ചുവന്ന മൂക്കുത്തി

അവളെ തേടിയാണീ യാത്ര. ചുവന്ന കല്ലുള്ള മൂക്കുത്തിയണിഞ്ഞവളെ. ജീവിതം തന്നെ അവളെ കണ്ടെത്താൻ വേണ്ടിയായിരുന്നു. അവളൊരു തരം പ്രതീക്ഷയാണ്, പ്രത്യാശയാണ്. ജീവിക്കാൻ ദൈവം കൺമുന്നിലേക്ക് എറിഞ്ഞു തന്ന ഒരു പിടിവള്ളി. കഴുകി വൃത്തിയാക്കിയ വെളുത്ത യൂണിഫോം ധരിച്ച ഒരു ചെറുപ്പക്കാരൻ മുന്നിൽ വന്നു നിൽക്കുന്നു. 

"സർ, ഒരു ജിഞ്ചർ ലെമൺ ടീ അല്ലേ?"

മെല്ലെ ഒന്നു പുഞ്ചിരിച്ച് ഞാൻ തലയാട്ടി. കഴിഞ്ഞ കുറേ ദിവസങ്ങളായി എല്ലാ സായാഹ്നങ്ങളിലും ഇവിടെ വന്ന് ഇതുതന്നെയാണ് ഓർഡർ ചെയ്യാറ്. ഒട്ടുമിക്ക സ്റ്റാറുകൾക്കും ഞാൻ ചിരപരിചിതനാണ്. സിറ്റിയിലെ തിരക്കേറിയ റോഡിന്റെ ഇടതുവശത്ത് തലയുയർത്തിനിൽക്കുന്ന ഒരു വലിയ കെട്ടിടത്തിന്റെ നാലാം നിലയിലാണ് മനോഹരമായ 'റെഡ് മൂൺ' കഫേ. ഇവിടം എന്റെ സ്വപ്നങ്ങൾക്ക് ചിറകു നൽകിയ ഇടമാണ്. റോഡിനോടു ചേർന്ന വശത്ത് മറ്റു ടേബിളുകളിൽ നിന്നും അൽപ്പം അകന്നുമാറി രണ്ടുപേർക്ക് മാത്രം ഇരിക്കാൻ ഒരിടം. അതാണ് എന്റെ സ്ഥിരം ഇരിപ്പിടം. അവിടെ ചെന്നിരുന്നു സായാഹ്ന സൂര്യന്റെ വെളിച്ചം തട്ടി പ്രതിഫലിക്കുന്ന കഫേയുടെ സ്ഫടിക ഭിത്തിയിലൂടെ ഇടയ്ക്കിടെ താഴേക്ക് നോക്കി അവളുടെ വരവ് കാത്തിരിക്കുന്നത് ശീലമായിരിക്കുന്നു. നേരെ എതിർവശത്ത് ഒഴിഞ്ഞിരിക്കുന്ന കസേരയിൽ അവൾ വന്നിരിക്കും എന്നു പ്രതീക്ഷിച്ച്, ഓരോദിവസവും. ഒരിക്കലും അവൾ വന്നില്ല. എങ്കിലും വീണ്ടും അവളെ പ്രതീക്ഷിച്ച്, ഞാനും എനിക്കുവേണ്ടി അവിടുത്തെ പതിഞ്ഞ താളത്തിലുള്ള ഗസലുകളും മാത്രം.

ആഴ്ചകൾക്കുമുമ്പ്, മാസങ്ങൾക്ക് മുമ്പ് ഇവിടെ ആദ്യമായി വന്നത് സുഹൃത്തുക്കൾക്കൊപ്പം ആയിരുന്നു. അന്ന് ഇതേ ഒഴിഞ്ഞ ഇരിപ്പിടത്തിൽ തിരക്കുകളിൽനിന്ന് ഒക്കെ വിട്ടുമാറി അവൾ ഇരിക്കുകയായിരുന്നു. നേർത്ത ചന്ദനത്തിന്റെ നിറമുള്ള ഹൈനെക്ക് കുർത്തിയും ജീൻസും. ഇടതുവശത്തേക്ക് ഇട്ടിരിക്കുന്ന ചുരുണ്ട കറുത്ത മുടിയിഴയിൽ അവളുടെ നീണ്ട വിരലുകൾ ഒഴുകി നടക്കുന്നുണ്ടായിരുന്നു. മുഖത്ത് അവളുടെ ചുവന്ന കല്ലുപതിച്ച മൂക്കുത്തി വെയിലേറ്റ് തിളങ്ങി. കണ്ണെടുക്കാതെ ഞാൻ അവളെ തന്നെ നോക്കിയിരുന്നു. മുന്നിലിരുന്ന മെനു കാർഡ് ഒന്നെടുത്തു നോക്കുകപോലും ചെയ്യാതെ അവൾ ഒരു ജിഞ്ചർ ലെമൺ ടീ ഓർഡർ ചെയ്തു. പേരോ നാളോ ഒന്നുമറിയാത്ത അവളെ മുമ്പ് ആരോടും ഇന്നേവരെ തോന്നാത്ത ഒരു ആത്മബന്ധത്തോടെ ഞാൻ നോക്കിയിരുന്നു.

