ഖസാക്കിന്റെ ഇതിഹാസത്തിന് ഒരു ഉത്തരാധുനിക പാരഡി

Representative Image

രണ്ട് ജീവബിന്ദുക്കൾ നടക്കാനിറങ്ങി. "ഖസാക്കിലെ യഥാർഥ ഹീറോ ആര്?" ഒരു ജീവകണം മറ്റേതിനോട് ആരാഞ്ഞു. "നൈസാമലി." സംശയമെന്ത്? രവി ഭൂതകാലത്തിന്റെ പൊള്ളയായ തടവുകാരൻ. മാന്ത്രികതയുടെ ചെതലിമലയിലേക്ക്, താഴ്‍വരയിലേക്ക് നമ്മെ നടത്തിയ നൈസാമലിയാണ് യഥാർഥനായകൻ. അല്ല, നായകൻ എന്ന സങ്കൽപം കാലഹരണപ്പെട്ടതല്ലേ. അതുകൊണ്ട് ആ വാക്ക് ഒഴിവാക്കാം.

‘‘അതേ, വളരെ ശരിയാണ്. ഖസാക്കിലെ പാവപ്പെട്ട സ്ത്രീകളുടെ നഗ്നശരീരത്തെ ഒരു ഉളുപ്പുമില്ലാതെ നോക്കി കാണുന്ന രവിയേക്കാൾ എനിക്ക് പഥ്യം നൈസാമലിയെയാണ്. മൈമുനയെ മുങ്ങാങ്കുഴിക്ക് വിട്ടു നൽകിയവൻ. ‘പാപബോധം’ എന്ന കാലഹരണപ്പെട്ട സങ്കൽപ്പത്തിൽ തളച്ചിടപ്പെട്ടവനാണ് രവി. നൈസാമലിയാവട്ടെ അതീന്ദ്രിയമായ താഴ്‍വരകളിൽ ഇപ്പോഴും അനശ്വരനായി പ്രയാണം തുടരുന്നു. മൈമുന ഇപ്പോഴും ഒരു യാഗാശ്വമായി സഞ്ചരിക്കുന്നുണ്ടാവും ഖസാക്കിലൂടെ.....’’

‘‘ഊട്ടിയിലെ ആ വീട് ഓർമയിൽ വരുന്നു. ചിറ്റമ്മയെ അറിഞ്ഞതിന്റെ ഭാരമുള്ള ആ ഏദൻതോട്ടത്തെക്കാൾ എനിക്കിഷ്ടം ഒന്നിന്റെയും ഭാരമില്ലാത്ത ചെതലിമലയാണ്. ഭൂതമോ ഭവിയോ വർത്തമാനമോ ഒന്നും പ്രസക്തമല്ലാത്ത ഇടം. പാപബോധത്തിന്റെ കനി നിറഞ്ഞ ആ ഏദൻ തോട്ടത്തെ നമുക്ക് മറക്കാം. രവിയെയും ചിറ്റമ്മയെയും നമുക്ക് വിസ്മരിക്കാം’’. ജീവകണം മന്ത്രിച്ചു. 

‘‘അതേ സഹോദരീ, നമുക്ക് പഴകിയ പാപബോധത്തെ മറക്കാം. നമുക്ക് ചെതലിമലയുടെ താഴ്‍വാരത്ത് സ്വതന്ത്രരായി അലയാം’’. ജീവബിന്ദു പ്രതിവചിച്ചു. 

മാന്ത്രികതയുടെ അതീന്ദ്രിയമായ താഴ്‍വാരത്തേക്ക് അവർ നടന്നിറങ്ങി.