ദുരന്തശേഷം

Representative Image

തിരക്കില്ലാത്ത പഴയ ചായക്കടയ്ക്കുള്ളിൽ അവർ പരസ്പരം മുഖം നോക്കിയിരുന്നു. വെയ്റ്റർ കൊണ്ടു വച്ച കടും ചായ കുടിക്കുകയും ഒരു ഉഴുന്നുവട അവർ പങ്കിട്ടു കഴിക്കുകയും ചെയ്തു. പുറത്ത് സൂര്യന്റെ ഉഗ്രകിരണങ്ങൾ അന്തരീക്ഷത്തെ ശുദ്ധീകരിക്കാൻ തുടങ്ങിയിരിക്കുന്നു. മലിനജലമിറങ്ങിപ്പോയ വഴികളിലെല്ലാം വെളുത്ത പൊടി ചിതറിക്കിടക്കുന്നു. ചായകുടിക്കുമ്പോഴും അവർ ദുരിതാശ്വാസ ക്യാമ്പിലെ നന്മനിറഞ്ഞ മനുഷ്യരെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. അതിനിടയിൽ മുത്തശ്ശിയുടെ കണ്ണുകൾ നിറയുകയും മുത്തശ്ശൻ അത് കണ്ടില്ലെന്ന് നടിക്കുകയും ചെയ്തു. പങ്കിട്ടു കഴിച്ച ഒരു വടയാൽ വിശപ്പിനെ പ്രതിരോധിച്ച് അവർ വെയിലിലേയ്ക്ക് ഇറങ്ങി. വഴിവക്കിൽ കണ്ട വീടുകളിലെല്ലാം ജലം വളരെ ഉയരത്തിൽ അടയാളം തീർത്തിരിക്കുന്നു. ഇന്നലെ വരെ പാട്ടും കളിയുമായി ക്യാമ്പിൽ കഴിഞ്ഞ രണ്ട് വൃദ്ധജന്മങ്ങൾ വീട് തേടി ദുരന്തഭൂമിയിലേക്ക് മടങ്ങിയെത്തുകയാണ്. രണ്ടു സെന്റിലെ ചെറിയ കൂരയെക്കുറിച്ച് അവർ ഒന്നും സംസാരിച്ചിരുന്നില്ല. അങ്ങ് ദൂരെ നിന്നേ കണ്ടു പഴയ മേൽക്കൂര ഒരു വശത്തേക്ക് ചരിഞ്ഞ് നിൽക്കുകയാണ്. അഴുകിയ ചെളിയിൽ നിന്നുകൊണ്ട് അവർ പുരയുടെ ഉള്ളിലേയ്ക്ക് എത്തി നോക്കിയിട്ട് വേഗം പിൻതിരിഞ്ഞു, പഴയ പാത്രങ്ങളാകെ ചെളി മൂടിയിരിക്കുന്നു. ഉണ്ടായിരുന്ന കട്ടിൽ പോലും തകർന്നു വീണിരിക്കുന്നു. അൽപസമയം കൂടി അവിടെ നിന്ന ശേഷം അയാൾ ഭാര്യയുടെ കൈ പിടിച്ച് ദുരിതാശ്വാസ ക്യാമ്പിലേക്ക് നടന്നു. 

സ്കൂൾ വരാന്ത ശൂന്യമായിരുന്നു, ആഘോഷങ്ങൾ അവസാനിപ്പിച്ച് എല്ലാവരും പിരിഞ്ഞു പോയിരിക്കുന്നു, പകൽ വീണ്ടും ഇരുളാൻ തുടങ്ങുകയാണ്, വലിയൊരു മഴയ്ക്കെന്നപോലെ.