പിന്നീടുള്ള ഓരോ ദിവസവും ചില്ലു ഭിത്തികളിൽ സായാഹ്ന സൂര്യൻ കവിതയെഴുതുന്ന കഫേയിൽ ഞാൻ സ്ഥിരസന്ദർശകനായി. വേറൊന്നിനുമല്ല, ചുവന്ന മൂക്കുത്തിയണിഞ്ഞ പ്രിയപ്പെട്ടവളെ കാണാൻ.., അവൾക്ക് ഏറ്റവുമിഷ്ടപ്പെട്ട ജിഞ്ചർ ലെമൺ ടീ രുചിക്കാൻ. ഒരുപക്ഷേ പൈങ്കിളി എന്ന് നിങ്ങൾക്ക് തോന്നാം. ഒന്നുമറിയാത്ത ഒരുവളെ പ്രണയിക്കുന്ന മഠയൻ എന്നു തോന്നാം. പക്ഷേ സത്യം എന്തെന്നാൽ എന്നും ആ മഠയത്തരത്തെ പോലും ഞാൻ പ്രണയിച്ചു കൊണ്ടിരിക്കയാണ്. ഒരിക്കൽ സന്ധ്യ മയങ്ങാറായപ്പോൾ അവൾ ബിൽ പേ ചെയ്തു പുറത്തേക്കിറങ്ങി. കഫേയുടെ മുൻ വാതിലിലെത്തി ഒന്ന് നിന്ന് അവൾ തിരിഞ്ഞുനോക്കി. അന്നാദ്യമായി അവൾ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു. തിരിച്ചു ചിരിക്കാൻ പോലും കഴിയാതെ ഞാൻ മരവിച്ചിരുന്നു. അവൾ ഇറങ്ങി ഒരുപാട് ദൂരെ പോയപ്പോഴേക്കും എന്റെ മനസ്സും ഒപ്പം പോയിരുന്നു. ഒന്നുമറിയാതെ ഞാൻ അവളെ പിൻതുടർന്നു. അവൾ പോയ വഴിയിൽ, അവൾ എത്തിച്ചേർന്നിടത്തൊക്കെ.. ഒടുവിൽ ബോംബെ നഗരത്തിലെ രാത്രികൾ ഒരിക്കലും മയങ്ങാത്ത റെഡ് സ്ട്രീറ്റിൽ ഒരിടത്ത് അവളുടെ യാത്ര അവസാനിച്ചു.

ഒരിക്കൽക്കൂടി അവളെന്നെ ഒന്ന് തിരിഞ്ഞു നോക്കി. നിറഞ്ഞ പുഞ്ചിരി മാത്രം കണ്ടു പതിഞ്ഞ മുഖം വാടി തളർന്നു പോയിരിക്കുന്നു. കണ്ണികൾ നിറഞ്ഞുകവിഞ്ഞിരുന്നു. ഒരക്ഷരം ഉരിയാടാതെ കണ്ണുകളടച്ചു മുഖം താഴ്ത്തി അവൾ നടന്നുപോയി. ഞാനും തിരിഞ്ഞുനടന്നു മനസ്സ് തികച്ചും ശൂന്യമായിരുന്നു... പിന്നൊരിക്കലും ഞാനവളെ കണ്ടിട്ടില്ല. കഫേ വാതിൽക്കൽ അവളുടെ വരവും കാത്ത് ദിവസങ്ങളെണ്ണി ഇരുന്നിട്ടും ഒരിക്കൽ പോലും അവൾ വന്നില്ല.. അവളെന്നെ എന്നന്നേക്കുമായി മറന്നു കാണണം.. എങ്കിലും മറക്കാതെ ഞാനുണ്ടല്ലോ...

"സർ.. ജിഞ്ചർ ലെമൺ ടീ.."

ഇന്ന് അതിന് പതിവിൽ കൂടുതൽ സ്വാദനുഭവപ്പെട്ടു. മുന്നിൽ കൊണ്ട് വന്നു വച്ച ബില്ലിനു താഴെ ചുരുട്ടി വച്ച ഒരു ചെറിയ കുറിപ്പ്. ആകാംക്ഷയോടെ ഞാനതു തുറന്നു വായിച്ചു..

