ജീവനിലേക്ക്...

Representative Image

ഉച്ചയുറക്കത്തിന്റെ വലിയഭാരം

കുടഞ്ഞെണീക്കുവാൻ 

ശ്രമിച്ചപ്പോഴാണറിയുന്നത് 

ഞാൻ മറ്റൊരുറക്കത്തിന്റെ

ആഴങ്ങളിൽ പെട്ടുപോയെന്ന്.

ശ്രമിച്ചു നോക്കി പലവുരു,

എനിക്കു പക്ഷേ.. 

ഉണരുവാൻ മാത്രമായില്ല.

പാദങ്ങളിൽ മഞ്ഞു പെയ്യു- 

മ്പോലൊരു മരവിപ്പ് 

കുന്നുകൂടി വരുന്നപോലെ. 

ബോധ്യമായെനിക്ക്, 

ഞാൻ മരിച്ചുവെന്ന്.

പക്ഷേ.. ഇത്ര പെട്ടെന്ന്!

ഒരുവാക്കിനാൽ പോലും 

യാത്ര ചോദിക്കാതെ, 

അമ്മയോടച്ഛനോട് 

ഭാര്യ, മക്കളോട് 

ഉറ്റബന്ധു മിത്രങ്ങളോട്.

നെറ്റിയിൽ വാത്സല്യ 

ചുംബനമേകാത്ത, 

ചുമലിൽ ഒരഭിനന്ദന 

തഴുകലാകാത്ത, 

മടിയിലാശ്വാസ 

തലോടലാകാത്ത, 

"ക്ഷമിക്കണം" 

മെന്നു താഴുവാനാകാത്ത, 

കെട്ടിപ്പിടിച്ചൊന്നു 

കരയുവാനാകാത്ത 

"അത്രമേൽ" ഉയരത്തിലായിരുന്നു ഞാൻ.

കൊഴിഞ്ഞകന്ന നെഞ്ചിടിപ്പിന്റെ

ഏതോ അഗാധ പ്രതിധ്വനികളിൽ നിന്നും 

തീഷ്ണമാം ആഗ്രഹത്തിന്റെ പേറ്റുനോവുയർന്നു.

"ഒന്ന് മടങ്ങി പോകണം" 

പക്ഷ.. ഞാൻ മരിച്ചു പോയില്ലേ 

പിന്നെങ്ങനെ... ?

ഇനി നീണ്ട വിശ്രമം 

മൃത്യുവിന്റെ വിജനതീരങ്ങളിൽ 

ഒറ്റക്കിരിക്കണം, യുഗങ്ങൾ..

ഞാൻ വിതുമ്പി.

മോർച്ചറിയുടെ ഭയമുള്ള 

തണുപ്പിലേക്കെനിക്കു പോകുവാൻ വയ്യ.

ഒന്നു തിരികെ പറക്കുവാനായാൽ മതി. 

ഒരു ശ്രമം, ഒരു ശ്രമം കൂടിമാത്രം .. 

ഒരുപക്ഷേ, അതിൽ ഞാനെൻ 

ജീവന്റെ കനൽ ഊതി തെളിക്കും. 

തിരിച്ചറിവിന്റെ ആഴങ്ങളിൽ, 

ചില ആഗ്രഹങ്ങൾക്ക്, 

മരണമെന്ന നൂൽപ്പാലവും കടന്നു, 

തിരികെ നമ്മെ നടത്തുവാനായേക്കും.