്കി വിളിക്കുമ്പോൾ അവിടെയും അനക്കമൊന്നുമില്ല. അതിനർഥം ഇനിയും ഒരുപാട് ദൂരമുണ്ട് മുകളിലേക്ക് എന്നാണ്. കുറെ നേരം എന്തു ചെയ്യണമെന്ന് അറിയാതെ ആ നിൽപ്പ് തുടർന്നു ആകാശത്തിനു ഭൂമിക്കുമടിയിൽ ഒന്നിലും തൊടാതെയുള്ള നിൽപ്പിനെകുറിച്ച് അപ്പനെന്നോട് പറയുമ്പോൾ തെല്ലും ഭീതി അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നില്ല. ഇതു കേട്ടപ്പോൾ എന്റെ ഉള്ളംകാലിൽ നിന്ന് ഒരു പെരുപ്പ് കയറുന്നതു പോലെ തോന്നി.

സംഭവം ഇങ്ങനെ നിന്നാൽ പന്തികേടാകുമെന്നു മനസ്സിലാക്കി അവർ എങ്ങനെയെങ്കിലും മുകളിലേക്കെത്താൻ തീരുമാനിച്ചു. വായുവിന് വേണ്ടി സ്ഥാപിച്ചിരിക്കുന്ന ഫാനടക്കം ഓഫായിരിക്കുകയാണ്. കുറെ നേരം കൂടി തുടർന്നാൽ വായു കിട്ടാതെ മരിക്കും. അങ്ങിനെ അവർ ലിഫ്റ്റ് തൂങ്ങി കിടക്കുന്ന കയർ (വലിയ ഇരുമ്പ് കയറാണ്) വഴി മുകളിലേക്കെത്താൻ ശ്രമമാരംഭിച്ചു. 

ഉടുത്തിരുന്ന മുണ്ടഴിച്ചു തോർത്ത് അരയിൽ കെട്ടി കയറിലെ ഗ്രീസ് തുടച്ചുകളഞ്ഞാണ് മുകളിലേക്ക് വലിഞ്ഞു കയറിയത്. പിടിവിട്ടാല്‍ അഗാധമായ ടണലിലെ വെള്ളത്തിൽ വീണുള്ള മരണം ഉറപ്പാണ്‌. ഏകദേശം ഒരു മണിക്കൂറെടുത്തു മുകളിലെത്താൻ. ഇപ്പോൾ പത്തറുപത് വയസ്സുണ്ടെങ്കിലും ഇതൊക്കെ പറയുമ്പോഴുള്ള ഒരവേശമുണ്ടല്ലോ അതൊക്കെയൊന്ന് നേരിൽ കാണേണ്ടതാണ്.

മുകളിലെത്തിയപ്പോൾ വലിയ സൈറനും ആളും ബഹളവുമെല്ലാം കൂടിയിരുന്നു. എന്താണ് സംഭവിച്ചതെന്ന് ആർക്കും ഒരു ധാരണയുമില്ല. ഇരുട്ടത്ത് നേരെ കിടക്കുന്ന ടണലിൽ ആംബുലൻസ്  വാഹനങ്ങളുടെ വെളിച്ചം മാത്രമാണുള്ളത്.