"ഇടക്കൊക്കെ ഞാൻ സ്വയം നീറിപ്പോവാറുണ്ട്. വേദന കടിച്ചുപിടിച്ചു ഞാൻ വിങ്ങാറുണ്ട്.. ഇങ്ങനെ ഒക്കെ ജീവിക്കാൻ മാത്രമായി എന്റെ ലോകം ചുരുക്കിയ സമൂഹത്തോട് അറപ്പും വെറുപ്പുമുണ്ട്.. ഞാനൊഴുക്കിയ കണ്ണീരും അതിലിട്ട് നനച്ചുണക്കിയ പ്രതികാരവുമാണോരോ ജിഞ്ചർ ലെമൺ ടീയിലും ഞാനും നീയും കുടിച്ചു വറ്റിച്ചത്.. ഇനി നീയും എന്നെ വെറുക്കും..,മറക്കും.. വിട.."

നെഞ്ചിലൊരായിരം മുള്ളുകൾ ആഴ്ന്നിറങ്ങുന്ന വേദനയിൽ ഞാൻ വിങ്ങിപ്പൊട്ടി.. അവളെന്നെ ഒരിക്കലും മനസിലാക്കിയിരുന്നില്ല, അല്ലെങ്കിലും എങ്ങനെ മനസിലാക്കാനാണ്..ഞാനവളുടെ ആരാണ്? വഴിയോരങ്ങളിൽ പുറകെ നടക്കുന്ന ഒളിഞ്ഞുനോക്കുന്ന ഏതെങ്കിലും ഒരുവനായിരിക്കും അവൾക്ക് ഞാൻ.. അവളെയും കുറ്റപ്പെടുത്താൻ കഴിയില്ല.. പോക്കറ്റിൽ നിന്ന് പേന എടുത്തു ഞാനൊരു മറുപടിക്കുറിപ്പ് എഴുതി...

"സൗകര്യപൂർവം ഞാൻ നിന്നെ മറന്നുകൊള്ളാം.. ഇവിടെ കാത്തിരുന്ന സായാഹ്നങ്ങളും, പതിഞ്ഞ താളത്തിൽ നിന്നെ ഓർമിപ്പിച്ച ഗസലുകളും, എനിക്കു കൂട്ടിരുന്നു വെയിലേറ്റു തളർന്ന ഇവിടത്തെ ചില്ലുഭിത്തികളും ഞാൻ മറന്നുകൊള്ളാം... എങ്കിലുമൊരോ ദിവസവും ഞാൻ കുടിച്ചു വറ്റിച്ച ജിഞ്ചർ ലെമൺ ടീ ഒരുപക്ഷേ നെഞ്ചിലേക്ക് തികട്ടിവരുമായിരിക്കാം.."

കണ്ണുകൾ തുടച്ച് ഞാനിറങ്ങി, ഇനി ഈ കഫേയിലേക്ക് ഒരിക്കൽ കൂടി വരവുണ്ടാവില്ല.. എന്നെന്നേക്കുമായി ഇവിടം എനിക്കന്യമാവുകയാണ്... ഇറങ്ങി നടന്നു റോഡ് മുറിച്ചു കടക്കാൻ നോക്കിയപ്പോൾ ചുവന്ന സിഗ്നൽ തെളിഞ്ഞു.. കണ്ണുകൾ മങ്ങി, അവളുടെ ചുവന്ന മൂക്കുത്തി തിളങ്ങി.. ഒന്നുമാലോചിക്കാതെ ഞാൻ തിരികെ ഓടി... നാലു നിലകളും കേറി ചെന്ന് റെഡ് മൂൺ കഫേയുടെ വാതിൽ കടന്ന് ഞാൻ നിന്നു. തിരക്കുകളിൽ നിന്നു മാറി മനോഹരമായ രണ്ടിരിപ്പിടങ്ങളിലൊന്നിൽ എന്റെ പ്രിയപ്പെട്ടവൾ... എത്ര കാലങ്ങളായി ഞാനാഗ്രഹിച്ചിരുന്ന നിമിഷമാണിത്...അവളുടെ നേരെ എതിർവശത്തുള്ള സീറ്റിൽ ഞാനിരുന്നു..

"നിങ്ങൾക്ക് പോവാൻ കഴിയില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു..."

"പ്രിയപ്പെട്ടവളെ.., നിന്റെ ചുവന്ന മൂക്കുത്തി എനിക്ക് വഴി തെളിച്ചുകൊണ്ടിരിക്കയല്ലേ.." 

വശ്യമായി അവളെന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു..

"സർ..എന്താ വേണ്ടത്..? രണ്ട് ജിഞ്ചർ ലെമൺ ടീ അല്ലെ?"

അതേ എന്നവൾ തലയാട്ടുന്നതിനു മുമ്പേ ഞാൻ തിരുത്തി..

"രണ്ട് ജിഞ്ചർ ഹണി ടീ..."

അവളെന്നെ നോക്കി... കണ്ണുകൾ നിറഞ്ഞു.., അവയ്ക്ക് അവളുടെ ചുവന്ന മൂക്കുത്തിയേക്കാൾ പതിന്മടങ്ങ് തിളക്കമുണ്ടായിരുന്നു...