തനിയാവർത്തനം

പാതി തുറന്നിട്ട പടിവാതിലിനരികെ

ദൂരേയ്ക്കെന്നെ നോക്കിയിരിക്കുമാ-

രണ്ടു കൺകൾ

നാലരമണിക്കെൻ സഖികൾക്കൊപ്പം

വീടണയുന്നതും കാത്തിരിക്കുമാ-

രണ്ടു കൺകൾ

നാലരമണിക്കിത്തിരി വൈകിയെന്നാൽ;

ചരൽ നിറഞ്ഞ പാതയോരത്തങ്ങോട്ടു-

മിങ്ങൊട്ടും; വെപ്രാളത്തിലെന്തൊക്കെയോ

ഉരവിട്ടു-പിറുപിറുത്തോണ്ടെന്നെ-

നോക്കിയിരിക്കുമാ രണ്ടു കൺകൾ

ദൂരേയെന്റെ പ്രതിഛായ

സസൂക്ഷ്മം തിരിച്ചറിയാൻ

തിമിരം ബാധിച്ച കൺകൾക്ക-

ത്രമേൽ ത്രാണിയുണ്ടു

വൈകിയെത്തും നാളിൽ

ആ കൺകളിൽ നിന്നു

ജ്വലിച്ചിരുന്നത് "അഗ്നിയോ?"

എന്നെ ദഹിപ്പിക്കത്തവിധം...

നേരം തെറ്റി വീടണഞ്ഞതിൻ

ശകാരത്തിൻ പൊരുളതെന്തെന്നു

ഞാനന്നറിഞ്ഞീലാ..

മലയാളത്തിലന്നോളം

കേട്ടു പരിചിതമല്ലാത്ത

"ശബ്ദധാരയിൽ" ഞാനറിയാതെ

കണ്ണീർ പൊഴിച്ചിരുന്നൂ...

"ഞാൻ എന്തപരാധം ചെയ്തു

യെന്തിനീ വിധം ശകാരിച്ചീടുന്നൂ?"

എന്നൊന്നുമേ ഞാൻ ചോദിച്ചില്ല.

വാക്സരണിയിലിടക്കിടെ

നീയൊരു പെണ്ണാണെന്ന്

നീ വയസ്സറിയിച്ച പെണ്ണാണെ–

ന്നൊരു ഓർമപ്പെടുത്തലും.

"അന്ധകാരം തിന്മയാണു

തിന്മയൊളിഞ്ഞിരിപ്പതി-

രുട്ടിലാണു;

മനുഷ്യനെ അന്ധനാക്കുന്നതും

തമസ്സു തന്നേ"

ആ അമ്മ തൻ വാക്കുകൾ

നോക്കുകൾ, ശകാരങ്ങൾ

കാലമെനിക്കു വിവരിച്ചു തന്നു...

കാലചക്രതിരിയലിൽ

ഞാനുമൊരമ്മയായ്‌

-പെൺകുഞ്ഞുങ്ങളുടെ,

എന്നിലും പേടിയും, ഭീതിയും

പതിയെ പതിയെ ഉടലെടുത്തു

ദിനമേറുന്തോറും,

പെണ്ണു വളരുന്തോറും

പേടിയും വെപ്രാളവുമേറുന്നു

ഹൃദയമിടിപ്പുമേറിടുന്നു