താഴേക്ക് നോക്കിയാൽ ഒന്നും കാണാനില്ല. അത്രക്ക് അഴത്തിലാണ് അപകടം നടന്നത്. അന്ന് ടിവിയും ന്യൂസുമൊന്നുമില്ലാത്തതു കൊണ്ട് അതൊന്നും വലിയ വാർത്തയുമായില്ല. പിന്നീടുള്ള അന്വേഷണത്തിലാണ് അപകടത്തിന്റെ ആഴം വ്യക്തമാകുന്നത്. ഇവരൊഴിച്ചു ബാക്കി എല്ലാവരും ഇരുമ്പു കേഡർ തകർന്ന് താഴെ വെള്ളത്തിലേക്ക് വീണ് മരണപ്പെട്ടു. പിന്നീട് അങ്ങോട്ടു പോയ പണിക്കാർ പറഞ്ഞത് താഴെ കെട്ടി നിർത്തിയിരിക്കുന്ന വെള്ളത്തിന് ചോരയുടെ നിറമായിരുന്നു എന്നാണ്. രണ്ടു മൂന്ന് ദിവസം കൊണ്ട് ശരീര ഭാഗങ്ങൾ വെള്ളത്തിൽ നിന്ന് തപ്പിയെടുക്കുമ്പോൾ ഒരു ശരീരം പോലും യഥാർഥ രീതിയിൽ ഉണ്ടായിരുന്നില്ല. തലയും കയ്യും കാലുമായി എല്ലാം ചിന്നി ചിതറി പോയിരുന്നു.

സംഭവം വീട്ടിലറിഞ്ഞു... വീട്ടുകാർ അറിയതെയുള്ള ഏർപ്പാടായിരുന്നു ആ ജോലി. അതോടെ വല്യപ്പന്റെ ഉഗ്രശാസന എത്തി. ഇനി അവിടെ പണിക്ക് പോകരുതെന്ന്. എന്നാൽ അപ്പന്റെ കൂടെയുണ്ടായിരുന്ന കുഞ്ഞുമോൻ ബാക്കി പണി തുടങ്ങിയപ്പോൾ പിന്നയും അവിടെ പണിയാൻ പോയി എന്നുള്ളതാണ്. അതാണ് ഇടുക്കിക്കാരുടെ കരളുറപ്പ്..."വല്യപ്പൻ വിലക്കിയില്ലായിരുന്നുവെങ്കിൽ ഞാനും പോയേനെ" എന്ന് അപ്പൻ....

അങ്ങിനെ കാലം കഴിഞ്ഞപ്പോൾ കുഞ്ഞുമോനടക്കമുള്ള പണി തുടർന്നവർക്ക്  കെ എസ് ഇ ബി സ്ഥിരം ജോലി നൽകി. അപ്പനും കുടുംബവും ആ നാട്ടിലെ സ്ഥലവും വിറ്റു കട്ടപ്പനക്ക് ബസ് കയറി.

നമ്മുടെ തലമുറയ്ക്ക് പാഠമാണ് അവരുടെ തലമുറ. നമ്മെകൊണ്ടു പറ്റാത്തത് പലതും അവർക്കു സാധിച്ചു. 

ഇടുക്കി ഡാമിലെ വെള്ളത്തിന്റെ ഒരു ശതമാനം പോലും തുറന്നു വിട്ടിട്ടില്ല അപ്പോഴേക്കും നമ്മളെല്ലാം പേടിച്ചു. അപ്പോൾ ആ ഡാമിൽ മുകളിൽ നിന്നും താഴേക്കും, കല്ലു വീണും, തുരങ്കത്തിനകത്തും, വെള്ളത്തിൽ വീണും മരിച്ച എത്രയോ ആളുകൾ ജീവിച്ച നാടാണിത്. അവരിൽ രേഖകളിൽ 85 പേരും ഒരു രേഖകളിലുമില്ലാതെ ചെറുതോണി അലിഞ്ചുവട്ടിലെ പൊതു ശ്മശാനത്തിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായി എത്രയോ പേർ കാണും. മൂന്ന് ഡാമിലും അതിനോട് ബന്ധപ്പെട്ട പണികളിലുമായി ഏകദേശം മൂവായിരം പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണ് പഴമക്കാർ പറയുന്നത്. അപ്പനേക്കാൾ ഭീതിപ്പെടുത്തുന്ന ഓർമകളുമായി ജീവിക്കുന്ന വേറെ എത്രപേർ കാണും...

Malayalam Short StoriesMalayalam literature interviews,Malayalam Poems              

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.