പായ്ക്കപ്പല്‍

Representative Image

വടക്കുപടിഞ്ഞാറുനിന്ന്

ദിശതെറ്റിയൊഴുകിയെത്തിയ 

പായ്ക്കപ്പലാണവള്‍,

പരാജയപ്പെട്ടവന്റെ രാജ്യത്തെ അതിഥി.

മഴകൊട്ടിയടച്ച 

ഉമ്മറവാതിലിന്റെ സാക്ഷയില്‍ 

കുരുങ്ങിയ ചോദ്യങ്ങള്‍.

അകത്തേക്ക് കയറുമ്പോള്‍

ചവിട്ടിത്തേച്ചത് ഇന്നലെയെയാണത്രേ...

മണ്ണെണ്ണ തീരാറായ ചിമ്മിനിതിരഞ്ഞ്

വെളിച്ചം നിറച്ചപ്പോള്‍ 

കണ്ണീരുവെന്തൊലിച്ച മുഖമമര്‍ത്തിത്തുടച്ച്

ചോദ്യങ്ങളുടെ മാറാലതൂക്കുന്നതിന്

ചൂലെടുക്കുന്നു.

അലമാരയിലെ കണ്ണാടിയില്‍

മാംസത്തിലെ മുറിഞ്ഞ 

ചുവപ്പടയാളങ്ങളെ കാണിച്ചുതരുന്നു,

അമര്‍ത്തിപ്പിടിച്ചൊരു ഞെരങ്ങല്‍

പുറത്തെ ഇരുട്ടിലേക്ക് പുളഞ്ഞിറങ്ങുന്നു.

വാക്കുകള്‍ക്കൊണ്ട് 

തര്‍ജ്ജമപ്പെടുത്തേണ്ടതല്ലാത്ത

കൊഴുത്ത, വഴുവഴുപ്പുള്ള ഒച്ചകള്‍.

തൊലിപ്പുറത്തെ ചുവന്ന അടയാളങ്ങള്‍.

കിണറ്റുകരയില്‍ 

കപ്പികരഞ്ഞുകൊണ്ടൊരു ബക്കറ്റ് 

വെള്ളം നിറയുന്നു,

പിഴച്ചുവെന്നവാക്കിന്റെ പൂപ്പുമണത്തെ 

വാസനാസോപ്പില്‍ കഴുകിയുണക്കുന്നു.

അപ്രസക്തമായ ആ ചോദ്യം

സിഗരറ്റിന്റെ പുകയില്‍ മാനം തൊടുന്നു.

അടുക്കള കലമ്പിയത്

വിശന്നിട്ടാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു.

അമ്മി നീട്ടിയരച്ച 

മുളകുചമ്മന്തി കണ്ണുനിറച്ചുവെന്നൊരു

നുണ എനിക്കുള്ളില്‍ മുളയ്ക്കുന്നു.